Friday, September 23rd, 2011

വേട്ടയാടുന്ന ദൃശ്യങ്ങള്‍

rafi-chettuwa-elephant-killing-mahout-epathram

അപൂര്‍വ്വമായ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുക എന്നത്‌ മറ്റു പല പ്രോഫഷണല്‍ ഫോട്ടോഗ്രാഫറുടേയും പോലെ എന്റെയും സ്വപ്നമാണ്‌. ആകസ്മികതയാണ്‌ ഈ
പ്രോഫഷന്റെ ഏറ്റവും വലിയ അനുഗ്രഹവും ശാപവും എന്നു വേണമെങ്കില്‍ പറയാം. ദുരന്തങ്ങള്‍ പോലും ഒരു ഫോട്ടോ ഗ്രാഫറെ സംബന്ധിച്‌ തന്റെ പ്രോഫഷണലിസം പ്രകടിപ്പിക്കുവാന്‍ പറ്റിയ അവസരമായി മാറുന്നു. താനെടുക്കുന്ന ചിത്രങ്ങളുടെ പ്രശസ്തിയും പ്രചാരവുമാണ്‌ എന്നെപ്പോലെ മിക്കവരും ആഗ്രഹിക്കുന്നത്‌. ഒരു പ്രോഫഷണല്‍ ഫോട്ടോ ഗ്രാഫര്‍ എന്ന നിലയില്‍ ഞാനെടുത്ത ചിത്രങ്ങള്‍ ഇന്ന് ഇന്റര്‍നെറ്റിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും ലോകത്തെമ്പാടും പ്രചരിച്ചു കൊണ്ടിരിക്കുന്നു, പക്ഷെ രണ്ടു കാരണങ്ങളാല്‍ ഞാന്‍ നിരാശനും. ഒന്ന് ആ ചിത്രത്തില്‍ ഒരു മനുഷ്യന്റെ ദാരുണമായ അന്ത്യം ആണെന്നതും മറ്റൊന്ന് ഒരു ഫൊഫഷണല്‍ എന്ന നിലയില്‍ ഫോട്ടോയെടുത്ത എനിക്കല്ല, മറിച്ച്‌ മറ്റു പലര്‍ക്കുമാണ്‌ അതിന്റെ ക്രെഡിറ്റ്‌ പോകുന്നത്‌ എന്നതും.

rafi-chettuwa-epathram

ചേറ്റുവ ചന്ദനക്കുടം നേര്‍ച്ച ഒരു ഫോട്ടോ ഗ്രാഫര്‍ എന്ന നിലയില്‍ എന്റെ ജീവിതത്തിലെ അവിസ്മരണീയമായ ഒരു അനുഭവമായി മാറിയത്‌ അവിടെ നടന്ന ദുരന്തം പകര്‍ത്തിയതിലൂടെയാണ്‌. ചേറ്റുവക്കാരെ സംബന്ധിച്ച് ആഘോഷത്തിന്റെ ദിവസങ്ങളാണ്‌ ചന്ദനക്കുടം നടക്കുന്ന സമയം. സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം ഒത്തു കൂടും. ചേറ്റുവയിലെ സ്കൂള്‍ ഗ്രൗണ്ടില്‍ ആനകളുടെ പ്രദര്‍ശനവും ഗംഭീരമായ ശിങ്കാരി മേളവും കുടമാറ്റവും കാവടിയും ഉണ്ടാകും. ഞങ്ങളുടെ സ്റ്റുഡിയോക്കാണ്‌ ഔദ്യോഗികമായി പ്രോഗ്രാം കവര്‍ ചെയ്യുവാന്‍ ഉള്ള ഉത്തരവാദിത്വം എങ്കിലും ഈ ആഘോഷത്തിനിടയില്‍ ക്യാമറയുമായി നടന്നാല്‍ അതില്‍ മുഴുകുവാനോ ആസ്വദിക്കാനോ ആകില്ല എന്നതിനാല്‍ ഞാന്‍ വിസ്സമ്മതിച്ചു. എങ്കിലും സുഹൃത്തുക്കളില്‍ ചിലര്‍ ആനപ്പുറത്ത്‌ കയറുന്നത്‌ പകര്‍ത്തുവാന്‍ സ്നേഹപൂര്‍വ്വമുള്ള നിര്‍ബന്ധത്തിനു വഴങ്ങി ക്യാമറ കയ്യില്‍ വച്ചു. ആയിരക്കണക്കിനു ആളുകള്‍ തിങ്ങി നിറഞ്ഞ സ്കൂള്‍ കോമ്പൗണ്ടില്‍ ആനകളെ ഒറ്റ വരിയായി നിരത്തി നിര്‍ത്തിയിരുന്നു. ശിങ്കാരിമേളം അതിന്റെ ദ്രുത താളത്തിലേക്കു നീങ്ങിക്കൊണ്ടിരുന്നു. അതിനനുസരിച്ച്‌ കാവടിക്കാരും മേളക്കാരും ആസ്വാദകരും ഒരേ സമയം ആവേശത്തോടെ ചുവടു വെച്ചു.

കുട്ടിക്കാലം തൊട്ടേ ആനകളെ ഏറേ ഇഷ്ടപ്പെടുന്ന ഞാന്‍ കിട്ടുന്ന അവസരങ്ങളിലൊക്കെ അവയെ ക്യാമറയില്‍ പകര്‍ത്താറുണ്ട്‌. തിരക്കിനിടയിലൂടെ ഞാന്‍ ക്യാമറയുമായി ആനകള്‍ക്ക്‌ തൊട്ടു മുമ്പിലെത്തി. ഏതാനും സ്നാപുകള്‍ എടുത്തു. സുഹൃത്തുക്കള്‍ ആനപ്പുറത്തിരുന്ന് കൈ വീശി കാണിച്ചു. കൂടുതല്‍ ഫോട്ടോകള്‍ എടുക്കുവാന്‍ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു.

ഇതിനിടയില്‍ കിഴക്കു ഭാഗത്തു നിന്നിരുന്ന ഒരാന ചെറിയ പ്രശനങ്ങള്‍ ഉണ്ടാക്കുവാന്‍ തുടങ്ങിയെങ്കിലും അതത്ര കര്യമാക്കിയില്ല. ഉത്സവങ്ങള്‍ക്കിടയില്‍ ചില ആനകള്‍ ഇത്തരത്തില്‍ ചില തലയാട്ടലുകള്‍ ഒക്കെ നടത്തുക പതിവാണ്‌. ഞാന്‍ അതു കാര്യമാക്കാതെ ക്യാമറയിലൂടെ പുതിയ ഷോട്ടുകള്‍ പകര്‍ത്തി ക്കൊണ്ടിരുന്നു. ആളുകള്‍ ചെറിയ തോതില്‍ പരിഭ്രമിച്ചെങ്കിലും കുഴപ്പം ഒന്നും ഇല്ലെന്നും ശാന്തരായി ഇരിക്കുവാനും മൈക്കിലൂടെ അറിയിപ്പ്‌ നടത്തുന്നുണ്ടായിരുന്നു.

പെട്ടെന്നാണ്‌ ആഘോഷത്തെയും ആഹ്ലാദത്തേയും പിടിച്ചു നിര്‍ത്തിക്കൊണ്ട്‌ എന്റെ തൊട്ടു മുമ്പില്‍ നിന്നിരുന്ന വെട്ടത്ത്‌ വിനയന്‍ എന്ന ആന തന്റെ പുറത്തിരുന്നവരെ കുടഞ്ഞിടുവാന്‍ തുടങ്ങിയത്‌. നാലു പേരില്‍ മൂന്നു പേര്‍ പിടഞ്ഞെഴുന്നേറ്റ്‌ ഓടി രക്ഷപ്പെട്ടു. സുബൈര്‍ എന്ന ചെറുപ്പക്കാരന്‍ ആനയുടെ മുന്‍ കാലുകള്‍ക്ക് അരികില്‍ വീണു. ആന അവനെ കുത്തുവാനായി തപ്പിക്കൊണ്ടിരുന്നു. പല തവണ ആന കുത്തിയെങ്കിലും സുബൈര്‍ ഉരുണ്ടു മാറിക്കൊണ്ടിരുന്നു, അവര്‍ക്കിടയില്‍ ഒരു കുട മറവ്‌ സൃഷ്ടിച്ചത്‌ അവന്റെ ഭാഗ്യമായി. വല്ലാത്തൊരു വാശിയോടെ ആന സുബൈറിനെ കുത്തുവാനായി ശ്രമിക്കുന്നുണ്ടായിരുന്നു. ഈ സമയം തൊട്ടടുത്ത്‌ നിന്ന് ക്യാമറയുടെ ലെന്‍സിലൂടെ നോക്കിയപ്പോള്‍ എന്തോ എനിക്കപ്പോള്‍ ആ ദൃശ്യങ്ങള്‍ പകര്‍ത്തുവാനാണ്‌ തോന്നിയത്‌.

“ഞാന്‍ മരിച്ചിട്ടേ നീ മരിക്കൂ” എന്ന് സുബൈറിനോട്‌ പാപ്പാന്‍ ഉണ്ണി പറയുന്നത്‌ എനിക്ക്‌ കേള്‍ക്കാം. അയാള്‍ കൊമ്പില്‍ കയറി തൂങ്ങി ആനയെ ഉടക്കി നിര്‍ത്തുവാന്‍ നോക്കി. പക്ഷെ അയാളുടെ ശ്രമങ്ങളില്‍ ഒന്നും ആന അടങ്ങിയില്ല. 10 മിനിട്ടോളം ആനയുടെ കാലിനിടയില്‍ സുബൈര്‍ കിടന്നുരുണ്ടു കാണും.

rafi-elephant-photo-epathram

എനിക്കു ചുറ്റും ചിതറിയോടുന്ന ജനക്കൂട്ടം. ഒപ്പം ഉണ്ടായിരുന്ന ആനകളെ അതിവേഗം സംഭവ സ്ഥലത്തു നിന്നും നീക്കുവാനായി പാപ്പാന്മാര്‍ ശ്രമിച്ചു കൊണ്ടിരുന്നു. വിനയനും പാപ്പാനും സുബൈറും എന്റെ തൊട്ടു മുമ്പില്‍. ആന തൊട്ടടുത്തെത്തിയതും ഞാന്‍ പുറകിലേക്ക്‌ ഓടി മാറി. ഇതിനിടയില്‍ മറ്റൊരാനയുടെ വയര്‍ എന്റെ ശരീരത്തില്‍ ഉരഞ്ഞു ഞാന്‍ താഴെ വീണു. ക്യാമറ തെറിച്ച്‌ മണ്ണില്‍ വീണു. എങ്കിലും ഞാന്‍ പിടഞ്ഞെഴുന്നേറ്റ്‌ വീണ്ടും വീണ്ടും ചിത്രങ്ങള്‍ എടുത്തു കൊണ്ടിരുന്നു. സുബൈറിനെ രക്ഷിക്കുവാന്‍ ആനയുടെ ശ്രദ്ധ തിരിക്കുവാന്‍ ചിലര്‍ അവിടെ കിടന്നിരുന്ന കവുങ്ങിനെ വലിയ പത്തലുകള്‍ കൊണ്ട്‌ അടിക്കുവാന്‍ ശ്രമിച്ചു. എന്നാല്‍ സുബൈറിനെ കിട്ടാത്തതിനാല്‍ കലിയടങ്ങാത്ത ആന പാപ്പാന്‍ ഉണ്ണിയെ കൊമ്പില്‍ കോരിയെടുത്ത് എറിഞ്ഞു. പിന്നെ അയാളെ കാലു കൊണ്ട്‌ ചവിട്ടി. തൊട്ടു മുമ്പില്‍ ഒരു മനുഷ്യന്‍ ആനയുടെ പരാക്രമത്തില്‍ ജീവന്‍ വെടിയുന്നത്‌ എന്തോ എനിക്കപ്പോള്‍ ഫീല്‍ ചെയ്തില്ല. ഞാന്‍ ക്യാമറ ക്ലിക്ക്‌ ചെയ്തു കൊണ്ടേയിരുന്നു.

സങ്കല്‍പ്പിക്കുവന്‍ പോലും കഴിയാത്ത ദൃശ്യങ്ങള്‍ക്കാണ്‌ പിന്നെ സാക്ഷിയാകേണ്ടി വന്നത്‌. ജീവരക്ഷാര്‍ത്ഥം ഓടിയ പാപ്പാന്മാര്‍ ഉപേക്ഷിച്ചിട്ടു പോയ ഒരാന (രഘുറാം ആണെന്ന് തോന്നുന്നു) ഈ സമയം ഗ്രൗണ്ടിന്റെ നടുവില്‍ നില്‍ക്കുന്നുണ്ടായിരുന്നു. അവനെ വിനയന്‍ പുറകില്‍ നിന്നും കുത്തി മറിച്ചിട്ടു. വീണു കിടന്ന ആനയെ വീണ്ടും കുത്തി. എഴുന്നേല്‍ക്കുവാന്‍ അനുവദിക്കാതെ അവനെ കുത്തി സ്കൂളിന്റെ വരാന്തയിലേക്ക്‌ കയറ്റി. ഇതിനിടയില്‍ പാപ്പാനെ ആളുകള്‍ ആശുപത്രിയിലേക്ക്‌ കോണ്ടു പോയെങ്കിലും അയാള്‍ മരിച്ചിരുന്നു.

ആനയെ സ്കൂള്‍ വരാന്തയിലേക്ക്‌ കുത്തിക്കയറ്റിയ ശേഷം വീണ്ടും ഗ്രൗണ്ടില്‍ ഇറങ്ങിയ വിനയന്റെ സംഹാര താണ്ടവത്തിനാണ്‌ അന്ന് ചേറ്റുവ സാക്ഷ്യം വഹിച്ചത്‌. മരങ്ങള്‍ കടപുഴക്കി എറിഞ്ഞും, സൈക്കിളുകള്‍ ഉള്‍പ്പെടെ ചില വാഹനങ്ങള്‍ തകര്‍ത്തും, ഇടയ്ക്ക്‌ മറ്റേ ആനയെ ഉപദ്രവിക്കാന്‍ ശ്രമിച്ചും രാത്രി എട്ടു മണി വരെ അവന്‍ സ്കൂള്‍ കോമ്പൗണ്ടില്‍ തന്റെ കലിയാട്ടം നടത്തി. അതെല്ലാം ഞാന്‍ ക്യാമറയില്‍ പകര്‍ത്തി ക്കൊണ്ടിരുന്നു.

ഒരു ഫോട്ടോ ഗ്രാഫര്‍ എന്ന നിലയില്‍ അതെന്റെ ജീവിതത്തിലെ നിര്‍ണ്ണായക ദിവസമായിരുന്നു. ആനയുടെ കാലിനും കൊമ്പിനുമിടയില്‍ നിന്നും അല്‍ഭുതകരമായി രക്ഷപ്പെട്ട സുബൈറിനെ മാധ്യമങ്ങള്‍ വളഞ്ഞു. എന്റെ ചിത്രങ്ങള്‍ പല പ്രമുഖ മാധ്യമങ്ങളിലും വന്നു. പേരും മറ്റു വിവരങ്ങളും നല്‍കിയെങ്കിലും പ്രമുഖരായ ചില മാധ്യമങ്ങള്‍ അതു പക്ഷെ നല്‍കിയില്ല. ഇന്ത്യാ ടുഡേ കവര്‍ പേജായി തന്നെ ഞാന്‍ എടുത്ത ഫോട്ടോ പ്രസിദ്ധീകരിച്ചു. അവര്‍ മാത്രം പ്രതിഫലവും നല്‍കി.

എന്റെ അനുമതിയില്ലാതെ പലരുടേയും പേരില്‍ പലയിടങ്ങളിലായി ഈ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടു. കഴിഞ്ഞ ആഴ്ചയില്‍ വരെ ഒരു പ്രമുഖ മലയാളം വാരികയില്‍ ആനകളുമായി ബന്ധപ്പെട്ട ഒരു ഫീച്ചറില്‍ മറ്റൊരു പേരില്‍ ആ ചിത്രം ഞാന്‍ കണ്ടു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ഈ സംഭവത്തെ പെരുപ്പിച്ചു കാട്ടി ആനകളെ ഉത്സവങ്ങളില്‍ നിന്നും ആഘോഷങ്ങളില്‍ നിന്നും വിലക്കുവാനായി ചിലര്‍ ഈ ചിത്രങ്ങളെ ദുരുപയോഗം ചെയ്യുകയും ചെയ്യുന്നുണ്ടെന്നതും ദുഃഖകരമാണ്‌. എന്റെ ചിത്രങ്ങള്‍ ആനകളെ ഉത്സവങ്ങളില്‍ നിന്നും നമ്മുടെ സമൂഹത്തില്‍ നിന്നും അകറ്റുവാന്‍ ഇടയാക്കരുതെന്ന് എനിക്ക്‌ ആഗ്രഹമുണ്ട്‌.

ഒരു ഫോട്ടോ ഗ്രാഫര്‍ എന്ന നിലയില്‍ പലയിടങ്ങളില്‍ നിന്നും അഭിനന്ദനങ്ങളുടെ പ്രവാഹമായിരുന്നു ആ ദിവസങ്ങളില്‍ എനിക്ക്‌ ലഭിച്ചു കൊണ്ടിരുന്നത്‌. എന്നാല്‍ കറുത്തു മെലിഞ്ഞ ആ മനുഷ്യനെ മരണത്തിലേക്ക്‌ ആനയെടുത്തെറിയുന്ന ആ ദൃശ്യങ്ങള്‍ അന്നു മുതല്‍ എന്നെ വേട്ടയാടുവാന്‍ തുടങ്ങി എന്നതാണ്‌ യാഥാര്‍ത്ഥ്യം. രക്ഷപ്പെടുവാന്‍ ആവുമായിരുന്നിട്ടും മറ്റൊരാളുടെ ജീവന്‍ രക്ഷിക്കുവാനായി “ഞാന്‍ മരിച്ചിട്ടേ നീ മരിക്കൂ” എന്ന് പറഞ്ഞ്‌ ആനയുടെ കൊമ്പില്‍ തൂങ്ങിയ ഉണ്ണിയെന്ന മനുഷ്യനെ രക്ഷപ്പെടുത്തുവാന്‍ എന്തേ ശ്രമിച്ചില്ല എന്ന് ഒരു മനസ്സാക്ഷിക്കുത്ത്‌. ആ ചിത്രങ്ങള്‍ ഇന്ന് കാണുമ്പോള്‍ ഞാന്‍ വല്ലാതെ അസ്വസ്ഥനാകുന്നു. ആ സമയത്ത്‌ ഞാന്‍ എന്തു കൊണ്ട്‌ അവിടെ നിന്നും ഓടി രക്ഷപ്പെട്ടില്ല എന്നും ഇടയ്ക്ക്‌ ചിന്തിക്കാറുണ്ട്‌.

ഇന്നിപ്പോള്‍ ആലോചിക്കുമ്പോള്‍ ആ സമയത്തെടുത്ത റിസ്ക്‌ എത്ര വലുതാണെന്ന് മനസ്സിലാകുന്നു. നോര്‍മല്‍ ലെന്‍സായതിനാല്‍ തൊട്ടടുത്ത്‌ നിന്നായിരുന്നു അത്‌ പകര്‍ത്തിയത്‌. കലിയടങ്ങാതെ കൊലവിളിയുമായി നടക്കുന്ന ആനയുടെ കൈപ്പാടകലെ നിന്നാണ്‌ അത്രയും ദൃശ്യങ്ങള്‍ എടുത്തത്‌. അത്തരം ചിത്രങ്ങള്‍ എടുക്കുവാന്‍ പല റിസ്കുകളൂം ഫോട്ടോഗ്രാഫര്‍മാര്‍ എടുക്കാറുണ്ട്‌. മഴയുടേ രൗദ്ര ഭാവം പകര്‍ത്തുവാന്‍ പോയ വിക്ടര്‍ ജോര്‍ജ്ജ്‌ എന്ന അതുല്യനായ ഫോട്ടോഗ്രാഫര്‍ അകാലത്തില്‍ പൊലിഞ്ഞു പൊയത്‌ അപൂര്‍വ്വമായ ചിത്രങ്ങള്‍ എടുക്കുവാന്‍ ഉള്ള ശ്രമത്തിനിടയിലായിരുന്നു.

ടെക്സ്റ്റ്‌ & ഫോട്ടോ:റാഫി ചേറ്റുവ
ലേഖനം അയച്ചത്: എസ്. കുമാര്‍
(ആനക്കാര്യം എന്ന വെബ്സൈറ്റില്‍ മെയ്‌ 17, 2011 ന് പ്രസിദ്ധീകരിച്ചത്)

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക:

1 അഭിപ്രായം to “വേട്ടയാടുന്ന ദൃശ്യങ്ങള്‍”

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • ഗാസയിലെ മനുഷ്യക്കുരുതി ഉടനെ നിര്‍ത്തണം
  • ഒന്നിനും കൊള്ളാത്ത പ്രവാസികാര്യ വകുപ്പും ഒന്നും ചെയ്യാത്ത പ്രവാസികാര്യ മന്ത്രിയും ഓശാന പാടാന്‍ ശിഖണ്ഡികളായ ചില പ്രവാസികളും
  • ഇന്ന് അനശ്വര രക്തസാക്ഷി സര്‍ദാര്‍ ഭഗത് സിങ്ങിന്റെ ജന്മദിനം
  • സൂപ്പര്‍ താരങ്ങളുടെ കോക്കസ് കളി തുറന്നു പറഞ്ഞ മഹാനടന്‍
  • മലയാളിയും ക്രെഡിറ്റ്‌ കാര്‍ഡും – ഭാഗം 1
  • നിയമം പിള്ളേടെ വഴിയേ…
  • സിനിമയുടെ ശീര്‍ഷാസനക്കാഴ്ച: കൃഷ്ണനും രാധയും
  • വേട്ടയാടുന്ന ദൃശ്യങ്ങള്‍
  • പോന്നോണം വരവായി… പൂവിളിയുമായി
  • ദൂരം = യു. ഡി. എഫ്.
  • അച്യുതാനന്ദനെ കോമാളി എന്ന് വിളിച്ച പത്രപ്രവര്‍ത്തകന്‍ മാപ്പ് പറയണം
  • വി. എസ്. തന്നെ താരം
  • അഴിമതി വിരുദ്ധ ജന വികാരം യു.ഡി.എഫിന് എതിരായ അടിയൊഴുക്കായി
  • ഗാന്ധിയന്മാരുടെ പറന്നു കളി
  • മോശം പ്രകടനവുമായി ശ്രീശാന്ത്
  • നമ്മുടെ ചിഹ്നം ഐസ്ക്രീം…
  • കുഞ്ഞൂഞ്ഞിന്റെ സിന്ധുകുഞ്ഞാട്
  • ഡോ. പി. കെ. ആര്‍. വാര്യര്‍ വിട വാങ്ങി
  • കൊല കൊമ്പന്മാരുടെ ചിത്രങ്ങള്‍
  • മുഖ്യ തല ആരുടെ കുഞ്ഞൂഞ്ഞൊ? ചെന്നിത്തലയോ



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine