ഇരുപതാം ഫിഫ ലോക കപ്പിന്റെ ആദ്യ മല്‍സരത്തില്‍ ആതിഥേയരായ ബ്രസീല്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ക്രൊയേഷ്യയെ വീഴ്ത്തി. സവോ പോളോ അരീന ഡി സ്റ്റേഡിയത്തില്‍ പന്തുരുണ്ടു തുടങ്ങിയതോടെ മഞ്ഞ കടലായി മാറിയ സ്റ്റേഡിയം ആര്‍ത്തിരമ്പി. മഞ്ഞപ്പടയുടെ തുടക്കം മന്ദഗതിയില്‍ ആയിരുന്നു. ബ്രസീല്‍ കാണിച്ച ഉണര്‍വില്ലായ്മ ക്രൊയേഷ്യ ശരിക്കും മുതലെടുത്തു. ബ്രസീലിന്‍റെ ഗോള്‍മുഖത്ത് കിട്ടിയ അവസരം ക്രോട്ടുകള്‍ക്ക് അനുകൂലമായി സെല്‍ഫ് ഗോള്‍ പിറന്നു. പതിനൊന്നാം മിനുട്ടില്‍ സര്‍ണയുടെ പാസ് മാഴ്സലോയുടെ കാലിൽ തട്ടി ഗോളി ജൂലിയസ് സെസാറെ ഞെട്ടിച്ചു കൊണ്ട് വല കുലുക്കിയതോടെ ആദ്യം എല്ലാവരും സ്തബ്ധരായി. മഹാ മല്‍സരത്തില്‍ ആദ്യ ഗോള്‍ സെല്‍ഫ് ആകുക എന്നത് നിരാശ ജനിപ്പിക്കുന്ന കാര്യം തന്നെ. മാത്രമല്ല, ജയത്തില്‍ കുറഞ്ഞതൊന്നും വേണ്ടാത്ത ജനതയ്ക്ക് മുന്നില്‍ മഞ്ഞപ്പട പരുങ്ങി. അതോടെ ബ്രസീല്‍ പടയോട്ടം ചടുലമാക്കി. 21 മിനുറ്റില്‍ പൌളീന്യോയും ഉടനടി തന്നെ ഓസ്കാറും നടത്തിയ തുടരെ തുടരെയുള്ള ഷോട്ടുകള്‍ ക്രോട്ടിഷ് ഗോളി പ്ലേറ്റിക്കൊസ തടുത്തെങ്കിലും പിന്നെ ആ ഉഷാര്‍ കണ്ടില്ലെന്നു മാത്രമല്ല മുന്‍കൂട്ടിയുള്ള ചാട്ടം വിനയാകുകയും ചെയ്തു. ഇരുപത്തിയെട്ടാം മിനുട്ടില്‍ നേയ്മര്‍ നടത്തിയ മുന്നേറ്റം ബ്രസീലിനെ സമനിലയിലെത്തിച്ചു. ബോക്സിന് പുറത്തു നിന്നും തൊടുത്തു വിട്ട ഷോട്ട് പ്ലേറ്റിക്കോസക്ക് തടുക്കാനായില്ല. സമനില പിടിച്ചതോടെ സ്റ്റേഡിയം വീണ്ടും ഇളകി മറിയാന്‍ തുടങ്ങി.
അതോടെ കളിയില്‍ ഫൌളുകളും കൂടി. ക്രൊയേഷ്യയിലെ വേര്‍ഡര്‍ കോലുക്കയും ദേയ്റാന്‍ ലവ്റാനും മഞ്ഞ കാര്‍ഡ് കണ്ടു. എന്നാല്‍ എഴുപതാം മിനുട്ടില്‍ ഇവാന്‍ റാക്കിടിച്ച് പെനാല്‍റ്റി ബോക്സിനകത്ത് ഫൌള്‍ ചെയ്തപ്പോള്‍ ബ്രസീലിന്‍റെ പേടി സ്വപ്നമായ ജപ്പാന്‍കാരന്‍ റഫറി യൂയിച്ചി നിഷിമുറക്ക് മറുത്തൊന്നും ചിന്തിക്കേണ്ടി വന്നില്ല. ബ്രസീലിന് അനുകൂലമായി വിധിച്ച പെനാല്‍റ്റി കിക്ക് നേയ്മര്‍ എടുത്തു. അതോടെ ആദ്യ മല്‍സരത്തില്‍ തന്നെ തുടര്‍ച്ചയായ ആദ്യ രണ്ടു ഗോളുകളും നെയ്മര്‍ നേടി. ബ്രസീലിന് ആത്മ വിശ്വസം വീണ്ടുകിട്ടി. തൊണ്ണൂറാം മിനുട്ടില്‍ ഓസ്കര്‍ നേടിയ ഗോളോടെ ബ്രസീല്‍ ജയം ഉറപ്പിച്ചു. ബ്രസീലിന്‍റെ ഹള്‍ക്കിന് മഞ്ഞക്കാര്‍ഡ് കിട്ടിയത് ബ്രസീലിനെ ഞെട്ടിച്ചു. ഇനി ഹള്‍ക്ക് സൂക്ഷിക്കണം. എന്നാലും ജയം ഉറപ്പിച്ച വഴിയില്‍ കാനറി പക്ഷികള്‍ സ്റ്റേഡിയം നിറഞ്ഞു കൂവി. ബ്രസൂക്ക എന്ന മന്ത്രം അന്തരീക്ഷത്തില്‍ നിറഞ്ഞു.
എന്നാല്‍ ബ്രസീല്‍ ആരാധകര്‍ ആഗ്രഹിച്ച ഒരു മല്‍സരം അവിടെ ഉണ്ടായില്ല. വരാനിരിക്കുന്ന മല്‍സരങ്ങള്‍ ബ്രസീല്‍ കൂടുതല്‍ ശ്രദ്ധ കൊടുത്തില്ലെങ്കില്‍ ക്വാര്‍ട്ടറിന് അപ്പുറത്തേക്ക് ഈ കളി നീങ്ങുമോ എന്നു സംശയമാണ്. നേയ്മറും ഹള്‍ക്കും കൂടുതല്‍ ഉണരേണ്ടതുണ്ട്. ഓസ്കറിനെ കൂടുതല്‍ തുറന്നു വിടണം. ഹള്‍ക്കും നേയ്മറും ഓസ്കാറും ആക്രമണത്തിന് മൂര്‍ച്ച കൂട്ടിയാല്‍ ഇത്തവണ സാംബാ നൃത്ത ചുവടുകള്‍ ആവേശമാകും.
- ഫൈസല്‍ ബാവ