മലയാളിയുടെ, പ്രത്യേകിച്ചും വളര്‍ന്നു വരുന്ന കുട്ടികളുടേയും ചെറുപ്പക്കാരുടെയും മനോമണ്ഡലത്തെ കഴിഞ്ഞ വര്‍ഷം ഏറ്റവും അധികം സ്വാധീനിക്കുവാന്‍ കഴിഞ്ഞത് വിഡ്ഢി പെട്ടികളില്‍ അരങ്ങേറിയ റിയാലിറ്റി ഷോകളായിരുന്നു എന്നതിന് തര്‍ക്കം ഒന്നും ഇല്ല. മൂല്യച്യുതിയും ലക്ഷ്യബോധമില്ലായ്മയും മുഖമുദ്രയായ കാലഘട്ടത്തില്‍ റിയാലിറ്റി ഷോ ജയിച്ച് ഫ്ലാറ്റ് നേടുകയാണ് ജീവിതലക്ഷ്യം എന്ന് നമ്മൂടെ കുട്ടികള്‍ കരുതിയാല്‍ അവരെ കുറ്റം പറയാന്‍ നമുക്ക് ആവാത്ത ഒരു അവസ്ഥയും വന്നെത്തി. അബ്ദുള്‍ കലാം യുവാക്കളില്‍ ജ്വലിപ്പിക്കാന്‍ ശ്രമിച്ച വികസിത ഇന്ത്യയുടെ സ്വപ്നവും, ശാസ്ത്രബോധവും, ഉല്‍ക്കര്‍ഷേച്ഛയും ഒക്കെ 2007ലെ റിയാലിറ്റി സൂനാമിയില്‍ മുങ്ങി പോയതും നമുക്ക് കാണേണ്ടി വന്നു.
നിലവാരം കുറഞ്ഞ പൈങ്കിളി സീരിയലുകള്‍ കണ്ട് മടുത്ത പ്രേക്ഷകര്‍ ഒരു പുതിയ അനുഭവം എന്ന നിലയില്‍ തുടക്കത്തില്‍ റിയാലിറ്റി ഷോകളെ അവേശത്തോടെ സ്വീകരിച്ചു. ഇവയില്‍ ഏറ്റവും മുന്‍പന്തിയില്‍ നിന്നത് ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാര്‍ സിംഗര്‍ ആയിരുന്നു. എങ്കിലും ഒട്ടും വൈകാതെ തന്നെ ഇത്തരം ഷോകളുടെ കച്ചവട താല്പര്യങ്ങള്‍ അവ തന്നെ സ്വയം വെളിപ്പെടുത്തുകയായിരുന്നു.
ചാനലിന്റെ മൂല്യം വര്‍ദ്ധിപ്പിച്ച് ബഹുരാഷ്ട്ര മാധ്യമ കുത്തകയ്ക്ക് മലയാളത്തിന്റെ ആദ്യത്തെ ഉപഗ്രഹ ചാനലിനെ അടിയറവ് വെയ്ക്കുക എന്നത് മാത്രം ആയിരുന്നു ഇവരുടെ ലക്ഷ്യം. ഇതില്‍ ഇവര്‍ കുറെ ഒക്കെ വിജയിയ്ക്കുകയും ചെയ്തു. വളര്‍ന്നു വരുന്ന കലാകാരന്മാര്‍ക്ക് ഒരു അസുലഭ അവസരമാണ് തങ്ങളുടെ ഷോ എന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിച്ച് കോണ്ടിരുന്ന ഇവര്‍ പക്ഷെ ഈ കുരുന്നുകളെ പരമാവധി വിറ്റു കാശാക്കി കൊണ്ടിരുന്നു.
തങ്ങളുടെ വ്യാപാര മേഖല വിപുലീകരിക്കുവാന്‍ നടത്തിയ തെരുവ് പ്രദര്‍ശനങ്ങളില്‍ വരെ ഇവരെ ഉപയോഗിച്ചു കൊണ്ട് കച്ചവട തന്ത്രങ്ങളുടെ ഏറ്റവും അധപതിയ്ക്കപ്പെട്ട മാതൃകയും കേരളത്തിന് കാണേണ്ടി വന്നതും മലയാളിക്ക് മറക്കുവാന്‍ ആവില്ല.
തങ്ങളുടെ മറ്റ് അവസരങ്ങള്‍ക്ക് കടിഞ്ഞാണിടുവാനും തത്രപ്പെട്ട ഇവരുടെ കുതന്ത്രങ്ങളില്‍ പ്രതിഷേധിച്ച് ചില മത്സരാര്‍ഥികള്‍ ഇടയ്ക്ക് വെച്ച് മത്സരത്തില്‍ നിന്നും ഇറങ്ങി പോയതും നമ്മള്‍ കാണുകയുണ്ടായി.
ഇതിനിടയില്‍ ജഡ്ജിങ്ങിലും ഇതേ താല്പര്യങ്ങള്‍ തല പൊക്കുകയുണ്ടായി. ചാനലിന്റെ ഏറ്റവും വലിയ വിപണിയായ ഗള്‍ഫിലെ പ്രേക്ഷകരെ പ്രീണിപ്പിയ്ക്കാന്‍ വര്‍ഗീയ തന്ത്രം പോലും ഇവര്‍ മെനഞ്ഞു എന്ന് ആരോപണം ഉയര്‍ന്നത് ജഡ്ജിങ്ങില്‍ താളപ്പിഴകള്‍ പ്രത്യക്ഷപ്പെട്ടതോടെയാണ്.
പല മികച്ച പ്രകടനങ്ങള്‍ക്കും പ്രതികൂല കമന്റുകള്‍ നല്‍കേണ്ടി വന്നതില്‍ തങ്ങളുടെ അതൃപ്തി ജഡ്ജിമാരുടെ മുഖങ്ങളില്‍ പലപ്പോഴും പ്രകടമായിരുന്നത് കലാസ്നേഹികളായ പ്രേക്ഷകരെ അമ്പരപ്പിച്ചു.
പിന്നീട് പ്രേക്ഷകര്‍ കണ്ട എപിസോഡുകള്‍ പലതും വെറും പ്രഹസനങ്ങളായിരുന്നുവത്രെ.
ഇതിനെ സ്ഥിരീകരിക്കുവാനെന്നോണം വരാനിരിക്കുന്ന എലിമിനേഷന്‍ റൌണ്ടുകളില്‍ പുറത്താവാന്‍ പോകുന്ന മത്സരാര്‍ഥികളുടെ പേരുകള്‍ കൃത്യമായി തന്നെ ഇന്റര്‍നെറ്റിലും ഇമെയില്‍ വഴിയും ലോകമെമ്പാടും പ്രചരിക്കുകയുണ്ടായി.
ഇതോടെ തങ്ങളുടെ കള്ളി വെളിച്ചത്തിലായി എന്ന് മനസിലാക്കിയ ചാനല്‍ പുതിയ എപിസോഡുകള്‍ മെനഞ്ഞുണ്ടാക്കിയതും നാം കണ്ടു. ഇതിലെല്ലാം മറിച്ചുള്ള പ്രചാരണങ്ങള്‍ തെറ്റാണെന്ന് തെളിയിക്കാന്‍ ഇവര്‍ ശ്രമിച്ചു കൊണ്ടിരുന്നു. ഇതിനായി ഇവര്‍ക്ക് പല എപിസോഡുകളും രണ്ടാമതും ഷൂട്ട് ചെയ്യേണ്ടി വന്നു എന്നും അറിയുന്നു.
ഏറ്റവും ഒടുവിലായി ഫൈനല്‍ മെഗാ ഷോ എന്ന പ്രഹസനവും ലൈവായി അരങ്ങേറി കൊണ്ട് മലയാളിയെ ലൈവായി കബളിപ്പിച്ചു. ലൈവായി തങ്ങളെ കബളിപ്പിച്ചു കൊണ്ടിരിക്കുന്ന ആള്‍ ദൈവങ്ങളുടെ സ്വന്തം നാടായ കേരളത്തില്‍ മലയാളിയ്ക്ക് ഇതിലും പുതുമ ഒന്നും തോന്നിയില്ല. ഫൈനലിലെ വിജയിയുടെ പേരില്‍ മത്സരം കഴിഞ്ഞ ഉടന്‍ സമ്മാനമായ ഫ്ലാറ്റിന്റെ പ്രമാണം അതേ സ്റ്റേജില്‍ വെച്ച് നല്‍കിയതും മറ്റൊരു ദിവ്യ ദര്‍ശനമായി മലയാളിക്ക്.
കച്ചവട താല്പര്യങ്ങള്‍ കലാപരമായ സത്യസന്ധതയെ മറി കടന്നാല്‍ മലയാളി വെറുതെ ഇരിക്കില്ല എന്ന ചരിത്ര സത്യം വീണ്ടും അടിവര ഇട്ട് കൊണ്ട് റിയാലിറ്റി മാമാങ്കത്തിന്റെ രണ്ടാം പര്‍വം പ്രേക്ഷകര്‍ തിരസ്കരിച്ചത് ചാനലിനെ അങ്കലാപ്പില്‍ ആക്കിയിട്ടുണ്ട് എന്നറിയുന്നു.
ഇതിനെ മറികടക്കുവാനും പഴയ ഗൃഹാതുരത്വം പുനര്‍നിര്‍മ്മിച്ച് കാണികളെ വീണ്ടും ആകര്‍ഷിക്കുവാനും ഇവര്‍ നന്നേ പണിപ്പെടുന്ന കാഴച്ചകളാണ് കഴിഞ്ഞ ആഴ്ചകളില്‍ പ്രേക്ഷകര്‍ കണ്ടത്.
ഇപ്പോഴിതാ കഴിഞ്ഞ വര്‍ഷത്തെ മത്സരാര്‍ഥികളെയും കൊണ്ട് ഇവര്‍ ഗള്‍ഫിലുമെത്തി. ദുബായിലും അബുദാബിയിലും ഈ കുട്ടികളെ കൊണ്ട് സ്റ്റേജ് ഷോ നടത്തി നേരത്തെ പറഞ്ഞ ഗൃഹാതുരത്വ പുനര്‍നിര്‍മ്മാണ തന്ത്രത്തിന് പ്രവാസികളെ വിധേയരാക്കുകയാണ് നവയുഗ ചാനല്‍ വ്യാപാരികള്‍.
– ഗീതു