നമുക്ക് വേണ്ടത് ജൈവ രാഷ്ട്രീയം : സി. ആര്‍. നീലകണ്ഠന്‍

July 8th, 2011

പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനായ സി. ആര്‍. നീലകണ്ഠനുമായി eപത്രം പ്രതിനിധി ഫൈസല്‍ ബാവ ദുബായില്‍ വെച്ച് നടത്തിയ അഭിമുഖത്തിന്റെ ഒന്നാം ഭാഗം:

cr-neelakantan-faisal-bava-epathram

?- കേരളത്തിലെ ഒട്ടുമിക്ക പാരിസ്ഥിതിക വിഷയങ്ങളിലും നേരിട്ട് ഇടപെട്ടു വരുന്ന ഒരാളെന്ന നിലയില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ എത്രത്തോളം പോസറ്റീവായാണ് കാര്യങ്ങള്‍ നീങ്ങുന്നത്?

സി. ആര്‍. നീലകണ്ഠന്‍ : ഇപ്പോഴത്തെ സാഹചര്യത്തില്‍ പോസറ്റീവായി തന്നെയാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഈ ഇടപെടലുകള്‍ അല്ലെങ്കില്‍ സമരങ്ങള്‍ തുടര്‍ച്ചയായ ഒരു പോരാട്ടമാണ്. സുഗത കുമാരി ടീച്ചര്‍ പറഞ്ഞ പോലെ തോല്‍ക്കുന്ന യുദ്ധത്തിനും വേണമല്ലോ പടയാളികള്‍ എന്ന് പറഞ്ഞു കൊണ്ടാണ് നമ്മള്‍ തുടങ്ങുന്നത്. ഇപ്പോള്‍ എല്ലാ യുദ്ധവും തോല്‍ക്കില്ല, ചിലതെല്ലാം ജയിക്കാനും സാദ്ധ്യതയുണ്ട് എന്ന അവസ്ഥയിലാണ് എത്തി നില്‍ക്കുന്നത്. ഞാനങ്ങനെയാണ് കാണുന്നത്. അതിന് ആഗോള സാഹചര്യങ്ങള്‍ ഉണ്ട്, ലോക്കല്‍ സാഹചര്യങ്ങള്‍ ഉണ്ട്, ഇതിന്റെ ഭാഗമായി പൊതുജനങ്ങളില്‍ ഉണ്ടായിട്ടുള്ള മാറ്റം ഉണ്ട്. കുറെ കാര്യങ്ങളില്‍ ഇനി പഴയത് പോലെയുള്ള ഒരു വഴി വിട്ട രീതി തുടരാനാവില്ല എന്ന അവസ്ഥ നിലനില്‍ക്കുന്നുണ്ട്. കേരളത്തിലെ മണ്ണും വെള്ളവും വായുവും നശിപ്പിച്ചു കൊണ്ട് ഒരു വ്യവസായവും, പദ്ധതിയും ഇനി സാധ്യമല്ല എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. ഒരു അച്യുതാനന്ദന്‍ കുറച്ചു കാര്യങ്ങള്‍ മനസിലാക്കിയതിനാല്‍ കുറച്ചു ഗുണം കേരളത്തിനുണ്ടായി. ഇനി അതു പോലെ മറ്റൊരു നേതൃത്വം മനസിലാക്കിയാല്‍ കുറച്ചു കൂടി ഗുണം കിട്ടും. ഈ പ്രതീക്ഷ വളരാന്‍ കാരണം ചില നേതാക്കളുമായി നടത്തിയ സ്വകാര്യ സംഭാഷണങ്ങളില്‍ നിന്നാണ്. ഇത് നമ്മുടെ നേതൃത്വങ്ങള്‍ തന്നെ മനസിലാക്കിയിരിക്കുന്നു എന്നതാണ് ഞാന്‍ പോസറ്റീവ് എന്ന് ഉദ്ദേശിച്ചത്. അപ്പോള്‍ തോല്‍ക്കുന്ന യുദ്ധത്തില്‍ നിന്നും ചിലപ്പോഴെങ്കിലും ജയിക്കാവുന്നതും, ശത്രുവിനു പോലും നമ്മള്‍ പറയുന്നത് ശരിയാണ് എന്ന് തോന്നുന്ന അവസ്ഥയിലേക്ക് എത്തിക്കഴിഞ്ഞു. പക്ഷെ അത് അല്‍പം വൈകിപ്പോയോ എന്നൊന്നും ഈ തരത്തിലുള്ള പോരാട്ടങ്ങളില്‍ നമുക്ക് പറയാനാവില്ല.

?- പോസറ്റീവ് എന്ന് പറയുമ്പോളും എന്തു കൊണ്ടാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കിടയില്‍ തന്നെ ഒരു ഏകീകരണം ഉണ്ടാകാത്തത്? ഒരു ഹരിത രാഷ്ട്രീയം ഇവിടെ വേരു പിടിക്കാത്തത്?

സി. ആര്‍ ‍: അത് സാദ്ധ്യമല്ല, കാരണം നമുക്ക്‌ മാര്‍ക്സിസത്തിന്റെ പേരില്‍ യോജിച്ചു പോകാന്‍ കഴിയുന്നില്ല, ഗാന്ധിസത്തിന്റെ പേരില്‍ യോജിക്കാന്‍ പറ്റുന്നില്ല പിന്നെയെങ്ങനെയാണ് ഹരിത രാഷ്ട്രീയത്തിന്റെ പേരില്‍ യോജിച്ചു പോകാന്‍ പറ്റുക? യഥാര്‍ഥത്തില്‍ ഒരു മാക്രോ പൊളിറ്റിക്സിന്റെ കീഴില്‍ ജനങ്ങളെ യോജിപ്പിക്കാന്‍ കഴിയുമെന്ന ധാരണ ഇന്ന് എനിക്കില്ല. എങ്ങിനെയാണ് ഏകീകരണം വരേണ്ടത്, എന്ത് അടിസ്ഥാനത്തിലാണ് ഏകീകരണം ഉണ്ടാവേണ്ടത്, എന്തായിരിക്കണം അതിന്റെ ഒരു പ്ലാറ്റ്ഫോം, സംഘടനാപരമായ ചട്ടക്കൂട് നില്‍ക്കട്ടെ, എന്ത് ഐഡിയോളജിക്കല്‍ പ്ലാറ്റ്ഫോമിലാണ് വരിക, അങ്ങിനെ വരണമെങ്കില്‍ അതിനുള്ള ശേഷി കേരളത്തിലെ ഹരിത രാഷ്ട്രീയത്തിനുണ്ടോ? ഇല്ല എന്ന് പറയേണ്ടി വരും, ചുരുക്കി പറഞ്ഞാല്‍ കേരളത്തില്‍ ഹരിത രാഷ്ട്രീയം വളര്‍ന്നിട്ടേയില്ല. കേരളത്തില്‍ ഉണ്ടായിട്ടുള്ള ഒരു സമരവും ഹരിത രാഷ്ട്രീയമായി ബന്ധപ്പെട്ടു കൊണ്ട് വന്നിട്ടുള്ളതല്ല. കേരളത്തിന്റെ സാമൂഹ്യ ജീവിതത്തെ ബാധിക്കുന്ന ഒരു വിഷയവും ഹരിത രാഷ്ട്രീയമായി വന്നതല്ല. ഉദാഹരണത്തിന് ഇപ്പോള്‍ ഏറ്റവും ചര്‍ച്ചയായ എന്‍ഡോസള്‍ഫാന്‍ വിഷയം ഹരിത രാഷ്ട്രീയമായാണോ വന്നത്, അല്ലല്ലോ. എവിടെ പ്പോയി കേരളത്തിലെ ഹരിത രാഷ്ട്രീയക്കാര്‍! ഞാന്‍ ഒരു ഹരിത രാഷ്ട്രീയക്കനാണ് എന്ന് എവിടെയും പറഞ്ഞിട്ടില്ല. ആരാണ് കേരളത്തില്‍ ഇത്തരം പ്രശ്നങ്ങള്‍ പൊക്കി കൊണ്ടു വന്നത്. ഹരിത രാഷ്ട്രീയക്കാരാണോ? ഞാനടക്കമുള്ളവരൊന്നും അല്ല. ഞാനായിട്ട് കേരളത്തില്‍ ഒരു സമരവും തുടങ്ങിയിട്ടില്ല. ഇപ്പൊ പ്ലാച്ചിമടയിലെ കൊക്കോകോള സമരം ഭയങ്കര വിജയമാണെന്നാണല്ലോ പറയുന്നത്, എന്നാല്‍ ഇത് ഹരിത രാഷ്ട്രീയത്തിന്റെയോ സാമ്രാജ്യത്വ വിരുദ്ധതയുടെയോ, മേധാ പട്കറുടെയോ, വി. എസിന്റെയോ, വീരേന്ദ്ര കുമാറിന്റെയോ വെറാരുടെയോ വിജയാമാണെന്നൊക്കെ പറയുമ്പോളും പ്ലാച്ചിമടയുടെ വെറും മുപ്പതു കിലോമീറ്റര്‍ അപ്പുറത്ത്‌ കഞ്ചിക്കോട് ഇതേ ജല ചൂഷണം മറ്റൊരു സാമ്രാജ്യത്വ കുത്തക കമ്പനിയായ പെപ്സി തുടരുകയാണ്. എന്തു കൊണ്ട് പെപ്സിയുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കാന്‍ കഴിഞ്ഞില്ല? ഇത്രയേയുള്ളൂ. കഞ്ചിക്കോട് നാട്ടുകാര്‍ ശക്തമായ സമരമായെത്തിയില്ല. പ്ലാച്ചിമടയില്‍ നാട്ടുകാര്‍ കൊക്കകോളയെ കെട്ടു കെട്ടിക്കാന്‍ ഒന്നിച്ചു അണി നിരന്നു. ആ സമരമെന്ന തീയില്‍ ഇന്ധനമിടുകയോ കത്തിക്കുകയോ പടര്‍ത്തുകയോ ഒക്കെ ചെയ്യുന്ന പണി ഞാനടക്കമുള്ളവര്‍ പലരും ചെയ്തിടുണ്ട്. എന്‍ഡോസള്‍ഫാന്‍ സമരത്തിലും അത് തന്നെയാണ് ഉണ്ടായത്‌. പക്ഷെ സമരത്തിന്റെ തീയില്ലാത്തിടത്ത് എന്തുണ്ടാവാനാണ്? ഞാന്‍ പറഞ്ഞു വന്നത് രാഷ്ട്രീയം ഹരിതമല്ല, ഇരകളുടെ രാഷ്ട്രീയം തന്നെയാണ്, (കെ. ഇ. എന്‍. പറയുന്ന ഇരയല്ല) ആ ഇരകളുടെ രാഷ്ട്രീയം നിങ്ങളെങ്ങനെയാണ് കൈകാര്യം ചെയ്തത് എന്ന് നോക്കിയാണ് സമരങ്ങളുടെ വിജയ പരാജയങ്ങള്‍ വിലയിരുത്തേണ്ടത്. എല്ലാ സമരങ്ങളും അതാതു പ്രദേശത്തെ ജനങ്ങള്‍ ഏറ്റെടുത്തത് കൊണ്ടാണ് ഇത്രയെങ്കിലും എത്തിയത്‌, അല്ലാതെ ഞാനടക്കമുള്ള പരിസ്ഥിതി പ്രവര്‍ത്തകര്‍ തുടങ്ങി വെച്ച ഒരു സമരവും ഇല്ല. ഹരിത രാഷ്ട്രീയക്കാരുമല്ല. അതാണ് ഞാന്‍ പറഞ്ഞത്‌, പ്രത്യയ ശാസ്ത്രത്തിന്റെ അബദ്ധ ജടിലമായ മുന്‍ധാരണകള്‍ വീക്ഷണങ്ങളെ വികലമാക്കുന്നു എന്നിടത്താണ് ഇപ്പോള്‍ ഞാന്‍ എത്തി നില്‍ക്കുന്നത്‌. ജൈവമായി കാര്യങ്ങളെ കാണാന്‍ ശ്രമിക്കുന്നില്ല. ജൈവം എന്ന് പറഞ്ഞാല്‍ മുന്‍ധാരണയില്ല, ഒരു ജൈവ പ്രക്രിയ മുന്‍ധാരണയോട് കൂടി ചെയ്യാവുന്നതല്ല. ജൈവം ഓരോ തവണയും പ്രകൃതിയോട് സ്വാഭാവികമായി പ്രതികരിക്കുന്നതാണ് അതിനാല്‍ നമുക്ക് വേണ്ടത്‌ ജൈവ രാഷ്ട്രീയമാണ്, ഹരിതമെന്നല്ല ഞാന്‍ പറയുക ജൈവമെന്നാണ്. ഞാന്‍ ഹരിത രാഷ്ട്രീയക്കാരനല്ല, ജൈവ രാഷ്ട്രീക്കാരാനാണ് (Organic Politics).

?- അത്തരത്തില്‍ പ്ലാച്ചിമടയിലെ കൊക്കകോളക്കെതിരെ, കാസര്‍ക്കോട്ട്‌ എന്‍ഡോസള്‍ഫാന്‍ തളിക്കുന്നതിനെതിരെ, ഈ സമരങ്ങളൊക്കെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ വിജയമാണെന്ന് പറയാനാവുമോ? രാഷ്ട്രീയമെന്ന് പറയുമ്പോളും അരാഷ്ട്രീയത ഇതിനിടയില്‍ ഇല്ലേ?

സി. ആര്‍ : നിങ്ങള്‍ പറഞ്ഞത്‌ ശരിയാണ്, ഓരോ സമരത്തിന്റെയും കൃത്യമായ ആവശ്യമെന്തായിരുന്നു, എന്തിനാണ് അവര്‍ സമരം ചെയ്തത് എന്നു നോക്കണം. ഈ രണ്ടു സമരങ്ങളെയും കൃത്യമായി പരിശോധിക്കാം. ഈ രണ്ടു സമരങ്ങളും ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ സമരം വിജയിച്ചു എന്നാണ് അവകാശപ്പെടുന്നത്, പ്ലാച്ചിമട കൊക്കകോള കമ്പനി പൂട്ടി, സമരം വിജയിച്ചു, അതാര്‍ക്കാണെന്നറിയാമോ, പുറത്തുള്ളവര്‍ക്ക്. എന്‍ഡോസള്‍ഫാനും അതെ, സംഭവം സ്റ്റോക്ക്‌ഹോം കണ്‍വെന്‍ഷനില്‍ ലോക ശ്രദ്ധ നേടുന്ന തരത്തില്‍ വിഷയമെത്തി ചര്‍ച്ച ചെയ്തു എന്‍ഡോസള്‍ഫാന്‍, ഒക്കെ ശരി. നല്ലത് തന്നെ. പക്ഷെ പ്ലാച്ചിമടക്കാര്‍ക്ക്, അല്ലെങ്കില്‍ കാസര്‍കോട്ടുകാര്‍ക്ക്‌ എന്ത് ഗുണം കിട്ടി. കഴിഞ്ഞ പത്ത് വര്‍ഷമായി കാസര്‍ക്കോട്‌ എന്‍ഡോസള്‍ഫാന്‍ അടിക്കുന്നില്ല. പിന്നെ അവര്‍ക്ക് നിരോധിച്ചിട്ടെന്തു കാര്യം? അവരുടെ ആവശ്യം പൂര്‍ണ്ണമായും പരിഹരിക്കപ്പെട്ടോ? ഇല്ല! പക്ഷേ ആരാ സമരം തുടങ്ങിയത്? അവിടുത്തുകാര്‍! എന്തായിരുന്നു അവരുടെ ആവശ്യം, എന്‍ഡോസള്‍ഫാന്‍ നിരോധിക്കണ മെന്നായിരുന്നോ? അല്ല. അവിടെ അടിക്കരുത് എന്നായിരുന്നു, ഇതു വരെ ഈ വിഷം തളിച്ചത് മൂലം ഉണ്ടായ പ്രശ്നങ്ങള്‍, അവരുടെ രോഗങ്ങള്‍, ചികില്‍സ, പുനരധിവാസം ഇതൊക്കെയായിരുന്നു അവരുടെ ആവശ്യം. അത് പരിഹരിക്കപ്പെട്ടോ? പ്ലാച്ചിമടയിലും ഇത് തന്നെയാണ് അവസ്ഥ. അവിടുത്തെ കര്‍ഷകര്‍ക്ക് ഉണ്ടായ നഷ്ടങ്ങള്‍ നഷ്ടമായി തുടരുന്നു. അവരുടെ മണ്ണ്, വെള്ളം, ജീവിതം ഇതൊക്കെ തിരിച്ച് കിട്ടിയോ? അതാണ്‌ ഞാന്‍ പറഞ്ഞത്‌ സമരങ്ങളെ നാം എളുപ്പത്തില്‍ കക്ഷി രാഷ്ട്രീയത്തില്‍ കൊണ്ടിടാന്‍ പറ്റും. അപ്പോള്‍ സംഭവിക്കുന്നത് അവര്‍ അനുകൂലം, ഇവര്‍ എതിര്, അവരത് ചെയ്തു, അത് ചെയ്തില്ല ഈ തര്‍ക്കത്തിനിടയില്‍ യഥാര്‍ഥത്തില്‍ നഷ്ടപ്പെടുന്നത് ഇതിന്റെ ഇരകള്‍ക്കാണ്. അവരുടെ ജീവിതം പോയി. ദുരിതം അനുഭവിച്ചവര്‍ക്ക് നഷ്ടങ്ങള്‍ ബാക്കി തന്നെ. കൊക്കകോള നിരോധിച്ചത് കൊണ്ട് പ്ലാച്ചിമടക്കാര്‍ക്ക് എന്തു കാര്യം? അവര്‍ ഉന്നയിച്ച കാര്യങ്ങളില്‍ എന്തെകിലും കിട്ടിയോ? കാസര്‍ക്കോട്ട് കാര്‍ക്ക് ആകെ കിട്ടിയത്‌ അമ്പതിനായിരം രൂപ വീതമാണ്. അതിപ്പോ മരിച്ചു പോയവരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷമാക്കും എന്ന് പറയുന്നു. അതു കൊണ്ടെന്ത് കാര്യം, മരിച്ചവര്‍ രക്ഷപ്പെട്ടു, ജീവിച്ചിരിക്കുന്നവര്‍ക്ക് മരിച്ചവരോട് അസൂയ തോന്നുന്ന തരത്തിലാണ് അവരുടെ ദുരിത പൂര്‍ണ്ണമായ ജീവിതം. ഇതിനിടയില്‍ ചികില്‍സ കിട്ടാതെ എന്‍ഡോസള്‍ഫാന്‍ ഇരയായ ഒരു കുട്ടി കാസര്‍കോട് മരിച്ചതായി വാര്‍ത്ത കണ്ടു. ആരാ ഉത്തരവാദി, നമ്മള്‍ സ്റ്റോക്ക്ഹോമില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കണോ വേണ്ടയോ എന്ന് ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുമ്പോള്‍ കാസര്‍കോട്ട് കുട്ടി മരിക്കുന്നു. സമരം തുടങ്ങിയത് അവരല്ലെങ്കില്‍ ശരിയാണ്. ഇതാണ് അവസ്ഥ. ഒരു സമരം എങ്ങിനെ അരാഷ്ട്രീയമാകും എന്നതാണ് ഇതിലൂടെ മനസിലാകുന്നത്.

?- ഈ കോലാഹലങ്ങള്‍ക്കിടയില്‍ കീടനാശിനിയുടെ രാഷ്ട്രീയം കേരളത്തില്‍ ഇനിയും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടോ?

സി. ആര്‍ : ഇല്ല, കേരളത്തിലെന്നല്ല ഇന്ത്യയിലെവിടെയും ചര്‍ച്ച ചെയ്യുന്നില്ല, അതാണ്‌ ഞാന്‍ പറഞ്ഞു വന്നത്, യഥാര്‍ത്ഥത്തില്‍ ശരിയായ രാഷ്ട്രീയം കൈകാര്യം ചെയ്യുന്നവര്‍ രാഷ്ട്രീയത്തിന് പുറത്തും രാഷ്ട്രീയക്കാര്‍ അരാഷ്ട്രീയവുമാണ് കൈകാര്യം ചെയ്യുന്നത്. മേല്‍ പറഞ്ഞ രാഷ്ട്രീയം കീടനാശിനിയുടെ രാഷ്ട്രീയത്തിലേക്കോ, ജൈവ കൃഷിയുടെ രാഷ്ട്രീയത്തിലേക്കോ ഏതെങ്കിലും രീതിയില്‍ പോകുന്നുണ്ടോ? ഇല്ല. കക്ഷി രാഷ്ട്രീയവുമായി ലിങ്കു ചെയ്യുന്നതൊക്കെ അരാഷ്ടീയമായി പോകുന്നു. യഥാര്‍ഥത്തില്‍ കക്ഷി രാഷ്ട്രീയമാണ് അരാഷ്ട്രീയം. കേരളത്തില്‍ കീടനാശിനി ഇല്ലാതെ കൃഷി സാദ്ധ്യമാണെന്ന് പറയാന്‍ കഴിയുന്ന രാഷ്ട്രീയക്കാര്‍ ആരുണ്ട്‌? കീടനാശിനിയുടെ രാഷ്ട്രീയം പറയട്ടെ, ആരെങ്കിലും പറയുമോ? നമുക്ക്‌ എന്‍ഡോസള്‍ഫാന്‍ വേണ്ട, പകരം വേറെയൊന്നു വേണം. ഇതു കൊണ്ടെന്ത്‌ കാര്യം. കേരളത്തില്‍ എന്‍ഡോസള്‍ഫാനേക്കാള്‍ മാരകമായ പന്ത്രണ്ട് കീടനാശിനികള്‍ വില്‍ക്കുന്നുണ്ട്. എന്തിനു വേറെ പറയണം? ലോകം മുഴുവന്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് പറയുമ്പോളും കേരളത്തിലെ എച്ച്. ഐ. എല്‍. പൂട്ടുന്ന കാര്യത്തില്‍ നാം തീരുമാനമെടുത്തതോ? കേരളത്തിലെ പോലൂഷന്‍ കണ്ട്രോള്‍ ബോര്‍ഡിനു എന്നേ എന്‍ഡോസള്‍ഫാന്‍ ഉല്പാദനം നിര്‍ത്താന്‍ ആവശ്യപെടാമായിരുന്നു. എന്തു കൊണ്ട് ആവശ്യപ്പെട്ടില്ല?

?- പാരിസ്ഥിതികമായും രാഷ്ട്രീയമായും നിരവധി പ്രതിസന്ധികള്‍ക്ക് നടുവിലാണ് നാം എന്ന് താങ്കള്‍ പറഞ്ഞുവല്ലോ, ഇനിയുമൊരു തിരിച്ചു പോക്ക് സാധ്യമാണോ? അങ്ങിനെ എങ്കില്‍ എന്താണ് തിരിച്ചു പോക്കിനുള്ള പോംവഴി?

സി. ആര്‍ : ആദ്യമേ ഒരു കാര്യം പറയാം. വളരെ പെട്ടെന്ന് പരിഹാരം കാണാന്‍ പാകത്തിലുള്ള ഒരു എളുപ്പ വഴി നമുക്ക് മുന്നിലില്ല. നിരവധി പ്രതിസന്ധികള്‍ക്ക്‌ നടുവിലാണ് നമ്മള്‍. എങ്ങിനെയാണ് പ്രതിസന്ധികള്‍ ഉണ്ടാകുന്നത് എന്ന് തിരിച്ചറിഞ്ഞാല്‍ മാത്രമേ എങ്ങിനെയാണ് തിരിച്ചു പോകുക എന്ന് അറിയാന്‍ കഴിയൂ. നമുക്ക് മുന്നില്‍ ഒരായിരം പ്രശ്നങ്ങള്‍ ഉണ്ട്. മുമ്പ്‌ സൂചിപ്പിച്ച പോലെ എന്‍ഡോസള്‍ഫാന്‍ പ്രശ്നം ‍, കുടിവെള്ളം ക്ഷാമം, മലിനമാക്കപ്പെടുന്ന ജലം, മണ്ണ്, വായു, കൂടാതെ വൈദ്യുതി, മാലിന്യം പ്രശ്നം, ആരോഗ്യം, ആയുര്‍വേദം, ചികില്‍സ, വിദ്യാഭ്യാസം ഇങ്ങനെ സര്‍വ മേഖലകളിലും പ്രതിസന്ധികള്‍ ഉണ്ട്, ഈ പ്രതിസന്ധികളില്‍ നിന്നും ഒരു തിരിച്ചു പോക്ക് സാധ്യമാണോ എന്നതാണ് നമുക്ക് മുന്നിലുള്ള ചോദ്യം. ഒരു കാര്യം ഉറപ്പാണ് ഈ തരത്തില്‍ ഇനി മുന്നോട്ട് പോകാന്‍ കഴിയില്ല. ഒരു തിരിച്ചു പോക്ക് അനിവാര്യമാണ്. ഇത് പരിസ്ഥിതി പ്രശ്നം മാത്രമല്ല. ഇന്ന് പരിസ്ഥിതി പ്രവര്‍ത്തനത്തെ വേറിട്ട്‌ കാണാനാകില്ല. പരിസ്ഥിതി പ്രവര്‍ത്തനവും, രാഷ്ട്രീയ പ്രവര്‍ത്തനവും, മത പ്രവര്‍ത്തനവും, വിദ്യാഭ്യാസ പ്രവര്‍ത്തനവും, ആരോഗ്യ പ്രവര്‍ത്തനവും, സാംസ്കാരിക പ്രവര്‍ത്തനവുമൊന്നും വേര്‍തിരിച്ചു നിര്‍ത്താനാവാത്ത അവസ്ഥയിലാണ് ഇന്ന്. കാരണം മനുഷ്യന്‍ ജീവിക്കുന്നത് സമൂഹത്തിലാണ്. സമൂഹത്തില്‍ ഇതെല്ലാം പരസ്പരം ബന്ധിതവും പരസ്പരം ആശ്രിതവുമാണ്. എന്നാല്‍ ഇന്നത്തെ ജീവിത രീതിയെ അതേ പടി പിന്തുടര്‍ന്ന് പരിസ്ഥിതിയെ സംരക്ഷിക്കാനാകും എന്ന ഒരു വ്യാമോഹം വേണ്ട. ചെറിയ സൂത്ര പണികള്‍ കൊണ്ട് എന്തെങ്കിലും പരിഹാരം കാണാമെന്ന വ്യാമോഹവും വേണ്ട. അങ്ങനെ എളുപ്പ വഴിയിലൂടെ പരിഹരിക്കാവുന്ന ഒന്നല്ല ഇന്നത്തെ പാരിസ്ഥിതിക പ്രതിസന്ധികള്‍. നമ്മുടെ അടിസ്ഥാന ജീവിത സങ്കല്‍പത്തെ തന്നെ മാരകമായി ബാധിക്കുന്ന തരത്തിലുള്ള പ്രതിസന്ധികള്‍ക്ക്‌ നടുവിലാണ് നാമിന്ന്. ഈ പ്രതിസന്ധികള്‍ക്ക്‌ ഉത്തരം തേടുമ്പോള്‍ നമ്മുടെ രാഷ്ട്രീയ വ്യവസ്ഥിതി കൂടി ചര്‍ച്ച ചെയ്യേണ്ടി വരും. ലോകത്ത്‌ നടന്നു കഴിഞ്ഞ, നടന്നു കൊണ്ടിരിക്കുന്ന രാഷ്ട്രീയ സംഭവ വികാസങ്ങളും ഉള്‍പ്പെടുത്തി ചിന്തിച്ചാല്‍ മാത്രമേ ഒരു പരിഹാരം കാണാന്‍ കഴിയുകയുള്ളൂ. ഒരര്‍ത്ഥത്തില്‍ അത്തരം മൂവ്മെന്റുകള്‍ പലയിടത്തും ഉയര്‍ന്നു വരുന്നുണ്ട്. പ്രതീക്ഷക്ക് വകയുണ്ട് എന്നര്‍ത്ഥം.

(ഈ അഭിമുഖത്തിന്റെ തുടര്‍ന്നുള്ള ഭാഗം ഉടനെ eപത്രത്തില്‍ വരുന്നതാണ്.)

- ജെ.എസ്.

വായിക്കുക: ,

3 അഭിപ്രായങ്ങള്‍ »

ഹൃദയത്തില്‍ പച്ചപ്പ്‌ സൂക്ഷിച്ചവരുടെ ഓര്‍മ്മക്ക് ഈ പരിസ്ഥിതി ദിനം

June 4th, 2011

world-environment-day-2011-epathram

ജൂണ്‍ 5 ലോക പരിസ്ഥിതി ദിനം. പരിസ്ഥിതി പ്രവര്‍ത്തനത്തിനായി ജീവിതം നീക്കി വെയ്ക്കുകയും ഇന്ന് നമ്മോടൊപ്പം ഇല്ലാത്തവരുമായ കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകരുടെ ഓര്‍മ്മക്ക് മുമ്പില്‍ പച്ച ഈ പരിസ്ഥിതി ദിനം സമര്‍പ്പിക്കുന്നു.

ജീവന്റെ നിലനില്പിന് പ്രകൃതി സംരക്ഷണം അനിവാര്യമാണെന്ന തിരിച്ചറിവിലേക്ക് മലയാള മനസുകളെ ആദ്യം അടുപ്പിച്ച പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ക്ക് തുടക്കമിട്ട കേരളത്തിലെ ആദ്യത്തെ Ecoclub തുടങ്ങിയ  മഹാന്‍, പരിസ്ഥിതി പ്രവര്‍ത്തനം ജീവിതം തന്നെയാണെന്ന  മാതൃക നമുക്ക് ജീവിച്ചു കാണിച്ചു തന്ന  പ്രൊഫ. ജോണ്‍ സി. ജേക്കബ്‌ എന്ന പച്ച മനുഷ്യന്‍, ‘കേരളത്തിലെ പക്ഷികള്‍’ എന്ന മഹത്തായ ഗ്രന്ഥം മലയാളത്തിനായി സമ്മാനിച്ച, കേരളത്തില്‍ ഒട്ടനവധി യുവാക്കളെ  പരിസ്ഥിതി പ്രസ്ഥാനങ്ങളിലേക്ക് നയിച്ച, നിരവധി ശിഷ്യന്‍മാര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഉള്ള പ്രശസ്ത പക്ഷി നിരീക്ഷകനായിരുന്ന  ഇന്ദുചൂഡന്‍ മാഷ്‌, തന്റെ കാമറയുമായി ഇന്ത്യയിലാകമാനം ഓടി നടന്ന് എവിടെയെല്ലാം പ്രകൃതിയെ നശിപ്പിക്കാന്‍ ഒരുങ്ങുന്നുവോ അവിടെയെല്ലാം ചെന്ന്  അക്കാര്യങ്ങള്‍ ലോകത്തിനു തുറന്നു കാണിച്ച, എത്ര വലിയ കുത്തക കമ്പനിയായാലും പ്രകൃതിയെ ചൂഷണം ചെയ്യുന്നത് തടയാന്‍ ചങ്കൂറ്റം കാണിച്ച, കേരളത്തിലെ പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ക്ക് ശക്തി പകര്‍ന്ന, അകാലത്തില്‍ പൊലിഞ്ഞ ശരത് ചന്ദ്രന്‍, കൊക്കകോളയുടെ ജലചൂഷണത്തിനെതിരെ  പ്ലാച്ചിമട സമര മുഖത്ത്‌ നിറഞ്ഞു നിന്ന, “ഞങ്ങളുടെ വെള്ളമെടുത്ത് വില്‍ക്കാന്‍ നിങ്ങള്‍ക്കാര് അധികാരം തന്നു, ഇവിടെ നിന്നും ഇറങ്ങി പോകൂ” എന്ന് കൊക്കകോള എന്ന ആഗോള കുത്തക കമ്പനിയോട് ധൈര്യത്തോടെ ചോദിക്കുകയും മരണം വരെ ജല ചൂഷണത്തിനെതിരെ പോരാടുകയും ചെയ്ത മയിലമ്മ, കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ തളിക്കെതിരെ പൊരുതി ഇരയായി  ജീവിതം തന്നെ നല്‍കേണ്ടി വന്നവര്‍, ചാലിയാര്‍ മലിനീകരണ ത്തിനെതിരെ പൊരുതി മരിച്ച റഹ്മാന്‍ക്ക, പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ക്ക് മാതൃകയായിരുന്ന ശര്‍മ്മാജി, സൈലന്റ് വാലി സമര മുഖത്ത്‌ മുന്‍നിരയിലുണ്ടായിരുന്ന കെ. വി. സുരേന്ദ്രനാഥ്, ഒരു കാലത്ത്‌ പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന നിറ സാന്നിദ്ധ്യങ്ങളായിരുന്ന അകാലത്തില്‍ പൊലിഞ്ഞ    സ്വാമിനാഥന്‍ ആള്‍ട്ടര്‍ മീഡിയ തൃശ്ശൂര്‍, ഹരിഭാസ്കാരന്‍ കൂറ്റനാട് ‍, മൂണ്‍സ് ചന്ദ്രന്‍ നിലമ്പൂര്‍, ഡോ. സന്തോഷ്‌ കേക തൃശ്ശൂര്‍, സുരേഷ് തൃശ്ശൂര്‍, കേരളം മുഴുവന്‍ കവിത ചൊല്ലി നടന്ന്  പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് ഊര്‍ജ്ജം പകര്‍ന്നിരുന്ന, വനം കൊള്ളയ്ക്കെതിരെ ഒറ്റയാള്‍ സമരം നയിച്ച മഞ്ചേരി വനം സംരക്ഷണ സേനയുടെ എസ്. പ്രഭാകരന്‍ നായര്‍‍, അയല്‍ക്കൂട്ടങ്ങള്‍ സംഘടിപ്പിച്ച് പ്രാദേശിക കൂട്ടായ്മകള്‍ക്ക് സജീവ നേതൃത്വം നല്‍കിയ പങ്കജാക്ഷ കുറുപ്പ്‌, ജലതരംഗം മാസികയിലൂടെ ജല സംരക്ഷണത്തിന്റെ പ്രസക്തി മലയാളക്കരയില്‍ പ്രചരിപ്പിച്ച പി. എസ്. ഗോപിനാഥന്‍ നായര്‍, കൂടാതെ കാസര്‍ക്കോട്ട് എന്‍ഡോസള്‍ഫാന്‍ വിഷ മഴയില്‍ ഇരകളായി ഇല്ലാതായ കുമാരന്‍ മാഷടക്കം നിരവധി പേര്‍, ഞങ്ങളുടെ അശ്രദ്ധ കൊണ്ട് മാത്രം വിട്ടു പോയ മറ്റുള്ളവര്‍, പ്രാദേശികമായി ചെറുത്തു നില്‍പ്പുകള്‍ നടത്തി മണ്മറഞ്ഞ  അതാത് മേഖലകളിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍, പരിസ്ഥിതി ദുരന്തങ്ങളില്‍ ഇരയായവര്‍ക്കും   എല്ലാവരുടെയും പാവന സ്മരണക്ക് മുമ്പില്‍ ഈ ലോക പരിസ്ഥിതി ദിനത്തില്‍  eപത്രം ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഡോ. എം.എസ്. സ്വാമിനാഥനൊരു കത്ത്‌

November 18th, 2010

pesticide-use-epathram

പ്രിയപ്പെട്ട സ്വാമിനാഥന്,

84 വയസ്സുള്ള ഒരു കര്‍ഷകനാണ് ഞാന്‍. നാനാ തരം ഭക്ഷ്യ വിളകള്‍ കൃഷി ചെയ്ത അറുപതു കൊല്ലത്തെ അനുഭവ സമ്പത്ത്‌ എനിക്കുണ്ട്. അമ്പതുകളില്‍ രാസ വള കൃഷി നടത്തിയതടക്കം (അതിന്റെ അപകടം കാണുന്നത് വരെ) പല തരം കൃഷി രീതികള്‍ ഞാന്‍ പരീക്ഷിച്ചിട്ടുണ്ട്. പ്രകൃതിയോട് ഇണങ്ങിയ ജൈവ കൃഷിക്ക് മാത്രമേ ഇന്ത്യയിലെ ജനങ്ങള്‍ക്കാവശ്യമായ, ആരോഗ്യകരമായ ഭക്ഷ്യ വസ്തുക്കള്‍ സുലഭമായി പ്രദാനം ചെയ്യാനാകൂ എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. എല്ലാവരുടെയും അടിസ്ഥാനപരമായ എല്ലാ ആവശ്യങ്ങളും നിറവേറ്റാനും അതിനേ കഴിയൂ. ആരോഗ്യത്തോടെ, അന്തസ്സോടെ, സമാധാനപൂര്‍വ്വം ജീവിക്കാന്‍ അതാണ്‌ മാര്‍ഗ്ഗം.

dr-ms-swaminathan-epathram

ഡോ. എം. എസ്. സ്വാമിനാഥന്‍

ഇന്ത്യയില്‍ വിഷമയമായ രാസ വസ്തുക്കള്‍ കയറൂരി വിട്ട ഹരിത വിപ്ലവത്തിന്റെ പിതാവായി താങ്കള്‍ ഗണിക്കപ്പെട്ടു വരുന്നു. കഴിഞ്ഞ നാല്‍പ്പതു കൊല്ലമായി ഇന്ത്യയിലെ ലക്ഷോപലക്ഷം കര്‍ഷകരുടെ ജീവിതത്തേയും, കൃഷി ഭൂമിയേയും നശിപ്പിച്ചു കൊണ്ടിരിക്കുന്നത് ഈ രാസ വസ്തുക്കളാണ്. ഇന്ത്യയിലെ മണ്ണിനെ ദയനീയാ വസ്ഥയിലാക്കുകയും കടം കയറി മുടിഞ്ഞ കര്‍ഷകരെ ആത്മഹത്യയിലേക്ക്‌ തള്ളി വിടുകയും ചെയ്തതില്‍ മറ്റാരെക്കാളും ഉത്തരവാദിത്വം താങ്കള്‍ക്കാകുന്നു. ഹരിത വിപ്ലവം യഥാര്‍ഥത്തില്‍ ക്ഷാമം അകറ്റുകയാണോ ഉണ്ടായത്‌?

വളരെ സത്യസന്ധമായി പറയുകയാണെങ്കില്‍ ഹരിത വിപ്ലവം നമ്മുടെ മണ്ണ് നശിപ്പിക്കുകയും ഭൂഗര്‍ഭ ജലം ചോര്‍ത്തുകയും പരിണിത ഫലമായി ഭാവിയില്‍ വ്യാപകമായ തോതില്‍ ക്ഷാമം സൃഷ്ടിക്കുന്ന സ്ഥിതി വരുത്തുകയാണ് ചെയ്തത്. ബംഗാള്‍ ക്ഷാമമടക്കം മനുഷ്യ നിര്‍മ്മിതമായ എല്ലാ ക്ഷാമങ്ങള്‍ക്കും ചില സമയങ്ങളില്‍ നമ്മുടെ രാജ്യത്തിന്റെ ചില പ്രദേശങ്ങള്‍ സാക്ഷിയാകേണ്ടി വന്നിട്ടുണ്ട്. സ്വാതന്ത്ര്യത്തിനു മുമ്പ്, പ്രത്യേകിച്ച് യുദ്ധ സമയങ്ങളിലുണ്ടായ അമിതമായ ചൂഷണമായിരുന്നു അതിനു പ്രധാന കാരണം.

മഹാനായ ബങ്കിംചന്ദ്ര നമ്മുടെ നാടിനെ വിശേഷിപ്പിച്ചത് ‘സുജലം സുഫലം’ എനാണ്. നമ്മുടെ രാജ്യം യഥാര്‍ത്ഥമായും ഫലപുഷ്ടിയേറിയതും സമ്പദ് സമൃദ്ധവുമായിരുന്നു. സമ്പുഷ്ടമായ മനസ്സ്, സുലഭമായ ജലം, മതിയാകോളം വെയില്‍, ഇടതൂര്‍ന്ന കാട്, സമ്പന്നമായ ജൈവ വൈവിധ്യം എന്നിവയെല്ലാം നമുക്കുണ്ടായിരുന്നു. പോരെങ്കില്‍ സംസ്കൃത ചിത്തരായ, സമാധാന പ്രേമികളായ ജനങ്ങളും അവരുടെ കാര്‍ഷികാനുഭവ സമ്പത്തും നമുക്ക് മുതല്‍കൂട്ടായി ഉണ്ടായിരുന്നു. കൃഷി എന്നത് നമ്മുടെ രക്തത്തില്‍ ഇഴുകി ചേര്‍ന്നതാണ്. പക്ഷേ അനുഭവങ്ങളാല്‍ തല നരച്ചു തുടങ്ങിയ കര്‍ഷകര്‍ യാതൊരു വിധ കാര്ഷികാനുഭവ സമ്പത്തുമില്ലാത്ത താങ്കളെ പോലുള്ളവരാല്‍ വഞ്ചിക്കപ്പെട്ടു എന്നതില്‍ ഖേദമുണ്ട്. ദീര്‍ഘ വീക്ഷണമില്ലാത്തതും, പാരിസ്ഥിതികമായി വിനാശകരമായതുമായ ഒരു കൃഷി രീതി താങ്കളെ പോലുള്ളവരാണ് ഇന്നാട്ടില്‍ ഇറക്കുമതി ചെയ്തത്.

പതിനായിരം വര്‍ഷത്തെ കാര്‍ഷിക ചരിത്രമുണ്ട് ഇന്ത്യക്ക്. അതിപുരാതന കാലം മുതല്‍ക്കു തന്നെ ലോകത്തിലെ ഏറ്റവും ജന സാന്ദ്രത ഏറിയ രാജ്യങ്ങളിലൊന്നായ ഇന്ത്യയിലെ ജനങ്ങളെ പോറ്റാന്‍ ഇവിടുത്തെ മണ്ണിനു കഴിഞ്ഞിരുന്നു. ഒരു തരം രാസ വളങ്ങളും കീടനാശിനികളും ഇവിടെ ഉപയോഗിച്ചിരുന്നില്ല. അത്യുല്പാദന ശേഷിയുള്ള വിത്തുകളും വേണ്ടിയിരുന്നില്ല. താങ്കളിപ്പോള്‍ കൊട്ടി ഘോഷിക്കുന്ന പുതിയ ബയോടെക്‌ നിവേശങ്ങളും ഇവിടെ ഉണ്ടായിരുന്നില്ല. പണ്ടു കാലം മുതല്‍ക്കെ ആക്രമികള്‍ ഇന്ത്യയെ കൊള്ളയടിച്ചു വരുന്നുണ്ട്. എന്നിട്ടും ഇവിടുത്തെ മണ്ണിന്റെ ഫലപുഷ്ടിക്കൊരു കോട്ടവും തട്ടിയില്ല. താങ്കള്‍ ഉദ്ഘോഷിക്കുന്ന ശാസ്ത്രം കര്‍ഷകരെ വഴി പിഴപ്പിക്കുന്നതാണ്. അത് കര്‍ഷകരെ ചതിക്കുഴിയില്‍ ചാടിക്കുന്നു. നമ്മുടെ നാട്ടില്‍ ഞാവല്‍, മാവ്, പുളി തുടങ്ങിയ മരങ്ങള്‍ ധാരാളം ഫലം തരുന്നുണ്ട്. കായ്കളുടെ ഭാരം മൂലം കൊമ്പുകള്‍ തൂങ്ങി നില്‍ക്കുന്നത്‌ കാണാം. ഒരു മരത്തില്‍ നിന്നും ഏതാണ്ട് ഒരു ടണ്‍ കായകള്‍ കിട്ടും. പക്ഷേ മരത്തിന്റെ ചുവട്ടിലെ മണ്ണിനൊരു ക്ഷാമവു മുണ്ടാകുന്നില്ല. പാറക്കെട്ടുകള്‍ നിറഞ്ഞ മലമുകളില്‍ വളരുന്ന ഈ മരങ്ങള്‍ക്ക് എവിടെ നിന്നാണ് വെള്ളവും വളവും കിട്ടുന്നത് ? പ്രകൃതി അവയ്ക്ക് വേണ്ടതെല്ലാം നില്‍ക്കുന്നിടത്ത് എത്തിച്ചു കൊടുക്കുന്നു. പക്ഷേ താങ്കളെ പോലുള്ള ശാസ്ത്രജ്ഞന്‍മാരും വിദഗ്ധരും ഇത് കാണുന്നില്ല. ഒരു മരത്തിനോ ചെടിക്കോ എന്തെല്ലാം, എത്രയെല്ലാം, എപ്പോഴെല്ലാം ആവശ്യമാണെന്ന് നിങ്ങള്‍ നിശ്ചയിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണ് ?.

ഇന്ത്യയില്‍ നൂറ്റമ്പതിലേറെ കാര്‍ഷിക സര്‍വ്വകലാശാലകള്‍ ഉണ്ട്. ഇവയില്‍ പലതിനും ആയിരക്കണക്കിന് ഏക്കര്‍ ഭൂമിയുണ്ട്. ഇവയ്ക്ക് വേണ്ട അടിസ്ഥാന സൗകര്യത്തിനോ സ്റ്റാഫിനോ പണത്തിനോ ഒരു പഞ്ഞവുമില്ല. കൊട്ടക്കണക്കിനു സബ്സിഡി നല്‍കിയിട്ടും ഇവയിലൊന്ന് പോലും കാല്‍ കാശിന്റെ ലാഭ മുണ്ടാക്കി യിട്ടില്ല. സ്വന്തം അധ്യാപകരെയും മറ്റു ജീവനക്കാരെയും വിദ്യാര്‍ഥി കളെയും തീറ്റി പോറ്റാന്‍ വേണ്ട ഭക്ഷണം പോലും ഇവ ഉല്‍പ്പാദിപ്പിക്കുന്നില്ല. ഇവ കൊല്ലം തോറും യാതൊന്നിനും കൊള്ളരുതാത്ത നൂറു കണക്കിന് അഭ്യസ്ത വിദ്യരെ പടച്ചു വിടുന്നുണ്ട്. കര്‍ഷകരെ വഴി പിഴപ്പിക്കാനും, പാരിസ്ഥിതിക നാശം വിതക്കാനും മാത്രമേ ഇവര്‍ക്കറിയൂ. മറ്റെല്ലാം അവഗണിച്ചു കൊണ്ട് വാണിജ്യ – വ്യവസായങ്ങളെ പുണരുന്ന നമ്മുടെ അടിമത്ത മനോഭാവവും പ്രശ്നം സൃഷ്ടിക്കുന്നു.

പക്ഷേ വ്യവസായമെന്നത് പ്രകൃതി തരുന്ന അസംസ്കൃത വസ്തുക്കള്‍ നിത്യോപയോഗ സാധനങ്ങളായി രൂപാന്തര പ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്. പുതുതായി ഒന്നും തന്നെ വ്യവസായത്തിന് ഉണ്ടാക്കാനാവില്ല. പ്രകൃതിക്ക്‌ മാത്രമേ യഥാര്‍ത്ഥ സൃഷ്ടി നടത്താനാവൂ. സൂര്യനില്‍ നിന്നും അനുസ്യൂതം ഒഴുകിയെത്തുന്ന ഊര്‍ജ്ജത്തെ സാധനങ്ങളാക്കാന്‍ പ്രകൃതിക്ക് മാത്രമേ കഴിയൂ. എന്നാല്‍ സ്നേഹത്താലോ വിവേകത്താലോ എന്നതിനേക്കാള്‍ കച്ചവടത്താല്‍ പ്രചോദിതമായ ആധുനിക സാങ്കേതിക വിദ്യ എല്ലാ തലത്തിലും നാശം വിതക്കുന്നു. മണ്ണും വെള്ളവും വായുവുമെല്ലാം മലിനമാക്കി നശിപ്പിച്ചു. നമ്മുടെ കാടുകള്‍ എതാണ്ട് എല്ലാം തന്നെ നശിപ്പിച്ചു കഴിഞ്ഞു. വന്യജീവികളെ കൊന്നൊടുക്കി. ആധുനിക കര്‍ഷകരാവട്ടെ, തങ്ങളുടെ വയലുകളില്‍ മാരകമായ വിഷങ്ങള്‍ നിരന്തരം തളിച്ചു കൊണ്ടിരിക്കുന്നു. പ്രകൃതിയുടെ ജീവല്‍ സൃഷ്ടിയെ കൂട്ടത്തോടെ കൊന്നൊടുക്കുക യാണിവര്‍. മണ്ണിന്റെ ശ്വാസ കോശങ്ങളെ പ്രവര്‍ത്തിപ്പിക്കുകയും, ജീവന്‍ തുടിക്കുന്ന ജൈവ പിണ്ഡത്തെ സസ്യ ജാലങ്ങള്‍ക്കുള്ള പോഷകങ്ങളാക്കി മാറ്റുകയും ചെയ്യുന്ന സേവകരെയാണ് നാം കൂട്ടത്തോടെ സംഹരിക്കുന്നത്. വിഷമയമായ രാസ വസ്തുക്കള്‍ വെള്ളത്തേയും മനുഷ്യനടക്കമുള്ള പ്രാണി ലോകത്തെയും വിഷത്തില്‍ ആറാടിക്കുന്നു.

ഇന്ത്യ വിള വൈവിധ്യത്തിന് പ്രശസ്തമായിരുന്നു. നാമതില്‍ അഭിമാനം കൊണ്ടിരുന്നു. സഹസ്രാബ്ദ ങ്ങള്‍കൊണ്ട് ഈ നാടിന്റെ ആവശ്യങ്ങള്‍ക്കും കാലാവസ്ഥക്കും യോജിച്ച വിധത്തില്‍ അവ രൂപം കൊണ്ടു വന്നു. നമ്മുടെ ഉയരം കൂടിയ നാടന്‍ നെല്ലിനങ്ങള്‍ കൊടും വെയിലില്‍ നിന്ന് മണ്ണിന്‌ തണലേകി യിരുന്നു. കനത്ത കാലവര്‍ഷ ക്കാലത്ത് മണ്ണൊലിച്ചു പോകുന്നതും അവ തടഞ്ഞിരുന്നു. എന്നാല്‍ വില വര്‍ദ്ധനയുടെ പേരില്‍ താങ്കള്‍ വിദേശീയരായ കുള്ളന്‍ ഇനങ്ങള്‍ ഇവിടെ പ്രചരിപ്പിച്ചു. ഇത് കളകള്‍ക്ക് വീര്യം വര്‍ദ്ധിപ്പിച്ചു. സൂര്യ പ്രകാശത്തിനു വേണ്ടി അവ കുള്ളന്‍ നെല്ലിനോട് മത്സരിച്ചു. തന്മൂലം കളകള്‍ പറിച്ചു നീക്കാനും കളനാശിനികള്‍ വാങ്ങാനും കൂടുതല്‍ പണവും അധ്വാനവും കര്‍ഷകര്‍ക്ക് ചിലവാക്കേണ്ടി വന്നു. നാടന്‍ നെല്ലിനങ്ങളില്‍ നിന്ന് കിട്ടിയിരുന്ന വൈക്കോലിന്റെ മൂന്നിലോന്നെ ഈ കുള്ളന്‍ ഇനങ്ങള്‍ നല്‍കൂ. ഇതില്‍ പോലും വിഷാംശം കണ്ടെത്തിയതിനാല്‍ പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകര്‍ക്ക് വൈക്കോല്‍ കത്തിച്ചു കളയേണ്ടി വരുന്നു. തന്മൂലം മണ്ണിന്റെ ഫലപുഷ്ടി കുറഞ്ഞു. പുറമേ നിന്നു വളം കൊണ്ട് വരേണ്ടി വന്നു. ആ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ കര്‍ഷകര്‍ കൂടുതല്‍ രാസ വളം ചേര്‍ത്ത് തുടങ്ങി. അങ്ങനെ മണ്ണ് നശിക്കുകയും മണ്ണൊലിപ്പ്‌ ആരംഭിക്കുകയും ചെയ്തു. രാസ വളം ചേര്‍ത്ത്‌ വളര്‍ത്തിയ വിദേശീയ ഇനങ്ങള്‍ക്ക് കൂടുതല്‍ കീടബാധ അനുഭവപ്പെട്ടു. തന്മൂലം കീടനാശിനികള്‍ കോരി ഒഴിക്കേണ്ടി വന്നു. കീടനാശിനികളെ ചെറുക്കാന്‍ കീടങ്ങള്‍ ശേഷി നേടിയെന്നു മാത്രമല്ല കീട നിയന്ത്രണത്തിനു ഉപകരിച്ചിരുന്ന തവള, എട്ടുകാലി, തുടങ്ങിയ ജീവികള്‍ നശിച്ചു. അതിനപ്പുറം കൃഷിയെ പോഷിപ്പിച്ചിരുന്ന മണ്ണിരയും തേനീച്ചയും അപ്രത്യക്ഷമായി. കൃത്രിമ രാസവളങ്ങളുടെ ഉപയോഗവും നാണ്യ വിള കൃഷിയും വര്‍ദ്ധിച്ചതോടെ ജല സേചനം നടത്തേണ്ടതിന്റെ ആവശ്യം അത്യധികം വര്‍ദ്ധിച്ചു. അഞ്ച് ഹിമാലയന്‍ നദികളാല്‍ അനുഗ്രഹീതമായ പഞ്ചാബില്‍ 1952ല്‍ ഭക്രാനംഗല്‍ അണക്കെട്ട് നിര്‍മ്മിച്ചു, അതിനു ശേഷം ഇന്ത്യയുടെ നാനാ ഭാഗങ്ങളിലായി ചെറുതും വലുതുമായ നിരവധി അണക്കെട്ടുകള്‍ നിര്‍മ്മിച്ചു.

ദക്ഷിണ അമേരിക്ക കഴിഞ്ഞാല്‍ പിന്നെ ലോകത്തില്‍ ഏറ്റവും അധികം മഴ ലഭിക്കുന്ന നാടാണ് ഇന്ത്യ. വാര്‍ഷിക ശരാശരി 4 അടി വരും. സസ്യ ജാലം തണല്‍ വിരിച്ച മണ്ണില്‍, ജൈവാംശം സുലഭമായ മണ്ണില്‍ ഈ മഴയുടെ പകുതിയെങ്കിലും അടിത്തട്ടിലേക്ക് കിനിഞ്ഞിറങ്ങും. ജീവനുള്ള മണ്ണും മണ്ണിനടിയിലെ വെള്ളവുമാകുമ്പോള്‍ അത് പ്രകൃതി ദത്തമായ സംഭരണി കളാകുന്നു. അതിനാല്‍ അര നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പു വരെ ഇന്ത്യയില്‍ മിക്ക ഭാഗങ്ങളിലും കൊല്ലം മുഴുവന്‍ സുലഭമായി ജലം കിട്ടി കൊണ്ടിരുന്നു. കാട് വെട്ടി തെളിച്ചാല്‍ മണ്ണില്‍ നിന്ന് അതിന്റെ ജല സംഭരണ ശേഷി നഷ്ടപ്പെടും. പുഴകളും കിണറുകളും വറ്റും. ഇന്ത്യയില്‍ മിക്ക സ്ഥലങ്ങളിലും ഈ ദുരന്തം സംഭവിച്ചു കൊണ്ടിരിക്കുന്നു.

അടുത്ത ഒന്നോ രണ്ടോ ദശകത്തിനപ്പുറം നമ്മുടെ ഭൂമിയുടെ മുപ്പതു ശതമാന മെങ്കിലും തദ്ദേശീയ മരങ്ങളുടെയും കാട്ടു മരങ്ങളുടെയും തണലിലാക്കണം. വെള്ള കൊയ്ത്തിന്റെ മര്‍മ്മം അതാണ്‌. ഭൂഗര്‍ഭ ജല സമ്പത്ത് സ്വാഭാവികമായി സംരുദ്ധമാക്കാന്‍ അതാണ്‌ മാര്‍ഗ്ഗം. അങ്ങനെ ചെയ്‌താല്‍ ഒരു ദശകത്തിനപ്പുറം നിസ്സാര ചെലവില്‍ മികച്ച നേട്ടം കൈവരിക്കാന്‍ കഴിയും. ഭൂമിക്കടിയില്‍ സ്വാഭാവികമായി ജലം സംഭരിക്കുന്നതിനുള്ള സാധ്യതയെ പറ്റി നമുക്ക്‌ ബോധ്യമില്ല എന്നതാണ് കഷ്ടം. ഇന്ത്യയില്‍ ഗവണ്‍മെന്റ് നിര്‍മ്മിച്ചതും നിര്‍മ്മിക്കുന്നതും നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നതുമായ വലുതും ഇടത്തരവും ചെറുതുമായ അണക്കെട്ടുകളില്‍ എല്ലാം കൂടി സംഭരിക്കാവുന്ന ജലത്തിന്റെ അനേകമിരട്ടി ജലം ജനങ്ങള്‍ക്ക്‌ അവരവരുടെ കാല്‍ ചുവട്ടില്‍ തന്നെ സംഭരിക്കാന്‍ കഴിയും. ഇത്തരത്തിലുള്ള വികേന്ദ്രീകൃത ജല സംഭരണമാണ് കൂടുതല്‍ കാര്യക്ഷമായത്.

ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടതിനു ശേഷം ഇന്ത്യയിലെ കാര്‍ഷിക മേഖല പുഷ്ടിപ്പെട്ടു വരികയായിരുന്നു. ജനങ്ങളില്‍ 75 ശതമാനവും ജീവിക്കുന്ന നാട്ടിന്‍പുറത്ത് പോഷക വൈവിദ്ധ്യത്തിന് ക്ഷാമ മുണ്ടായിരുന്നില്ല. എന്നാല്‍ നഗര വ്യവസായ മേഖലയുടെ വികസനത്തി നായിരുന്നു ഗവണ്‍മെന്റിനു താല്പര്യം. അതിനു വേഗം കേടു വരാത്ത ധാന്യങ്ങളുടെ ഉത്പാദനം കൂട്ടേണ്ടി വന്നു. ഈ സങ്കുചിത ലക്ഷ്യമാണ്‌ ‘ഹരിത വിപ്ലവം’ അടിച്ചേല്‍പ്പിക്കാന്‍ ഉണ്ടായ യഥാര്‍ത്ഥ കാരണം.

ദാരിദ്ര്യം, തൊഴിലില്ലായ്മ, ജനസംഖ്യാ വര്‍ദ്ധനവ്‌ എന്നിവ പരസ്പരം ബന്ധപ്പെട്ട മൂന്നു പ്രശ്നങ്ങളാണ്. ഈ പ്രശ്നങ്ങള്‍ ഒരേ സമയം പരിഹരിക്കാനുള്ള മാര്‍ഗ്ഗം ഇന്ത്യന്‍ കൃഷിയുടെ സ്വാഭാവിക ആരോഗ്യം വീണ്ടെടുക്കുകയാണ്. കൃഷിക്കു വേണ്ട ആവശ്യങ്ങള്‍ പരിമിതമാക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ കൃഷിയിലൂടെ പരമാവധി ആളുകള്‍ക്ക് സ്വതന്ത്രരാകാന്‍ കഴിയൂ. അതായത്‌ വളരെ കുറച്ച് മൂലധനമേ കൃഷിക്ക് വേണ്ടൂ എന്നു വരണം. വില കൊടുത്ത്‌ വാങ്ങേണ്ട ആവശ്യങ്ങള്‍ കുറയ്ക്കണം. കാര്‍ഷിക ഉപകരണങ്ങളുടെ ആവശ്യം പരിമിത മാക്കണം. ബാഹ്യ സാങ്കേതിക വിദ്യയും കുറയണം. അങ്ങനെ കാര്‍ഷികോത്പാദനം വര്‍ദ്ധിപ്പിക്കാം. അപ്പോള്‍ ദാരിദ്ര്യം കുറയും. ജനസംഖ്യാ പെരുപ്പം ഒരു വിധം പരിഹരിക്കാനാവും.

bhasker-save-epathram

ഭാസ്കര്‍ സാവേ

ഇന്ത്യക്കിന്ന് അത്യാവശ്യമായത് ബഹുവിള ജൈവ കൃഷിയും ഫല വൃക്ഷങ്ങള്‍ നട്ടു വളര്‍ത്തലും കാടുകളുടെ പുനരുദ്ധാരണവുമാണ്. വ്യാപകമായ ഇത്തരമൊരു മാറ്റത്തെ പിന്താങ്ങാനുള്ള ആര്‍ജവ ബുദ്ധി താങ്കള്‍ക്കുണ്ടാകുമോ? ഇക്കാര്യത്തില്‍ നിങ്ങള്ക്ക് എന്തെങ്കിലും സംശയങ്ങള്‍ ഉണ്ടെങ്കില്‍ അതറിയിച്ചാല്‍ മറുപടി തരാന്‍ എനിക്ക് സന്തോഷമേയുള്ളൂ. ഞാനെന്റെ കൃഷിയിടത്തിലേക്ക് അങ്ങയെയും ക്ഷണിക്കുകയും ചെയ്യുന്നു.

എന്ന്

സ്നേഹപൂര്‍വ്വം,

ഭാസ്കര്‍ എച്ച്. സാവേ

(ഗുജറാത്തിലെ വില്സാദിലുള്ള ജൈവ കൃഷി തോട്ടത്തിന്റെ സ്ഥാപകനും പാരമ്പര്യ കൃഷിക്കാരനുമായ ഭാസ്കര്‍ സാവേ ദേശീയ കര്‍ഷക കമ്മീഷന്റെ ചെയര്‍മാനും ‘ഹരിത വിപ്ലവ’ത്തിന്റെ പിതാവുമായ ഡോ. എം. എസ്. സ്വാമിനാഥന് എഴുതിയ പ്രശസ്തമായ കത്തിന്റെ സംക്ഷിപ്ത രൂപം)

കടപ്പാട് : ഇല്ല്യാസ്‌ , പാഠഭേദം, ജീവനം 09

അവലംബം: The Great Agricultural Challenge

- ഫൈസല്‍ ബാവ

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഇന്ത്യയുടെ പക്ഷി മനുഷ്യന് ആദരാഞ്ജലികള്‍

July 27th, 2010
Salim Ali ePathram

ഇന്ത്യയുടെ പക്ഷി മനുഷ്യന്‍ ഡോ. സാലിം അലി

ലോക പ്രശസ്ത പക്ഷി ശാസ്ത്രജ്ഞന്‍ ഡോ. സാലിം അലി നമ്മോട് വിട പറഞ്ഞിട്ട് ഇന്നേക്ക് ഇരുപത്തി മൂന്നു വര്‍ഷം തികയുകയാണ്. 1987 ജൂലൈ 27നാണ് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞത്.

രണ്ടു വര്ഷം മുന്‍പ് ഇന്നേ ദിവസമായിരുന്നു e പത്രത്തില്‍ പരിസ്ഥിതി വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന “പച്ച” യുടെ ആരംഭവവും. ഒരു കാലത്ത് “വികസനത്തിന്‌ വിഘാതമാവുകയും ശല്യമാവുകയും” ചെയ്ത പരിസ്ഥിതി വാദം പിന്നീട് ഒരു ഫാഷന്‍ ആവുകയും ഇന്ന് മനുഷ്യ രാശിയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന ഘടകമായി അവഗണിക്കാനാവാത്ത വിധം രാഷ്ട്രീയ പ്രാധാന്യം കൈവരിക്കുകയും ചെയ്തിരിക്കുന്നു. ഈ ഘട്ടത്തില്‍ പരിസ്ഥിതി സമരങ്ങളിലും ചെറുത്തുനില്‍പ്പുകളിലും, സമാന്തര പ്രവര്‍ത്തനങ്ങളിലും സജീവമായി പങ്കെടുക്കുന്ന പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക്‌ പരസ്പരം ബന്ധപ്പെടുവാനും ആശയങ്ങള്‍ കൈമാറുവാനും ഉള്ള ഒരു വേദിയായി മാറുവാന്‍ e പത്രം പച്ച ഒരുങ്ങുകയാണ്.

ഇതിന്റെ ആദ്യ പടിയായി ലോകത്തില്‍ എവിടെ ഇരുന്നും, നമ്മുടെ നാടിന്റെ പാരിസ്ഥിതിക വിഷയങ്ങളില്‍ നമ്മുടെതായ സഹായം എത്തിക്കുവാനും അതാത് മേഖലയിലെ പരിസ്ഥിതി പ്രവര്‍ത്തകരെ ബന്ധപ്പെടുവാനും സഹായകരമാവുന്ന e ഡയറക്ടറിക്ക് “പച്ച” തുടക്കം ഇട്ടു കഴിഞ്ഞു.

ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

നമുക്കെന്തിനാണ് പക്ഷികള്‍?

November 18th, 2009

dr-salim-aliപക്ഷികളെ ജീവനേക്കാള്‍ ഏറെ സ്നേഹിച്ച നമ്മുടെ പ്രിയപ്പെട്ട ഓര്‍ണിതോളോജിസ്റ്റ് (ornithologist) ഡോ. സലീം അലിയ്ക്ക് ശേഷം ഇന്ത്യയില്‍ അത്രയും പ്രശസ്തനായ മറ്റൊരു പക്ഷി ശാസ്ത്രജ്ഞന്‍ ഉണ്ടായിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ജീവിത കാലം മുഴുവന്‍ കാടായ കാടുകളൊക്കെ പക്ഷികളെ കാണുന്നതിനായി കാതു കൂര്‍പ്പിച്ച് കൈയ്യില്‍ ബൈനോക്കുലറും തൂക്കി സലീം സഞ്ചരിച്ചു. അദ്ദേഹത്തിന്റെ സഞ്ചാര പഥത്തില്‍ കേരളത്തിലെ കുമരകവും പല തവണ ഉള്‍പ്പെട്ടു എന്നത് നമുക്ക് മലയാളികള്‍ക്ക് അഭിമാനിക്കാവുന്നതാണ്.

തമിഴ്‌നാട്ടിലെ പോയന്റ് കാലിമീര്‍, കര്‍ണ്ണാടകയിലെ രംഗനത്തിട്ടു, ഉത്തര്‍ പ്രദേശിലെ ഭരത്പൂര്‍ തുടങ്ങി നിരവധി പക്ഷി സങ്കേതങ്ങള്‍ അദ്ദേഹം നിരവധി തവണ സന്ദര്‍ശിച്ചു ഗവേഷണം നടത്തുക മാത്രമല്ല നമുക്ക് അതു വരെ അറിയാതിരുന്ന പല പ്രദേശങ്ങളും പക്ഷികളുടെ ആവാസ കേന്ദ്രമാണെന്ന് കാണിച്ചു തന്നതു സലീം അലിയാണ്.

മഞ്ഞത്തൊണ്ടക്കുരുവി (yellow throated sparrow) യുടെ പതനത്തിലൂടെ പക്ഷികളുടെ ലോകത്തിലേക്ക് കടന്നു വന്ന ബാലന്‍ ലോകത്തിലെ തന്നെ വലിയ പക്ഷി ശാസ്ത്രജ്ഞമാരില്‍ ഒരാളായി മാറുകയായിരുന്നു. പക്ഷി ഗവേഷണത്തിനായി അദ്ദേഹം പല രാജ്യങ്ങളും സന്ദര്‍ശിച്ചു പഠനം നടത്തി.

ഡബ്ല്യൂ. എസ്. മില്ലാര്‍ഡ്, എര്‍വിന്‍ ട്രെസ്മാന്‍ തുടങ്ങിയവരുടെ പേരില്‍ അദ്ദേഹം ഗവേഷണം നടത്തി. എങ്കിലും വേണ്ടത്ര അക്കാദമിക്കല്‍ യോഗ്യത ഇല്ലായെന്ന കാരണം കാണിച്ച് സുവോളൊജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അദ്ദേഹത്തിന് ഓര്‍ണിത്തോളൊജിസ്റ്റിന്റെ അവസരം നിഷേധിക്കുകയുണ്ടായി. സ്വന്തം പ്രയത്നം കൊണ്ട് അദ്ദേഹം ഉപജീവനം കണ്ടെത്തി. കഷ്‌ട്ടപ്പാടുകള്‍ക്കിടയിലും തന്റെ നിരീക്ഷണ ഗവേഷണങ്ങള്‍ തുടര്‍ന്നു.

“ഞാന്‍ ലബോറൊട്ടറിയില്‍ ഇരുന്നു പക്ഷികളെ കുറിച്ച് പഠനം നടത്തുകയല്ല, മറിച്ച് അവയുടെ ആവാസ വ്യവസ്ഥിതിയിലേക്കിറങ്ങി ചെന്ന് അവയുടെ ചലനങ്ങളും, പ്രവര്‍ത്തനവും, ജീവിത രീതികളും ഗവേഷണം ചെയ്യാനാണ് താല്പര്യപ്പെടുന്നത്” എന്ന് അദ്ദേഹം പറഞ്ഞു. “ദി ബുക്ക് ഓഫ് ഇന്ത്യന്‍ ബേഡ്സ്” എന്ന പ്രശസ്ത പക്ഷി ഗവേഷണ ഗ്രന്ഥം എഴുതിയ അദ്ദേഹം “ദി ബേഡ്സ് ഓഫ് കച്ച്”, “ഇന്ത്യന്‍ ഹില്‍ ബേഡ്സ്”, “ബേഡ്സ് ഓഫ് കേരള”, “ദി ബേഡ്സ് ഓഫ് സിക്കിം” തുടങ്ങി നിരവധി ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്.

1996ല്‍ ബോംബെയില്‍ (മുംബായ്) ജനിച്ച സലീം അലി 1987ല്‍ മരണമടഞ്ഞു. നവംബര്‍ 12 അദ്ദേഹത്തിന്റെ ജന്മ ദിനമാണ്. അന്നേ ദിവസം ലോക പക്ഷി നിരീക്ഷണ ദിനമായി ആചരിക്കുന്നു.

പക്ഷികളെ കുറിച്ച് നിരീക്ഷണങ്ങളും, ഗവേഷണങ്ങളും നടത്താന്‍ പുതു തലമുറയെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. ആവാസ വ്യവസ്ഥിതിയുടെ നിലനില്‍പ്പിന്റെ പ്രധാന ഘടകം തന്നെയാണ് പക്ഷികളും. മരങ്ങളില്‍ കൂട്ടം ചേര്‍ന്ന് കൂടു കെട്ടി പാര്‍ക്കുന്ന ഈ തൂവല്‍ ചങ്ങാതിമാര്‍ മനുഷ്യന് ഒരിക്കലും ഉപദ്രവകാരികള്‍ ആകുന്നില്ല. മറിച്ച് പ്രകൃതിയുടെ സന്തുലനം കാത്തു സൂക്ഷിക്കാന്‍ ഏല്‍പ്പിക്കപ്പെട്ടവരാണിവര്‍.

sunbird

Sunbird

തേന്‍ കുരുവികള്‍ എന്ന് അറിയപ്പെടുന്ന Sunbirds പരാഗണം നടത്താനുള്ള ഉത്തരവാദിത്വം ഏറ്റെടുത്തവരാണ്. ഒരു പൂവില്‍ നിന്ന് തേന്‍ നുകര്‍ന്ന് വീണ്ടും മറ്റൊരു പൂവില്‍ കൊണ്ടുരുമ്മുമ്പോള്‍ പരാഗണം നടക്കുന്നു.

url

Woodpecker

മരം കൊത്തികള്‍ പ്രത്യക്ഷത്തില്‍ മരം കേട് വരുത്തുന്നവരാണ് എന്ന് തോന്നാമെങ്കിലും മരത്തിന്റെ പോടുകളില്‍ ഇരുന്ന് മരം നശിപ്പിക്കുന്ന കീടങ്ങളെയും പ്രാണികളെയും നശിപ്പിക്കുകയാണവ ചെയ്യുന്നത്.
തന്‍‌മൂലം മരത്തിന്റെ ആയുസ്സ് വര്‍ദ്ധിക്കുന്നു.

ഇലകള്‍ കരണ്ടു നശിപ്പിക്കുന്ന പുഴുക്കളെ നിയന്ത്രിക്കുന്നവരാണ് കുരുവികളില്‍ അധികം പേരും. കുട്ടുറുവന്‍ എന്ന് അറിയപ്പെടുന്ന റോളര്‍ ബേഡ്സും കീട നിയന്ത്രണം നടത്തുന്നവരാണ്. ചില പ്രദേശങ്ങളില്‍ ഇവയെ പച്ച കിളി എന്നും വിളിക്കാറുണ്ട്. മനോഹരമായി പാട്ടു പാടുകയും ചെയ്യും. സീസണില്‍ മാത്രമെ ഇവ പാടാറുള്ളൂ.

വേലി തത്ത എന്ന് അറിയപ്പെടുന്ന മുളന്തത്തകള്‍ (Bee Eater) പേര് പോലെ തന്നെ ഈച്ചകളെ ആണ് ഭക്ഷിക്കുന്നത്. ഇതും ഒരു തരത്തില്‍ പ്രകൃതിയുടെ ആരോഗ്യകരമായ നിലനില്‍പ്പിനെ സഹായിക്കുകയാണ്.

പക്ഷികള്‍ക്കു വേണ്ടി നമുക്ക് ആവാസ വ്യവസ്ഥിതി രൂപപ്പെടുത്താം. ഒപ്പം പ്രകൃതിയെ സംരക്ഷിക്കാം.


പുന്നയൂര്‍ക്കുളം സെയ്നുദ്ദീന്‍

- ഡെസ്ക്

വായിക്കുക: ,

1 അഭിപ്രായം »

2 of 3123

« Previous Page« Previous « സൈലന്റ്‌ വാലിക്ക് ഇരുപത്തഞ്ചു വയസ്സ്‌
Next »Next Page » ഭോപ്പാല്‍ ദുരന്ത ഭൂമി ഇന്നും മലിനം »

  • കല്ലേൻ പൊക്കുടൻ അന്തരിച്ചു
  • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
  • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
  • കൂടംകുളം ഇന്നു മുതൽ
  • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
  • അമേരിക്കൻ ചെർണോബിൽ ചോരുന്നു
  • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
  • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
  • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
  • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
  • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
  • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
  • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
  • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
  • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
  • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
  • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
  • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
  • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
  • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

  • © e പത്രം 2010