യുനെസ്‌കോ ലോക പൈതൃക പട്ടികയില്‍ പശ്‌ചിമഘട്ട പര്‍വതനിരയും യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇന്ത്യയിലെ പശ്‌ചിമഘട്ട പര്‍വതനിരയും. ലോകത്ത് നിലനില്‍ക്കുന്ന വളരെ പ്രധാനപ്പെട്ട എട്ടു പാരിസ്ഥിതിക പ്രദേശങ്ങളുടെ ലിസ്റ്റിലാണ് ഇന്ത്യയിലെ പശ്‌ചിമഘട്ട പര്‍വതനിര ഉള്‍പ്പെട്ടത്. ജൈവ വൈവിധ്യം കൊണ്ടും വനസമ്പത്ത് കൊണ്ടും അതീവ പ്രാധാന്യമുള്ള പ്രദേശമാണ് പശ്‌ചിമഘട്ടം എന്നതിനാല്‍ ഈ മേഖല നശീകരണ ഭീഷണിയില്‍ നിന്നു സംരക്ഷിക്കപ്പെടണമെന്നതു ലോകത്തിന്റെ ആവശ്യമായി മാറിയിരിക്കുകയാണ്. മണ്‍സൂണ്‍ മഴകളെ നിയന്ത്രിക്കുന്നതു തന്നെ ഈ മലനിരകളെന്നതാണ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം പശ്‌ചിമഘട്ടത്തിന്റെ അഥവാ സഹ്യപര്‍വതത്തിന്റെ പാരിസ്ഥിതിക പ്രാധാന്യം. കേരളം, തമിഴ്‌നാട്, കര്‍ണാടക, ഗോവ, മഹാരാഷ്‌ട്ര, ഗുജറാത്ത് എന്നീ സംസ്‌ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന പ്രദേശമാണ് പശ്‌ചിമഘട്ട പര്‍വതനിര. ഏകദേശം ഈ മേഖലക്ക് 45 മുതല്‍ 65 വരെ ദശലക്ഷം വര്‍ഷം പഴക്കം കണക്കാക്കുന്നുണ്ട്. പശ്‌ചിമഘട്ടം 1,60,000 ചതുരശ്ര കിലോമീറ്ററില്‍ പരന്നു കിടക്കുകയാണ്.
പശ്‌ചിമഘട്ടത്തിനൊപ്പം നിശബ്‌ദതയുടെ താഴ്‌വര(സൈലന്റ്‌വാലി)യും വിനോദസഞ്ചാര കേന്ദ്രവും വാണി മൃഗ സംരക്ഷണ കേന്ദ്രവുമായ തേക്കടിയും ലോക പൈതൃക പദവിയിലേക്കു വരുന്നതോടെ ഈ മേഖലയെ സംരക്ഷിക്കേണ്ടത്തിന്റെ ആവശ്യകത വര്‍ദ്ധിക്കും അതോടെ അതിരപിള്ളി പദ്ധതിയും, കുന്തിപുഴയില്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ചു കെ. എസ്. ഇ. ബി. അവതരിപ്പിച്ച പാത്രക്കടവ് പദ്ധതിയും പൂര്‍ണമായും ഉപേക്ഷിക്കേണ്ടി വരും. ഈ ആവശ്യങ്ങള്‍ ഏറെ കാലമായി കേരളത്തിലുള്ള പരിസ്ഥിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നതാണ് ഇത് അവര്‍ക്കുള്ള അംഗീകാരമാണ്.
യുനെസ്‌കോ ലോക പൈതൃക പട്ടികയില്‍ പശ്‌ചിമഘട്ട പര്‍വതനിരയും
July 4th, 2012- ഫൈസല്‍ ബാവ
വായിക്കുക: eco-system, nature
നെല്ലിയാമ്പതിയെ രക്ഷിക്കൂ കാമ്പയിന്‍ ഉല്‍ഘാടനം ജൂണ്‍ മാസം 30-ന്
June 26th, 2012
നെല്ലിയാമ്പതിയെ രക്ഷിക്കൂ എന്ന കാമ്പയിന്‍ ഉല്‍ഘാടനം ജൂണ്‍ മാസം 30-ന് തിരുവനന്തപുരത്ത് ശ്രീ. വി. എം.സുധീരന് നിര്‍വഹിക്കും . ലോകത്തിലെ അപൂര്‍വ തീവ്രജൈവ വൈവിദ്ധ്യസമ്പന്ന മേഖലകളില്‍ ഒന്നാണ് പശ്ചിമഘട്ടം. പശ്ചിമഘട്ടത്തില്‍ ഭൂമിശാസ്ത്രപരവും പരിസ്ഥിതിപരവുമായ ഏറെ പ്രത്യേകതകള്‍ ഉള്ളതാണ് നെല്ലിയാമ്പതി മലനിരകളും അതിലെ ജൈവസമ്പത്തും. കോളനിവാഴ്ചക്കാലത്ത് നെല്ലിയാമ്പതിയിലെ പതിനായിരത്തോളം ഏക്കര്‍ വനഭൂമി ഏതാനും തോട്ടങ്ങള്‍ക്ക് പാട്ടത്തിനു നല്കകയുണ്ടായി. പാട്ടക്കാലാവധി തീരുന്നമുറക്കും പാട്ടവ്യവസ്ഥകള്‍ ലംഘിക്കപെട്ടാലും ഭൂമി തിരിച്ചെടുക്കാന്‍ വ്യവസ്ഥയും അധികാരവും വനംവകുപ്പിനുണ്ട്.
- ലിജി അരുണ്‍
വായിക്കുക: campaigns, eco-system, forest, protest
ജപ്പാൻ ആണവ നിലയങ്ങൾ വീണ്ടും പ്രവർത്തിപ്പിക്കുന്നു
June 17th, 2012ടോക്യോ : ചെർണോബിൽ ആണവ ദുരന്തത്തിനു ശേഷമുള്ള എറ്റവും വലിയ ആണവ ദുരന്തമായ ഫുക്കുഷിമ ആണവ ദുരന്തത്തിന് സാക്ഷ്യം വഹിച്ച ജപ്പാനിൽ ആണവ നിലയങ്ങൾ വീണ്ടും പ്രവർത്തനക്ഷമമാക്കാൻ നീക്കങ്ങൾ ആരംഭിച്ചു. ആദ്യ ഘട്ടത്തിൽ രണ്ട് നിലയങ്ങളാണ് വീണ്ടും പ്രവർത്തിപ്പിക്കുക. എന്നാൽ ഇത് മറ്റു നിലയങ്ങൾ കൂടി തുറക്കുവാനുള്ള ആദ്യ പടിയാണ് എന്ന് കരുതപ്പെടുന്നു. വ്യാപകമായ പ്രതിഷേധം വക വെയ്ക്കാതെയാണ് അധികൃതർ ആണവ നിലയങ്ങൾ തുറക്കുവാനുള്ള അനുമതി നല്കിയത്.
എന്നാൽ ഫുക്കുഷിമ ദുരന്തത്തെ തുടർന്ന് രാജ്യം നേരിടുന്ന കടുത്ത ഊർജ്ജ ക്ഷാമത്തിന് താല്ക്കാലിക പ്രതിവിധി മാത്രമാണ് ഈ നടപടി എന്നാണ് അധികൃതർ പറയുന്നത്. പാരമ്പര്യേതര ഊർജ്ജ സ്രോതസുകളുടെ ഉപയോഗത്തിൽ വർദ്ധന വരുത്തി അണവ ഊർജ്ജത്തിന്റെ ഉപയോഗം കുറച്ചു കൊണ്ടു വരിക തന്നെയാണ് സർക്കാരിന്റെ ലക്ഷ്യം എന്ന് ജപ്പാൻ പ്രധാനമന്ത്രി യൊഷിഹിക്കോ നോഡ വ്യക്തമാക്കി.
ഫുക്കുഷിമ ആണവ ദുരന്തത്തെ തുടർന്ന് ജർമ്മനി അടക്കമുള്ള ചില യൂറോപ്യൻ രാജ്യങ്ങൾ ആണവ് ഊർജ്ജത്തിന് എതിരായ നിലപാട് സ്വീകരിച്ചിരുന്നു. തങ്ങളുടെ എല്ലാ ആണവ നിലയങ്ങളും ജർമ്മനി പൂർണ്ണമായി പ്രവർത്തന രഹിതമാക്കുകയും ചെയ്തു. ആണവ ഊർജ്ജം സുരക്ഷിതമായ ഒരു ഊർജ്ജ സ്രോതസ്സല്ല എന്ന് തെളിഞ്ഞിട്ടും ഇപ്പോഴും ഇന്ത്യ അടക്കമുള്ള പല മൂന്നാം ലോക രാജ്യങ്ങളിലും അമേരിക്കയും ഫ്രാൻസും പോലുള്ള രാജ്യങ്ങൾ ആണവ നിലയങ്ങൾ സ്ഥാപിക്കാൻ മൽസരിക്കുകയാണ്.
- ജെ.എസ്.
വായിക്കുക: nuclear
ഹൃദയത്തില്‍ പച്ചപ്പ് സൂഷിച്ചവരുടെ ഓര്‍മ്മക്ക്
June 4th, 2012ജൂണ്‍ 5 ലോക പരിസ്ഥിതി ദിനം.പരിസ്ഥിതി പ്രവര്‍ത്തനത്തിനായി ജീവിതം നീക്കിവെക്കുകയും ഇന്ന് നമ്മോടൊപ്പം ഇല്ലാത്തവരുമായ കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകരുടെ ഓര്‍മ്മക്ക് മുമ്പില്‍ പച്ച ഈ പരിസ്ഥിതി ദിനം സമര്‍പ്പിക്കുന്നു.
പ്രൊഫ:ജോണ്‍ സി ജേക്കബ്
ജീവന്റെ നിലനില്പിന് പ്രകൃതിസംരക്ഷണം അനിവാര്യമാണെന്ന തിരിച്ചറിവിലേക്ക് മലയാള മനസുകളെ ആദ്യം അടുപ്പിച്ച പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ക്ക് തുടക്കമിട്ട കേരളത്തിലെ ആദ്യത്തെ Ecoclub തുടങ്ങിയ മഹാനായ പ്രൊഫ:ജോണ്‍ സി ജേക്കബ്. പരിസ്ഥിതി പ്രവര്‍ത്തനം ജീവിതം തന്നെയാണെന്ന മാതൃക നമുക്ക് ജീവിച്ചു കാണിച്ചു തന്നത് ഇദ്ദേഹമാണ്.
ഇന്ദുചൂഡന്‍മാഷ്
‘കേരളത്തിലെ പക്ഷികള്‍’ എന്ന മഹത്തായ ഗ്രന്ഥം മലയാളത്തിനായി സമ്മാനിച്ച, കേരളത്തില്‍ ഒട്ടനവധി യുവാക്കളെ പരിസ്ഥിതി പ്രസ്ഥാന ങ്ങളിലേക്ക് നയിച്ച, നിരവധി ശിഷ്യന്‍മാര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഉള്ള പ്രശസ്ത പക്ഷിനിരീക്ഷകനായിരുന്ന ഇന്ദുചൂഡന്‍മാഷ്.
ശരത് ചന്ദ്രന്‍
തന്റെ കാമറയുമായി ഇന്ത്യലാകമാനം ഓടിനടന്ന് എവിടെയെല്ലാം പ്രകൃതിയെ നശിപ്പിക്കാന്‍ ഒരുങ്ങുന്നുവോ അവിടെയെല്ലാം ചെന്ന് അക്കാര്യങ്ങള്‍ ലോകത്തിനു തുറന്നു കാണിച്ച, എത്ര വലിയ കുത്തക കമ്പനിയായാലും പ്രകൃതിയെ ചൂഷണം ചെയ്യുന്നത് തടയാന്‍ ചങ്കൂറ്റം കാണിച്ച, കേരളത്തിലെ പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ക്ക് ശക്തി പകര്‍ന്ന, അകാലത്തില്‍ പൊലിഞ്ഞ ശരത് ചന്ദ്രന്‍.
മയിലമ്മ
കൊക്കകോളയുടെ ജലചൂഷണ ത്തിനെതിരെ പ്ലാച്ചിമട സമരമുഖത്ത് നിറഞ്ഞുനിന്ന, “ഞങ്ങളുടെ വെള്ളമെടുത്ത് വില്‍ക്കാന്‍ നിങ്ങള്‍ക്കാര് അധികാരം തന്നു, ഇവിടെ നിന്നും ഇറങ്ങി പോകൂ” എന്ന് കൊക്കകോള എന്ന ആഗോള കുത്തക കമ്പനിയോട് ധൈര്യത്തോടെ ചോദിക്കുകയും മരണം വരെ ജലചൂഷനത്തിനെതിരെ പോരാടുകയും ചെയ്ത മയിലമ്മ.
പ്രകൃതിയുടെ ഓരോ സ്പന്ദനവും മനസിലേറ്റി മരണം വരെ പ്രകൃതിയെ പറ്റി പറഞ്ഞു കൊണ്ടിരിക്കുകയും ചെയ്ത ‘ഒരേ ജീവന്‍ ഒരേ ഭൂമി’ എന്ന പരിസ്ഥിതി മാസികയുടെ പത്രാധിപരായിരുന്നു ശിവപ്രസാദ് മാഷ്,
കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ തളിക്കെതിരെ പൊരുതി ഇരയായി ജീവിതം തന്നെ നല്‍കേണ്ടിവന്ന നിരവധി പേര്‍,
ചാലിയാര്‍ മലിനീകരണ ത്തിനെതിരെ പൊരുതി മരിച്ച റഹ്മാന്‍ക്ക
പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ക്ക് മാതൃകയായിരുന്ന ശര്‍മ്മാജി,
കെ വി സുരേന്ദ്രനാഥ്
സൈലന്റ് വാലി സമരമുഖത്ത് മുന്‍നിരയിലുണ്ടായിരുന്ന കെ വി സുരേന്ദ്രനാഥ്.
ഒരു കാലത്ത് പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന നിറസാന്നിദ്ധ്യങ്ങളായിരുന്ന അകാലത്തില്‍പൊലിഞ്ഞ സ്വാമിനാഥന്‍ ആള്‍ട്ടര്‍ മീഡിയ തൃശ്ശൂര്‍, ഹരിഭാസ്കാരന്‍ കൂറ്റനാട് , മൂണ്‍സ് ചന്ദ്രന്‍ നിലമ്പൂര്‍, ഡോ: സന്തോഷ് കേക തൃശ്ശൂര്‍, സുരേഷ് തൃശ്ശൂര്‍,
കേരളം മുഴുവന്‍ കവിത ചൊല്ലി നടന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് ഊര്‍ജ്ജം പകര്‍ന്നിരുന്ന, വനം കൊള്ളക്കെതിരെ ഒറ്റയാള്‍ സമരം നയിച്ച മഞ്ചേരി വനം സംരക്ഷണ സേനയുടെ എസ് പ്രഭാകരന്‍ നായര്‍,
അയല്‍ക്കൂട്ടങ്ങള്‍ സംഘടിപ്പിച്ച് പ്രാദേശിക കൂട്ടായ്മകള്‍ക്ക് സജ്ജീവ നേതൃത്വം നല്‍കിയ പങ്കജാക്ഷകുറുപ്പ്.
ജലതരംഗം മാസികയിലൂടെ ജലസംരക്ഷണത്തിന്റെ പ്രസക്തി മലയാളക്കരയില്‍ പ്രചരിപ്പിച്ച പി എസ് ഗോപിനാഥന്‍നായര്‍,
കൂടാതെ കാസര്‍ക്കോട്ട് എന്‍ഡോസള്‍ഫാന്‍ വിഷമഴയില്‍ ഇരകളായി ഇല്ലാതായ കുമാരന്‍ മാഷടക്കം നിരവധി പേര്‍,
ഞങ്ങളുടെ അശ്രദ്ധകൊണ്ട് മാത്രം വിട്ടുപോയ മറ്റുള്ളവര്‍, പ്രാദേശികമായി ചെറുത്തുനില്‍പ്പുകള്‍ നടത്തി മണ്മറഞ്ഞ അതാത് മേഖലകളിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍ പരിസ്ഥിതി ദുരന്തങ്ങളില്‍ ഇരയായവര്‍ക്കും എല്ലാവരുടെയും പാവന സ്മരണക്ക് മുമ്പില്‍ ഈ പരിസ്ഥിതി ദിനത്തില്‍ ഇപത്രം ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു
- ന്യൂസ് ഡെസ്ക്
വായിക്കുക: eco-friendly, green-initiatives, green-people, nature, obituary, victims
പരിസ്ഥിതി: മനുഷ്യന്‍ പഠിക്കാത്ത ചില പാഠങ്ങള്‍
June 4th, 2012ജൂണ്‍ 5 ലോക പരിസ്ഥിതി ദിനം
“ലോകത്തിലെ ഓരോ കുട്ടിയും ബോധന പ്രക്രിയയിലൂടെ മലിനീകരണമെന്ന മഹാവിപത്തിനെപ്പറ്റി ബോധാവാനാകണം. പ്രകൃതിയുമായുള്ള മനുഷ്യന്റെ സമന്വയം ബോധനത്തിന്റെ ചെറിയ ചെറിയ കാല്‍വെയ്പ്പുകളിലൂടെയേ പൂര്‍ത്തിയാക്കാനാകൂ. മനുഷ്യന്റെ ഭാവി, ബോധന പ്രക്രിയയുടെ ഒരു പ്രധാന കണ്ണിയാകണം” (സരളാ ബഹന്‍:- Revive our Dying Planet) ജീവന്റെ നിലനില്‍പ്പിന് തന്നെ ഭീഷണി നേരിട്ട് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മാത്രമാണ് നാം പരിസ്ഥിതിയെ പറ്റി ചിന്തിക്കാന്‍ തുടങ്ങിയത്. നമ്മുടെ വിദ്യാഭ്യാസ കാലം തൊട്ടേ പരിസ്ഥിതിയെ പറ്റി ഒരവബോധം ഉണ്ടാക്കാന്‍ ശ്രമിച്ചിരുന്നു എങ്കില്‍ കുറച്ചെങ്കിലും മാറ്റം വരുത്താന്‍ നമുക്കാവുമായിരുന്നു.
പരിസ്ഥിതിക അവബോധം നമുക്കിടയില്‍ നിന്നും എങ്ങിനെയോ ചോര്‍ന്നു പോയി കൊണ്ടിരിക്കുകയാണ്. ജെയ്താപൂരിലും കൂടംകുളത്തും ആണവ നിലയം സ്ഥാപിച്ചേ അടങ്ങൂ എന്ന വാശിയിലാണ് നമ്മുടെ ഭരണകൂടം, ചെര്‍ണോബിലും, ത്രീമെന്‍ ഐലന്റും നാം എന്നേ മറന്നുപോയി. എന്നാല്‍ ഫുക്കുഷിമ എത്ര പെട്ടെന്നാണ് നാം മറന്നത്. നമ്മളെക്കാള്‍ സാങ്കേതിക മികവുള്ള ജപ്പാന് പോലും നിയന്ത്രിക്കാനാവാത്ത ഒരു ഊര്‍ജ്ജത്തെ നമുക്ക് പിടിച്ചു കെട്ടാനാവുമെന്ന ചിന്ത അപകടം തന്നെ. അമേരിക്കയോടും ഫ്രാന്‍സിനോടുമുള്ള വിധേയത്വവും, കച്ചവട ഇടപാടും നൂറു കോടി ജനതയുടെ ഭാവി ഇരുട്ടിലാക്കി തന്നെ വേണമെന്നാണോ? ഫ്രഞ്ച് കമ്പനിയായ അരേവക്ക് 1650 മെഗാ വാട്ട് ശേഷിയുള്ള 6 ആണവ നിലയങ്ങള്‍ പണിയാന്‍ കരാറിലൊപ്പിട്ടുകഴിഞ്ഞു.
ഭൂമിയെ പരമാവധി നാം കാര്‍ന്നു തിന്നു കഴിഞ്ഞു. അവശേഷിക്കുന്നവ കാര്‍ന്നു തിന്നാന്‍ ആക്കം കൂട്ടുന്നു. ഓരോ പരിസ്ഥിതി ദിനം കടന്നു പോകുമ്പോളും ആകുലതകള്‍ വര്‍ദ്ധിക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ നാം കേട്ട് കൊണ്ടിരിക്കുന്നു. വലിയ ദുരന്തം തന്നെയാണ് ഫുക്കുഷിമയില്‍ സംഭവിച്ചത്. കാലങ്ങളോളം ആണവ വികിരണം ആ മണ്ണിലും, വായുവിലും, ജലത്തിലും അടിഞ്ഞു കിടന്ന് വരും തലമുറയെ കാര്‍ന്നു തിന്നും. ഇക്കാര്യങ്ങളൊന്നും അറിയാത്തവരല്ല നമ്മെ ഭരിക്കുന്നത് എന്നിട്ടും ജേയ്താപൂരിലെ ആണവ നിലയം വേണമെന്ന് തന്നെ വാശിപിടിക്കുന്നു. ആണവ ആപത്തിനെ മാടി വിളിക്കുന്ന നാം കറുത്ത നാളെയെയിലേക്കാണ് നയിക്കപ്പെടുക.
പലപ്പോഴും പരിസ്ഥിതി ദിനങ്ങള്‍ പോലുള്ള ദിവസങ്ങളെ നാം ആഘോഷമാക്കി മാറ്റാനാണ് ശ്രമിക്കാറ്. എന്നാല്‍ ഈ ദിനത്തെ ഒരു ബോധവല്‍ക്കരണ ദിനമായി ഏറ്റെടുത്ത് പ്രകൃതിയെ മനസ്സിലാക്കാന്‍ ഒരു ശ്രമമാണ് ഉണ്ടാകേണ്ടത്. ഈ പരിസ്ഥിതി ദിനം സാമ്പത്തിക നയങ്ങളില്‍ പരിസ്ഥിതിക്ക് ഊന്നല്‍ നല്‍കേണ്ടതിന്റെ ആവശ്യകതയെ ആഹ്വാനം ചെയ്യുന്നു, വികസന ജ്വരത്തില്‍ പരിസ്ഥിതിയെ പരിഗണിക്കാതിരുന്നാല്‍ ഉണ്ടാകുന്ന ഗുരുതരമായ പ്രതിസന്ധികളെ തരണം ചെയ്യാന്‍ നമ്മുടെ സാമ്പത്തിക നയങ്ങള്‍ പോരാതെ വരും അതിനാല്‍ വരും കാലം പരിസ്ഥിതിയെ പരിഗണിച്ചു കൊണ്ട് മാത്രമേ മുന്നോട്ട് പോകാന്‍ കഴിയൂ.
കാട് എന്ന ശ്വാസകോശത്തെ കാത്തുസൂക്ഷിക്കുന്നത്തിന്റെ പ്രാധാന്യം നാം മറന്ന് കഴിഞ്ഞു. അന്തരീക്ഷത്തില്‍ വര്‍ദ്ധിച്ചു വരുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് വന്‍ അപകടത്തെയാണ് വിളിച്ചു വരുത്തുക, അന്തരീക്ഷത്തില്‍ നിന്ന് മണിക്കൂറില്‍ രണ്ടു കിലോഗ്രാം കാര്‍ബണ്‍ ഡൈ ഓക്സൈഡിനെ വലിച്ചെടുക്കാനെ ഒരു മരത്തിനു കഴിയൂ, വന നശീകരണം മൂലം അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് ക്രമാതീതമായി വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്, ഇത് നിലവിലെ സന്തുലിതാവസ്ഥയെ തകര്‍ക്കുകയും ജീവന്റെ നാശത്തിലേക്ക് വഴിവെക്കുകയും ചെയ്യും. കടുത്ത ചൂടിനെ കാത്തിരിക്കുന്ന നമുക്ക് ഇന്ന് മരങ്ങള്‍ ആവശ്യമില്ലാതായിരിക്കുന്നു. മരങ്ങള്‍ ചെയ്യുന്ന ധര്‍മ്മം നാം മറന്നിരിക്കുന്നു. ലോകത്തെ പ്രധാന പെട്ട മഴക്കാടുകള്‍ എല്ലാം തന്നെ ഭീഷണിയിലാണ്. ബ്രസീലിലെ ആമസോണ്‍ മേഖല കാട്ടുതീയും മറ്റു അധിനിവേശങ്ങളും മൂലം കടുത്ത പ്രതിസന്ധിയിലാണ്, ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ കിളിമന്ചാരോ മേഖലയും ഇതേ പ്രതിസന്ധി തന്നെയാണ് നേരിടുന്നത്, സൈബീരിയന്‍ മേഖലകളും, ഏഷ്യന്‍ മേഖലയിലെ വനമേഖലയും കടുത്ത കയ്യേറ്റ ഭീഷണി നേരിടുന്നു.
നമ്മുടെ സൈലന്റ്‌വാലി, വികസനത്തിന്റെ വിളി കാത്ത് കിടക്കുന്നു ബയോവാ വാലി പോലുള്ള പദ്ധതികള്‍ക്കായി ചിലര്‍ കാത്തു കിടക്കുന്നു. ഭൂമി നശിക്കാന്‍ അധികം കാലം വേണ്ട എന്ന പ്രവചനങ്ങള്‍ ശരിവെക്കുന്ന തരത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. മഴക്കാടുകള്‍ വെട്ടി മരം നടുന്ന നമ്മുടെ വനവല്‍ക്കരണ പദ്ധതികള്‍ വരുത്തി വെച്ച നാശത്തിന്റെ ആഴം തിരിച്ചറിയണമെങ്കില്‍ അട്ടപ്പാടി മേഖല സന്ദര്‍ശിച്ചാല്‍ മതിയാകും. സാമൂഹ്യ വനവല്‍ക്കരണം പോലുള്ള ചതികളെയാണ് നാം വികസനം എന്ന പേരില്‍ ഏറ്റെടുത്തത്, ഹരിത വിപ്ലവം ഉണ്ടാക്കിയ നാശം എത്രയോ വലുതായിരുന്നു എന്ന് മനസ്സിലാക്കാന്‍ നമ്മുടെ വിദഗ്ധര്‍ക്ക് ഇരുപത് വര്‍ഷം കാത്തിരിക്കേണ്ടി വന്നു. 44 നദികളുള്ള കേരളത്തില്‍ മഴക്കാലത്തും ശുദ്ധജലക്ഷാമം, കാലം തെറ്റി വരുന്ന മഴ, ചുട്ടുപൊള്ളുന്ന പകലുകള്‍, മാലിന്യങ്ങള്‍ നിറഞ്ഞ നഗരങ്ങള്‍, വിഷമഴ പെയ്ത തോട്ടങ്ങള്‍, പാടത്തും പറമ്പിലും വാരി ക്കോരിയോഴിക്കുന്ന കീട നാശിനികള്‍, എങ്ങും വിഷം മുക്കിയ പച്ചക്കറികള്‍, പഴങ്ങള്‍, നാടും കാടും വെട്ടി ഉണ്ടാക്കുന്ന എക്സ്പ്രസ് ഹൈവേ, റിയല്‍എസ്റ്റേറ്റ് ലോബി കയ്യേറുന്ന വനം, മലിനമാക്കപ്പെട്ട നദികള്‍, കാസര്‍കോഡ് ഒരു കൊതുക് പറന്നാല്‍ തിരുവനന്തപുരം വരെ നീളുന്ന വിവിധ തരം രോഗങ്ങള്‍, ഇങ്ങനെ നീളുന്നു പ്രബുദ്ധ കേരളത്തിന്റെ വികസന വിശേഷങ്ങള്‍. എന്നാല്‍ ഇതൊന്നും ചര്‍ച്ച ചെയ്യാന്‍ നമുക്ക് നേരമില്ല, ഫേസ്ബുക്കിലും, ട്വിറ്ററിലും, ബ്ലോഗുകളിലും വിലസുന്ന മലയാളിക്ക് ഇതൊന്നും അത്ര വലിയ വിഷയമല്ല. ജെയ്താപൂരില്‍ ആണവ നിലയം വരുന്നതോ, കൂടംകുളത്ത് ഉടന്‍ പ്രവര്‍ത്തിക്കാന്‍ പോകുന്ന ആണവ നിലയമോ, ഫുക്കുഷിമയില്‍ ആണവ നിലയം തകര്‍ന്നതോ, കാര്‍ഷിക മേഖലയില്‍ ബഹുരാഷ്ട്രകുത്തകകളുടെ വരവിനെയോ, ജനിതക വിത്ത് ഉണ്ടാക്കുന്ന ഭയപ്പെടേണ്ട അവസ്ഥയെയോ, നാം വേണ്ട വിധത്തില്‍ ചര്‍ച്ചചെയ്തോ? ഇക്കാര്യങ്ങളെ പറ്റി നാം ബോധാവാന്മാരാണോ? ഇത് നാം ഓരോരുത്തരും സ്വയം ചോദിക്കേണ്ട ചോദ്യമാണ്.
നാം നേടി എന്നവകാശപ്പെടുന്ന പുരോഗതി ശൂന്യമായ ഭാവിയെയാണ് മാടി വിളിക്കുക എന്ന് ബ്രിട്ടീഷ് ദാര്‍ശകനികനായ ആല്‍ഫ്രെഡ് നോര്‍ത്ത് വൈറ്റ് ഹൈഡ് വളരെ മുന്‍പ് തന്നെ പറഞ്ഞു: “ഇന്നത്തെ അമൂര്‍ത്തതകളെ മറികടന്നു മുന്നോട്ടു ചിന്തിക്കാന്‍ കഴിയാത്ത ഒരു സംസ്കാരം, പുരോഗതിയുടെ ഒരു ഇടവേളയ്ക്കു ശേഷം വന്ധ്യതയില്‍ കലാശിക്കുവാന്‍ ശപിക്കപ്പെട്ടിരിക്കുന്നു.” ശാസ്ത്രം പ്രകൃതിയിലെ അദൃശ്യമായ പ്രക്രിയകളെ അറിയാതെ അമൂര്‍ത്തമായതിനെ സത്യമായി ഉദ്ഘോഷിക്കുന്നു. നാം നേടിയെടുത്ത പുരോഗതി തന്നെയാണ് ഇന്ന് വന്‍ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുന്ന തരത്തില്‍ തിരിച്ചടിച്ചു കൊണ്ടിരിക്കുന്നത്. എന്നിട്ടും ഭൂമിയുടെ നാശത്തിലേക്ക് നയിക്കുന്ന പ്രവര്‍ത്തനം നാം തുടര്‍ന്നു കൊണ്ടിരിക്കുന്നു. തന്മൂലം കൂടുതല്‍ ഇരുണ്ട ദിനങ്ങളെ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. വിനാശകരമായ നാളെകളെ പറ്റി ആകുലത പേറാത്ത ഒരു കൂട്ടം ഇതിനെ തൃണവല്ക്കരിച്ച് തങ്ങളുടെ താല്പര്യത്തിനനുസരിച്ച് പ്രവത്തികള്‍ തുടരുന്നു, ഇവര്‍ തന്നെയാണ് ലോകത്തെ നയിക്കുന്നതെന്ന് അഹങ്കരിച്ചു കൊണ്ട് ലോകത്ത് എവിടെയും കടന്നാക്രമണം നടത്തി കൊണ്ടിരിക്കുന്നത്. കാലാവസ്ഥ വ്യതിയാനങ്ങള്‍ വരുത്തിവെക്കുന്ന വിനാശകരമായ നാളെയെ പറ്റി നാം ഇനിയെങ്കിലും ചിന്തിച്ചില്ല എങ്കില്‍ വരും നാളുകള്‍ കറുത്തതായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. കാലാവസ്ഥ വ്യതിയാനഫലമായി ചുഴലിക്കാറ്റ്, കൊടുങ്കാറ്റ്, സുനാമി എന്നീ ദുരന്തങ്ങള്‍ ഇപ്പോഴും ഉണ്ടാവാം എന്ന അവസ്ഥയാണുള്ളത്, അന്തരീക്ഷവും കരയും കടലും ക്രമാതീതമായി മലിനീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്നു ഈ തോത് തുടര്‍ന്നാല്‍ ഭൂമിയിലെ മാലിന്യങ്ങള്‍ തള്ളാനായി മാത്രം ഭൂമിയേക്കാള്‍ വലിയ മറ്റൊരു ഗ്രഹത്തെ അന്വേഷിക്കേണ്ടി വരും, കടല്‍ മലിനീകരിക്ക പ്പെടുന്നതിലൂടെ കടലിലെ ജീവന്റെ സാന്നിധ്യത്തിനു ഭീഷണിയാവുന്നു. കടലിലെ ജീവന്റെ സാന്നിധ്യം കുറയുന്നതോടെ മനുഷ്യന്‍ ആശ്രയിച്ചു കൊണ്ടിരിക്കുന്ന വലിയ ഭക്ഷ്യ ശേഖരമാണ് ഇല്ലാതാവുക, നിലവില്‍ തന്നെ ഭക്ഷ്യ ക്ഷാമം അനുഭവിച്ചു കൊണ്ടിരിക്കുമ്പോള്‍ മത്സ്യസമ്പത്ത് കുറഞ്ഞാല്‍ ഉണ്ടാകുന്ന പ്രത്യാഘാതം എത്ര വലുതായിരിക്കും, “മനുഷ്യന്‍ പ്രകൃതിയുടെ പ്രക്രിയകളില്‍ ഇടപെടാന്‍ തുടങ്ങുന്നതോടെയാണ് ഈ സംഹാരാത്മക സംസ്കാരത്തിന്റെ വികാസം ആരംഭിക്കുന്നത് ” പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനായ സുന്ദര്‍ ലാല്‍ ബഹുഗുണയുടെ വാക്കുകള്‍ എത്ര ശരിയാണ് !
ഭൂമിയില്‍ കുന്നുകൂടി കൊണ്ടിരിക്കുന്ന മാലിന്യങ്ങള്‍ മൂലമുണ്ടാകുന്ന രോഗങ്ങളും മറ്റു പാരിസ്ഥിതിക പ്രശ്നങ്ങളും അനുഭവിക്കേണ്ടി വരുന്നതും ഈ മനുഷ്യന്‍ തന്നെയാണ്. രാസ-ആണവ അവശിഷ്ടങ്ങള്‍, പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍, കമ്പ്യൂട്ടര്‍ അവശിഷ്ടങ്ങള്‍, വാഹനാവശിഷ്ടങ്ങള്‍, കോണ്ക്രീറ്റ് അവശിഷ്ടങ്ങള്‍ തുടങ്ങിയവയും, ഫോസില്‍ ഇന്ധനങ്ങളുടെ അമിതോപയോഗം എന്നിവ മൂലം ഭൂമി ദിനംപ്രതി നശിച്ചു കൊണ്ടിരിക്കുകയാണ്.
കാലാവസ്ഥ വ്യതിയാനത്തിന്റെ ദുരന്ത ഫലങ്ങള്‍ നമ്മുടെ നാട്ടിലും കണ്ടു തുടങ്ങിയിരിക്കുന്നു. കടുത്ത ചൂട് നമ്മുടെ ഹരിത വലയത്തെ ഇല്ലാതാക്കുമോ എന്ന വ്യാകുലത നമുക്കിടയിലേക്ക് ഇനിയും കാര്യമായി കടന്നു വന്നിട്ടില്ല നാമിന്നും വികസന മെന്ന ഭ്രാന്തമായ ഒരു വലയത്തിനുള്ളിലാണ്, വന്‍ കെട്ടിടങ്ങള്‍ വന്‍ ഫാക്ടറികള്‍ അണക്കെട്ടുകള്‍ മഹാനഗരങ്ങള്‍ ഇതെല്ലാമാണ് നമ്മുടെ വികസന സ്വപ്നങ്ങള്‍, പാരിസ്ഥിതികമായ കാഴ്ച്പ്പാട് വികസന നയരൂപീകരണത്തില്‍ എവിടെയും കാണുന്നില്ല, അതിനു തെളിവാണ് കേരളത്തില്‍ അങ്ങോളമിങ്ങോളം കാണുന്ന പ്രതിരോധ സമരങ്ങളും പ്രധിഷേധങ്ങളും. പാത്രക്കടവ്, അതിരപ്പിള്ളി, പ്ലാച്ചിമട, ഏലൂര്‍, കരിമുകള്‍, കാസര്‍ക്കോട്ടെ എന്‍ഡോസള്‍ഫാന്‍ സമരം, ചക്കംകണ്ടം സമരം, ലാലൂര്‍ സമരം, വിളപ്പില്‍ശാല സമരം, കാതിക്കുടം സമരം, എന്നിങ്ങനെ വലുതും ചെറുതുമായ സമരങ്ങള്‍ നമ്മുടെ വികസന ഭ്രാന്തിന്റെ ഫലമായി ഉണ്ടായതാണ്, എക്സ്പ്രസ് ഹൈവേ, കിനാലൂരില്‍ സംഭവിച്ചത്, കണ്ടല്ക്കാടുകള്‍ വെട്ടി നിരത്തി അമ്യൂസ്മെന്റ് പാര്‍ക്കുകള്‍ നിര്‍മ്മിക്കല്‍, കായലിനു മുകളില്‍ ആകാശ നഗരം നിര്‍മ്മിക്കല്‍, എന്നിങ്ങനെ തുടരുന്നു നമ്മുടെ അബദ്ധങ്ങള്‍ നിറഞ്ഞ വികസനം.
ഏതോ ഉട്ടോപ്യന്‍ സ്വപ്നം കണ്ടുകൊണ്ടാണ് പുരോഗമന പ്രസ്ഥാനങ്ങള്‍ വരെ തങ്ങളുടെ നയങ്ങള്‍ രൂപീകരിക്കുന്നത്. ഈ അധപതനം കേരളത്തെ ഇല്ലാതാക്കും. ഭൂമി അതിന്റെ ഏറ്റവും ദുരിത പൂര്‍ണവമായ കാലത്തെയാണ് അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നത്. ഇതേ നിലയില്‍ തുടര്‍ന്നാല്‍ ലോകാവസാനത്തിലേക്ക് അധികം ദൂരമില്ലെന്ന സത്യം നാം ഓര്‍ക്കുന്നത് നന്നായിരിക്കും. ഇനിയെങ്കിലും നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് പരിസ്ഥിതിയെ കുറിച്ചും പ്രകൃതിയെക്കുറിച്ചും പഠിപ്പിക്കുവാന്‍ നാം തയ്യാറാവണം. ഇത്തരം ചിന്തകളെ ഓര്‍മ്മപ്പെടുത്തുന്നതാകട്ടെ ഈ പരിസ്ഥിതി ദിനവും.
- ഫൈസല്‍ ബാവ
വായിക്കുക: campaigns, eco-system, important-days, nature
- a-sujanapal
- accident
- agriculture
- animals
- awards
- birds
- campaigns
- climate
- court
- crime
- dams
- diseases
- eco-friendly
- eco-system
- electricity
- forest
- global-warming
- gm-crops
- green-initiatives
- green-people
- health
- important-days
- living-beings
- mangroves
- medical
- nature
- nuclear
- obituary
- pesticide
- plastic
- poetry
- pollution
- power
- protest
- solar
- struggle
- technology
- toxins
- tragedy
- vandana-shiva
- victims
- water
- wild