തിരുവനന്തപുരം : ജനകീയ ആരോഗ്യ രംഗത്ത് മായാത്ത വ്യക്തി മുദ്ര പതിപ്പിച്ച ഡോ. പി. കെ. ആര്‍. വാര്യര്‍ ഇനി ഓര്‍മ. മാര്‍ച്ച് 26 ശനിയാഴ്ച പകല്‍ 11ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രി യിലായിരുന്നു അന്ത്യം. 90 വയസ്സായിരുന്നു. ആരോഗ്യ സംരക്ഷണത്തിനുള്ള സേവകരാണ് ഡോക്ടര്‍മാരെന്ന് അദ്ദേഹം സ്വന്തം ജീവിതം കൊണ്ട് തെളിയിച്ചു. പാവങ്ങളുടെ ഡോക്ടര്‍ എന്ന് അറിയപ്പെട്ട പ്രഗത്ഭ ഹൃദയ ശസ്ത്രക്രിയാ വിദഗ്ധനായ പി. കെ. ആര്‍. വാര്യര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യ കാല പ്രവര്‍ത്തകനുമായിരുന്നു.
ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് വെള്ളിയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൃതദേഹം തൈക്കാട് ശാന്തി കവാടത്തില്‍ ശനിയാഴ്ച വൈകീട്ട് സംസ്കരിച്ചു. അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരം കണ്ണുകള്‍ ദാനം ചെയ്തു. സംസ്കാരച്ചടങ്ങ് ഒഴിവാക്കി. സി. പി. ഐ. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വീട്ടിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചു.
ആദ്യ കാല സാമൂഹ്യ പരിഷ്കര്‍ത്താവ് ആര്യ പള്ളത്തിന്റെ മകളും മഹിളാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റുമായിരുന്ന പരേതയായ ദേവകി വാര്യരാണ് ഭാര്യ. മക്കള്‍: ഡി. കൃഷ്ണവാര്യര്‍ (ബാബു, റിട്ട. ഇ. ആര്‍. ആന്‍ഡ് ഡി.സി.), അനസൂയ. മരുമക്കള്‍: ചലച്ചിത്ര സംവിധായകന്‍ ഷാജി എന്‍. കരുണ്‍, ഷീല (റിട്ട. ഉദ്യോഗസ്ഥ, എസ്. യു. ടി. ഹോസ്പിറ്റല്‍, തിരുവനന്തപുരം).
1921 ആഗസ്ത് 13നാണ് ഡോ. വാര്യര്‍ ജനിച്ചത്. പിതാവ് ഡോ. പി. കെ. വാര്യര്‍ മദിരാശി സംസ്ഥാന ആരോഗ്യ വകുപ്പില്‍ ഉന്നത ഉദ്യോഗസ്ഥനായിരുന്നു. 1940 – 46ല്‍ മദ്രാസ് മെഡിക്കല്‍ കോളേജില്‍ നിന്ന് എം. ബി. ബി. എസ്. ബിരുദം. തുടര്‍ന്ന് സര്‍ജറിയില്‍ ബിരുദാനന്തര ബിരുദത്തിന് മൂന്നു തവണ മദ്രാസ് സര്‍വകലാശാലയില്‍ അപേക്ഷിച്ചെങ്കിലും കമ്യൂണിസ്റ്റു കാരനായതിനാല്‍ നിരസിച്ചു. 1946ല്‍ മദ്രാസ് മെഡിക്കല്‍ കോളേജില്‍ അനാട്ടമി വിഭാഗത്തില്‍ ഡെമോണ്‍സ്ട്രേറ്ററായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് കോയമ്പത്തൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറി. കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായുള്ള ബന്ധത്തിന്റെ പേരില്‍ 1952ല്‍ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു. പ്രതിഷേധത്തെ തുടര്‍ന്ന് രണ്ടു വര്‍ഷത്തിനു ശേഷം തിരിച്ചെടുത്തു. പിന്നീട് ഫോര്‍ട്ട് കൊച്ചിയില്‍ മെഡിക്കല്‍ ഓഫീസറായി. 1960ല്‍ ഇംഗ്ളണ്ടിലെ എഡിന്‍ബറോയിലെ ന്യൂഫീല്‍ഡ് കോളേജില്‍ നിന്ന് തൊറാസിക് സര്‍ജറിയില്‍ എഫ്. ആര്‍. സി. എസും നേടി. 1962ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കാര്‍ഡിയോ തൊറാസിക് സര്‍ജറി വിഭാഗത്തില്‍ അസോസിയറ്റ് പ്രൊഫസറായി നിയമിതനായി.
ബിരുദ, ബിരുദാനന്തര ബിരുദ സര്‍ജറി കോഴ്സുകളില്‍ അധ്യാപകന്‍ എന്ന നിലയില്‍ വലിയ ശിഷ്യ സമ്പത്തിന്റെ ഉടമയാണ്. നാഷണല്‍ അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സ് ഉള്‍പ്പെടെ വിവിധ സര്‍വകലാശാലകളില്‍ പരീക്ഷാ നടത്തിപ്പിന്റെ ചുമതല വഹിച്ചു. അല്‍പ്പ കാലം മിനിക്കോയിലും ജോലി ചെയ്തു. മൂന്ന് ദശാബ്ദ ക്കാലത്തെ സര്‍വീസിനു ശേഷം 1977ലാണ് വിരമിച്ചത്. തുടര്‍ന്ന് മണിപ്പാല്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളേജില്‍ സര്‍ജറി വിഭാഗം പ്രൊഫസര്‍, കണ്ണൂര്‍ എ. കെ. ജി. ആശുപത്രിയില്‍ സര്‍ജിക്കല്‍ കസള്‍ട്ടന്റ് എന്നീ ചുമതലകളും വഹിച്ചു. വര്‍ക്കല എസ്. എന്‍. മിഷന്‍ ആശുപത്രി, ഒറ്റപ്പാലം സെമാള്‍ക്ക് ആശുപത്രി എന്നിവിടങ്ങളിലും പ്രവര്‍ത്തിച്ചു. 1990ല്‍ ആതുര സേവന രംഗത്തു നിന്ന് പൂര്‍ണമായും പിന്മാറി. ദേശാഭിമാനി വാരികയില്‍ പ്രസിദ്ധീകരിച്ച ഒരു സര്‍ജന്റെ ഓര്‍മക്കുറിപ്പുകള്‍, അനുഭവങ്ങള്‍ അനുഭാവങ്ങള്‍, വിഗ്രഹത്തിലെ തകര്‍ച്ച (കഥാ സമാഹാരം) തുടങ്ങിയ പുസ്തകങ്ങളും രചിച്ചു.
– നാരായണന്‍ വെളിയംകോട്
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: narayanan-veliancode