ദുബായ് : ഫെക്ക യുടെ (FEKCA) ആഭിമുഖ്യത്തില്‍ ദുബായ് ഖിസൈസില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. കേരളത്തിലെ കോളജുകളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ യു.എ.ഇ. യിലെ സംഘടനയാണ് ഫെക്ക. അക്കാഫ് എന്ന സംഘടനയില്‍ നിന്നും വേര്‍പെട്ട് രൂപം കൊണ്ട ഫെക്ക തങ്ങളുടെ ആദ്യത്തെ പൊതു പരിപാടിയായ ഓണാഘോഷം എല്ലാ അര്‍ത്ഥത്തിലും ഗംഭീരമാക്കാന്‍ പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്നു. ദുബായ് ഖിസൈസിലെ വിശാലമായ അല്‍ ഹെസന്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
രാവിലെ ഒന്‍പതു മണിയ്ക്ക് പുതുതായി രൂപം കൊണ്ട ഫെക്ക യുടെ പതാക ഉയര്‍ത്തിയാണ് പരിപാടികള്‍ ആരംഭിച്ചത്. തുടര്‍ന്ന് സംഘടനാ അംഗങ്ങളും കുടുംബംഗങ്ങളും ചേര്‍ന്ന് പൂക്കളം ഒരുക്കി.
ആഘോഷത്തോട് അനുബന്ധിച്ച് വിഭവ സമൃദ്ധമായ ഓണ സദ്യയും ഒരുക്കിയിരുന്നു. ഓണ സദ്യക്കായി പ്രത്യേകം ഭക്ഷണ ശാല തൊട്ടടുത്ത ഹാളില്‍ സജ്ജമാക്കിയത് ഏറെ സൌകര്യ പ്രദമായി. മാത്രമല്ല, പ്രധാന ഹാളില്‍ നടക്കുന്ന പരിപാടികള്‍ ക്ലോസ്ഡ് സര്‍ക്യൂട്ട് ടി.വി. വഴി ഭക്ഷണ ശാലയില്‍ വലിയ സ്ക്രീനില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു.
പ്രത്യേകം വി.ഐ.പി. പരിഗണനകളില്ലാതിരുന്ന സദസ്സും, വിശാലമായ ഹാളും, ഏറെ സൌകര്യപ്രദവും അച്ചടക്കത്തോടെയും പരിപാടികള്‍ അരങ്ങേറുന്നതിന് കാരണമായി എന്നത് സംഘാടകരുടെ സംഘാടക പാടവം വ്യക്തമാക്കി.
സംഘടനയില്‍ അംഗങ്ങളായ കോളജുകളുടെ വര്‍ണ്ണ ശബളമായ ഘോഷ യാത്ര കാണികളില്‍ ആവേശം പകര്‍ന്നു. താലപ്പൊലി, പഞ്ചാരി മേളം, ചെണ്ട മേളം, പുലിക്കളി എന്നിവയുടെ അകമ്പടിയോടെ മഹാബലി സദസ്യരുടെ ഹര്‍ഷാരവങ്ങള്‍ ഏറ്റു വാങ്ങിക്കൊണ്ട് സ്റ്റേജിലേയ്ക്ക് നടന്നു കയറിയത് കൌതുകമുണര്‍ത്തി.
പൊതു സമ്മേളനത്തില്‍ മുഖ്യ അതിഥിയായിരുന്ന പ്രശസ്ത അറബ് കവിയും പണ്ഡിതനുമായ ഡോ. ശിഹാബ് ഘാനം ഫെക്കയുടെ സ്മരണിക പ്രശസ്ത നര്‍ത്തകിയും മലയാളികളുടെ മനം കവര്‍ന്ന സിനിമാ താരവുമായ ലക്ഷ്മി ഗോപാലസ്വാമിക്ക് നല്‍കി കൊണ്ട് പ്രകാശനം ചെയ്തു.
പൊതു സമ്മേളനത്തിനു ശേഷം ലക്ഷ്മി ഗോപാല സ്വാമിയുടെ നൃത്തം അരങ്ങേറി.
ഹാസ്യ കലാകാരന്മാരായ കലാഭവന്‍ പ്രജോദ്, കലാഭവന്‍ ഷാജോണ്‍ എന്നിവരുടെ ഹാസ്യ കലാ പ്രകടനം സദസ്സിനെ ഏറെ രസിപ്പിച്ചു.
വിദ്യാഭ്യാസ മികവിനു പുകള്‍പെറ്റ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ ഇത്തരത്തില്‍ ഒത്തു ചേര്‍ന്ന് ഫെക്ക എന്ന സംഘടനയ്ക്ക് രൂപം നല്‍കിയത് സ്വാഗതാര്‍ഹമായ ഒരു നീക്കമാണ് എന്നും ഫെക്ക ഇത്തരത്തിലുള്ള കലാ സാംസ്ക്കാരിക സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നത് പ്രവാസി സമൂഹത്തിന് ഒരു അനുഗ്രഹമാണ് എന്നും ഓണാഘോഷത്തിനായി നല്‍കിയ തന്റെ സന്ദേശത്തില്‍ യു.എ.ഇ. യിലെ ഇന്ത്യന്‍ അംബാസ്സഡര്‍ തല്‍മീസ് അഹമദ് അറിയിച്ചു.
-