ദുബായ്: ബീഥോവനോട് സ്വയം താരതമ്യപ്പെടുത്തിയ ഇതിഹാസതാരം പെലെയുടെ വാക്കുകളെ മറഡോണ വിമര്‍ശിച്ചു. “സംഗീതത്തിന് ബീഥോവന്‍, പെയ്‌ന്റിംഗിന് മൈക്കലാഞ്‌ജലോ എന്ന പോലെ താന്‍ ജനിച്ചത് ഫുട്‌ബോളിന് ബേണ്ടിയാണെന്നായിരുന്നു” എന്നാണ് പെലെ പറഞ്ഞത്. ഇതോടെ ഏറെക്കാലത്തെ നിശബ്‌ദതയ്‌ക്ക് ശേഷം ലോക ഫുട്‌ബോളിലെ കേമന്മാര്‍ പെലെയും മാറഡോണയും തമ്മില്‍ വീണ്ടും വാക്‌പോരാട്ടം തുടങ്ങി. “മൈതാനത്ത് ബീഥോവനേക്കുറിച്ച് താന്‍ ഒരിക്കലും കേട്ടിട്ടില്ല പെലെയ്‌ക്ക് വേണ്ടത് വേറെ മരുന്നാണ്” എന്ന് മറഡോണ പറഞ്ഞു. ഫിഫയുടെ വെബ്‌സൈറ്റില്‍ പെലെ നല്‍കിയ അഭിമുഖത്തിലാണ് താന്‍ ഫുട്‌ബോളിലെ ബീഥോവനാണെന്ന് പെലെ പറഞ്ഞത്. എങ്കില്‍ താന്‍ സംഗീത രംഗത്തെ പ്രതിഭകളായ റോണ്‍വുഡോ കീത്ത് റിച്ചാര്‍ഡ്‌സോ ബോണോയോ ആണെന്നും മാറഡോണ പറഞ്ഞു. ബാഴ്‌സിലോണ താരം മെസ്സിയോട് താരതമ്യപ്പെടുത്തുന്നതിനേയും മാറഡോണ വിമര്‍ശിച്ചു. ആരാണ് മികച്ചവനെന്നത് തനിക്ക് വിഷയമല്ലെന്നും മെസിയെ വെറുതേ വിടണമെന്ന് താന്‍ മുമ്പ് ആയിരം വട്ടം പറഞ്ഞിട്ടുണ്ടെന്നും താരം പറഞ്ഞു.
- ന്യൂസ് ഡെസ്ക്