ഭോപാല്‍ ദുരന്തത്തിന് ഇടയാക്കുകയും, ദുരന്തത്തിന് ഇരയായ അനേകായിരം ഇന്ത്യാക്കാരുടെ ദുരിതത്തിനു നേരെ മുഖം തിരിക്കുകയും, ഇന്ത്യന്‍ നിയമ വ്യവസ്ഥയെ തന്നെ പുച്ഛിച്ച് കോടതിക്കു മുന്‍പില്‍ ഹാജരാ വാതിരിക്കുകയും ചെയ്ത യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ ഉടമകളായ ദൌ കെമിക്കത്സില്‍ നിന്നും സ്പോണ്‍സര്‍ ഷിപ്പ് സ്വീകരിക്കാനുള്ള നീക്കത്തില്‍ നിന്നും ഹിന്ദു ദിനപത്രം പിന്മാറി. നവമ്പര്‍ 17 മുതല്‍ 22 വരെ ചെന്നൈ യില്‍ നടക്കാനിരുന്ന സംഗീത ഉത്സവത്തിന്റെ സ്പോണ്‍സര്‍മാരില്‍ ഒരാളായിരുന്നു ദൌ കെമിക്കത്സ്.
കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളായി ഭോപ്പാല്‍ ദുരന്തം സജീവമായി കൈകാര്യം ചെയ്ത ഹിന്ദു ദിനപത്രം ദൌ കെമിക്കത്സിന്റെ പണം സ്വീകരിക്കുന്നതിനോട് വായനക്കാര്‍ ഏറെ എതിര്‍പ്പോടെയാണ് പ്രതികരിച്ചത്. ഇതിനെതിരെ വായനക്കാര്‍ ഈമെയില്‍ വഴിയും, നേരിട്ടും തങ്ങളുടെ ശക്തമായ പ്രതിഷേധം അറിയിച്ചതിനെ തുടര്‍ന്നാണ് ദൌ കെമിക്കത്സിന്റെ സ്പോണ്‍സര്‍ ഷിപ്പ് ഹിന്ദു വേണ്ടെന്ന് വെച്ചത് എന്ന് ഹിന്ദു വിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് എന്‍. റാം അറിയിച്ചു.
1984 ഡിസംബര്‍ 2ന് യൂണിയന്‍ കാര്‍ബൈഡിന്റെ ഭോപ്പാലിലെ ഫാക്ടറിയില്‍ ഉണ്ടായ വാതക ചോര്‍ച്ചയില്‍ 8000ല്‍ അധികം പ്രദേശ വാസികള്‍ മരണമടയുകയും 5 ലക്ഷത്തോളം പേര്‍ മറ്റ് അനുബന്ധ രോഗങ്ങളാല്‍ പീഡനം അനുഭവിക്കുകയും ചെയ്തു. കമ്പനി ഉപേക്ഷിച്ച അനേകായിരം ടണ്‍ വരുന്ന മാരക വിഷമുള്ള മാലിന്യം ഭൂഗര്‍ഭ ജലത്തെ മലിന പ്പെടുത്തുകയും, ഇന്നും പ്രദേശത്തുള്ള 25000 ഓളം പേര്‍ ഈ മലിന ജലം ഉപയോഗിക്കുകയും ചെയ്യുന്നു.
ഈ മാലിന്യം നീക്കം ചെയ്യാന്‍ കമ്പനി വിസമ്മതിക്കുകയാണ്. ഇന്ത്യന്‍ കോടതിയില്‍ ഹാജരാകാത്ത കമ്പനി പ്രതിനിധികളെ ഇന്ത്യ പിടി കിട്ടാ പുള്ളികളായി പ്രഖ്യാപിച്ചിട്ടുണ്ട്. തങ്ങള്‍ക്കെതിരെയുള്ള കേസ് പിന്‍വലിച്ചില്ലെങ്കില്‍ അമേരിക്കന്‍ നിക്ഷേപത്തെ തന്നെ അത് ബാധിക്കുവാന്‍ വേണ്ടത് തങ്ങള്‍ ചെയ്യും എന്നാണ് അമേരിക്കയിലെ വമ്പന്‍ കമ്പനിയായ ഇവരുടെ ഭീഷണി.
തങ്ങളുടെ സല്‍പ്പേര് തിരിച്ചു പിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി, കഴിഞ്ഞ വര്‍ഷം ദൌ കമ്പനി ഐ.ഐ.ടി. കളില്‍ വിദ്യാര്‍ത്ഥികളുടെ പരിപാടികള്‍ സ്പോണ്‍സര്‍ ചെയ്യാന്‍ ഒരുങ്ങിയിരുന്നു. എന്നാല്‍ അന്ന് വിദ്യാര്‍ത്ഥികള്‍ എതിര്‍ത്തതിനാല്‍ ഇത് നടന്നില്ല. ദൌ നല്‍കിയ സ്പോണ്‍സര്‍ ഷിപ്പ് തുക ഐ.ഐ.ടി. ഡല്‍ഹി തിരിച്ചു നല്‍കി. മാത്രമല്ല ഐ.ഐ.ടി. യില്‍ നിന്ന് കാമ്പസ് റിക്രൂട്ട്മെന്റ് നടത്താനും കമ്പനിയെ അനുവദിച്ചില്ല.