ദുബായ് : പ്രവാസി തിരിച്ചറിയല്‍ കാര്‍ഡിന്റെ പേരില്‍ ഗള്‍ഫിലെ നൂറു കണക്കിന് സാധാരണക്കാരായ മലയാളികളില്‍ നിന്ന് വന്‍ തുക പിരിച്ച് സംസ്ഥാന സര്‍ക്കാര്‍ വഞ്ചിച്ചതായും, ലോക സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പ്രവാസി കുടുംബങ്ങളുടെ വോട്ട് തട്ടുന്നതിന് വേണ്ടി സി. പി. എമ്മിന്റെ പ്രവാസി പോഷക സംഘടന നടത്തിയ തട്ടിപ്പാണ് ഇതെന്നുമുള്ള ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യു. എ. ഇ. കമ്മിറ്റിയുടെ ആരോപണം വാസ്തവ വിരുദ്ധമാണെന്ന് ആലൂര്‍ വികസന സമിതി ദുബായ് ജനറല്‍ സെക്രട്ടറി ആലൂര്‍ ടി. എ. മഹമൂദ് ഹാജി ദുബായില്‍ നിന്ന് അയച്ച പ്രസ്താവനയില്‍ പറഞ്ഞു.
നോര്‍ക്ക വെബ് സൈറ്റില്‍ നിന്നും ലഭിക്കുന്ന അപ്ളിക്കേഷന്‍ ഫോം പൂരിപ്പിച്ച്, നാട്ടിലെ പഞ്ചായത്ത് ഓഫീസില്‍ നിന്ന് സീല്‍ വെച്ച്, ഇരുന്നൂറ് രൂപ സഹിതം നോര്‍ക്ക ഓഫീസിലേക്ക് അയച്ചതിന്റെ ഫലമായി തനിക്കും തനിക്ക് അറിയാവുന്ന മറ്റ് പലര്‍ക്കും കേരള സര്‍ക്കാരിന്റെ നോര്‍ക്ക വകുപ്പ് മാസങ്ങള്‍ക്ക് മുമ്പേ കാര്‍ഡ് അയച്ചു തരികയുണ്ടായി.
പ്രതിപക്ഷത്ത് ഇരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളില്‍ പെട്ട ചിലര്‍ ഈ സര്‍ക്കാരിനേയും നോര്‍ക്ക വകുപ്പിനേയും കണ്ണ് ചിമ്മി ഇരുട്ടാക്കുന്ന നയം ഒട്ടും ശരി അല്ല. ധാര്‍മിക ബോധമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഈ തരത്തിലുള്ള പ്രസ്താവന ഭൂഷണമല്ല. പ്രവാസികളില്‍ നിന്ന് 300 രൂപ വീതം വസൂലാക്കി എന്നത് ശരി അല്ലെന്നും ഒരാളില്‍ നിന്ന് കാര്‍ഡ് നിര്‍മിക്കാനുള്ള ഫീസായ 200 ഇന്ത്യന്‍ രൂപ മാത്രമാണ് ചാര്‍ജ് വാങ്ങിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഡിന്റെ കൂടെ നോര്‍ക്ക അയച്ചു തരുന്ന കത്തില്‍ പ്രവാസി തിരിച്ചറിയല്‍ കാര്‍ഡിന്റെ ഗുണവും, ഒരു വര്‍ഷത്തേക്ക് ഉള്ള ഇന്‍ഷൂറന്‍സിന്റെ കാര്യവും വിശദമായി പറയുന്നുണ്ടെന്നും ആലൂര്‍ പ്രസ്താവനയില്‍ പറഞ്ഞു.
– ആലൂര്‍ ടി. എ. മഹമൂദ് ഹാജി,
സെക്രട്ടറി, ആലൂര്‍ വികസന സമിതി, ദുബായ്