ദുബായ് : “കാരുണ്യത്തിന്റെ പ്രവാചകന്‍ സഹിഷ്ണുതയുടെ സമൂഹം” എന്ന പ്രമേയവുമായി ഒരു മാസത്തോളം നീണ്ടു നിന്ന ദുബൈ സുന്നി സെന്റര്‍ മീലാദ് (നബി ദിന) കാമ്പയിന്ന്, കഴിഞ്ഞ ദിവസം നടന്ന പൊതു സമ്മേളനത്തോടെ ആവേശോജ്ജ്വല പരിസമാപ്തിയായി.
ദേര ലാന്റ് മാര്‍ക്ക് ഹോട്ടല്‍ ഓഡിറ്റോ റിയത്തില്‍ തിങ്ങി നിറഞ്ഞ പ്രവാചക പ്രേമികളാല്‍ നിബിഢമായി – പ്രൗഢോ ജ്ജ്വലമായി മാറിയ സമാപന മഹാ സമ്മേളനം ദൂബൈ ഔഖാഫ് പ്രതിനിധി ശൈഖ് ഖുതുബ് അബ്ദുല്‍ ഹമീദ് ഖുതുബ് ഉദ്ഘാടനം ചെയ്തു. “തികച്ചും അധാര്‍മ്മിക – അനാശാസ പ്രവണതകളില്‍ മാത്രം മുഴുകിയിരുന്ന ഒരു ജന സമൂഹത്തില്‍ അവരുടെ വ്യക്തിത്യവും ഏക ദൈവത്തിന്റെ അസ്തിത്വവും ഊട്ടിയുറപ്പിച്ച്, അവരെ മാതൃകാ യോഗ്യരാക്കി തീര്‍ത്ത, തിരു നബി (സ) സൃഷ്ടിച്ച പരിവര്‍ത്തനങ്ങള്‍ ലോക ചരിത്രത്തില്‍ അതുല്യമാണെന്നും, അത്തരം തിരു ചരിതങ്ങള്‍ സമൂഹത്തില്‍ പരിചയപ്പെടുത്താന്‍ കാമ്പയിനുകള്‍ ആചരിക്കുന്ന സുന്നി സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു.
സുന്നി സെന്റര്‍ പ്രസിഡന്റ് സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ “ത്വരീഖത്ത്: ആത്മ സംസ്കരണത്തിന്റെ പ്രവാചക വഴി” , “സാമ്പത്തിക മാന്ദ്യം: നബി പറഞ്ഞു തന്ന പാഠം” എന്നീ വിഷയങ്ങള്‍ യഥാക്രമം യുവ പണ്ഢിതരും പ്രമുഖ വാഗ്മികളുമായ അബ്ദുസ്സലാം ബാഖവി, ഫൈസല്‍ നിയാസ് ഹുദവി എന്നിവര്‍ അവതരിപ്പിച്ചു. പാപ്പിനിശ്ശേരി അസ്‌അദിയ്യ: കോളേജ് വിദ്യാര്‍ത്ഥി കൂട്ടായ്മയായ ‘അസ്‌അദിയ്യ: ഫൗണ്ടേഷന്‍’ ദുബൈ ചാപ്റ്റര്‍ അവതരിപ്പിച്ച ‘ബുര്‍ദ്ദ : മജ്ലിസ്’ എന്ന പ്രവാചക പ്രകീര്‍ത്തന സദസ്സ് ആസ്വാദകരുടെ മനം കവര്‍ന്നു.
കാമ്പയിന്റെ ഭാഗമായി യു. എ. ഇ. തലത്തില്‍ സംഘടിപ്പിച്ച പ്രബന്ധ മത്സരത്തില്‍ വിജയികളായ അബ്ദുല്‍ ഹമീദ് ഒഞ്ചിയം, ബഷീര്‍ റഹ്മാനി തൊട്ടില്‍ പാലം എന്നിവര്‍ക്കുള്ള ഉപഹാര സമര്‍പ്പണവും നടന്നു. സുന്നി സെന്റര്‍ ജന. സെക്രട്ടറി സിദ്ധീഖ് നദ് വി സ്വാഗതവും അബ്ദുല്‍ ഹഖീം റഹ്മാനി ഫൈസി, നന്ദിയും പറഞ്ഞു. കാമ്പയിന്‍ പരിപാടികള്‍ വന്‍ വിജയമാക്കാന്‍ സഹായിക്കുകയും സഹകരിക്കുകയും ചെയ്ത മുഴുവന്‍ ആളുകള്‍ക്കും സെന്റര്‍ പ്രസി. സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ പ്രത്യേക നന്ദിയും അറിയിച്ചു.
– ഉബൈദ് റഹ്മാനി