സംഗീത നാടക അക്കാദമിയുടെ പ്രൊഫഷണല്‍ നാടകങ്ങള്‍ക്കുള്ള പുരസ്ക്കാരം പ്രഖ്യാപിച്ചപ്പോള്‍ മികച്ച ഗായകനുള്ള പുരസ്ക്കാരം തെറ്റായി പ്രഖ്യാപിച്ചതായി പരാതി. ഈ കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചത്. എന്നാല്‍ പുരസ്ക്കാര ത്തിന്റെ വാര്‍ത്ത പത്രങ്ങളില്‍ അച്ചടിച്ചു വന്നപ്പോഴാണ് മികച്ച ഗായകനുള്ള പുരസ്ക്കാരം ലഭിച്ച പ്രവാസിയായ ഗായകന്‍ ഞെട്ടിയത്. താന്‍ അവധിക്ക് നാട്ടില്‍ പോയ സമയത്ത് പാടിയ ഗാനത്തിന് പുരസ്ക്കാരം പ്രഖ്യാപിച്ചിരിക്കുന്നത് മറ്റാരുടേയോ പേരില്‍.
ഗള്‍ഫിലെ കലാ സാംസ്ക്കാരിക പ്രക്ഷേപണ രംഗങ്ങളില്‍ സജീവ സാന്നിധ്യമായ ഗായകനും റാസ് അല്‍ ഖൈമയില്‍ നിന്നും പ്രവര്‍ത്തിക്കുന്ന റേഡിയോ ഏഷ്യയില്‍ ചീഫ് പ്രോഗ്രാം പ്രൊഡ്യൂസറും ആയ രാജീവ് കോടമ്പള്ളിക്കാണ് ഈ ദുരനുഭവം ഉണ്ടായത്.
താന്‍ കഴിഞ്ഞ തവണ അവധിക്ക് നാട്ടില്‍ പോയപ്പോള്‍ പാടിയ “എങ്ങനെ എന്‍ പ്രണയ സാഗരത്തില്‍” എന്ന ഗാനത്തിനാണ് മികച്ച ഗായകനുള്ള പുരസ്ക്കാരം ലഭിച്ചിരിക്കുന്നത് എന്ന് രാജീവ് e പത്രത്തെ അറിയിച്ചു. തിരുവനന്തപുരം സംസ്കൃതിയുടെ അമ്മ മലയാളം എന്ന നാടകത്തിലെ ഈ ഗാനത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് പിരപ്പന്‍കോട് മുരളിയാണ്.
എന്നാല്‍ പുരസ്ക്കാരം പ്രഖ്യാപിച്ചത് അനു വി. കടമ്മനിട്ടക്കാണ്. ഈ നാടകത്തിലെ എല്ലാ ഗാനങ്ങളും ആലപിക്കുവാന്‍ നേരത്തെ നിശ്ചയിച്ചത് അനുവിനെ ആയിരുന്നു. അതു പ്രകാരം നാടകത്തിന്റെ നോട്ടീസിലും മറ്റ് പരസ്യങ്ങളിലും ഇദ്ദേഹത്തിന്റെ പേരാണ് അച്ചടിച്ചു വന്നത്.
എന്നാല്‍ താന്‍ നാട്ടില്‍ എത്തിയപ്പോള്‍ നാടകത്തിലെ പ്രധാനപ്പെട്ട രണ്ടു പാട്ടുകള്‍ തന്നെ കൊണ്ടു പാടിപ്പിക്കാന്‍ നാടക സമിതിക്കാര്‍ തീരുമാനിക്കുകയായിരുന്നു. അപ്പോഴും നോട്ടീസിലും മറ്റും പേരൊന്നും മാറ്റിയിരുന്നില്ല. പിന്നീട് മത്സരത്തില്‍ ഭാഗം ആയപ്പോഴും ഈ വിവരം തിരുത്താന്‍ ആരും ഓര്‍ത്തതുമില്ല. അതാണ് ഇത്തരം ഒരു തെറ്റ് സംഭവിക്കാന്‍ കാരണം ആയത്. താനാണ് ഈ ഗാനം ആലപിച്ചത് എന്ന കാര്യമെങ്കിലും ജനം അറിയേണ്ടതുണ്ട് എന്ന് രാജീവ് e പത്രത്തോട് പറഞ്ഞു.
ഇതു പ്രകാരം രാജീവ് പാടിയ ഒരു ഗാനത്തിന് അനു വി. കടമ്മനിട്ടക്കും രണ്ടാമത്തെ ഗാനത്തിന് മികച്ച സംഗീത സംവിധായകനുള്ള പുരസ്ക്കാരം ആലപ്പി വിവേകാനന്ദനും ലഭിച്ചു.
അവാര്‍ഡ് പ്രഖ്യാപിച്ച വേളയില്‍ തന്നെ ഈ പുരസ്ക്കാരത്തിന്‍ അര്‍ഹതപ്പെട്ടത് താനല്ല എന്ന കാര്യം നാടകത്തിലെ മറ്റ് നാല് ഗാനങ്ങള്‍ പാടിയ അനു വി. കടമ്മനിട്ട ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. എന്നാല്‍ ജാള്യത മൂലം അധികൃതര്‍ തെറ്റ് തിരുത്താന്‍ തയ്യാറായതുമില്ല. 2005ലെ മികച്ച ഗായകനുള്ള സംഗീത നാടക അക്കാദമി പുരസ്ക്കാര ജേതാവാണ് ഇപ്പോള്‍ അബദ്ധത്തില്‍ അവാര്‍ഡ് ലഭിച്ച അനു വി. കടമ്മനിട്ട.
ഗായകന്‍ ഒരു പ്രവാസി ഗള്‍ഫുകാരന്‍ ആയത് രാജീവിനെ തഴയാന്‍ അധികൃതര്‍ക്ക് കൂടുതല്‍ സൌകര്യവുമായി. ഗള്‍ഫുകാരന്‍ അവധി കഴിഞ്ഞു പോയാല്‍ പിന്നെ പ്രശ്നം തീര്‍ന്നല്ലോ.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: സംഗീതം