എയര്‍ ഇന്ത്യ പ്രവാസി യാത്രക്കാര്‍ക്ക് നേരെ നടത്തിയ കൊടും ക്രൂര ദ്രോഹ നടപടികള്‍ കണ്ടിട്ടും, യാത്രക്കാരോട് തീവ്രവാദികളോട് എന്ന പോലെ പെരുമാറിയിട്ടും, കൊച്ചിയില്‍ ഇറങ്ങേണ്ട വിമാനം തിരുവന്തപുരത്തു കൊണ്ടു പോയി ഇറക്കി പത്ത് മണിക്കൂറോളം കുഞ്ഞു കുട്ടികള്‍ക്കടക്കം ഒരു തുള്ളി വെള്ളം പോലും കൊടുക്കാതിരിക്കുകയും, എപ്പോഴാണു പിന്നെ പുറപ്പെടുകയെന്ന് ചോദിച്ചിട്ടു പോലും ശരിയായ മറുപടി കൊടുക്കാതെ യാത്രക്കാരോട് അപമര്യാദയായി പൈലറ്റും വിമാന ജോലിക്കാരും പെരുമാറുകയും, ഈ തോന്നിയവാസത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയ യാത്രക്കാരില്‍ ആറു പേര്‍ക്കെതിരായി വിമാനം റാഞ്ചാന്‍ ശ്രമിച്ചുവെന്ന് പറഞ്ഞ് കള്ളക്കേസെടുത്ത് പീഡിപ്പിക്കയും ചെയ്തിട്ടു പോലും പ്രവാസകാര്യ മന്ത്രിയുടെ തിരുവായ ഒന്നു തുറന്നില്ല.
സാധരണക്കാരായ ഗള്‍ഫ് മലയാളികളോട് എയര്‍ ഇന്ത്യ കാണിക്കുന്ന കൊടും ക്രൂരത കണ്ട് ആസ്വദിക്കുകയാണു പ്രവാസികാര്യ വകുപ്പ് മന്ത്രി ചെയ്തത്. സാധാരണക്കാരന്റെ പ്രശ്നത്തിന് മന്ത്രിക്ക് പുല്ലു വില. പ്രവാസികാര്യ വകുപ്പ് മന്ത്രിയെന്ന പട്ടം നെറ്റിയില്‍ ചാര്‍ത്തി നടക്കുന്നതല്ലാതെ ഈ മാന്യന്‍ പ്രവാസികള്‍ക്ക് വേണ്ടി ഒന്നും ഇതു വരെ ചെയ്തിട്ടില്ല. ഒരു പണിയും ഇല്ലാത്തവര്‍ക്ക് തേരാ പാര കറങ്ങി നടക്കാന്‍ ഒരു അധികാരവുമില്ലാത്ത ഒരു വകുപ്പ് കൊടുത്തിരിക്കുകയാണ്.
എംബസ്സികളില്‍ നിന്നും കൗണ്‍സലേറ്റില്‍ നിന്നും ലഭിക്കുന്ന പാസ്പോര്‍ട്ട് പുതുക്കല്‍ അടക്കമുള്ള സേവനങള്‍ക്ക് വന്‍ നിരക്ക് വര്‍ദ്ധനവു വരുത്തി വിദേശ ഇന്ത്യക്കാരെ കൊള്ളയടിക്കാനുള്ള ശ്രമം കടുത്ത അനീതിയാണ്. ഇതില്‍ നിന്ന് ഉടനെ പിന്തിരിയാന്‍ സര്‍ക്കാറും മറ്റ് എംബസികളും തയ്യാറാകണം. 150 ദിര്‍ഹം ഉണ്ടായിരുന്ന പാസ്പോര്‍ട്ടിന് ഒറ്റയടിക്ക് 285 ദിര്‍ഹമാക്കി ഉയര്‍ത്തി. 135 ദിര്‍ഹത്തിന്റെ വര്‍ദ്ധനവ്. എമര്‍ജന്‍സി പാസ്പോര്‍ട്ടിന് 700 ദിര്‍ഹമായിരുന്നത് 855 ദിര്‍ഹമായി ഉയര്‍ത്തി.155 ദിര്‍ഹത്തിന്റെ വര്‍ദ്ധനവ്. രാജ്യത്തിന് കോടിക്കണക്കിന് വിദേശ നാണ്യം നേടിക്കൊടുക്കുകയും ഒരു സംസ്ഥാനത്തിന്റെ തന്നെ സമ്പദ്ഘടനയെ താങ്ങി നിര്‍ത്തുകയും ചെയ്യുന്ന പ്രവാസികളെ വിഷമ വൃത്തത്തിലാക്കും വിധം വര്‍ദ്ധിപ്പിച്ച പാസ്‌പോര്‍ട്ട് സേവന നിരക്ക് ഒരു കാരണവശാലും നീതീകരിക്കാനാവില്ലെന്നും ഇത് ഉടനെ പിവലിക്കണമെന്നും പ്രവാസികള്‍ ഒന്നടങ്കം ആവശ്യപ്പെട്ടിട്ടും പ്രവാസികാര്യ മന്ത്രിക്ക് മിണ്ടാട്ടമില്ല. ഇത് ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരന്റെ പോക്കറ്റ് കാലിയാക്കുന്ന നീച പ്രവര്‍ത്തിയാണ്. ഈ നീചവും നിന്ദ്യവുമായ നിലപാടിനേയും ന്യായീകരിക്കാന്‍ രാഷ്ട്രിയ തിമിരം ബാധിച്ച ചില ശിഖണ്ഡികള്‍ തയ്യാറാകുന്നുവെന്നത് പ്രവാസികളെയാകെ ആശ്ചര്യപ്പെടുത്തുന്നതാണ്.
പ്രവാസി മലയാളികള്‍ക്ക് ആശ്വാസകരമാകുന്ന സേവനങ്ങള്‍ നല്‍കുവാനുള്ള ബാധ്യത സര്‍ക്കാറിനുണ്ട്, പ്രവാസികാര്യ വകുപ്പിനുണ്ട്. എന്നാല്‍ പ്രവാസി കാര്യ വകുപ്പോ മന്ത്രിയോ സര്‍ക്കാറോ ഒന്നും ചെയ്യുന്നില്ലെന്നു മാത്രമല്ല, പാസ്‌പോര്‍ട്ട് സേവന നിരക്ക് വര്‍ദ്ധന പോലുള്ള അമിത ബാദ്ധ്യതകള്‍ അടിച്ചേല്‍പ്പിച്ച് പ്രവാസികളെ പരമാവധി ദ്രോഹിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുമുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ തുച്ഛമായ വരുമാനത്തിന് തൊഴിലെടുക്കുന്ന ഇന്ത്യക്കാരായ തൊഴിലാളികള്‍ക്ക് താങ്ങാവുന്നതിലേറെയാണ് പാസ്‌പോര്‍ട്ട് സേവന നിരക്ക് വര്‍ദ്ധനവും യാത്ര കൂലി വര്‍ദ്ധനവും. എയര്‍ ഇന്ത്യ പ്രവാസികളോട് കാണിക്കുന്ന കൊള്ളയ്ക്കും തോന്നിയവാസത്തിനും പരിഹാരം കാണാന്‍ കഴിയില്ലെങ്കില്‍ പിന്നെ എന്തിനാണ് പ്രവാസികാര്യ വകുപ്പ് മന്തിയെന്ന് പറഞ്ഞ് ഞെളിഞ്ഞ് നടക്കുന്നത്? ഈ പട്ടം താങ്കള്‍ക്ക് അലങ്കാരമായിരിക്കാം. എന്നാല്‍ ഈ പട്ടം കെട്ടി പ്രവാസികൾക്ക് ഒന്നും ചെയ്യാന്‍ കഴിയാത്ത താങ്കളോട് പ്രവാസികൾക്ക് പുച്ഛമാണ്. പരമ പുച്ഛം.
താങ്കളും കൈകാര്യം ചെയ്തതല്ലേ വ്യോമയാന വകുപ്പ്? പിന്നെയെന്തിനാണ് ഇട്ട് ഓടിപ്പോയത്? എയര്‍ ഇന്ത്യ വിമാന സര്‍വീസുകള്‍ ഇന്നും അന്നത്തെപ്പോലെ കുത്തഴിഞ്ഞു കിടക്കുകയാണ്. ഇന്ന് പറക്കുമെന്ന് പറയുന്ന ഫ്ലൈറ്റുകള്‍ പറക്കില്ല എന്നറിയുന്നത് എയര്‍പോര്‍ട്ടില്‍ ചെല്ലുമ്പോഴാണ്. ടിക്കറ്റെടുത്ത സ്ഥലത്തേക്കല്ല എയര്‍ഇന്ത്യ പറന്നതെന്ന് എയര്‍പോര്‍ട്ടില്‍ ഇറങ്ങുമ്പോഴാണ് അറിയുന്നത്. ഈ അവസ്ഥയ്ക്ക് വിരാമമിടാന്‍ കേന്ദ്ര സര്‍ക്കാറിനു കഴിയണം, താങ്കള്‍ക്കും കഴിയണം. അല്ലെങ്കില്‍ താങ്കള്‍ വെറെ ഏതെങ്കിലും പണിക്ക് പോകണം.
– നാരായണൻ വെളിയംകോട്
- ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: narayanan-veliancode