തിരുവനന്തപുരം: ആണവ പദ്ധതികള്‍ക്കെതിരെ ബോധവല്‍ക്കരണം നടത്തുന്നതിന്‍റെ ഭാഗമായി ഗ്രീന്‍സ് തിരുവനന്തപുരം സംഘടിപ്പിക്കുന്ന ആണവ വിരുദ്ധ പോസ്റ്റര്‍-ഫോട്ടോ പ്രദര്‍ശനം ഡിസംബര്‍ ഡിസംബര്‍ 3 മുതല്‍ 8 വരെ സെക്രെട്ടറിയേറ്റ് പടിക്കല്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടുക പ്രകാശ് കെ ഗോപിനാഥ് 8089494442
ആണവ വിരുദ്ധ പോസ്റ്റര്‍-ഫോട്ടോ പ്രദര്‍ശനം
November 29th, 2011- ഫൈസല്‍ ബാവ
വായിക്കുക: campaigns, electricity, nature, nuclear, struggle
കൂടംകുളം ആണവനിലയത്തിനെതിരെ സൈക്കിള്‍ യാത്ര
November 29th, 2011എറണാകുളം: കൂടംകുളം ആണവ നിലയത്തിനെതിരെ സമരം ചെയ്യുന്നവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട്, ആണവ പദ്ധതികള്‍ക്കെതിരെ ബോധവല്‍ക്കരണം നടത്തുന്നതിന്‍റെയും ഭാഗമായി ഡിസംബര്‍ 3 മുതല്‍ 8 വരെ സൈക്കിള്‍ യാത്ര സംഘടിപ്പിക്കുന്നു. എറണാംകുളത്ത് നിന്ന് തുടങ്ങി ആലപ്പുഴ കൊല്ലം വഴി തിരുവനന്തപുരം വരെയാണ് യാത്ര. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ഈ നമ്പറില്‍ ബന്ധപ്പെടുക എന്‍. സുബ്രഹ്മണ്യന്‍ 9847439290
- ഫൈസല്‍ ബാവ
വായിക്കുക: campaigns, electricity, nature, nuclear, struggle
കാലാവസ്ഥാ വ്യതിയാന ഉച്ചകോടി ഇന്ന് തുടങ്ങും
November 28th, 2011ഡര്‍ബന്‍: ഐക്യരാഷ്ട്ര സഭയുടെ 17ാമത് കാലാവസ്ഥാ വ്യതിയാന ഉച്ചകോടി ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ ഇന്ന് തുടങ്ങും. സമ്മേളനം പത്ത് ദിവസം നീണ്ടു നില്‍ക്കും. ആഗോള താപനത്തിന്റെ വര്‍ദ്ധനവും സമുദ്ര നിരപ്പ് ഉയരുന്നതു മൂലം ഇല്ലാതാകുന്ന കര പ്രദേശങ്ങളും, ഹരിത ഗൃഹ വാതകങ്ങളുടെ ഉയര്‍ന്ന തോതിലുള്ള ബഹിര്‍ഗമനവും എല്ലാം ചര്‍ച്ചക്ക് വരുന്ന സുപ്രധാനമായ സമ്മേളനം ആയതിനാല്‍ ഒരേ സമയം നിറഞ്ഞ പ്രതീക്ഷയോടെയും അതേ സമയം ആശങ്കയോടെയുമാണ് ഇത്തവണത്തെ ഉച്ചകോടിയെ ലോക ജനത ഉറ്റു നോക്കുന്നത്.
ക്യോട്ടോ ഉടമ്പടിയുടെ കാലാവധി 2012 ജനുവരിയോടെ അവസാനിക്കുന്ന സാഹചര്യത്തില്‍ ഈ സമ്മേളനത്തില്‍ സുപ്രധാന മായ പല തീരുമാനങ്ങളും എടുക്കേണ്ടാതായിട്ടുണ്ട്. സമീപ ഭാവിയില്‍ തന്നെ സംഭവിച്ചേക്കാവുന്ന ‘കര ഭാഗങ്ങളുടെ അപ്രത്യക്ഷമാകല്‍’ എന്ന വന്‍ വിപത്ത് ലോക ജനതയുടെ ശ്രദ്ധയില്‍ വരേണ്ടതിന്റെ ആവശ്യകത യു. എന്‍. സെക്രട്ടറി ബാന്‍ കി മൂണ്‍ എടുത്തു പറയുന്നു. ഇതിന്റെ ഭാഗമായി സമുദ്ര നിരപ്പുയര്‍ന്നാല്‍ ആദ്യം ഇല്ലാതാവുന്ന പസഫിക് ദ്വീപ് സമൂഹത്തിലെ ചെറു രാജ്യമായ കരീബാസില്‍ ബാന്‍ കി മൂണ്‍ സന്ദര്‍ശനം നടത്തിയിരുന്നു. പസഫിക്കിലെ തന്നെ തുവാലു ദ്വീപിന്റെ അവസ്ഥയും ഭിന്നമല്ല. ഈ സാഹചര്യത്തില്‍, മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഡര്‍ബന്‍ സമ്മേളനത്തിന് കടുത്ത തീരുമാനങ്ങള്‍ എടുക്കാതെ തരമില്ല.
-
വായിക്കുക: climate, eco-system, global-warming
മുല്ലപെരിയാര്‍: വരാനിരിക്കുന്ന മഹാ ദുരന്തം
November 26th, 2011ഇപ്പോള്‍ മാധ്യമങ്ങളിലും സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളിലും നിറഞ്ഞു നില്‍ക്കുന്ന വിഷയമാണ് മുല്ലപെരിയാര്‍. ഡാം 999 എന്ന സിനിമ. പലപ്പോഴും ചര്‍ച്ചകള്‍ സിനിമ നിരോധിക്കണോ അതോ തമിഴ് സിനിമകള്‍ കേരളത്തില്‍ നിരോധിക്കണോ എന്നായി ചുരുങ്ങുന്നു. മുല്ലപ്പെരിയാറിനെ കുറിച്ച് ചിലതു നാം മനസിലാകാനുണ്ട്. എന്തുകൊണ്ട് തമിഴ്നാട് ഇതിനെ എതിര്‍ക്കുന്നു? പുതിയ ഡാം എന്നത് പ്രാവര്ത്തികമാണോ? ഇത്തരത്തില്‍ കുഴക്കുന്ന ചിലപ്രശ്നങ്ങള്‍ ഇതോടൊപ്പം ചേര്‍ത്ത് വായിക്കണം. ഒപ്പം വരാനിരിക്കുന്ന ദുരന്തത്തെ ഗൗരവത്തോടെ സമീപിക്കുകയും വേണം. കഴിഞ്ഞ ദിവസങ്ങളില് വിദേശത്തു നിന്നെത്തിയ വിദഗ്ധര്‍ ഇവിടെ ഒരു റിസര്‍ച്ച് നടത്തുകയും തുടര്‍ന്ന് ഒരു സെമിനാറില്‍ ഡാമിന്റെ യഥാര്‍ത്ഥ അവസ്ഥ പറയുകയും ചെയ്തു. അതനുസരിച്ച്, പരമാവധി 5 വര്ഷം മാത്രമേ ഈ അണക്കെട്ടിനു ആയ്യുസ്സുള്ളൂ… നിര്ഭാഗ്യവശാല്‍ എന്തെങ്കിലും സംഭവിച്ചു (ചെറിയ ഭൂമികുലുക്കം ആയാല് പോലും) തകര്ന്നാല്‍, മുല്ലപ്പെരിയാറിന് താഴെയുള്ള എല്ലാ ചെറു ഡാമുകള്‍ തകരുകയും ഈ ജലം മുഴുവന്‍ ഇടുക്കിയിലെത്തുകയു ചെയ്യും. ഇത്രയും വലിയ പ്രഹരശേഷി തടയാന്‍ ഇടുക്കി ഡാമിന് കഴിയില്ല. അങ്ങനെ വന്നാല് ഇടുക്കി ആര്‍ച്ച് ഡാം തകരും, ഇടുക്കി ജില്ലയുടെ പകുതി മുതല് തൃശൂര് ജില്ലയുടെ പകുതി വരെ വെള്ളത്തിലാകും. എറണാകുളം ജില്ല പൂര്ണമായും നശിക്കും. നിര്‍ഭാഗ്യവശാല്‍ അങ്ങനെ സംഭവിച്ചാല്‍ നെടുമ്പാശ്ശേരി വിമാനത്താവളം പൂര്‍ണ്ണമായും വെള്ളത്തിനടിയിലാകും, ലുലു, ഒബ്രോണ് മാള്, ഇന്ഫോ പാര്‍ക്ക്, തുടങ്ങി നിരവധി വലിയ സ്ഥാപനങ്ങള്‍ നാശോന്മുഖമാകും. എല്ലാത്തിലും പുറമേ, ഏകദേശം 30 ലക്ഷത്തിലധികം ജനങ്ങള്‍ കൊല്ലപ്പെടും. എത്രയോപേര്‍ ഭാവനരഹിതരാകും. ഏകദേശം 42 അടി ഉയരത്തില്‍ ആര്‍ത്തിരമ്പി വരുന്ന വെള്ളത്തിന്റെ മരണപ്പാച്ചിലില്‍ സര്‍വ്വതും നശിക്കും. വെള്ളം മുഴുവന് ഒഴുകി തീര്ന്നാല്‍, 10 ഓളം അടി ഉയരത്തില് ചെളി കെട്ടിക്കിടക്കുന്ന അവസ്ഥയുണ്ടാകും. ഇടുക്കി മുതല് അറബിക്കടല് വരെ സംഹാരതാണ്ടവം ആടി വെള്ളത്തിന് എത്തിച്ചേരാന് വെറും 4.30 മുതല് 5.30 വരെ മണിക്കൂറുകള് മതി. അതിനുള്ളില്‍ ലോകം തന്നെ കണ്ടത്തില് വച്ച് ഏറ്റവും വലിയ ദുരന്തം സംഭവിക്കും. പിന്നെ, ഇതിനുള്ള പരിഹാരങ്ങളിലും ആകെ പ്രശ്നങ്ങള്‍ ആണ്, തമിഴ്നാടിന്റെ. ഡാമിന് താഴെ പുതിയ ഡാം പണിയുന്നതിനു പാറ തുരന്നാല്‍ അത് ഡാമിന്റെ ഭിത്തികള്ക്ക് താങ്ങാന് കഴിയില്ല. ആകെയുള്ള പോംവഴി വെള്ളം മുഴുവന് തുറന്നു വിടുക എന്നതാണ്. അങ്ങനെ വെള്ളം മുഴുവന് തുറന്നു വിട്ടു പുതിയ ഡാം പണിതു അതില് വെള്ളം നിറഞ്ഞു തമിഴ്നാടിനു കിട്ടുമ്പോഴേക്കും കുറഞ്ഞത് 20 വര്ഷം എടുക്കും. അതുവരെ അവര്‍ വെള്ളത്തിനെന്തു ചെയ്യും? അതിനാലാണ് അവര്‍ ഇതിനെ ശക്തിയായി എതിര്‍ക്കുന്നത്. പക്ഷെ ഒരു പരിഹാരം കാണാതെ ഇരു സര്‍ക്കാരുകളും തര്‍ക്കിച്ചിരുന്നല്‍ന്നാല്‍ നിരപരാധികളായ ലക്ഷക്കണക്കിന് ആളുകളുടെ ജീവനും അവരുടെ സ്വപ്നങ്ങളും എല്ലാം വെള്ളം കൊണ്ട് പോകും. ഇരു സര്‍ക്കാരുകളും പരസ്പരം കൈകോര്‍ത്ത് ഏറ്റവും നല്ല പോംവഴി കണ്ടെത്തിയില്ലെങ്കില്‍ സഹിക്കാവുന്നതിലും അപ്പുറമുള്ള ഒരു ദുരന്തത്തെ ക്ഷണിച്ചു വരുത്തലാകും.
- ഫൈസല്‍ ബാവ
വായിക്കുക: accident, eco-system, protest, tragedy, water
നമുക്ക് വേണ്ടത് ജൈവ രാഷ്ട്രീയം : സി. ആര്‍. നീലകണ്ഠന്‍
July 8th, 2011പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനായ സി. ആര്‍. നീലകണ്ഠനുമായി eപത്രം പ്രതിനിധി ഫൈസല്‍ ബാവ ദുബായില്‍ വെച്ച് നടത്തിയ അഭിമുഖത്തിന്റെ ഒന്നാം ഭാഗം:
?- കേരളത്തിലെ ഒട്ടുമിക്ക പാരിസ്ഥിതിക വിഷയങ്ങളിലും നേരിട്ട് ഇടപെട്ടു വരുന്ന ഒരാളെന്ന നിലയില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ എത്രത്തോളം പോസറ്റീവായാണ് കാര്യങ്ങള്‍ നീങ്ങുന്നത്?
സി. ആര്‍. നീലകണ്ഠന്‍ : ഇപ്പോഴത്തെ സാഹചര്യത്തില്‍ പോസറ്റീവായി തന്നെയാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഈ ഇടപെടലുകള്‍ അല്ലെങ്കില്‍ സമരങ്ങള്‍ തുടര്‍ച്ചയായ ഒരു പോരാട്ടമാണ്. സുഗത കുമാരി ടീച്ചര്‍ പറഞ്ഞ പോലെ തോല്‍ക്കുന്ന യുദ്ധത്തിനും വേണമല്ലോ പടയാളികള്‍ എന്ന് പറഞ്ഞു കൊണ്ടാണ് നമ്മള്‍ തുടങ്ങുന്നത്. ഇപ്പോള്‍ എല്ലാ യുദ്ധവും തോല്‍ക്കില്ല, ചിലതെല്ലാം ജയിക്കാനും സാദ്ധ്യതയുണ്ട് എന്ന അവസ്ഥയിലാണ് എത്തി നില്‍ക്കുന്നത്. ഞാനങ്ങനെയാണ് കാണുന്നത്. അതിന് ആഗോള സാഹചര്യങ്ങള്‍ ഉണ്ട്, ലോക്കല്‍ സാഹചര്യങ്ങള്‍ ഉണ്ട്, ഇതിന്റെ ഭാഗമായി പൊതുജനങ്ങളില്‍ ഉണ്ടായിട്ടുള്ള മാറ്റം ഉണ്ട്. കുറെ കാര്യങ്ങളില്‍ ഇനി പഴയത് പോലെയുള്ള ഒരു വഴി വിട്ട രീതി തുടരാനാവില്ല എന്ന അവസ്ഥ നിലനില്‍ക്കുന്നുണ്ട്. കേരളത്തിലെ മണ്ണും വെള്ളവും വായുവും നശിപ്പിച്ചു കൊണ്ട് ഒരു വ്യവസായവും, പദ്ധതിയും ഇനി സാധ്യമല്ല എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. ഒരു അച്യുതാനന്ദന്‍ കുറച്ചു കാര്യങ്ങള്‍ മനസിലാക്കിയതിനാല്‍ കുറച്ചു ഗുണം കേരളത്തിനുണ്ടായി. ഇനി അതു പോലെ മറ്റൊരു നേതൃത്വം മനസിലാക്കിയാല്‍ കുറച്ചു കൂടി ഗുണം കിട്ടും. ഈ പ്രതീക്ഷ വളരാന്‍ കാരണം ചില നേതാക്കളുമായി നടത്തിയ സ്വകാര്യ സംഭാഷണങ്ങളില്‍ നിന്നാണ്. ഇത് നമ്മുടെ നേതൃത്വങ്ങള്‍ തന്നെ മനസിലാക്കിയിരിക്കുന്നു എന്നതാണ് ഞാന്‍ പോസറ്റീവ് എന്ന് ഉദ്ദേശിച്ചത്. അപ്പോള്‍ തോല്‍ക്കുന്ന യുദ്ധത്തില്‍ നിന്നും ചിലപ്പോഴെങ്കിലും ജയിക്കാവുന്നതും, ശത്രുവിനു പോലും നമ്മള്‍ പറയുന്നത് ശരിയാണ് എന്ന് തോന്നുന്ന അവസ്ഥയിലേക്ക് എത്തിക്കഴിഞ്ഞു. പക്ഷെ അത് അല്‍പം വൈകിപ്പോയോ എന്നൊന്നും ഈ തരത്തിലുള്ള പോരാട്ടങ്ങളില്‍ നമുക്ക് പറയാനാവില്ല.
?- പോസറ്റീവ് എന്ന് പറയുമ്പോളും എന്തു കൊണ്ടാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കിടയില്‍ തന്നെ ഒരു ഏകീകരണം ഉണ്ടാകാത്തത്? ഒരു ഹരിത രാഷ്ട്രീയം ഇവിടെ വേരു പിടിക്കാത്തത്?
സി. ആര്‍ : അത് സാദ്ധ്യമല്ല, കാരണം നമുക്ക് മാര്‍ക്സിസത്തിന്റെ പേരില്‍ യോജിച്ചു പോകാന്‍ കഴിയുന്നില്ല, ഗാന്ധിസത്തിന്റെ പേരില്‍ യോജിക്കാന്‍ പറ്റുന്നില്ല പിന്നെയെങ്ങനെയാണ് ഹരിത രാഷ്ട്രീയത്തിന്റെ പേരില്‍ യോജിച്ചു പോകാന്‍ പറ്റുക? യഥാര്‍ഥത്തില്‍ ഒരു മാക്രോ പൊളിറ്റിക്സിന്റെ കീഴില്‍ ജനങ്ങളെ യോജിപ്പിക്കാന്‍ കഴിയുമെന്ന ധാരണ ഇന്ന് എനിക്കില്ല. എങ്ങിനെയാണ് ഏകീകരണം വരേണ്ടത്, എന്ത് അടിസ്ഥാനത്തിലാണ് ഏകീകരണം ഉണ്ടാവേണ്ടത്, എന്തായിരിക്കണം അതിന്റെ ഒരു പ്ലാറ്റ്ഫോം, സംഘടനാപരമായ ചട്ടക്കൂട് നില്‍ക്കട്ടെ, എന്ത് ഐഡിയോളജിക്കല്‍ പ്ലാറ്റ്ഫോമിലാണ് വരിക, അങ്ങിനെ വരണമെങ്കില്‍ അതിനുള്ള ശേഷി കേരളത്തിലെ ഹരിത രാഷ്ട്രീയത്തിനുണ്ടോ? ഇല്ല എന്ന് പറയേണ്ടി വരും, ചുരുക്കി പറഞ്ഞാല്‍ കേരളത്തില്‍ ഹരിത രാഷ്ട്രീയം വളര്‍ന്നിട്ടേയില്ല. കേരളത്തില്‍ ഉണ്ടായിട്ടുള്ള ഒരു സമരവും ഹരിത രാഷ്ട്രീയമായി ബന്ധപ്പെട്ടു കൊണ്ട് വന്നിട്ടുള്ളതല്ല. കേരളത്തിന്റെ സാമൂഹ്യ ജീവിതത്തെ ബാധിക്കുന്ന ഒരു വിഷയവും ഹരിത രാഷ്ട്രീയമായി വന്നതല്ല. ഉദാഹരണത്തിന് ഇപ്പോള്‍ ഏറ്റവും ചര്‍ച്ചയായ എന്‍ഡോസള്‍ഫാന്‍ വിഷയം ഹരിത രാഷ്ട്രീയമായാണോ വന്നത്, അല്ലല്ലോ. എവിടെ പ്പോയി കേരളത്തിലെ ഹരിത രാഷ്ട്രീയക്കാര്‍! ഞാന്‍ ഒരു ഹരിത രാഷ്ട്രീയക്കനാണ് എന്ന് എവിടെയും പറഞ്ഞിട്ടില്ല. ആരാണ് കേരളത്തില്‍ ഇത്തരം പ്രശ്നങ്ങള്‍ പൊക്കി കൊണ്ടു വന്നത്. ഹരിത രാഷ്ട്രീയക്കാരാണോ? ഞാനടക്കമുള്ളവരൊന്നും അല്ല. ഞാനായിട്ട് കേരളത്തില്‍ ഒരു സമരവും തുടങ്ങിയിട്ടില്ല. ഇപ്പൊ പ്ലാച്ചിമടയിലെ കൊക്കോകോള സമരം ഭയങ്കര വിജയമാണെന്നാണല്ലോ പറയുന്നത്, എന്നാല്‍ ഇത് ഹരിത രാഷ്ട്രീയത്തിന്റെയോ സാമ്രാജ്യത്വ വിരുദ്ധതയുടെയോ, മേധാ പട്കറുടെയോ, വി. എസിന്റെയോ, വീരേന്ദ്ര കുമാറിന്റെയോ വെറാരുടെയോ വിജയാമാണെന്നൊക്കെ പറയുമ്പോളും പ്ലാച്ചിമടയുടെ വെറും മുപ്പതു കിലോമീറ്റര്‍ അപ്പുറത്ത് കഞ്ചിക്കോട് ഇതേ ജല ചൂഷണം മറ്റൊരു സാമ്രാജ്യത്വ കുത്തക കമ്പനിയായ പെപ്സി തുടരുകയാണ്. എന്തു കൊണ്ട് പെപ്സിയുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കാന്‍ കഴിഞ്ഞില്ല? ഇത്രയേയുള്ളൂ. കഞ്ചിക്കോട് നാട്ടുകാര്‍ ശക്തമായ സമരമായെത്തിയില്ല. പ്ലാച്ചിമടയില്‍ നാട്ടുകാര്‍ കൊക്കകോളയെ കെട്ടു കെട്ടിക്കാന്‍ ഒന്നിച്ചു അണി നിരന്നു. ആ സമരമെന്ന തീയില്‍ ഇന്ധനമിടുകയോ കത്തിക്കുകയോ പടര്‍ത്തുകയോ ഒക്കെ ചെയ്യുന്ന പണി ഞാനടക്കമുള്ളവര്‍ പലരും ചെയ്തിടുണ്ട്. എന്‍ഡോസള്‍ഫാന്‍ സമരത്തിലും അത് തന്നെയാണ് ഉണ്ടായത്. പക്ഷെ സമരത്തിന്റെ തീയില്ലാത്തിടത്ത് എന്തുണ്ടാവാനാണ്? ഞാന്‍ പറഞ്ഞു വന്നത് രാഷ്ട്രീയം ഹരിതമല്ല, ഇരകളുടെ രാഷ്ട്രീയം തന്നെയാണ്, (കെ. ഇ. എന്‍. പറയുന്ന ഇരയല്ല) ആ ഇരകളുടെ രാഷ്ട്രീയം നിങ്ങളെങ്ങനെയാണ് കൈകാര്യം ചെയ്തത് എന്ന് നോക്കിയാണ് സമരങ്ങളുടെ വിജയ പരാജയങ്ങള്‍ വിലയിരുത്തേണ്ടത്. എല്ലാ സമരങ്ങളും അതാതു പ്രദേശത്തെ ജനങ്ങള്‍ ഏറ്റെടുത്തത് കൊണ്ടാണ് ഇത്രയെങ്കിലും എത്തിയത്, അല്ലാതെ ഞാനടക്കമുള്ള പരിസ്ഥിതി പ്രവര്‍ത്തകര്‍ തുടങ്ങി വെച്ച ഒരു സമരവും ഇല്ല. ഹരിത രാഷ്ട്രീയക്കാരുമല്ല. അതാണ് ഞാന്‍ പറഞ്ഞത്, പ്രത്യയ ശാസ്ത്രത്തിന്റെ അബദ്ധ ജടിലമായ മുന്‍ധാരണകള്‍ വീക്ഷണങ്ങളെ വികലമാക്കുന്നു എന്നിടത്താണ് ഇപ്പോള്‍ ഞാന്‍ എത്തി നില്‍ക്കുന്നത്. ജൈവമായി കാര്യങ്ങളെ കാണാന്‍ ശ്രമിക്കുന്നില്ല. ജൈവം എന്ന് പറഞ്ഞാല്‍ മുന്‍ധാരണയില്ല, ഒരു ജൈവ പ്രക്രിയ മുന്‍ധാരണയോട് കൂടി ചെയ്യാവുന്നതല്ല. ജൈവം ഓരോ തവണയും പ്രകൃതിയോട് സ്വാഭാവികമായി പ്രതികരിക്കുന്നതാണ് അതിനാല്‍ നമുക്ക് വേണ്ടത് ജൈവ രാഷ്ട്രീയമാണ്, ഹരിതമെന്നല്ല ഞാന്‍ പറയുക ജൈവമെന്നാണ്. ഞാന്‍ ഹരിത രാഷ്ട്രീയക്കാരനല്ല, ജൈവ രാഷ്ട്രീക്കാരാനാണ് (Organic Politics).
?- അത്തരത്തില്‍ പ്ലാച്ചിമടയിലെ കൊക്കകോളക്കെതിരെ, കാസര്‍ക്കോട്ട് എന്‍ഡോസള്‍ഫാന്‍ തളിക്കുന്നതിനെതിരെ, ഈ സമരങ്ങളൊക്കെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ വിജയമാണെന്ന് പറയാനാവുമോ? രാഷ്ട്രീയമെന്ന് പറയുമ്പോളും അരാഷ്ട്രീയത ഇതിനിടയില്‍ ഇല്ലേ?
സി. ആര്‍ : നിങ്ങള്‍ പറഞ്ഞത് ശരിയാണ്, ഓരോ സമരത്തിന്റെയും കൃത്യമായ ആവശ്യമെന്തായിരുന്നു, എന്തിനാണ് അവര്‍ സമരം ചെയ്തത് എന്നു നോക്കണം. ഈ രണ്ടു സമരങ്ങളെയും കൃത്യമായി പരിശോധിക്കാം. ഈ രണ്ടു സമരങ്ങളും ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ സമരം വിജയിച്ചു എന്നാണ് അവകാശപ്പെടുന്നത്, പ്ലാച്ചിമട കൊക്കകോള കമ്പനി പൂട്ടി, സമരം വിജയിച്ചു, അതാര്‍ക്കാണെന്നറിയാമോ, പുറത്തുള്ളവര്‍ക്ക്. എന്‍ഡോസള്‍ഫാനും അതെ, സംഭവം സ്റ്റോക്ക്‌ഹോം കണ്‍വെന്‍ഷനില്‍ ലോക ശ്രദ്ധ നേടുന്ന തരത്തില്‍ വിഷയമെത്തി ചര്‍ച്ച ചെയ്തു എന്‍ഡോസള്‍ഫാന്‍, ഒക്കെ ശരി. നല്ലത് തന്നെ. പക്ഷെ പ്ലാച്ചിമടക്കാര്‍ക്ക്, അല്ലെങ്കില്‍ കാസര്‍കോട്ടുകാര്‍ക്ക് എന്ത് ഗുണം കിട്ടി. കഴിഞ്ഞ പത്ത് വര്‍ഷമായി കാസര്‍ക്കോട് എന്‍ഡോസള്‍ഫാന്‍ അടിക്കുന്നില്ല. പിന്നെ അവര്‍ക്ക് നിരോധിച്ചിട്ടെന്തു കാര്യം? അവരുടെ ആവശ്യം പൂര്‍ണ്ണമായും പരിഹരിക്കപ്പെട്ടോ? ഇല്ല! പക്ഷേ ആരാ സമരം തുടങ്ങിയത്? അവിടുത്തുകാര്‍! എന്തായിരുന്നു അവരുടെ ആവശ്യം, എന്‍ഡോസള്‍ഫാന്‍ നിരോധിക്കണ മെന്നായിരുന്നോ? അല്ല. അവിടെ അടിക്കരുത് എന്നായിരുന്നു, ഇതു വരെ ഈ വിഷം തളിച്ചത് മൂലം ഉണ്ടായ പ്രശ്നങ്ങള്‍, അവരുടെ രോഗങ്ങള്‍, ചികില്‍സ, പുനരധിവാസം ഇതൊക്കെയായിരുന്നു അവരുടെ ആവശ്യം. അത് പരിഹരിക്കപ്പെട്ടോ? പ്ലാച്ചിമടയിലും ഇത് തന്നെയാണ് അവസ്ഥ. അവിടുത്തെ കര്‍ഷകര്‍ക്ക് ഉണ്ടായ നഷ്ടങ്ങള്‍ നഷ്ടമായി തുടരുന്നു. അവരുടെ മണ്ണ്, വെള്ളം, ജീവിതം ഇതൊക്കെ തിരിച്ച് കിട്ടിയോ? അതാണ് ഞാന്‍ പറഞ്ഞത് സമരങ്ങളെ നാം എളുപ്പത്തില്‍ കക്ഷി രാഷ്ട്രീയത്തില്‍ കൊണ്ടിടാന്‍ പറ്റും. അപ്പോള്‍ സംഭവിക്കുന്നത് അവര്‍ അനുകൂലം, ഇവര്‍ എതിര്, അവരത് ചെയ്തു, അത് ചെയ്തില്ല ഈ തര്‍ക്കത്തിനിടയില്‍ യഥാര്‍ഥത്തില്‍ നഷ്ടപ്പെടുന്നത് ഇതിന്റെ ഇരകള്‍ക്കാണ്. അവരുടെ ജീവിതം പോയി. ദുരിതം അനുഭവിച്ചവര്‍ക്ക് നഷ്ടങ്ങള്‍ ബാക്കി തന്നെ. കൊക്കകോള നിരോധിച്ചത് കൊണ്ട് പ്ലാച്ചിമടക്കാര്‍ക്ക് എന്തു കാര്യം? അവര്‍ ഉന്നയിച്ച കാര്യങ്ങളില്‍ എന്തെകിലും കിട്ടിയോ? കാസര്‍ക്കോട്ട് കാര്‍ക്ക് ആകെ കിട്ടിയത് അമ്പതിനായിരം രൂപ വീതമാണ്. അതിപ്പോ മരിച്ചു പോയവരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷമാക്കും എന്ന് പറയുന്നു. അതു കൊണ്ടെന്ത് കാര്യം, മരിച്ചവര്‍ രക്ഷപ്പെട്ടു, ജീവിച്ചിരിക്കുന്നവര്‍ക്ക് മരിച്ചവരോട് അസൂയ തോന്നുന്ന തരത്തിലാണ് അവരുടെ ദുരിത പൂര്‍ണ്ണമായ ജീവിതം. ഇതിനിടയില്‍ ചികില്‍സ കിട്ടാതെ എന്‍ഡോസള്‍ഫാന്‍ ഇരയായ ഒരു കുട്ടി കാസര്‍കോട് മരിച്ചതായി വാര്‍ത്ത കണ്ടു. ആരാ ഉത്തരവാദി, നമ്മള്‍ സ്റ്റോക്ക്ഹോമില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കണോ വേണ്ടയോ എന്ന് ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുമ്പോള്‍ കാസര്‍കോട്ട് കുട്ടി മരിക്കുന്നു. സമരം തുടങ്ങിയത് അവരല്ലെങ്കില്‍ ശരിയാണ്. ഇതാണ് അവസ്ഥ. ഒരു സമരം എങ്ങിനെ അരാഷ്ട്രീയമാകും എന്നതാണ് ഇതിലൂടെ മനസിലാകുന്നത്.
?- ഈ കോലാഹലങ്ങള്‍ക്കിടയില്‍ കീടനാശിനിയുടെ രാഷ്ട്രീയം കേരളത്തില്‍ ഇനിയും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടോ?
സി. ആര്‍ : ഇല്ല, കേരളത്തിലെന്നല്ല ഇന്ത്യയിലെവിടെയും ചര്‍ച്ച ചെയ്യുന്നില്ല, അതാണ് ഞാന്‍ പറഞ്ഞു വന്നത്, യഥാര്‍ത്ഥത്തില്‍ ശരിയായ രാഷ്ട്രീയം കൈകാര്യം ചെയ്യുന്നവര്‍ രാഷ്ട്രീയത്തിന് പുറത്തും രാഷ്ട്രീയക്കാര്‍ അരാഷ്ട്രീയവുമാണ് കൈകാര്യം ചെയ്യുന്നത്. മേല്‍ പറഞ്ഞ രാഷ്ട്രീയം കീടനാശിനിയുടെ രാഷ്ട്രീയത്തിലേക്കോ, ജൈവ കൃഷിയുടെ രാഷ്ട്രീയത്തിലേക്കോ ഏതെങ്കിലും രീതിയില്‍ പോകുന്നുണ്ടോ? ഇല്ല. കക്ഷി രാഷ്ട്രീയവുമായി ലിങ്കു ചെയ്യുന്നതൊക്കെ അരാഷ്ടീയമായി പോകുന്നു. യഥാര്‍ഥത്തില്‍ കക്ഷി രാഷ്ട്രീയമാണ് അരാഷ്ട്രീയം. കേരളത്തില്‍ കീടനാശിനി ഇല്ലാതെ കൃഷി സാദ്ധ്യമാണെന്ന് പറയാന്‍ കഴിയുന്ന രാഷ്ട്രീയക്കാര്‍ ആരുണ്ട്? കീടനാശിനിയുടെ രാഷ്ട്രീയം പറയട്ടെ, ആരെങ്കിലും പറയുമോ? നമുക്ക് എന്‍ഡോസള്‍ഫാന്‍ വേണ്ട, പകരം വേറെയൊന്നു വേണം. ഇതു കൊണ്ടെന്ത് കാര്യം. കേരളത്തില്‍ എന്‍ഡോസള്‍ഫാനേക്കാള്‍ മാരകമായ പന്ത്രണ്ട് കീടനാശിനികള്‍ വില്‍ക്കുന്നുണ്ട്. എന്തിനു വേറെ പറയണം? ലോകം മുഴുവന്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് പറയുമ്പോളും കേരളത്തിലെ എച്ച്. ഐ. എല്‍. പൂട്ടുന്ന കാര്യത്തില്‍ നാം തീരുമാനമെടുത്തതോ? കേരളത്തിലെ പോലൂഷന്‍ കണ്ട്രോള്‍ ബോര്‍ഡിനു എന്നേ എന്‍ഡോസള്‍ഫാന്‍ ഉല്പാദനം നിര്‍ത്താന്‍ ആവശ്യപെടാമായിരുന്നു. എന്തു കൊണ്ട് ആവശ്യപ്പെട്ടില്ല?
?- പാരിസ്ഥിതികമായും രാഷ്ട്രീയമായും നിരവധി പ്രതിസന്ധികള്‍ക്ക് നടുവിലാണ് നാം എന്ന് താങ്കള്‍ പറഞ്ഞുവല്ലോ, ഇനിയുമൊരു തിരിച്ചു പോക്ക് സാധ്യമാണോ? അങ്ങിനെ എങ്കില്‍ എന്താണ് തിരിച്ചു പോക്കിനുള്ള പോംവഴി?
സി. ആര്‍ : ആദ്യമേ ഒരു കാര്യം പറയാം. വളരെ പെട്ടെന്ന് പരിഹാരം കാണാന്‍ പാകത്തിലുള്ള ഒരു എളുപ്പ വഴി നമുക്ക് മുന്നിലില്ല. നിരവധി പ്രതിസന്ധികള്‍ക്ക് നടുവിലാണ് നമ്മള്‍. എങ്ങിനെയാണ് പ്രതിസന്ധികള്‍ ഉണ്ടാകുന്നത് എന്ന് തിരിച്ചറിഞ്ഞാല്‍ മാത്രമേ എങ്ങിനെയാണ് തിരിച്ചു പോകുക എന്ന് അറിയാന്‍ കഴിയൂ. നമുക്ക് മുന്നില്‍ ഒരായിരം പ്രശ്നങ്ങള്‍ ഉണ്ട്. മുമ്പ് സൂചിപ്പിച്ച പോലെ എന്‍ഡോസള്‍ഫാന്‍ പ്രശ്നം , കുടിവെള്ളം ക്ഷാമം, മലിനമാക്കപ്പെടുന്ന ജലം, മണ്ണ്, വായു, കൂടാതെ വൈദ്യുതി, മാലിന്യം പ്രശ്നം, ആരോഗ്യം, ആയുര്‍വേദം, ചികില്‍സ, വിദ്യാഭ്യാസം ഇങ്ങനെ സര്‍വ മേഖലകളിലും പ്രതിസന്ധികള്‍ ഉണ്ട്, ഈ പ്രതിസന്ധികളില്‍ നിന്നും ഒരു തിരിച്ചു പോക്ക് സാധ്യമാണോ എന്നതാണ് നമുക്ക് മുന്നിലുള്ള ചോദ്യം. ഒരു കാര്യം ഉറപ്പാണ് ഈ തരത്തില്‍ ഇനി മുന്നോട്ട് പോകാന്‍ കഴിയില്ല. ഒരു തിരിച്ചു പോക്ക് അനിവാര്യമാണ്. ഇത് പരിസ്ഥിതി പ്രശ്നം മാത്രമല്ല. ഇന്ന് പരിസ്ഥിതി പ്രവര്‍ത്തനത്തെ വേറിട്ട് കാണാനാകില്ല. പരിസ്ഥിതി പ്രവര്‍ത്തനവും, രാഷ്ട്രീയ പ്രവര്‍ത്തനവും, മത പ്രവര്‍ത്തനവും, വിദ്യാഭ്യാസ പ്രവര്‍ത്തനവും, ആരോഗ്യ പ്രവര്‍ത്തനവും, സാംസ്കാരിക പ്രവര്‍ത്തനവുമൊന്നും വേര്‍തിരിച്ചു നിര്‍ത്താനാവാത്ത അവസ്ഥയിലാണ് ഇന്ന്. കാരണം മനുഷ്യന്‍ ജീവിക്കുന്നത് സമൂഹത്തിലാണ്. സമൂഹത്തില്‍ ഇതെല്ലാം പരസ്പരം ബന്ധിതവും പരസ്പരം ആശ്രിതവുമാണ്. എന്നാല്‍ ഇന്നത്തെ ജീവിത രീതിയെ അതേ പടി പിന്തുടര്‍ന്ന് പരിസ്ഥിതിയെ സംരക്ഷിക്കാനാകും എന്ന ഒരു വ്യാമോഹം വേണ്ട. ചെറിയ സൂത്ര പണികള്‍ കൊണ്ട് എന്തെങ്കിലും പരിഹാരം കാണാമെന്ന വ്യാമോഹവും വേണ്ട. അങ്ങനെ എളുപ്പ വഴിയിലൂടെ പരിഹരിക്കാവുന്ന ഒന്നല്ല ഇന്നത്തെ പാരിസ്ഥിതിക പ്രതിസന്ധികള്‍. നമ്മുടെ അടിസ്ഥാന ജീവിത സങ്കല്‍പത്തെ തന്നെ മാരകമായി ബാധിക്കുന്ന തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് നടുവിലാണ് നാമിന്ന്. ഈ പ്രതിസന്ധികള്‍ക്ക് ഉത്തരം തേടുമ്പോള്‍ നമ്മുടെ രാഷ്ട്രീയ വ്യവസ്ഥിതി കൂടി ചര്‍ച്ച ചെയ്യേണ്ടി വരും. ലോകത്ത് നടന്നു കഴിഞ്ഞ, നടന്നു കൊണ്ടിരിക്കുന്ന രാഷ്ട്രീയ സംഭവ വികാസങ്ങളും ഉള്‍പ്പെടുത്തി ചിന്തിച്ചാല്‍ മാത്രമേ ഒരു പരിഹാരം കാണാന്‍ കഴിയുകയുള്ളൂ. ഒരര്‍ത്ഥത്തില്‍ അത്തരം മൂവ്മെന്റുകള്‍ പലയിടത്തും ഉയര്‍ന്നു വരുന്നുണ്ട്. പ്രതീക്ഷക്ക് വകയുണ്ട് എന്നര്‍ത്ഥം.
(ഈ അഭിമുഖത്തിന്റെ തുടര്‍ന്നുള്ള ഭാഗം ഉടനെ eപത്രത്തില്‍ വരുന്നതാണ്.)
- ജെ.എസ്.
വായിക്കുക: green-people, struggle
- a-sujanapal
- accident
- agriculture
- animals
- awards
- birds
- campaigns
- climate
- court
- crime
- dams
- diseases
- eco-friendly
- eco-system
- electricity
- forest
- global-warming
- gm-crops
- green-initiatives
- green-people
- health
- important-days
- living-beings
- mangroves
- medical
- nature
- nuclear
- obituary
- pesticide
- plastic
- poetry
- pollution
- power
- protest
- solar
- struggle
- technology
- toxins
- tragedy
- vandana-shiva
- victims
- water
- wild