പാരീസ് : പൊതു സ്ഥലത്ത് മുഖം മറയ്ക്കുന്ന ബുര്‍ഖ യും നിഖാബും ധരിക്കുന്നതിനെതിരെ ഫ്രാന്‍സില്‍ നാളെ അന്തിമ വോട്ടെടുപ്പ് നടക്കും. മതത്തിന്റെ പേരെടുത്തു പറഞ്ഞിട്ടില്ലെങ്കിലും മുസ്ലിം വനിതകളെ മുഖം മറയ്ക്കാന്‍ നിര്‍ബന്ധിത രാക്കുന്നതില്‍ നിന്നും സംരക്ഷിക്കാനാണ് ഫ്രഞ്ച് പ്രസിഡണ്ട് നിക്കോളാസ് സര്‍ക്കോസി ഇത്തരമൊരു നിയമ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കുന്നത്.
കഴിഞ്ഞ ജൂലൈ മാസത്തില്‍ തന്നെ പൊതു സ്ഥലത്ത് മുഖം മറയ്ക്കുന്നത് ഫ്രാന്‍സില്‍ നിയമ വിരുദ്ധമാക്കി കൊണ്ട് ദേശീയ അസംബ്ലി ബില്ല് പാസാക്കിയിരുന്നു. ഈ ബില്ലിന്മേലാണ് നാളെ സെനറ്റ് വോട്ടു ചെയ്യുന്നത്.
ബെല്‍ജിയം, സ്പെയിന്‍, ഇറ്റലി എന്നിങ്ങനെ മറ്റു യൂറോപ്യന്‍ രാജ്യങ്ങളും സമാനമായ നിയമ നിര്‍മ്മാണം നടത്തുന്ന പ്രക്രിയയിലാണ്.
9000 രൂപയോളം പിഴയാണ് നിയമം ലംഘിച്ചു ബുര്‍ഖ ധരിക്കുന്നവര്‍ക്കുള്ള പിഴ. എന്നാല്‍ സ്ത്രീകളെ മതപരമായ കാരണങ്ങള്‍ പറഞ്ഞ് ബുര്‍ഖ ധരിക്കാന്‍ നിര്‍ബന്ധിക്കുന്ന പുരുഷന്മാര്‍ക്ക് ഏറെ കടുത്ത ശിക്ഷയാണ് കാത്തിരിക്കുന്നത്. 18 ലക്ഷത്തോളം രൂപ പിഴയും ഒരു വര്ഷം തടവുമാണ് ഭാര്യമാരെയും പെണ്‍മക്കളെയും ബുര്‍ഖ ധരിക്കാന്‍ നിര്‍ബന്ധിക്കുന്ന പുരുഷന്മാര്‍ക്കുള്ള ശിക്ഷ.