ചെറുപയര്‍ ദോശ

January 9th, 2012

moong dal dosa-epathram
ഇയ്യിടെയായി വെയിറ്റ്‌ കൂടുന്നുണ്ടോ എന്നൊരു സംശയം. അരിയാഹാരം  കൂടുതല്‍ കഴിക്കുന്നത്‌ കൊണ്ടാണെന്ന് തോന്നുന്നു. :-( ഭക്ഷണം  നിയന്ത്രിക്കുക, അല്ലാതെ എന്ത് ചെയ്യാന്‍. അപ്പൊ ഇനി അങ്ങോട്ട്‌ പോഷക സമൃദ്ധവും, ആരോഗ്യകരവും, പൊണ്ണത്തടി വയ്പ്പിക്കാത്തതും ആയ ഭക്ഷണത്തിനു പ്രാധാന്യം കൊടുക്കണമല്ലോ.. അത് കൊണ്ട് പതിവ് ബ്രേക്ക്ഫാസ്റ്റ്‌ വിഭവങ്ങളായ അപ്പം, പുട്ട്, ഇഡ്ഡലി എന്നീ അരി വിഭവങ്ങള്‍ക്ക് ഒരു തല്ക്കാല റെസ്റ്റ് കൊടുക്കാം. (എത്ര ദിവസം ഉണ്ടാകുമോ ഈ ആവേശം.. :-))

ഇന്നത്തെ ഐറ്റം ചെറുപയര്‍ ദോശയും സാമ്പാറും..തെലുങ്കില്‍ ഇതിനു പേസരട്ട് എന്നാണ് പറയുന്നത്. വളരെയധികം പോഷകമൂല്യമുള്ള ഒരു പയര്‍ വര്‍ഗ്ഗമാണ് ചെറുപയര്‍. ഇതില്‍ അന്നജം, കൊഴുപ്പ് ,നാരുകള്‍, വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി, കാല്‍സിയം, മഗ്നീഷ്യം, ഫോസ്ഫറസ്, സോഡിയം എന്നി അടങ്ങിയിട്ടുണ്ട്. ചെറുപയര്‍ ദോശ ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ്. സാധാ ദോശ പോലെ തലേ ദിവസം അരച്ച് വയ്ക്കണ്ട. ഉണ്ടാക്കാന്‍ ഉദ്ദേശിക്കുന്നതിനു 3-4 മണിക്കൂര്‍ മുന്‍പേ ചെറുപയര്‍ പരിപ്പ് വെള്ളത്തില്‍ കുതിര്‍ക്കാന്‍ ഇടണം എന്ന് മാത്രം. ഇത് വരെ ഞാന്‍ ചപ്പാത്തിക്കു ഒരു കറി ആയിട്ടും, ഖിച്ടി ഉണ്ടാക്കുവാനും മാത്രമേ ചെറുപയര്‍ പരിപ്പ് ഉപയോഗിച്ചിട്ടുള്ളൂ. ആദ്യമായാണ്‌ ദോശ പരീക്ഷിച്ചത്. നന്നായിരുന്നു. ഇടയ്ക്ക് ഒരു ചേഞ്ച്‌ നു നല്ലതാണ്. ഒന്ന് ട്രൈ ചെയ്തു നോക്കു.. :-)

ചേരുവകള്‍:

ചെറുപയര്‍ പരിപ്പ്  – 2 ഗ്ലാസ്‌
ചുവന്നുള്ളി – 4 എണ്ണം
പച്ചമുളക് ചെറുതായി അരിഞ്ഞത്  – 1 വലുത്
ഇഞ്ചി ചെറുതായി അരിഞ്ഞത്- അര ഇഞ്ചു കഷ്ണം
കായം – അര ടീസ്പൂണ്‍ (ആവശ്യമെങ്കില്‍ മാത്രം)
ഉപ്പ് – പാകത്തിന്
മല്ലിയില ചെറുതായി അരിഞ്ഞത് – 1/4 കപ്പ്
സവാള ചെറുതായി അരിഞ്ഞത് – ഒരു വലുത്
നല്ലെണ്ണ – പാകത്തിന്

പാകം ചെയ്യുന്ന വിധം:

ചെറുപയര്‍ മൂന്നു നാല് മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് ഇടുക. പിന്നീട് വെള്ളം വാര്‍ന്നു കളയുക. ഇത് മിക്സിയില്‍ ഇട്ടു കാല്‍ ഗ്ലാസ്‌ വെള്ളം, ചുവന്നുള്ളി, ഇഞ്ചി, കായം എന്നിവ ചേര്‍ത്ത് നന്നായി അരച്ചെടുക്കണം. സാധാരണ ദോശ ഉണ്ടാക്കുന്ന അയവില്‍ അരച്ചെടുക്കുക. ഇതിലേക്ക്  സവാള, മല്ലിയില, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ആവശ്യമെങ്കില്‍ അല്പം വെള്ളം ചേര്‍ക്കാം. ദോശക്കല്ലില്‍ എണ്ണ തടവി ദോശ ചുട്ടെടുക്കുക. സാമ്പാര്‍, തേങ്ങാ ചമ്മന്തി, തക്കാളി ചമ്മന്തി എന്നിവയോടുകൂടി ചൂടോടെ കഴിക്കുക.

- ലിജി അരുണ്‍

വായിക്കുക: , , ,

1 അഭിപ്രായം »

വെജിറ്റബിള്‍ ഖിച്ടി

October 23rd, 2011

ഒരു വടക്കേയിന്ത്യന്‍ വിഭവമാണ് ഖിച്‌ടി. അരിയും പരിപ്പും ആണ് ഇതിന്റെ പ്രധാന ചേരുവകള്‍. ബാക്കിയൊക്കെ നമ്മുടെ ഇഷ്ടം പോലെ ചേര്‍ക്കാം. വെള്ളം അധികം ചേര്‍ത്ത് നന്നായി വേവിച്ചതാണ് ഒറിജിനല്‍ ഖിച്ടി. എന്നാല്‍ എന്റെ വീട്ടില്‍ എല്ലാവര്ക്കും താല്‍പ്പര്യം അധികം നീളാത്ത പുലാവ് പോലെ ഇരിക്കുന്ന ഖിച്ടി ആണ്. ധാരാളം പച്ചക്കറികളും പരിപ്പും ചേര്‍ക്കുന്നതിനാല്‍ നല്ല പോഷക സമൃദ്ധമായ ഒരു വിഭവമാണ് ഇത്.

ചേരുവകള്‍

ഉരുളക്കിഴങ്ങ് – ഒന്ന്
കാരറ്റ് –  ഒന്ന്
ബീന്‍സ് – 7-8 എണ്ണം
ഗ്രീന്‍പീസ് – ഒരു കപ്പ്‌
തക്കാളി ഒന്ന്
സവാള – ഒന്ന്
വെളുത്തുള്ളി – ആറു അല്ലി
ഇഞ്ചി – ഒരു ചെറിയ കഷ്ണം
പച്ചമുളക് – രണ്ട്
ഏലയ്ക്ക – രണ്ടെണ്ണം
പട്ട – ചെറിയ കഷണം
ഗ്രാമ്പൂ നാലെണ്ണം
ഉപ്പ് – ആവശ്യത്തിന്
ജീരകം – കാല്‍ ടീസ്പൂണ്‍
പെരുംജീരകം  – കാല്‍ ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – കാല്‍ ടീസ്പൂണ്‍
മുളക് പൊടി – കാല്‍ ടീസ്പൂണ്‍
നെയ്യ് – 2 ടേബിള്‍സ്പൂണ്‍
ബിരിയാണി അരി – ഒരു കപ്പ്
ചെറു പയര്‍ പരിപ്പ് – അരക്കപ്പ്
ചുവന്ന പരിപ്പ് (മസൂര്‍ ദാല്‍ ) – അരക്കപ്പ്
മല്ലിയില – ഒരു പിടി

തയ്യാറാക്കുന്ന വിധം

പച്ചക്കറികള്‍ എല്ലാം ചെറുതായി നുറുക്കുക. പച്ചമുളക് നെടുകെ കീറുക, ഇഞ്ചി, വെളുത്തുള്ളി പൊടിയായി അരിഞ്ഞെടുക്കുക. ഒരു കുക്കര്‍ അടുപ്പത്ത് വച്ച് 2 ടേബിള്‍സ്പൂണ്‍ നെയ്യ് ഒഴിച്ചു ചൂടാക്കുക. ജീരകവും പെരുംജീരകവും ഏലയ്ക്ക പട്ട ഗ്രാമ്പു എന്നിവയും ഇടുക. ഇവ പൊട്ടി കഴിയുമ്പോള്‍  സവാള ഇഞ്ചി പച്ചമുളക് വെളുത്തുള്ളി എന്നിവ ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് മഞ്ഞള്‍പ്പൊടിയും മുളക്പൊടിയും ചേര്‍ത്ത് വഴറ്റുക. തക്കാളി ചേര്‍ത്ത് നന്നായി ഉടയ്ക്കണം. ഇതിലേക്ക് കഴുകി വാരിയ അരിയും പരിപ്പുകളും ചേര്‍ത്ത് നന്നായി ഇളക്കുക. ഇനി പച്ചക്കറികള്‍ ചേര്‍ക്കാം. ഉപ്പ് ചേര്‍ത്ത് നന്നായി ഇളക്കുക. 2 കപ്പ്‌ വെള്ളം ചേര്‍ത്ത് കുക്കര്‍ അടച്ചു വെച്ച് 2 വിസില്‍ വരെ വേവിക്കാം. തുറക്കുമ്പോള്‍  മല്ലിയില ചേര്‍ക്കുക. സാലഡും അച്ചാറും പപ്പടവും ചേര്‍ത്ത് കഴിക്കാം.

കുറിപ്പ്‌ : കഞ്ഞി പോലെയുള്ള ഖിച്ടി ഇഷ്ടമുള്ളവര്‍ക്ക് വേവിക്കുമ്പോള്‍ അര കപ്പ് വെള്ളവും കൂടെ ചേര്‍ക്കാം.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ദാല്‍ ഫ്രൈ

October 18th, 2011

dal-fry-epathram

പരിപ്പിനോടുള്ള എന്റെ സ്നേഹം ഡല്‍ഹി ജീവിതത്തില്‍ നിന്നും കിട്ടിയതാണ്. പല തരം പരിപ്പുകള്‍ പല രീതിയില്‍ പാകം ചെയ്തു ചോറിനും ചപ്പാത്തിക്കും കഴിക്കുക ഒരു ശീലമാണ് അവിടെ. പരിപ്പ് ഏതു രൂപത്തില്‍ കിട്ടിയാലും എനിക്ക് സന്തോഷം ആണ്. മാത്രവുമല്ല അത്താഴത്തിനു ചപ്പാത്തിക്ക് ഒരു നല്ല കൂട്ട് കൊടുക്കുവാന്‍ പരിപ്പിന് മാത്രമേ കഴിയൂ എന്ന് എനിക്ക് തോന്നാറുണ്ട്. :-) ഏതായാലും പയര്‍, കടല, പരിപ്പ് എന്നീ കൊഴുപ്പ് കുറഞ്ഞ ഭക്ഷണങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് പ്രമേഹം കുറയ്‌ക്കാന്‍ സഹായിക്കും എന്ന് പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്.

ഈ ദാല്‍ ഫ്രൈ നിങ്ങള്‍ ഉദ്ദേശിക്കുന്ന ദാല്‍ ഫ്രൈ ആണോ എന്ന് എനിക്ക് പിടുത്തമില്ല. എന്തായാലും ഞാന്‍ ഉണ്ടാക്കുന്ന ദാല്‍ ഫ്രൈ ഇങ്ങനെയാണ്. ‘ലിജീസ്‌ വേര്‍ഷന്‍’ എന്ന് വിളിക്കാം. :)

ചേരുവകള്‍

തുവര പരിപ്പ് 1/4 കപ്പ്
ചെറുപയര്‍ പരിപ്പ് 1/4 കപ്പ്
ചുവന്ന പരിപ്പ് 1/4 കപ്പ്
സവാള  – 1 എണ്ണം ചെറുതായി അരിഞ്ഞത്
മഞ്ഞള്‍പൊടി – അര ടീസ്പൂണ്‍
വെളുത്തുള്ളി – അരിഞ്ഞത് ഒരു ടീസ്പൂണ്‍
പച്ച മുളക് – 4 എണ്ണം
ജീരകം – അര ടീസ്പൂണ്‍
കടുക് – അര ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
മല്ലിയില – ഒരു പിടി
എണ്ണ – ഒരു ടീസ്പൂണ്‍
വറ്റല്‍ മുളക് – 2 എണ്ണം

തയ്യാറാക്കുന്ന വിധം

പരിപ്പ് കഴുകി വൃത്തിയാക്കുക. പ്രഷര്‍കുക്കറില്‍ പരിപ്പ് ഇരട്ടി വെള്ളവും മഞ്ഞള്‍ പൊടിയും ഉപ്പും ചേര്‍ത്ത് 3 വിസില്‍ വരുന്നത് വരെ വേവിക്കുക.  ആവി പോയി കഴിയുമ്പോള്‍ തുറന്ന് നീളത്തില്‍ കീറിയ 2 പച്ച മുളക് ചേര്‍ത്ത് മൂടിവെച്ച് വേവിക്കുക. മറ്റൊരു പാത്രത്തില്‍ എണ്ണയൊഴിച്ച് ജീരകം, കടുക്, വറ്റല്‍മുളക് എന്നിവ വറക്കുക. ഇതിലേക്ക് അരിഞ്ഞ് വെച്ചിരിക്കുന്ന വെളുത്തുള്ളിയും വലിയ ഉള്ളിയും ബാക്കി മുളകും ചേര്‍ക്കുക. ഇവ ബ്രൌണ്‍ നിറം ആകുമ്പോള്‍ വേവിച്ചുവെച്ചിരിക്കുന്ന പരിപ്പിലേക്ക് ചേര്‍ക്കുക. നന്നായി ഇളക്കി തീ ഓഫ് ചെയ്യുക. മുകളില്‍ മല്ലിയില വിതറുക. ദാല്‍ ഫ്രൈ റെഡി. :)

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« തലശ്ശേരി ബിരിയാണി
മിക്സ്ഡ് വെജിറ്റബിള്‍ ആന്‍ഡ്‌ ഫ്രൂട്ട് സലാഡ്‌ »പ്രഷര്‍കുക്കര്‍ ബിരിയാണി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine