ന്യൂഡല്‍ഹി : നരക തുല്യമായ ജീവിതം അനുഭവിക്കുന്ന ഒരു ജനതയുടെ ദുരന്തം കണ്ടില്ലെന്ന് നടിച്ചു കൊണ്ട് സ്ഥാപിത താല്പര്യങ്ങള് സംരക്ഷിക്കുന്നതിന് വേണ്ടി ഏപ്രില്‍ 25ന് സ്റ്റോക്ക്ഹോമില്‍ നടക്കുന്ന ജൈവ മാലിന്യ സമ്മേളനത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധനത്തെ പിന്തുണയ്ക്കേണ്ട എന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന്റെ ആദ്യ പടിയായി ജൈവ മാലിന്യ പുനപരിശോധനാ കമ്മിറ്റിയില്‍ നിന്നും ഇന്ത്യ പിന്മാറി.
എന്‍ഡോസള്‍ഫാന്‍ ദോഷകരമല്ല എന്ന് കഴിഞ്ഞ ദിവസം കേന്ദ്ര കൃഷി മന്ത്രി ശരദ് പവാര്‍ ലോക്സഭയിലെ ചോദ്യോത്തര വേളയില്‍ നടത്തിയ പ്രസ്താവന ഏറെ ഒച്ചപ്പാട് ഉണ്ടാക്കിയിരുന്നു. കേരളത്തില്‍ നിന്നുള്ള എം. പി. മാര്‍ പ്രശ്നം അവതരിപ്പി ച്ചപ്പോഴാണ് പവാര്‍ തന്റെ നിലപാട് വെളിപ്പെടുത്തിയത്.
8000 കോടി രൂപയുടെ ഭൂസ്വത്തിന് ഉടമയായ കേന്ദ്ര കൃഷി മന്ത്രി ശരദ് പവാര്‍ തനിക്ക് അനുകൂലമായി സ്വീകരിക്കുന്ന നയങ്ങള്‍ ഇന്ത്യയുടെ നയമാകാന്‍ അനുവദിക്കരുത് എന്ന് ദേശ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ ഇരകളുടെ ദുരിതത്തിന് നേരെ കണ്ണടയ്ക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് ക്രൂരമാണ് എന്ന് മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന് പറഞ്ഞു. ഈ നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ട് താന്‍ കേന്ദ്രത്തിന് കത്തെഴുതും. എന്‍ഡോസള്‍ഫാന്‍ ദുരിതത്തെ കുറിച്ച് പഠിച്ച വിദഗ്ദ്ധ സമിതിയുടെ കണ്ടെത്തലുകള്‍ സ്റ്റോക്ക്ഹോം സമ്മേളനത്തിലേക്ക് നേരിട്ട് എത്തിച്ചു കൊടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഫോട്ടോ : അബ്ദുള്‍ നാസര്‍
- ജെ.എസ്.