സിനിമയുടെ ശീര്‍ഷാസനക്കാഴ്ച: കൃഷ്ണനും രാധയും

October 23rd, 2011

santhosh-pandit-movie-epathram

വിവരമുണ്ടെന്ന് സ്വയം വിശ്വസിക്കുന്നവരെ വിഡ്ഡികളാക്കുവാനാണ് ഏറ്റവും എളുപ്പമാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നവരാണ് മലയാളി സമൂഹം. ടോട്ടല്‍ ഫോര്‍ യു, ആപ്പിള്‍ എ ഡേ, നാനോ എക്സല്‍ തുടങ്ങിയ തട്ടിപ്പുകള്‍ അഭ്യസ്ഥവിദ്യരെന്ന് സ്വയം മേനി നടിക്കുന്ന ഈ സമൂഹത്തിലാണ് സംഭവിച്ചത്. ഇപ്പോള്‍ ആവേശപൂര്‍വ്വം സന്തോഷ് പണ്ഡിറ്റിനെ തെറി വിളിക്കുന്നതിലൂടെയും മലയാളി സ്വയം തെളിയിക്കുന്നത് മറ്റൊന്നുമല്ല. മലയാളിയുടെ ഈ സവിശേഷമായ സ്വഭാവ സവിശേഷതയെ തിരിച്ചറിഞ്ഞു തന്നെ ആകണം സന്തോഷ് പണ്ഡിറ്റിന്റെ രംഗപ്രവേശം.

തീര്‍ച്ചയായും അദ്ദേഹം അതില്‍ വിജയിച്ചിരിക്കുന്നു. കൃഷ്ണനും രാധയും എന്ന സന്തോഷ്‌ പണ്ഡിറ്റ്‌ ചിത്രത്തെയും അതിന്റെ സൃഷ്ടാവിനേയും അവഹേളനങ്ങള്‍ കൊണ്ട് മൂടുമ്പോള്‍ സത്യത്തില്‍ മലര്‍ന്നു കിടന്ന് തുപ്പുകയാണ് മലയാളികള്‍. സന്തോഷ് പണ്ഡിറ്റിനെ വിഡ്ഢിയെന്നോ വങ്കനെന്നുമെല്ല്ലാം വിശേഷിപ്പിച്ച് സ്വയം ബുദ്ധിമാനെന്നോ സമര്‍ഥനെന്നോ വിശ്വസിക്കുന്നവര്‍ അറിയുന്നതേ ഇല്ല, അയാള്‍ എത്ര മനോഹരമായി തങ്ങളെ വിഡ്ഢി വേഷം കെട്ടിക്കുന്നു എന്ന്. ചൈനാ ടൌണ്‍ പോലുള്ള ചിത്രങ്ങളെ ഇരു കൈയ്യും നീട്ടി സ്വീകരിക്കുവാന്‍ യാതൊരു മടിയും കാണിക്കാതെയിരുന്ന മലയാളികളാണ് ഈ ചിത്രത്തെ കൂകുവാനായി കാശു മുടക്കി തീയേറ്ററില്‍ കയറുന്നത്. ധാരാളം സമയം ചിലവിട്ട് യൂറ്റൂ‍ബില്‍ തെറി കമന്റിടുന്നത്, ഫേസ്ബുക്കിലും മറ്റും തെറികളുടെ അകമ്പടിയോടെ അവഹേളിക്കുന്നത്. നേരത്തെ പറഞ്ഞതു പോലെ ഇവിടെ സന്തോഷ് പണ്ഡിറ്റ് വിഡ്ഢികളാക്കുന്നത് മലയാളികളെയാണ്.

സാമ്പ്രദായിക സിനിമാ സങ്കല്‍പ്പങ്ങളുടെ ശീര്‍ഷാസന കാഴ്ചകളാണ് കൃഷ്ണനും രാധയും എന്ന സിനിമയിലൂടെ അദ്ദേഹം മലയാളിക്ക് മുമ്പില്‍ അവതരിപ്പിക്കുന്നത്. മലയാള സിനിമയിലെ താര രാജാക്കന്മാര്‍ വര്‍ഷങ്ങള്‍ എടുത്ത് സൃഷ്ടിച്ച പേരും പ്രശസ്തിയും കേവലം ഒന്നോ രണ്ടോ ഗാനങ്ങളിലൂടെ മറി കടക്കുന്ന കാഴ്ചയാണ് നമുക്ക് മുമ്പില്‍ ഉള്ളത്. ഇന്റര്‍ നെറ്റില്‍ ഏറ്റവും അധികം തിരയപ്പെടുന്നതും ചര്‍ച്ച ചെയ്യുന്നതുമായ പേരായി മാറിയിരിക്കുന്നു അദ്ദേഹത്തിന്റേത്. സമീപ കാലത്ത് മറ്റേതൊരു സൂപ്പര്‍ സ്റ്റാറിന്റേയും ചിത്രത്തേക്കാള്‍ സന്തോഷ് പണ്ഡിറ്റിന്റെ ചിത്രത്തിന്റെ റിലീസിങ്ങിനായി മലയാളികള്‍ അക്ഷമയോടെ കാത്തിരുന്നു. ഒടുവില്‍ പ്രതീക്ഷികളെ തരിമ്പും കോട്ടം വരുത്താതെ കൂവലുകളും തെറി വിളികളുമായി ഈ ചിത്രത്തെ മലയാളി സ്വീകരിച്ചു. നൃത്തവും, സ്റ്റണ്ടും, പ്രേമവും, “പഞ്ച് ഡയലോഗുകളുമായി” വിമര്‍ശകരുടെ ഭാഷയില്‍ കറുത്തവന്, പല്ലു പൊന്തിയവന്‍, ഘനഗംഭീരമായ ശബ്ദമില്ലാത്തവന്, “പേഴ്സണാലിറ്റി ഇല്ലാത്തവന്‍“ തുടങ്ങി “അവഹേളിക്കപ്പെടേണ്ട“ എല്ലാ വിധ ലക്ഷണ തികവുകളും ഒത്തിണങ്ങിയ ഈ ചെറുപ്പക്കാരന്‍ കണ്ടു ശീലിച്ച നായക സങ്കല്പങ്ങളെ തച്ചുടക്കുകയോ കുടഞ്ഞെറിയുകയോ ആണ് ചെയ്യുന്നത്. ഒപ്പം ആസ്വാധന ബോധം കലാ മൂല്യം തുടങ്ങിയ സങ്കല്പങ്ങളെ തിരുത്തിയെഴുതുക കൂടെയാണ് ചരിത്രത്തിലേക്കുള്ള ചൂണ്ടുപലകയായ ഈ ചിത്രം.

സിനിമയുടെ സെറ്റു പോലും കണ്ടിട്ടില്ലാത്ത “സൌന്ദര്യമില്ലാത്ത” തന്റെ സിനിമ കാണുവാനും ആളുകള്‍ വരും, അതും കുടുംബ പ്രേക്ഷകര്‍ പോലും വരും എന്ന് നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കിക്കൊണ്ട് ഉറപ്പിച്ച് പറയുമ്പോള്‍ കോടികള്‍ പ്രതിഫലം വാങ്ങുന്നവര്‍ അഭിനയിച്ചാലേ സിനിമ വിജയിക്കൂ എന്നെല്ല്ലാമുള്ള വ്യവസ്ഥാപിത സിനിമാ സങ്കല്പങ്ങളെ കണക്കിനു പരിഹസിക്കുകയും ചെയ്യുന്നു.

എനിക്ക് ചെയ്യാവുന്നതേ ഉള്ളൂ സിനിമ എന്ന് അദ്ദേഹം പറയുമ്പോള്‍ ഇരുപത്തഞ്ചു വര്‍ഷം സംവിധാന രംഗത്തു നില്‍ക്കുന്ന കുടുംബ സംവിധായകന്റെതടക്കമുള്ള പുതിയ ചിത്രങ്ങളുമായി തന്റെ സൃഷ്ടിയെ താരതമ്യം ചെയ്യുവാന്‍ മലയാളിയെ വെല്ലുവിളിക്കുക തന്നെയാണ്. സ്നേഹവീടെന്ന ചിത്രവും അതിലെ ഗാനങ്ങളും ഒരുക്കിയത് പ്രശസ്തരും പരിചയ സമ്പന്നരുമാണ്. റഫീഖ് അഹമ്മദും – ഇളയരാജയും ചേര്‍ന്നൊരുക്കിയ ഗാനങ്ങളേയും ഈ രംഗത്തെ തുടക്കക്കാരനായ സന്തോഷ് പണ്ഡിറ്റ് രചനയും സംഗീതവും ആലാപനവും നിര്‍വ്വഹിച്ച ഇന്നു രാത്രി ശിവരാത്രി, അംഗനവാടി ടീച്ചറേ തുടങ്ങിയ ഗാനങ്ങളും തമ്മില്‍ ഒരു താരതമ്യം നടത്തുന്നത് തീര്‍ച്ചയായും മലയാളി പ്രേക്ഷകന് ഒരു പുനര്‍ വിചിന്തനത്തിനുള്ള അവസരമാണ്. തിരക്കഥയുടേയും സംവിധാനത്തിന്റേയും കാര്യത്തില്‍ സമകാലികരും മുന്‍ നിരയില്‍ നില്‍ക്കുന്നവരുമായി ഇത്തരത്തില്‍ താരതമ്യം ചെയ്താല്‍ പലരുടേയും പോരായ്മകളെ അനായാസം തിരിച്ചറിയുവാന്‍ പ്രേക്ഷകനാകും. സെവന്‍സ് പോലെ ഉള്ള തിരക്കഥകളെ കൃഷ്ണനും രാധയുമെന്ന ചിത്രത്തിന്റെ തിരക്കഥയുമായി ഒരു ചേര്‍ത്തു നോക്കുന്നത് രസാവഹമാകും. മുന്‍‌കാലത്തുണ്ടാക്കിയ സല്പേരിന്റേയും നല്ല സൃഷ്ടികളുടേയും ബലത്തില്‍ മാധ്യമങ്ങളുടെ പിന്തുണയോടെ കൃത്രിമമായി കെട്ടിയുയര്‍ത്തിയ പളപള തിളങ്ങുന്ന ചീട്ടു കൊട്ടാരങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നു സന്തോഷ് കെട്ടിയുയര്‍ത്തിയ വൃത്തിയും വെടിപ്പും അടുക്കും ചിട്ടയുമില്ലാത്ത ചാണകം മെഴുകിയ ഈ കൊച്ചു വീട്. കോടികള്‍ ചിലവിട്ട് വന്‍ സന്നാഹങ്ങളുടെ സഹായത്തോടെ സൃഷ്ടിച്ച ചൈനാ ടൌണുകളും, തേജാഭായിമാരിലും, സ്നേഹവീടന്മാരിലുമെല്ലാം ഈ ചെറുപ്പക്കാരന്റെ ചിത്രം എയ്തു വിടുന്ന മൂര്‍ച്ചയേറിയ പരിഹാസ ശരങ്ങള്‍ ചെന്നു പതിക്കുകയാണ്.

മലയാള സിനിമയിലെ താര രാജാക്കന്മാരും സംവിധായക തിരക്കഥാ സംഗീത സംവിധായക ശിങ്കങ്ങളും തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഒരു ചുവരെഴുത്താണ് ഈ ചിത്രം. സന്തോഷ് പണ്ഡിറ്റിന്റെ ഈ സംരംഭത്തെ കണ്ടില്ലെന്ന് നടിച്ചു കൊണ്ട് ഇവര്‍ക്കൊക്കെ അധിക ദൂരം മുന്നോട്ടു പോകുവാന്‍ ആകും എന്ന് തോന്നുന്നില്ല. തിയേറ്ററുകളില്‍ നിറയുന്ന ഈ തെറി വിളികളില്‍ ലജ്ജിക്കേണ്ടത് സന്തോഷ് പണ്ഡിറ്റല്ല, മറിച്ച് അനുഭവത്തിന്റേയും അറിവിന്റെയും ധാരാളിത്തമുണ്ടെങ്കിലും നിലവാരമില്ലാത്ത ചിത്രങ്ങളുമായി മലയാളികള്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെടുന്ന അന്തിക്കാടന്മാരും, ജോഷീസും, കൈലാസന്മാരും, ജയരാജന്മാരും, ഉണ്ണികൃഷ്ണന്മാരും, സിബീസുമൊക്കെ തന്നെ അല്ലേ? തെറി വിളികളില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ടു കൊണ്ട് സൃഷ്ടിക്കപ്പെടുന്ന വിമത സിനിമകള്‍ ഇനിയും ഉണ്ടാകാം. തങ്ങളുടെ നിലവാരമില്ലാത്ത സൃഷ്ടികള്‍ തിരസ്കരിക്കപ്പെടുമ്പോള്‍ ഇത്തരം സിനിമകളുടെ ശീര്‍ഷാസനക്കാഴ്ചകള്‍ക്കായി ഇനിയും ധാരാളം മലയാളി പ്രേക്ഷകര്‍ തിയേറ്ററുകളിലേക്ക് പോകുവാന്‍ തയ്യാറാകും എന്നു കൂടെ ഇക്കൂട്ടര്‍ ഓര്‍ക്കുന്നതും നന്ന്.

പേര് നല്‍കാന്‍ തയ്യാറാകാത്ത ഒരു ആസ്വാദകന്‍

- ഡെസ്ക്

വായിക്കുക:

7 അഭിപ്രായങ്ങള്‍ »

"കോപ്പിയടിപ്പിച്ച് " വിജയ ശതമാനം കൂട്ടി വിദ്യാഭ്യാസത്തെ വില്‍ക്കുന്നവര്‍

July 4th, 2008

(ഗള്‍ഫിലെ ഒരു പഠിതാവിന്റെ അനുഭവം)

വര്‍ഷങ്ങള്‍ക്കു മുന്‍പ് വിദ്യാഭ്യാസം പാതി വഴിയില്‍ ഉപേക്ഷിച്ച് പ്രവാസത്തിലേക്ക് കാലെടുത്തു വക്കുമ്പോള്‍ ഒട്ടും കുറ്റബോധം തോന്നിയിരുന്നില്ല. ആവശ്യത്തിലേറെ വിവരമൊക്കെയുണ്ടെന്ന മിഥ്യാ ധാരണയായിരുന്നു മനസ്സില്‍ ഉണ്ടായിരുന്നത്. വര്‍ഷങ്ങള്‍ കടന്നു പോയപ്പോഴാണ് സ്വന്തം അജ്ഞത അപകര്‍ഷതാ ബോധത്തിന്റെ രൂപത്തില്‍ വേട്ടയാടാന്‍ തുടങ്ങിയത്. അന്വേഷണങ്ങള്‍ക്ക് ഒടുവിലാണ് അബുദാബിയില്‍ ഉള്ള ഒരു ഡിസ്റ്റന്റ് എജ്യുക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനെ കുറിച്ച് അറിഞ്ഞത്.

ഒന്നും പേടിക്കേണ്ട എല്ലാം ശരിയാക്കാം. ആയിരത്തി എണ്ണൂറ്റി അമ്പത് ദിര്‍ഹം അടച്ചോളൂ. ആയിരത്തഞ്ഞൂറ് നാട്ടിലെ രെജിസ്റ്റ്രേഷന്‍ മാറ്റി SDE ആക്കിക്കുന്നതിനും, മുന്നൂറ്റമ്പത് സ്റ്റഡി മെറ്റീരിയല്‍ വരുത്തി ത്തരുന്നതിനും. എല്ലാ അറേഞ്ച്മെന്റും ചെയ്തു തരും. വിജയത്തെ ക്കുറിച്ച് ഒരുത്ക്കണ്ഠയും വേണ്ട. പറഞ്ഞ കാശ് അടച്ചു. മൂന്നാഴ്ച കഴിഞ്ഞപ്പോള്‍ വീണ്ടും അറിയിപ്പു വന്നു. പരീക്ഷക്കുള്ള രെജിസ്റ്റ്രേഷന്‍ ഫീസ് വേറെ ആയിരത്തഞ്ഞൂറ് വേണം. അതും അടച്ചു. പിന്നീട് മുന്നൂറ്റമ്പത് രൂപ പരീക്ഷാ ഫീസ് വേറെ. ഇങ്ങനെ മൂന്ന് വര്‍ഷത്തോളമായി അയ്യായിരത്തോളം ദിര്‍ഹം അടച്ചു. ലീവ് പ്രശ്നമായതിനാല്‍ ഒന്നും രണ്ടും വര്‍ഷം പരീക്ഷ എഴുതാനായില്ല.

മൂന്നാം വര്‍ഷമായിട്ടും, “എല്ലാ സഹായവും” വാക്കു തന്ന് കാശു വാങ്ങിയവര്‍ സ്റ്റഡി മെറ്റീരിയല്‍ ഒന്നും തന്നിരുന്നും ഇല്ല. മൂന്നു വര്‍ഷമായി “സര്‍വീസ് ചാര്‍ജ്” മാത്രം 1150 dh വാങ്ങിയവരാണ് എന്നോര്‍ക്കണം. അതിനിടയില്‍ നാട്ടിലേക്ക് മെയില്‍ അയച്ച് സിലബസ് മനസ്സിലാക്കിയിരുന്നു. പല തവണ ഈ ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ടപ്പോഴും, ഫീസിന്റെ വിവരങ്ങളല്ലാതെ യാതൊരു കോഴ്സിന്റേയും സിലബസ്സിനെ പ്പറ്റി പ്രിന്‍സിപ്പാള്‍ അടക്കമുള്ള ആര്‍ക്കും ഒരു വിവരവും ഇല്ലായിരുന്നു. അപ്പോഴാണ് അതൊരു സരസ്വതീ ക്ഷേത്രമല്ല, കച്ചവട സ്ഥാപനം മാത്രമാണെന്ന് എനിക്ക് മനസ്സിലായത്. വാങ്ങിയ സര്‍വീസ് ചാര്‍ജിനെ ക്കുറിച്ച് ചോദ്യം ചെയ്തപ്പോള്‍ രണ്ട് ദിവസത്തിനകം എത്തിക്കാം എന്നായിരുന്നു മറുപടി.

രണ്ട് ദിവസത്തിനകം എന്നെ ത്തേടിയെത്തിയ കൊറിയര്‍ പാക്ക് തുറന്ന ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി. കാരണം അതെല്ലാം 2004-2007 സിലബസ് അനുസരിച്ചുള്ളതായിരുന്നു. 2005-2008 സിലബസ് മാറിയിരുന്നു. വിളിച്ചു ചോദിച്ചപ്പോള്‍ “ഉവ്വോ?” എന്ന ആശ്ചര്യാ തികേത്തോടെ യുള്ള മറുപടിയായിരുന്നു മറുപടി.

പിറ്റേന്നു മുതല്‍ എന്നെ പലരും വിളിക്കാന്‍ തുടങ്ങി. അവിടെ രെജിസ്റ്റെര്‍ ചെയ്ത മറ്റു ഹതഭാഗ്യരായിരുന്നു അത്. ഇതു പോലെ വിളിക്കുമ്പോള്‍ “ഈ നമ്പറില്‍ വിളിച്ച് ചോദിച്ചാല്‍ എല്ലാ വിവരവും അറിയാം” എന്നു പറഞ്ഞ് ഈ സ്ഥാപനത്തിലുള്ളവര്‍ എന്റെ നമ്പര്‍ കൊടുത്തതായിരുന്നു. യൂണിവേഴ്സിറ്റി അധികൃതര്‍ ചതിച്ചതാണ്. അവര്‍ വിവരമൊന്നും തന്നില്ല എന്നായിരുന്നു ഇവരുടെ വാദം. ഇതിനിടയില്‍ ഒന്നാം വര്‍ഷത്തെ ചില പുസ്തകങ്ങള്‍ ശരിയായി എനിക്കെത്തിച്ചു തരികയും ചെയ്തു.

ഇതിനിടയില്‍ ഷാര്‍ജയില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു ഡിസ്റ്റന്റ് എജ്യുക്കേഷന്‍ സ്ഥാപനത്തെ പ്പറ്റി എനിക്കു വിവരം ലഭിച്ചു. അവിടെ രെജിസ്റ്റെര്‍ ചെയ്ത ചിലരെ പരിചയപ്പെടുകയും ചെയ്തു. അവര്‍ക്കെല്ലാം ഇന്‍സ്റ്റിറ്റ്യൂട്ടുകാര്‍ കൃത്യ സമയത്ത് സിലബസ്സും, സ്റ്റഡി മെറ്റീരിയലും കൊടുത്തിരുന്നു. അപ്പോള്‍ യൂണിവേഴ്സിറ്റി അധികൃതരെ എങ്ങനെ കുറ്റപ്പെടുത്താനാകും?

ഒടുവില്‍ കയ്യില്‍ നിന്നും വീണ്ടും കാശുമുടക്കി നാട്ടില്‍ നിന്നും മുഴുവന്‍ പുസ്തകങ്ങളും വരുത്തി, ജോലിക്കും, വീടിനും, കുഞ്ഞുങ്ങള്‍ ക്കുമിടയില്‍ രാവു പകലാക്കി പഠിച്ചു പരീക്ഷക്കെത്തി.

അബുദാബി ഇന്‍ഡ്യന്‍ മോഡല്‍ സയന്‍സ് സ്കൂള്‍ ആയിരുന്നു പരീക്ഷാ കേന്ദ്രം. ആദ്യത്തെ ഒന്നു രണ്ട് ദിവസം അവിടെയും ഇവിടെയും ഇരിക്കുന്ന പിള്ളേര്‍ മൊബൈലില്‍ ഫീഡ് ചെയ്ത ഇക്വേഷന്‍ നോക്കുന്നതും, പോക്കെറ്റിനിടയില്‍ നിന്നും തുണ്ടെടുക്കുന്നതും ശ്രദ്ധയില്‍ പ്പെട്ടിരുന്നു. അത്ര കാര്യമാക്കിയില്ല. വര്‍ഷങ്ങളായി പേന കൈ കൊണ്ട് തൊടാത്തതു കൊണ്ട് മൂന്നു മണിക്കൂര്‍ കൊണ്ട് എഴുതി ത്തീര്‍ക്കുന്ന വെപ്രാളത്തില്‍ ഞാന്‍ പരിസരം അത്ര കാര്യമായി വീക്ഷിച്ചും ഇല്ല.

മൂന്നാം നാള്‍ ആണ് അതുണ്ടായത്. രണ്ടാം വര്‍ഷ സോഷ്യോളജി വിദ്യാര്‍ത്ഥിയായ മുംബൈക്കാരിയെ എക്സാമിനര്‍ കയ്യോടെ പിടികൂടി. ജീന്‍സിന്റെ ഇരു പോക്കറ്റിലുമായി റ്റെക്സ്റ്റ് ബുക് മുഴുവനായി നിറച്ചാണ് ആ കുട്ടി വന്നിരുന്നത്. പിടിക്കപ്പെട്ട ഉടനെ അവള്‍ പറഞ്ഞു “മേഡം” (പ്രിന്‍സിപ്പാള്‍) അനുമതി തന്നിട്ടാണെന്ന്. മേഡം ഓടി വന്നു അയാളോട് സംസാരിക്കുന്നത് കണ്ടു (അദ്ദേഹം പുതിയ ആളായിരിക്കണം).

പിറ്റേന്ന് ഞാന്‍ കുട്ടികളൊട് സംസാരിച്ചു. മേഡം ഉദ്ദേശിക്കുന്ന സഹായം ഇതായിരിക്കണം. ഞങ്ങള്‍ അടച്ച കാശു മുടക്കി നേരത്തിനു സ്റ്റഡി മെറ്റീരിയല്‍ വരുത്തി ത്തരുന്നതല്ല. അവര്‍ പലരേയും രെജിസ്റ്റര്‍ ചെയ്യിക്കുന്നതേ ഈ സഹായം വാഗ്ദാനം ചെയ്താണത്രെ.

പിറ്റേന്നു മുതല്‍ യൂണിവേഴ്സിറ്റി അധികൃതര്‍ പരീക്ഷാ ഹാളില്‍ വരാതായി. പകരം വന്നിരുന്നത് ഇവരാണ്. അന്നു ചുറ്റും നോക്കിയ എനിക്ക് ഞെട്ടിക്കുന്ന കാഴ്ചകളാണ് കാണാനായത്. പലരും പരീക്ഷ തുടങ്ങി അവസാനം വരെ ബുക്ക് നോക്കിയാണ് എഴുതുന്നത്. മേഡം അടുത്തു നിന്നിതെല്ലാം നോക്കി ക്കാണുന്നുമുണ്ട്. ഒന്നോ രണ്ടോ ഉത്തരം ചുമ്മാ കോപ്പിയടിക്കുന്നവരെ കണ്ടില്ലെന്നു വക്കാം. ഇത്? ഇതൊക്കെ തന്നെയല്ലെ എല്ലാ വര്‍ഷവും നടക്കുന്നത്? മുന്‍പ് ഞാന്‍ പരീക്ഷക്കു തയ്യാറെടുക്കുന്നു എന്നു പറഞ്ഞപ്പോള്‍ ഒരു സുഹൃത്ത് പറഞ്ഞിരുന്നു പഠിച്ചു കഷ്ടപ്പെടേണ്ട. ഇന്‍സ്റ്റിറ്റ്യൂട്ടുകാര്‍ എല്ലാം നോക്കി ക്കോളുമെന്ന്.

ഒരു നിമിഷം മനസ്സിലൂടെ പല വിധ ചിന്തകള്‍ പാഞ്ഞു പോയി. ഇല്ലാതായി പ്പോയ എന്റെ (മറ്റു പല പരീക്ഷാര്‍ഥികളുടെയും) പകലിലെ സ്വകാര്യ നിമിഷങ്ങള്‍, പകലായി മാറിയ രാത്രികള്‍, നാട്ടില്‍ പ്രതികൂല സാഹചര്യങ്ങളോട് പട വെട്ടി പഠിക്കുന്ന പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍, മുണ്ട് മുറുക്കി അവരെ പഠിപ്പിക്കുന്ന മാതാപിതാക്കള്‍, അവരുടെ കണ്ണുനീര്‍, സാംസ്ക്കാരികവും, മാനസികവുമായ ഉന്നമനത്തിനായുള്ള വിദ്യാഭ്യാസത്തിന്റെ ഇന്നത്തെ അധഃപതനം, ഒപ്പം ഞാന്‍ നേടാന്‍ പോകുന്ന സര്‍ട്ടിഫിക്കറ്റിനു മറ്റുള്ളവര്‍ക്കു മുന്നില്‍ എന്തു വിലയാണുള്ളത്? (കുറ്റം പറയരുതല്ലോ എന്നെയും അവര്‍ സഹായിക്കും. തൊലിക്കട്ടി മാത്രം മതി. ലിറ്ററല്‍ ആകുക എന്ന ഒരുദ്ദേശമേ ഈ പഠനം തുടരലിനു പിന്നിലുള്ളൂ എന്നു ഞാന്‍ മറുപടി പറഞ്ഞു.)

ഇങ്ങനെ കാശു മാത്രം മുടക്കി ഒരു ഉദ്യോഗ ക്കയറ്റത്തിനു സഹായിക്കാന്‍ മാത്രം ഉള്ളതാണോ വിദ്യാഭ്യാസം?

(ഇതെഴുതിയിരിക്കുന്ന പഠിതാവിന് ചില കാരണങ്ങളാല്‍ പേര്‍ വെളിപ്പെടുത്താനാകില്ല. ചില നിയമ തടസ്സങ്ങള്‍ കാരണം‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പേരും വെളിപ്പെടുത്താനാകില്ല.)

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »


« മത സൌഹാര്‍ദ്ദം ഔട്ട് ഓഫ് ഫാഷന്‍ ആയോ?
റിയാലിറ്റി ഷോ ക്രൂരതയ്ക്ക് കുട്ടികളെ മാതാപിതാക്കള്‍ വിട്ട് കൊടുക്കരുത് »



  • ഗാസയിലെ മനുഷ്യക്കുരുതി ഉടനെ നിര്‍ത്തണം
  • ഒന്നിനും കൊള്ളാത്ത പ്രവാസികാര്യ വകുപ്പും ഒന്നും ചെയ്യാത്ത പ്രവാസികാര്യ മന്ത്രിയും ഓശാന പാടാന്‍ ശിഖണ്ഡികളായ ചില പ്രവാസികളും
  • ഇന്ന് അനശ്വര രക്തസാക്ഷി സര്‍ദാര്‍ ഭഗത് സിങ്ങിന്റെ ജന്മദിനം
  • സൂപ്പര്‍ താരങ്ങളുടെ കോക്കസ് കളി തുറന്നു പറഞ്ഞ മഹാനടന്‍
  • മലയാളിയും ക്രെഡിറ്റ്‌ കാര്‍ഡും – ഭാഗം 1
  • നിയമം പിള്ളേടെ വഴിയേ…
  • സിനിമയുടെ ശീര്‍ഷാസനക്കാഴ്ച: കൃഷ്ണനും രാധയും
  • വേട്ടയാടുന്ന ദൃശ്യങ്ങള്‍
  • പോന്നോണം വരവായി… പൂവിളിയുമായി
  • ദൂരം = യു. ഡി. എഫ്.
  • അച്യുതാനന്ദനെ കോമാളി എന്ന് വിളിച്ച പത്രപ്രവര്‍ത്തകന്‍ മാപ്പ് പറയണം
  • വി. എസ്. തന്നെ താരം
  • അഴിമതി വിരുദ്ധ ജന വികാരം യു.ഡി.എഫിന് എതിരായ അടിയൊഴുക്കായി
  • ഗാന്ധിയന്മാരുടെ പറന്നു കളി
  • മോശം പ്രകടനവുമായി ശ്രീശാന്ത്
  • നമ്മുടെ ചിഹ്നം ഐസ്ക്രീം…
  • കുഞ്ഞൂഞ്ഞിന്റെ സിന്ധുകുഞ്ഞാട്
  • ഡോ. പി. കെ. ആര്‍. വാര്യര്‍ വിട വാങ്ങി
  • കൊല കൊമ്പന്മാരുടെ ചിത്രങ്ങള്‍
  • മുഖ്യ തല ആരുടെ കുഞ്ഞൂഞ്ഞൊ? ചെന്നിത്തലയോ



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine