ബുദ്ധിജീവി – സാംസ്കാരിക നേതാക്കന്മാരും തൊഴിലാളികളും വേണ്ടുവോളം ഉണ്ട് കേരള സമൂഹത്തില്‍. ഇക്കൂട്ടര്‍ക്ക് പലപ്പോഴും മാന്യമായ ഇടം മാധ്യമങ്ങള്‍ നല്‍കുന്നുമുണ്ട്. ലഭ്യമായ വേദികളില്‍ സ്വത്വത്തെയും സ്വത്വ ബോധത്തെ പറ്റിയും ഇക്കൂട്ടരില്‍ പലരും നിരന്തരം മനോഹരമായ ഭാഷയില്‍ (എന്നാല്‍ പലപ്പോഴും സാധാരണക്കാര്‍ക്ക് മനസ്സിലാകണമെന്നില്ല) സംസാരിച്ചും എഴുതിയും നിറഞ്ഞു നില്‍ക്കുന്നു. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, തികച്ചും പക്ഷപാതപരവും വിപരീത ഫലം ഉളവാക്കുന്നവയുമാണ് ഇക്കൂട്ടരുടെ പല നിലപാടുകളും നിരീക്ഷണങ്ങളും.
സ്വത്വ ബോധത്തെ പറ്റി വാചലമാകുന്നതിനു മുമ്പ് താന്‍ ജീവിക്കുന്ന സമൂഹത്തെ കുറിച്ചും, അവിടെ നടക്കുന്ന സംഭവങ്ങളെ കുറിച്ചും, ജീവിക്കുന്ന മനുഷ്യരെ പറ്റിയും ആകണം ആദ്യം ബോധം ഉണ്ടാകേണ്ടത്. തന്റെ സമൂഹത്തില്‍ വളര്‍ന്നു വരുന്ന ദുഷ്പ്രവണതകളെ പക്ഷമില്ലാതെ വീക്ഷിക്കുവാനും വിമര്‍ശിക്കുവാനും ഇവര്‍ക്ക് സാധിക്കണം. സാംസ്കാരിക – സാമൂഹിക മണ്ഡലത്തെ നവീകരണ പ്രക്രിയക്ക് വിധേയമാക്കുവാന്‍ ഉപകരിക്കേണ്ട നിലപാടെടുക്കേണ്ടവര്‍ പലപ്പോഴും ബോധപൂര്‍വ്വമോ അല്ലാതെയോ ഇതിനു വിമുഖത കാണിക്കുന്നു. പ്രത്യക്ഷത്തില്‍ മാര്‍ക്സിസ്റ്റു വീക്ഷണങ്ങള്‍ നിരത്തുമ്പോളും അറിയാതെ അതിനകത്തു പൊതിഞ്ഞു വച്ചിരിക്കുന്ന വര്‍ഗ്ഗീയ ചായ്‌വ് പലപ്പോഴും പച്ചയ്ക്ക് വെളിവാകുന്നു.
രാഷ്ടീയ – മത – സാമ്പത്തിക താല്പര്യങ്ങള്‍ മുന്‍ നിര്‍ത്തി പ്രവര്‍ത്തിക്കുന്ന “സങ്കുചിത“ ചിന്തക്കാരായ ബുദ്ധിജീവികള്‍ പടച്ചു വിടുന്ന സിദ്ധാന്തങ്ങളും നീരീക്ഷണങ്ങളും പലപ്പോഴും സമൂഹത്തിനു അങ്ങേയറ്റം ദോഷകരമായി ഭവിക്കാറുണ്ട്. പലപ്പോഴും ഇക്കൂട്ടരുടെ വിചിത്ര വാദങ്ങള്‍ വര്‍ഗ്ഗീയ വാദികള്‍ക്ക് ഊര്‍ജ്ജം പകരുന്ന തരത്തില്‍ ആയി മാറുന്നു.
ഗുജറാത്ത് സംഭവങ്ങളെ തുടര്‍ന്ന് കേരളത്തില്‍ എങ്ങും ഇര വാദത്തിന്റെ തരംഗമായിരുന്നു. ഗുജറാത്തിനെ അപേക്ഷിച്ച് ആയിരം മടങ്ങ് മികച്ച കേരളത്തിലെ സാമൂഹികാ ന്തരീക്ഷത്തില്‍ സുര്‍ക്ഷിതരായി ജീവിക്കുന്ന ന്യൂന പക്ഷങ്ങള്‍ എന്തോ അപകട ത്തിലാണെന്ന വ്യാജ ഭീതി ഇക്കൂട്ടര്‍ പടര്‍ത്തിയ / ത്തിക്കൊണ്ടിരിക്കുന്നത് നാം മറന്നു കൂട.
രാഷ്ടീയമായും, സാമ്പത്തികമായും, വിദ്യാഭ്യാസപരമായും മുന്നിട്ടു നില്‍ക്കുന്ന കേരളത്തിലെ ന്യൂന പക്ഷങ്ങള്‍ എന്തു ഭീഷണിയാണ് നേരിടുന്നത്? ഇരവാദത്തിനു പുറകെ / ഒപ്പം വന്നത് സ്വത്വ വാദമായിരുന്നു. സ്വത്വ വാദത്തിന്റെ മറവില്‍ എന്തൊക്കെ പ്രചാരണങ്ങളാണ് ഇവര്‍ അഴിച്ചു വിട്ടത്? സമൂഹത്തെ മതപരമായും സാമുദയികമായും വിഘടിപ്പിക്കുവാന്‍ മാത്രം ഉപകരിക്കുന്ന ഇത്തരം വ്യാജ പ്രചരണങ്ങളെ തള്ളി ക്കളയുവാനുള്ള ആര്‍ജ്ജവം നമ്മുടെ സമൂഹത്തിനു ഉണ്ടായേ തീരൂ.
ബുദ്ധിജീവികളും സാംസ്കാരിക പ്രവര്‍ത്തകര്‍ / തൊഴിലാളികളും മാത്രമല്ല എഴുത്തുകാരും നിരൂപകരും മറ്റു കലാകാരന്മാരും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. നിരൂപണം വിമര്‍ശനം എന്ന പേരില്‍ സിനിമയില്‍ നിന്നും സാഹിത്യത്തില്‍ നിന്നും നിര്‍ദ്ദോഷമായ ഡയലോഗുകളേയും,സന്ദര്‍ഭങ്ങളെയും, കഥാപാത്രങ്ങളെയും അടര്‍ത്തി മാറ്റി വര്‍ഗ്ഗീയ വ്യഖ്യാനങ്ങള്‍ നല്‍കുന്നത് ചിലരുടെ ശൈലിയായി മാറിയിരിക്കുന്നു. വെറുപ്പു വിതയ്ക്കുന്ന ഇത്തരം നിരീക്ഷണങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് പലപ്പോഴും അപകടകരമായ തലത്തിലേക്ക് സമൂഹത്തെ കൊണ്ടെത്തിക്കും.
പ്രശസ്തനും പുരസ്കാര ജേതാവുമായ ഒരു നിരൂപകന്റെ നിരീക്ഷണങ്ങള്‍ വായിച്ച് അങ്ങേയറ്റം ദുഖം തോന്നി. ഒരു പ്രത്യേക സമുദായത്തെ പറ്റി സിനിമകളില്‍ വരുന്ന പരാമര്‍ശങ്ങള്‍ ആണ് ഇദ്ദേഹത്തിന്റെ പല കുറിപ്പുകളിലും നിറഞ്ഞു നില്‍ക്കുന്നത്. ഹൈന്ദവമായ ദൈവങ്ങള്‍, മിത്തുകള്‍, ആചാരങ്ങള്‍, അതുമായി ബന്ധപ്പെട്ട ജ്യോതിഷികള്‍, മന്ത്രവാദികള്‍, വെളിച്ചപ്പാടുമാര്‍ ഒക്കെ എത്രയോ തവണ കോമഡിയായും വില്ലത്തരമായും സിനിമയില്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. അതെല്ലാം മലയാളി പ്രേക്ഷകര്‍ “മത രഹിതരായി“ ആസ്വദിക്കുകയും ചെയ്തിട്ടുണ്ട്. രണ്‍ജിത്തിന്റെ നന്ദനം എന്ന ചിത്രത്തില്‍ ജഗതി അവതരിപ്പിക്കുന്ന ഒരു കഥാപാത്രം ഉണ്ട്. കോഴിയിറച്ചി തിന്നും വേലക്കാരി പെണ്ണുമായി ശൃംഗരിച്ചും ഇരിക്കുന്ന മന്ത്രവാദിയായ “മഹാ ദിവ്യന്‍” ആരെയും വ്രണപ്പെടു ത്തിയതായി തോന്നുന്നില്ല. ഇതൊന്നും ഈ നിരൂപകന്റെ ശ്രദ്ധയില്‍ പെടുന്നുമില്ല (ഭാഗ്യം അതു മൂലം അത്രയും കുറച്ച് ദുഷിച്ച ചിന്തകളേ സമൂഹത്തില്‍ പടരുകയുള്ളൂ). എന്നാല്‍ കുടുംബ ചിത്രങ്ങളുടെ സംവിധായകന്‍ എന്ന നിലക്ക് ഇരുപത്തഞ്ചു വര്‍ഷത്തില്‍ ഏറെ ആയി സിനിമാ പ്രവര്‍ത്തനം നടത്തുന്ന, കുടുംബ പ്രേക്ഷകരാല്‍ ഏറ്റവും കൂടുതല്‍ അംഗീകരിക്കപ്പെട്ട, സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തില്‍ നിന്നു പോലും ഇദ്ദേഹം “ മത വിരുദ്ധ“ കണ്ടെത്തലുകള്‍ തല നാരിഴ കീറി കണ്ടെത്തി ക്കൊണ്ടിരിക്കുന്നു. സിനിമയെ സംബന്ധിച്ച് കഥയും, കഥാപാത്രങ്ങളും, അതിനു ഇണങ്ങുന്ന കഥാ സന്ദര്‍ഭങ്ങളും അനിവാര്യമാണ്. അത് പ്രമേയ ത്തിനനുസരിച്ച് വ്യത്യസ്ഥമായിരിക്കും. കഥയേയും, കലാകാരനേയും, കഥാപാത്രത്തെയും വര്‍ഗ്ഗീയമായി വേര്‍തിരിച്ചു നടത്തുന്ന ഇത്തരം നിരീക്ഷണങ്ങള്‍ സമൂഹത്തില്‍ അസ്വസ്ഥതകള്‍ നിറയ്ക്കുവാനും കലാകാരന്മാരെ വര്‍ഗ്ഗീയ വാദികളായി ചിത്രീകരിക്കുവാനും മാത്രമേ ഉപകരിക്കൂ.
തൊടുപുഴ ന്യൂമാന്‍ കോളേജിലെ ചോദ്യ പ്പേപ്പര്‍ സംഭവം നിര്‍ഭാഗ്യകരമാണ്. അതിന്റെ പേരില്‍ അവിടെ സംഘര്‍ഷവും ഉണ്ടായി. ഇത്തരം സംഭവങ്ങള്‍ മതങ്ങളുടെയും വിദ്യാഭ്യാസ ത്തിന്റേയും ലക്ഷ്യം മനുഷ്യ നന്മയോ അതോ പരസ്പരം ശത്രുതയോ ആണെന്ന് ചിന്തിക്കുവാന്‍ നിര്‍ബന്ധിതമാക്കുന്ന സാഹചര്യം ഉരുത്തിരിഞ്ഞു കൊണ്ടിരിക്കുന്നു. മത നിന്ദ പ്രത്യക്ഷത്തില്‍ തന്നെ ആ ചൊദ്യപ്പേപ്പറിലെ വരികളില്‍ വ്യക്തമാണ് (ഇത് ഒരു പുസ്തകത്തില്‍ നിന്നും എടുത്തതാണെന്ന് പിന്നീട് പറയുകയുണ്ടായി. എന്നാല്‍ ആ വരികളില്‍ ചില കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടായിട്ടുണ്ടെന്ന് മനസ്സിലാക്കുന്നു). ഇതേ തുടര്‍ന്ന് അധ്യാപകനെതിരെ വകുപ്പു തലത്തിലും നിയമപരമായും നടപടികള്‍ വന്നു. പിന്നീട് കഴിഞ്ഞ ദിവസം ഇതിന്റെ പേരില്‍ നടന്ന സംഭവത്തെ ഒരു തരത്തിലും നീതീകരിക്കുവാന്‍ ആകുന്നതല്ല. രണ്ടു ദിവസത്തെ മാധ്യമ ചര്‍ച്ചകള്‍ക്കും ബ്ലോഗ്ഗുകളിലെ കമന്റുകള്‍ക്കും അപ്പുറം ഈ സംഭവത്തിനും ആയുസ്സുണ്ടാകും എന്നു കരുതുക വയ്യ. അടുത്തിടെ നടന്ന തച്ചങ്കരി വിഷയം തന്നെ ഉദാഹരണം. ആ വിഷയം സജീവ മായി മാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന സമയത്ത് ഒരു നേതാവ് കണ്ണൂരില്‍ വച്ച് ജഡ്ജിമാരെ പറ്റിയുള്ള ഒറ്റ പ്രസംഗം കോണ്ട് അട്ടിമറിക്കപ്പെട്ടു. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ രാജീവ് ഗാന്ധിയെ പറ്റിയുള്ള പരാമര്‍ശം. മാധ്യമങ്ങള്‍ അവയുടെ പുറകെ പോയി. മാധ്യമങ്ങള്‍ വിസ്മൃതിയിലേക്ക് തള്ളിയാലും തൊടുപുഴ സംഭവം സൂചിപ്പിക്കുന്നത് സമൂഹത്തില്‍ വളര്‍ന്നു വരുന്ന ആപത്തിനെ പറ്റിയാണ്. ഇതിനെതിരായി പൊതു സമൂഹം സദാ ജാഗ്രത പാലിക്കുക തന്നെ വേണം.
മത വിശ്വാസിക്കും മതേതരനും ഒരേ സ്ഥാനമാണ് ശരിയായ ജനാധിപത്യം കല്പിച്ചു നല്‍കുന്നത്. ഒരു വ്യക്തിക്ക് ഏതു മതത്തില്‍ വേണമെങ്കിലും വിശ്വസിക്കുവാനും അത് പ്രചരിപ്പിക്കുവാനും ഉള്ള സ്വാതന്ത്യം ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്നുണ്ട്. മത വിശ്വാസത്തിനെതിരായ അവഹേളനങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും തടയിടുവാന്‍ ശക്തമായ നിയമങ്ങളും ഇവിടെ ഉണ്ട്. പലപ്പോഴും ഇന്ത്യയില്‍ പലയിടത്തും മതങ്ങളുമായി ബന്ധപ്പെട്ട് സംഘര്‍ഷങ്ങളും കൊലപാതകങ്ങളും ഉണ്ടാകാറുണ്ട്. ഉല്‍കൃഷ്ടമായ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന മതത്തിന്റേയും മത ഗ്രന്ധങ്ങളുടേയും പേരില്‍ ദയാരഹിതമായ അക്രമങ്ങള്‍ നടക്കുന്നു. ഇത്തരം സംഭവങ്ങള്‍ ഉയര്‍ത്തുന്ന ഒരു ചോദ്യമുണ്ട്. മത ദര്‍ശനങ്ങള്‍ സംരക്ഷിക്ക പ്പെടേണ്ടത് കൊലപാതകങ്ങളാലും കലാപങ്ങളാലും ആണോ? മത ദര്‍ശനങ്ങള്‍ വാളും തോക്കും ബോംബും പണവും ഭീഷണിയും കൊണ്ടല്ല സംരക്ഷിക്കേണ്ടതും പ്രചരിപ്പിക്കേണ്ടതും. അത് ഭീരുത്വത്തിന്റെ ലക്ഷണമായും ദര്‍ശനങ്ങളുടെ ദൌര്‍ബല്യമായും ചരിത്രത്തില്‍ കണക്കാക്കപ്പെടും. ജനാധിപത്യത്തില്‍ അഭിപ്രായ / ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനും സ്ഥാനമുണ്ട് എന്നാല്‍ ഒരുവന്റെ അഭിപ്രായം അന്യന്റെ മത വികാരങ്ങളെ വ്രണപ്പെടുത്തുവാന്‍ ഈ സ്വാതന്ത്ര്യം അനുവദിക്കുന്നില്ല. വിശ്വാസിയെ സംബന്ധിച്ച് അത് കാര്‍ടൂണിന്റെ രൂപത്തില്‍ ആയാലും, പെയ്ന്റിങ്ങിന്റെ രൂപത്തില്‍ ആയാലും മറ്റേതു രൂപത്തില്‍ ആയാലും അവഹേളിക്കപ്പെട്ടത് വിഷമകരമാണ്. മത വിദ്വേഷം പകരുന്ന മത നിന്ദ പ്രചരിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി നിയന്ത്രിക്കു ന്നതോടൊപ്പം ഇത്തരം ആക്രമണങ്ങളെ തള്ളിക്കളയുവാനും സമൂഹം തയ്യാറാകണം. ഇക്കാര്യത്തില്‍ മതത്തിനപ്പുറം ചിന്തിക്കുന്ന / ചിന്തിക്കുവാന്‍ ശേഷിയുള്ള മനുഷ്യ സ്നേഹികള്‍ കൂടുതല്‍ ജാഗ്രത പാലിക്കാതെ വയ്യ. ആര്‍ജ്ജവവും രാഷ്ടീയ ഇച്ഛാശക്തിയും ഇല്ലാത്ത ഭരണ കൂടങ്ങള്‍ ഉള്ളിടത്ത് മത മൌലിക വാദികള്‍ അഴിഞ്ഞാടുക സ്വാഭാവികമാണ്. എന്നാല്‍ കേരളത്തില്‍ അത്തരം ഒരു അവസ്ഥ നിലനില്‍ക്കുന്നു എന്നു കരുതുക വയ്യ. അതു കൊണ്ടു തന്നെ അധ്യാപകന്റെ കൈ വെട്ടിയ അക്രമിക ള്‍ക്കെതിരെ എന്തെങ്കിലും നടപടിയുണ്ടാകും എന്ന് പ്രതീക്ഷിക്കാം.
കലുഷിതമായ ഒരു കാലഘട്ടത്തിലൂടെ ആണ് നാം കടന്നു പോകുന്നത്. അസ്വസ്ഥതകള്‍ നിറഞ്ഞ ഒരു ലോക ക്രമം ഒരിക്കലും നല്ലതല്ല. വിശാലമായ സാമൂഹിക കാഴ്ചപ്പാടും സഹിഷ്ണുത നിറഞ്ഞ ആശയങ്ങളും ഉണ്ടെങ്കിലേ സമൂഹം സമാധാന പരമായും സുഗമമായും മുന്നോട്ടു പോകൂ. ഏതൊരു വ്യക്തിക്കും താന്‍ ജീവിക്കുന്ന സമൂഹത്തിലെ ശാന്തിയും സമാധാനവും ഉണ്ടാകണം എന്നും എങ്കിലേ തനിക്കും കുടുംബത്തിനും സ്വസ്ഥമായി ജീവിക്കാന്‍ ആകൂ എന്ന ബോധം ആണ് ആദ്യം ഉണ്ടാകേണ്ടത്. തന്റെ വിശ്വാസങ്ങളില്‍ സഹജീവികളോട് കരുണയും അനുകമ്പയും ഉണ്ടാകണം. അന്യന്റെ ആത്മാഭിമാനത്തെയും സ്വാതന്ത്ര്യത്തേയും ഹനിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കണം. ജനാധിപത്യ സമൂഹത്തില്‍ ജീവിക്കുന്ന ഒരു വ്യക്തിക്ക് ആദ്യം ഉണ്ടാകേണ്ടത് തന്റെ സമൂഹത്തെ പറ്റിയുള്ള “സു“ ബോധമാണ് അല്ലാതെ അന്യനോട് വിരോധം ഉണ്ടാക്കുന്ന സങ്കുചിതമായ വര്‍ഗ്ഗീയ സ്വത്വ ബോധമല്ല.
– എസ്. കുമാര്‍
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: s-kumar
മലയാല സിനിമയിലും സീരിയലുകലലിലും ഹിന്ദു ദൈവങലെയിം സ്വമിമരെരും വെലിച്ചപ്പ്പാദുകലെയിം മൊസമായി ചിറ്റ്രീകരിക്കുന്നതും കരി വരി ക്തെക്കുന്നതും നിര്‍തുക തന്നെ വെനം, ഇല്ലെങി ഇതു ചെയ്യുന്നവരെ ചമ്മട്ടിയില്‍ അദിക്ക്നം