വാഷിംഗ്ടണ്‍: അമേരിക്കന്‍ സംസ്ഥാനമായ മിസോറിയിലുണ്ടായ ടൊര്‍ണാഡോ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 116 ആയി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. കെട്ടിടങ്ങള്‍ക്കടിയില്‍ കുടുങ്ങിയവരെ കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നു. രാത്രിയാണ് സംഭവമുണ്ടായത്. അമ്പതു വര്‍ഷത്തെ ചരിത്രത്തിനിടയിലെ ഏറ്റവും നാശം വിതച്ച കൊടുങ്കാറ്റായിരുന്നു ഞായറാഴ്ച ഉണ്ടായത്. ജോപ്‌ലിന്‍ പട്ടണത്തിന്റെ ഗണ്യമായ ഭാഗം കൊടുങ്കാറ്റില്‍ തകര്‍ന്നു.
സ്കൂളുകളും കടകളും ആശുപത്രികളും വീടുകളും തകര്‍ന്നു. വൈദ്യുതി ലൈനുകളും വാര്‍ത്താവിനിമയ സംവിധാനങ്ങളും തകര്‍ന്നു. മിക്ക പ്രദേശങ്ങളും ഇരുട്ടിലാണ്. വാഹനങ്ങള്‍ റോഡുകളില്‍ ചിതറിക്കിടക്കുകയാണ്. ഗവര്‍ണര്‍ ജേ നിക്‌സണ്‍ സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. വീണ്ടും ചുഴലിക്കൊടുങ്കാറ്റ് ഉണ്ടാകാനിടയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
- ലിജി അരുണ്‍