ബി ഗ്രൂപ്പിന്റെ ആദ്യ റൌണ്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ കരുത്തരും ലോക ചാമ്പ്യൻമാരും ആയ സ്പെയ്നിന്‍റെ ദയനീയ പരാജയം കാണേണ്ടി വന്നു. പൊതുവെ ഈ ലോക കപ്പില്‍ കരുത്തരെന്നു കരുതിയ വലിയ ടീമുകള്‍ പലതും നന്നായി വിറയ്ക്കുന്ന കാഴ്ചയാണ് ഉണ്ടായത്. പുല്‍ത്തകിടില്‍ മാസ്മരിക പ്രകടനം കാഴ്ച വെയ്ക്കും എന്നു കരുതിയ വമ്പന്‍മാര്‍ പലരും നിറം മങ്ങി. എന്നാല്‍ പ്രതീക്ഷിക്കാത്ത കുറെ മുന്നേറ്റങ്ങളും ഉണ്ടായി.
എടുത്തു പറയാന്‍ ഉള്ള ഒരു കളി കാളപ്പോരുകാരെ വരിഞ്ഞു മുറുക്കി നാണം കെടുത്തി വിട്ട കഴിഞ്ഞ തവണത്തെ റണ്ണര്‍ അപ് ആയ ഹോളണ്ടിന്‍റെ വിജയമാണ്. പ്രായം അധികരിച്ച ഡേവിഡ് വിയ്യയോ, ഫെര്ണാഗണ്ടോ ടോറസോ ഫോമിലല്ലാത്തത് സ്പെയിനിനു ദോഷം ചെയ്തു. ഹോളണ്ടിന്റേത് യുവ നിരയായിരുന്നു. ഓറഞ്ച് പട കത്തി കയറിയപ്പോള്‍ സ്പെയിനിന്‍റെ സാധ്യത ഇല്ലാതായി. മുന്നേറ്റത്തില്‍ റോബന്‍, വെസ്ലി സ്‌നൈഡർ, വാൻ പേഴ്സി ത്രയം അങ്ങേയറ്റം അപകടകാരി കളായപ്പോള്‍ ലോക ചാംപ്യന്‍മാര്‍ ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട തോല്‍വിയില്‍ നാണം കെട്ടു. വാന്‍ പേഴ്സി, ആര്യൻ റോബന്‍ എന്നിവർ അപാര ഫോമിലായപ്പോള്‍ ഇരുവരും എണ്ണം പറഞ്ഞ രണ്ടു ഗോളുകള്‍ അടിച്ചു കയറ്റി. ഇതില്‍ വാന്‍ പെഴ്സിയുടെ ‘അസാധ്യമായ ഹെഡ്’ എടുത്തു പറയേണ്ട ഒന്നാണ്. ഈ ലോക കപ്പിലെ ഏറ്റവും മികച്ച ഗോള്‍ ഇതാകാനാണ് സാധ്യത.
ഹോളണ്ട് ഓസ്ത്രേലിയ മല്‍സരം ഹോളണ്ടിന് ഒരു ഈസി വാക്കോവര്‍ ആകുമെന്ന് കരുതി എങ്കില്‍ അവര്‍ക്ക് തെറ്റി. ഹോളണ്ടിന്‍റെ എതിരാളികളായ ഓസ്‌ട്രേലിയ ഉയര്‍ത്തിയ വെല്ലുവിളി 3-2 ന് മറി കടന്നതോടെയാണ് ഓറഞ്ച് പട രണ്ടാം റൗണ്ട് ഉറപ്പിച്ചത്. റോബന്‍ വാന്‍പഴ്‌സിയും ആര്യന്‍ റോബനും ഹോളണ്ടിനായി വല ചലിപ്പിച്ചു. 68-ാം മിനിട്ടില്‍ മെംഫിസ് ഡീപേ അവരുടെ വിജയ ഗോള്‍ കുറിച്ചു. ഓസ്‌ട്രേലിയയ്‌ക്കു വേണ്ടി ടിം കാഹിൽ, മിലി ജെഡിനാക് എന്നിവരാണ് സ്‌കോര്‍ ചെയ്‌തത്.
ചിലിയുടെ വരവ് വിജയത്തോടെ യായിരുന്നു. ആദ്യ കളിയില്‍ താരതമ്യേന കരുത്തരല്ലെങ്കിലും ഓസ്ട്രേലിയയെ പരാജയപ്പെടുത്തി ബി ഗ്രൂപ്പിലെ സ്പെയ്നിന് ഭീഷണിയായി ഉയരുമെന്ന് പറഞ്ഞത് ശരി വെയ്ക്കുന്ന തരത്തിലായിരുന്നു ഇരു ടീമുകളും. പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു ചിലി ലോക ചാമ്പ്യന്‍മാരെ വീഴ്ത്തിയതോടെ സ്പെയിനിന്റെ ജാതകം എഴുതപ്പെട്ടു. ക്ലോഡിയോ ബ്രാവോ ചിലിയുടെ ഗോള്‍വലയം കാക്കുന്ന ഗോള്‍കീപ്പര്‍ മാത്രമല്ല എന്നും, ചിലിയും ഒരു ലാറ്റിനമേരിക്കന്‍ ശക്തിയാണെന്നും തെളിയിക്കപ്പെട്ടു.
ഈ കൊല്ലത്തെ വന്‍ വീഴ്ചയെന്ന് പറയാവുന്നത് ലോക ചാംപ്യന്‍മാരുടെ ദയനീയ പതനം തന്നെ. രണ്ടു കളികളിലുമായി ഏഴു ഗോളുകള്‍ ആണ് ലോക ചാമ്പ്യന്‍മാരുടെ വലയില്‍ വീണത്. ഗ്രൂപ്പില്‍ ചിലി രണ്ടാം റൌണ്ടില്‍ കടന്നു എന്നുറപ്പായി. ഇനി 23നു നടക്കുന്ന ഹോളണ്ട് ചിലി മല്‍സരത്തിന്റെ ഗതി അനുസരിച്ചു മാത്രമേ ഗ്രൂപ്പ് ചാംപ്യന്‍ ആരെന്നു പറയാനാകൂ.
രണ്ടു കളികള്‍ വീതം തോറ്റ ഓസ്ത്രേലിയ, സ്പെയിന്‍ എന്നിവര്‍ പുറത്തതായി. ഇനി ഇവര്‍ തമ്മിലുള്ള മല്‍സരം അപ്രസക്തമായി. അങ്ങിനെ ബി ഗ്രൂപ്പിന്‍റെ ചിത്രം ഏറെക്കുറെ ഉറപ്പായി. ഇനി ഒന്നും രണ്ടും സ്ഥാനങ്ങൾ ആര്‍ക്കെന്ന് അറിഞ്ഞാല്‍ മതി.
- ഫൈസല്‍ ബാവ