ദുബായില്‍ ഭക്‌ഷ്യ സാധനങ്ങളുടെ വില കൂടില്ലെന്ന് ഉപഭോക്തൃ സംരക്ഷണ സമിതി അറിയിച്ചു. നിലവില്‍ ഉള്ള വില തന്നെ തുടരുമെന്ന് ഇന്നലെ ചേര്‍ന്ന സമിതി യോഗമാണ് അറിയിച്ചത്. ഭക്ഷ്യ വസ്തുക്കളുടെ വില കൂട്ടണം എന്ന വിതരണക്കാരുടെ അഭ്യര്‍ത്ഥന സമിതി തള്ളി. ഉപഭോക്താക്കളുടെ താത്‍പര്യത്തിനാണ് തങ്ങള്‍ മുന്‍ഗണന കൊടുക്കുന്നതെന്ന് സാമ്പത്തിക കാര്യ മന്ത്രിയും ഉപഭോക്തൃ സംരക്ഷണ സമിതി തലവനുമായ സയ്യിദ് അല്‍ മന്‍സൂരി പറഞ്ഞു.


ദുബായ് : ദുബായിലെ എന്‍. എസ്. എസ്. എഞ്ചിനീയറിങ്ങ് കോളജ് പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയുടെ ആഭിമുഖ്യത്തില്‍ വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിന്റെ മേധാവി ഡോ. കെ രാധാകൃഷ്ണനുമായി ഒരു സംവാദം സംഘടിപ്പിക്കുന്നു. ജനുവരി 24ന് രാവിലെ ഏഴ് മണി മുതല്‍ പത്ത് മണി വരെ ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് എതിര്‍ വശത്തുള്ള അല്‍ ബുസ്താനാ റൊട്ടാനാ ഹോട്ടലിന്റെ അല്‍ ബഹാരി ഹാളിലാണ് സംവാദം നടക്കുക. സീറ്റുകള്‍ പരിമിതം ആയതിനാല്‍ താല്‍പ്പര്യം ഉള്ളവര്‍ നേരത്തേ സാന്നിധ്യം അറിയിക്കണം എന്ന് സംഘാടകര്‍ അറിയിച്ചു.
ദുബായില്‍ കഴിഞ്ഞ വര്‍ഷം വാടക കരാര്‍ ഉണ്ടാക്കിയവര്‍ക്ക് ഈ വര്‍ഷം വര്‍ധനവ് ഉണ്ടാകില്ല. വാടക വര്‍ധന പാടില്ലെന്ന് യു. എ. ഇ. വൈസ് പ്രസിഡന്‍റും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉത്തരവിട്ടു. താമസ ആവശ്യത്തിനും വാണിജ്യ ആവശ്യത്തിനും എടുത്ത കെട്ടിടങ്ങള്‍ക്കെല്ലാം തന്നെ ഈ നിയമം ബാധകമാണ്. വാടക കഴിഞ്ഞ വര്‍ഷത്തേതിന് തുല്യമോ 25 ശതമാനം കുറവോ ആയിരിക്കണമെന്നും 2009ലെ ഉത്തരവ് നമ്പര്‍ ഒന്ന് വ്യക്തമാക്കുന്നു. റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി ഏജന്‍സിയാണ് വാടക സൂചിക നിര്‍ണയിക്കുന്നത്.
നിര്‍ധനരായ ക്യാന്‍സര്‍ രോഗികള്‍ക്ക് സഹായം ചെയ്യുന്നതിനായി സംഘടിപ്പിക്കുന്ന “സംഗീത സന്ധ്യ” (Y’s Fest 2009) ജനുവരി 23 വെള്ളിയാഴ്ച വൈകീട്ട് 6:30ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് ആഡിറ്റോറിയത്തില്‍ ഇന്ത്യന്‍ വെല്‍ഫെയര്‍ കമ്മ്യൂണിറ്റി കണ്‍വീനറും പ്രവാസി സമ്മാന്‍ അവാര്‍ഡ് ജേതാവും ആയ ശ്രീ കെ. കുമാര്‍ ഉല്‍ഘാടനം ചെയ്യും. പ്രശസ്ത പിന്നണി ഗായകരായ ബിജു നാരായണന്‍, രാധികാ തിലക് എന്നിവര്‍ നയിക്കുന്ന സംഗീത പരിപാടിക്ക് പുറമെ ഹാസ്യ കലാ കാരന്മാര്‍ ആയ സാജന്‍ പള്ളുരുത്തി, രമേഷ് പിഷാരടി എന്നിവരുടെ കലാ പരിപാടികളും നടത്തപ്പെടും. പ്രശസ്ത കാന്‍സര്‍ രോഗ ചികിത്സാ വിദഗ്ധന്‍ ഡോ. വി. പി. ഗംഗാധരന്‍ പങ്കെടുക്കും. തിരുവനന്തപുരം മാര്‍ തോമാ ഹോസ്പിറ്റല്‍ ഗൈഡന്‍സ് സെന്റര്‍, കൊച്ചിന്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി, തിരുവല്ലാ പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കെയര്‍, സാന്ത്വനം തിരുവനന്തപുരം എന്നിവരിലൂടെ ആണ് ദുബായ് വൈസ് മെന്‍ സഹായം നടപ്പാക്കുന്നത്.





