
കുട്ടികള്‍ക്ക് ഹോം വര്‍ക്ക് കൊടുക്കുന്ന അധ്യാപകന്റെ ലക്‌ഷ്യം എന്താണ് ? തീര്‍ച്ചയായും അവര്‍ പഠിക്കണം എന്നുള്ളത് തന്നെ. വര്‍ഷങ്ങള്‍ക്കു മുന്‍പ് എന്റെ അധ്യാപകന്‍ ക്ലാസ്സില്‍ ഹോം വര്‍ക്ക് തന്നു. അടുത്ത ദിവസം അദ്ദേഹം ഓരോ കുട്ടികളെ കൊണ്ട് അവര്‍ എഴുതി കൊണ്ട് വന്ന ഉത്തരങ്ങള്‍ വായിപ്പിക്കുവാന്‍ തുടങ്ങി. അദ്ദേഹം തന്റെ കയ്യില്‍ ഇരിക്കുന്ന ചൂരല്‍ വടി ചൂണ്ടുന്ന കുട്ടി എഴുതി കൊണ്ടു വന്ന ഉത്തരം ബുക്കില്‍ നോക്കി വായിക്കണം. അതാണ് പതിവ്. അന്ന് എന്റെ സഹപാഠി തങ്കപ്പന്റെ നേരെ ആണ് ചൂരല്‍ ചൂണ്ടിയത്. തങ്കപ്പന്‍ ബുക്ക് തുറന്നു എല്ലാ ഉത്തരങ്ങളും ഭംഗിയായി വായിച്ചു. വെരി ഗുഡ്. അദ്ദേഹം പറഞ്ഞു. ബുക്കില്‍ വെരി ഗുഡ് എഴുതുവാനായി അദ്ദേഹം ബുക്ക് വാങ്ങി. ബുക്കില്‍ ചോദ്യങ്ങള്‍ മാത്രമേ ഉള്ളു. ചുരുക്കി പറഞ്ഞാല്‍ തങ്കപ്പന്‍ ഹോം വര്‍ക്ക് ചെയ്തിട്ടില്ല. ചൂരല്‍ വായുവില്‍ പുളഞ്ഞ് തങ്കപ്പന്റെ കയ്യിലും തുടയിലുമായി എട്ടു തകര്‍പ്പന്‍ പ്രഹരങ്ങള്‍. അത് ഒരു വ്യാഴാഴ്ച ആയിരുന്നു. അടുത്ത തിങ്കളാഴ്ചയെ തങ്കപ്പന്‍ പിന്നീട് ക്ലാസ്സില്‍ വന്നുള്ളൂ. ഇന്നും വാദ്ധ്യാന്മാര്‍ ഈയിനം പ്രവൃത്തികള്‍ തുടരുന്നതായി അറിയുന്നു. കഷ്ടം. ഹോം വര്‍ക്ക് ഇടുമ്പോള്‍ പല അധ്യാപകരുടെയും ലക്‌ഷ്യം കുട്ടികള്‍ പഠിക്കണം എന്നുള്ളതല്ല.
– വിനോദ് കുമാര്‍



മധ്യ തിരുവിതാംകൂറിലെ പ്രസിദ്ധവും പുരാതനവും ആയ ഒരു പള്ളിക്കൂടം. സ്കൂള്‍ ഓഫീസില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഓരോ വര്‍ഷത്തെയും റാങ്ക് ജേതാക്കളുടെ പട്ടികയില്‍ കേരളത്തിലെ അറിയപ്പെടുന്ന പലരുടെയും പേരുകള്‍ ഉണ്ട്. പട്ടികയില്‍ മധ്യ ഭാഗം കഴിഞ്ഞ് മത്സര പരീക്ഷകളില്‍ 1ആം റാങ്ക് മാത്രം നേടിയിട്ടുള്ള ഒരു പ്രഗല്ഭനായ ഉദ്യോഗസ്ഥന്റെ പേരും. അദ്ദേഹം മറ്റൊരു സ്കൂളില്‍ പഠിച്ചിരുന്നതിനെ പറ്റി ചോദിച്ചപ്പോള്‍ പറഞ്ഞു, അന്ന് അവിടെയുണ്ടായിരുന്ന അധ്യാപകര്‍ പറയുന്നത് അവന്‍ അത്ര പോരാഞ്ഞതിനാല്‍ ഇവിടെ നിന്നും പറഞ്ഞു വിട്ടതാണ്, പിന്നീട് റാങ്ക് കിട്ടുമെന്ന് ഉറപ്പായപ്പോള്‍ നിര്‍ബന്ധിച്ചും യാചിച്ചും ഈ സ്കൂളിലേക്ക് തന്നെ കൊണ്ടു വന്നു എന്ന്. ഒപ്പം ഒന്ന് കൂടെ വിശദീകരിച്ചു തന്നു. ക്ലാസ്സില്‍ അവന്റെ “പ്രകടനം” മോശമായിരുന്നു. ഒരു ചോദ്യത്തിനും കൃത്യമായി ഉത്തരം പറയത്തില്ല. റാങ്ക് കിട്ടി കഴിഞ്ഞപ്പോഴാണ് അവന്റെ തലയില്‍ ഇത്രയ്ക്കുള്ള മരുന്ന് ഉണ്ടെന്ന് അന്നത്തെ സാറന്മാര്‍ക്ക് പിടി കിട്ടിയത്.





