സൗദിയില്‍ വനിതകളുടേയും കുട്ടികളുടേയും അവകാശങ്ങള്‍ക്ക് കൂടുതല്‍ സംരക്ഷണം ഉറപ്പ് വരുത്തുന്നതിന്‍റെ ഭാഗമായി പുതിയ നിയമം വരുന്നു. കുടുംബ കലഹങ്ങള്‍ നിയന്ത്രിക്കുകയും സ്ത്രീകള്‍ ക്കെതിരായ ആക്രമണങ്ങള്‍ തടയുകയുമാണ് നിയമത്തിന്‍റെ ഉദ്ദേശമെന്ന് സൗദി ഷൂറാ കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ ബന്ദര്‍ അല്‍ ഹജ്ജാര്‍ പറഞ്ഞു. ദേശീയ മനുഷ്യാവകാശ സമിതിക്ക് ലഭിച്ച പരാതികളില്‍ 60 ശതമാനത്തിനും തീര്‍പ്പു കല്‍പ്പിച്ചതായി അദ്ദേഹം വ്യക്തമാക്കി. വിദേശത്ത് താമസിക്കുന്ന സൗദി പൗരന്മാര്‍ നല്‍കിയ പരാതികളാണ് ഇനിയും പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങളില്‍ അധികവും.


സൌദി തലസ്ഥാനമായ റിയാദില്‍ വന്‍ മണല്‍ കാറ്റ് വീശി. ഇതിനെ തുടര്‍ന്ന് റിയാദിലെ ഖാലെദ് അന്താരാഷ്ട്ര വിമാന താവളത്തില്‍ നിന്നും ഉള്ള വിമാനങ്ങള്‍ റദ്ദ് ചെയ്തു. കാഴ്ച പൂര്‍ണ്ണമായി തടസ്സപ്പെട്ടതിനെ തുടര്‍ന്ന് വിമാന താവളം അടച്ചിട്ടു. റിയാദില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ ദമ്മാമിലേക്കും ജിദ്ദയിലേക്കും തിരിച്ചു വിടുകയുണ്ടായി. മണല്‍ കാറ്റ് ശക്തമായതിനെ തുടര്‍ന്ന് കുവൈറ്റില്‍ എണ്ണ കയറ്റുമതി രണ്ട് മണിക്കൂര്‍ നേരത്തേക്ക് നിര്‍ത്തി വച്ചു. രാജ്യത്തെ മൂന്ന് തുറമുഖങ്ങളുടേയും പ്രവര്‍ത്തനം പൂര്‍ണ്ണമായി നിലച്ചു എന്ന് കുവൈറ്റ് നാഷണല്‍ പെട്രോളിയം കമ്പനി വക്താവ് അറിയിച്ചു. കാറ്റ് അടങ്ങിയതിനു ശേഷമാണ് ഇവയുടെ പ്രവര്‍ത്തനം പുനരാരംഭിച്ചത്.






