മോക്പോ: ദക്ഷിണ കൊറിയൻ യാത്രാ കപ്പൽ മുങ്ങി 295 യാത്രക്കാരെ കാണാതായി. 2 പേർ കൊല്ലപ്പെട്ടു എന്നാണ് ഔദ്യോഗിക സ്ഥിരീകരണം. 7 പേർക്ക് പരിക്കുണ്ട് എന്നും അധികൃതർ അറിയിച്ചു.
100 പേരെ കാണാനില്ല എന്നായിരുന്നു നേരത്തേയുള്ള അറിയിപ്പ്. എന്നാൽ പിന്നീടത് 295 ആയി ഉയർത്തുകയായിരുന്നു.
ജെജു എന്ന ദ്വീപിലേക്ക് വിനോദ യാത്ര നടത്തുന്ന വിദ്യാർത്ഥികളായിരുന്നു കപ്പലിൽ ഭൂരിഭാഗവും. ഇവരിൽ പലരും ലൈഫ് ജാക്കറ്റ് അണിഞ്ഞ് കടലിൽ ചാടിയത് രക്ഷാ പ്രവർത്തകർക്ക് ഇവരെ രക്ഷിക്കാൻ ഏറെ സഹായകരമായി.
കപ്പൽ ക്രമാതീതമായി ചെരിഞ്ഞ് മുങ്ങുകയായിരുന്നു എന്നാണ് സൂചന. കപ്പലിൽ നിന്നുമുള്ള അപായ സന്ദേശം ലഭിച്ചതിനെ തുടർന്ന് തീര സംരക്ഷണ സേനയും മറ്റ് മൽസ്യ ബന്ധന ബോട്ടുകളും ഹെലികോപ്റ്ററുകളും സ്ഥലത്തെത്തി രക്ഷാ പ്രവർത്തനങ്ങൾ നടത്തി.
100ഓളം പേരെ രക്ഷപ്പെടുത്തിയതായി സ്ഥിരീകരിക്കപ്പെടാത്ത ടെലിവിഷൻ റിപ്പോർട്ടുകളുണ്ട്. നിരവധി യാത്രക്കാർ കപ്പലിന്റെ ഉള്ളറകളിൽ കുടുങ്ങി കിടക്കുന്നതായി രക്ഷപ്പെട്ട ഒരു യാത്രക്കാരൻ പറഞ്ഞു.
900 പേർക്ക് യാത്ര ചെയ്യാവുന്ന കപ്പലിൽ 477 യാത്രക്കാർക്ക് പുറമെ നിരവധി കാറുകളും ട്രക്കുകളും ഉണ്ടായിരുന്നു. കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് അനേകം പേർ അവസാന നിമിഷം യാത്ര റദ്ദ് ചെയ്തത് മരണ സംഖ്യ കുറയാൻ സഹായകരമായി.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അപകടം, കുട്ടികള്‍, ദുരന്തം