പൊളിറ്റിക്കല്‍ കുട്ടി അല്ലെങ്കില്‍ കുട്ടി സാഹിബ് … ഏത് പേരെടുത്ത് വിളിച്ചാലും, നിറഞ്ഞ സ്നേഹത്തോടെ നമ്മുടെ മുന്നില്‍ കുട്ടി എന്ന “അഹമ്മദ് കുട്ടി സീതി സാഹിബ്” എത്തിയിരിക്കും. പ്രായവും, ദുബായിലെ ഉഷ്ണ കാറ്റും വക വെക്കാതെ, ദേരയിലെ റിഗ്ഗ സ്ട്രീറ്റിലൂടെ അദ്ദേഹം നടന്ന് നീങ്ങുമ്പോള്‍, എതിരെ കടന്ന് വരുന്നവര്‍ക്ക് അവരവരുടെ ഭാഷയില്‍ അഭിവാദ്യം അര്‍പ്പിക്കുന്നു. അവര്‍ വളരെ സന്തോഷത്തോടെ ആദരവ് പ്രകടിപ്പിക്കുന്നു. കുശലം ചോദിക്കുന്നു.
എനിക്കത് വളരെ അത്ഭുതമായി തോന്നി. വാര്‍ദ്ധക്യം തലോടുന്ന വേളയിലും, ചുറു ചുറുക്കോടെ ഉള്ള ഈ പെരുമാറ്റം!
അന്താരാഷ്ട്ര സാക്ഷരതാ ദിനത്തില്‍ പൊളിറ്റിക്കല്‍ കുട്ടിയെ ആദരിക്കുന്നു
കേരള റീഡേഴ്സ് ആന്‍ഡ് റൈറ്റേഴ്സ് സര്‍ക്കിള്‍ ഗള്‍ഫ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍, അന്താരാഷ്ട്ര സാക്ഷരതാ ദിനം ദുബായ് ദേരയിലെ ഫ്ലോറ ഗ്രാന്ഡ് ഹോട്ടലില്‍ നടക്കുന്ന വേളയിലാണ് ഞാന്‍ പൊളിറ്റിക്കല്‍ കുട്ടിയെ ആദ്യമായി നേരില്‍ കാണുന്നത്. മുമ്പ് ടെലിവിഷന്‍ ചാനലുകളില്‍ കൂടി ഇദ്ദേഹത്തെ കുറിച്ച് ഞാന്‍ അറിഞ്ഞിരുന്നു. ചടങ്ങില്‍ അദ്ദേഹത്തെ പ്രത്യേകം ആദരിച്ചു.
അതിന് ശേഷമുള്ള നന്ദി പ്രസംഗത്തില്‍, ചുരുങ്ങിയ വാക്കുകളില്‍ സരസമായി അദ്ദേഹം സംസാരിച്ചു.
ചടങ്ങ് കഴിഞ്ഞ് ഞാന്‍ അദ്ദേഹത്തെ സമീപിച്ചു. എന്റെ ആഗമനോദ്ദേശം അറിയിച്ചു.
സന്തോഷത്തോടെ അദ്ദേഹം പറഞ്ഞു: “വാ നമ്മുക്ക് കുറച്ച് നടക്കാം”.
ഇഷ്ടിക വിരിച്ച ഫുട്ട് പാത്തിലൂടെ ഞങ്ങള്‍ നടന്നു.
അറബി, ഇംഗ്ലീഷ്, ഹിന്ദി, പാര്‍സി, ഗുജറാത്തി, തുളു… തുടങ്ങി പതിനെട്ടോളം ഭാഷകള്‍ കൈകാര്യം ചെയ്യുന്ന ആളാണ് പൊളിറ്റിക്കല്‍ കുട്ടി സാഹിബ്.
വ്യത്യസ്തമായ ഈ പേരില്‍ അറിയപ്പെടാന്‍ കാരണം അദ്ദേഹത്തിന്റെ ജീവിത യാത്ര തന്നെയാണ്. 1953-ലാണ് കുട്ടി സാഹിബ് ദുബായില്‍ എത്തുന്നത്. ഇന്നത്തെ ദേരയിലെ ഹയാത്ത് റീജന്‍സി ഉളള ഇടത്ത് അന്ന് കടലായിരുന്നു. ബോംബെ യില്‍ നിന്ന് ഗുജറാത്ത് വഴി ലോഞ്ചി ലാണ് അദ്ദേഹം ദേരയില്‍ വന്നത്. പിന്നീട് അദ്ദേഹം അറബി കളുടെ ഇഷ്‌ട തോഴനായി. യു. എ. ഇ. യിലെ പല പ്രശസ്തരായ അറബികളും അദ്ദേഹത്തിന്റെ കളി കൂട്ടുകാരാണ്.
ഒരു ആദ്യ കാല ചിത്രം
ഒരു നല്ല ഫുട്ബോള്‍ കളിക്കാരന്‍ കൂടിയായ ഇദ്ദേഹം, രാജ്യത്ത് ഫുട്ബോളിന്റെ പ്രചാരത്തിന് നല്ല പങ്ക് വഹിച്ചിട്ടുണ്ടെന്ന് പറയുമ്പോള്‍ അതിന്റെ അഭിമാനം ആ മുഖത്ത് വ്യക്തമാകു ന്നുണ്ടായിരുന്നു.
യു. എ. ഇ. യില്‍ വന്നിറങ്ങിയപ്പോള്‍ ആദ്യം ചെയ്ത പണി ചുമടെടുക്കലായിരുന്നു. ഇന്നത്തെ പോലെ ഏ. സി. വ്യാപകമല്ലാത്ത ആദ്യ കാലങ്ങളില്‍ ചൂടിന് ശമനം കിട്ടുവാന്‍ ചാക്ക് നനച്ച് അതിന് മുകളില്‍ കിടന്നിട്ടുണ്ട്.
പിന്നീട് അദ്ദേഹം ദോഹയിലേക്കും അവിടെ നിന്ന് ബഹറിനിലേക്കും പോകുകയുണ്ടായി.
ബഹറിനില്‍ വെച്ച് അദ്ദേഹം ഒരിക്കല്‍ സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാന മന്ത്രിയായ ജവഹര്‍ ലാല്‍ നെഹ്രു വിനെ പരിചയപ്പെട്ട കഥ പറഞ്ഞു. അദ്ദേഹത്തിന്റെ ഏക മകള്‍ ഇന്ദിരാ ഗാന്ധിയും മക്കളും അന്ന് കൂടെ ഉണ്ടായിരുന്നു. സൌഹൃദത്തിന്റെ ഓര്‍മ്മക്കായി അന്ന് ഒരു ഫോട്ടോയുമെടുത്തു. നെഹ്രു കുടുംബത്തോടുള്ള സ്നേഹം അദ്ദേഹത്തിന്റെ വാക്കുകളില്‍ നിറഞ്ഞിരുന്നു.
ഇടയ്ക്ക് ഒരു സ്വകാര്യം പോലെ പറഞ്ഞു : “ഈ അടുത്ത കാലത്ത് കോണ്‍ഗ്രസ്സ്, രാഷ്ട്രീയമായ ചില പ്രതിസന്ധികളില്‍ പെട്ടപ്പോള്‍ സോണിയയ്ക്ക് ഞാനൊരു കത്തയച്ചു – നിങ്ങള്‍ മോത്തി ലാല്‍ നെഹ്രുവിന്റെ പേരകുട്ടിയാണ്, കരുത്ത് കാണിക്കുക, ധൈര്യപൂര്‍വ്വം മുന്നേറുക – എന്നതായിരുന്നു ഉള്ളടക്കം”
സോഷ്യലിസത്തില്‍ ഊന്നിയ നെഹ്രുവിന്റെ രാഷ്ട്രീയ ദര്‍ശനങ്ങളെ കുട്ടി സാഹിബ് ഇഷ്ടപ്പെടുന്നു.
കുറച്ച് കാലത്തെ സ്റ്റോര്‍കീപ്പറായുള്ള ജോലി വിരമിച്ച് ബഹറിനില്‍ നിന്ന് അഹമ്മദ് കുട്ടി സീതി പിന്നീട് കുവൈറ്റില്‍ എത്തി. അവിടെയും അധിക കാലം ഉണ്ടായില്ല. ഇറാഖിലും അത് വഴി ലണ്ടനിലും അദ്ദേഹം എത്തി.
ലണ്ടനില്‍ വെച്ച് അഹമ്മദ് കുട്ടി സീതി മറ്റൊരു പ്രശസ്ത വ്യക്തിയുമായി പരിചയപ്പെടാന്‍ ഇടയായി. ജവഹര്‍ലാല്‍ നെഹ്രുവിന്റെ ഉറ്റ മിത്രവും, സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ അന്താരാഷ്ട്ര രംഗത്തെ ഇടപെടലുകള്‍ പ്രധാനമായും കൈകാര്യം ചെയ്തിരുന്ന വി. കെ. കൃഷ്ണ മേനോന്‍ ആയിരുന്നു അത്. “എന്നെ അദ്ദേഹത്തിന് വളരെ കാര്യമായിരുന്നു. മലബാര്‍ ബോയ് എന്നാണ് എന്നെ വിളിച്ചിരുന്നത്”, കുട്ടി ഓര്‍ത്തു.
ഇങ്ങിനെ പല ദേശങ്ങളിലേയും പ്രവാസങ്ങള്‍ക്ക് ശേഷം 1960 ല്‍ തിരിച്ച് വീണ്ടും യു. എ. ഇ. യില്‍ എത്തി. തനിക്ക് ഇഷ്ടപ്പെട്ട രാജ്യം ഏതെന്ന് ചോദിച്ചാല്‍ “ഹമാരാ ഇന്ത്യ” എന്നായിരിക്കും ഉത്തരം.
തനിക്ക് ഒരു പാട് അനുഭവങ്ങള്‍ സമ്മാനിച്ച യു. എ. ഇ. യോടുള്ള കടപ്പാടും അദ്ദേഹം മറച്ച് വെക്കുന്നില്ല.
ദുബായിലെ ബ്രിട്ടീഷ് പൊളിറ്റിക്കല്‍ ഏജന്‍സീസില്‍ ജോലി ചെയ്യുന്നതി നിടയിലാണ് അറബികളായ സുഹ്രുത്തുക്ക ള്‍ക്കിടയില്‍ അഹമ്മദ് കുട്ടി സീതി, പൊളിറ്റിക്കല്‍ കുട്ടി ആയത്.
പിന്നീട്, മറ്റു ദേശക്കാര്‍ക്കിടയിലും പൊളിറ്റിക്കല്‍ കുട്ടി പ്രിയപ്പെട്ടവനായി. 1972 ല്‍ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടിയപ്പോഴും, തനിക്ക് ചാര്‍ത്തിയ നാമം കൂടെ തന്നെ ഉണ്ടായിരുന്നു.
അന്നത്തെ ദുബായ് മുനിസിപ്പാലിറ്റി ലൈസന്‍സ് വിഭാഗത്തില്‍, സീതിക്ക് ഒരു സുഹ്രുത്തുണ്ടായിരുന്നു – കമാല്‍ ഹംസ എന്ന സുഡാനി. ടൈപ്പിംഗ് സെന്റര്‍, ടൈലറിംഗ് ഷോപ്പ് തുടങ്ങി പല മേഖലകളിലും പ്രവര്‍ത്തനങ്ങള്‍ വ്യാപിച്ചപ്പോള്‍, തന്നെ കമാല്‍ ഹംസ വളരെയധികം സഹായിച്ചിരുന്നു എന്നത് അദ്ദേഹം നന്ദി പൂര്‍വ്വം സ്മരിക്കുന്നു.
യു. എ. ഇ. യിലെ മുന്‍ ഭരണ കര്‍ത്താക്കളില്‍ പലരും തന്റെ സുഹ്രുത്തുക്കളായിരുന്നു. ഫോട്ടോഗ്രാഫിയിലും പാചകത്തിലും നല്ല പ്രാവീണ്യമുണ്ട്.
ചരിത്രം പതിയിരിക്കുന്ന തന്റെ ബാഗില്‍ നിന്നും കുട്ടി പുറത്തെടുക്കുന്ന പാസ്പോര്‍ട്ടുകള്‍ കൌതുകപൂര്‍വ്വം നോക്കി നില്‍ക്കുന്ന കാഴ്‌ച്ചക്കാര്‍
തന്റെ ബാഗ് നിറയെ പാസ്‌പോര്‍ട്ടുകളാണ്. പല ദേശങ്ങളുടെയും വിസകള്‍ അതില്‍ പതിപ്പിച്ചിട്ടുണ്ട്… പൊളിറ്റിക്കല്‍ കുട്ടി തന്റെ വിശേഷങ്ങള്‍ തുടരുന്നു.
ഇടയ്ക്ക് സംസാരം മുറിഞ്ഞു. അദ്ദേഹം പതുക്കെ കുനിഞ്ഞു. കണ്ട കാഴ്‌ച്ച എന്നില്‍ വീണ്ടും അത്ഭുതമുളവാക്കി…
സ്ട്രീറ്റില്‍ മെട്രൊ റെയില്‍വെ യുടെ പണിക്കിടെ അശ്രദ്ധമായി തൊഴിലാളികള്‍ കൂട്ടിയിട്ട ഇഷ്ടികകളിലൊന്ന് ഫുട്ട്പാത്തില്‍ വീണു കിടക്കുന്നു. അദ്ദേഹം അത് പതുക്കെ നീക്കിയിട്ടു – മറ്റു കാല്‍നട യാത്രക്കാര്‍ക്ക് തടസ്സങ്ങളില്ലാതെ നടന്ന് നീങ്ങാന്‍… ദൌത്യം നിര്‍വ്വഹിച്ച് പൊളിറ്റിക്കല്‍ കുട്ടി സംതൃപ്തിയോടെ വീണ്ടും നടന്നു.
അഹമ്മദ് കുട്ടി സീതി എന്ന പൊളിറ്റിക്കല്‍ കുട്ടി തൃശൂര്‍ ജില്ലയിലെ ചാവക്കാട് ഒരുമനയൂര്‍ സ്വദേശിയാണ്. 1937 ജൂണ്‍ 15 നാണ് അദ്ദേഹം ജനിച്ചത്. ഇപ്പോള്‍ മലപ്പുറം ജില്ലയില്‍ മമ്പാട് താമസിക്കുന്നു. എല്ലാ റംസാന്‍ കാലത്തും അദ്ദേഹം യു. എ. ഇ. യില്‍ എത്തുന്നു. അദ്ദേഹത്തിന്റെ അറബി സുഹൃത്തുക്കളും മലയാളികളും ഇദ്ദേഹത്തെ സ്വീകരിക്കുന്നു. യാത്ര പറഞ്ഞ് പിരിയുമ്പോള്‍ പൊളിറ്റിക്കല്‍ കുട്ടി പറഞ്ഞു: “ഞാന്‍ ഇനിയും വരും. നിങ്ങളെയൊക്കെ കാണാന്‍. ഇന്‍ശാ അള്ളാഹ്”.
അതെ, ഞങ്ങള്‍ കാത്തിരിക്കുകയാണ് – ചരിത്രത്തിന്റെ ഭാഗമായ ഒരു “കുട്ടി” യെ വീണ്ടും കാണാന്‍.
– ഒ.എസ്.എ. റഷീദ്, ചാവക്കാട്