എച്ച് 1 എന്‍ 1 പനി (പന്നി പനി) ബാധിച്ചവരെ കണ്ടെത്താനായി ദുബായ് അന്താരാഷ്ട്ര വിമാന താവളത്തില്‍ ശരീര പരിശോധനക്കായി തെര്‍മല്‍ സ്ക്കാനറുകള്‍ സ്ഥാപിക്കുന്നു. ഇതു മൂലം പനിയോ മറ്റ് അസുഖങ്ങളോ ആയി വരുന്നവരെ തരിച്ചറിയാനാകും. ഇതോടൊപ്പം ആന്‍റി വൈറസ് മരുന്നുകളുടെ വിതരണം ഊര്‍ജ്ജിതമാക്കാനും യുഎഇ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു.
എച്ച് 1 എന്‍ 1 പനിക്കെതിരെ എടുത്ത മുന്‍കരുതലിന്‍റെ ഭാഗമായി കുവൈറ്റ് വിമാന ത്താവളത്തില്‍ ഇതു വരെ രണ്ടായിരത്തില്‍ ഏറെ യാത്രക്കാരെ പരിശോധനകള്‍ക്ക് വിധേയമാക്കി. ആരോഗ്യ മന്ത്രാലയം അധികൃതര്‍ അറിയിച്ചതാണിത്. എച്ച്1 എന്‍ 1 പനിക്കെതിരെ ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്നും ആരോഗ്യ വകുപ്പ് പ്രതിരോധ വിഭാഗം തലവന്‍ യൂസഫ് മെന്‍ദ്കാര്‍ അറിയിച്ചു.
എച്ച് 1 എന്‍ 1 പനി ബാധയെപ്പറ്റി ചര്‍ച്ച ചെയ്യാനായി ജിസിസി രാജ്യങ്ങളിലെ ആരോഗ്യ മന്ത്രിമാരുടെ സമ്മേളനം ദോഹയില്‍ ചേര്‍ന്നു. യമന്‍ ആരോഗ്യ മന്ത്രിയും സമ്മേളനത്തില്‍ പങ്കെടുത്തു. എച്ച് 1 എന്‍ 1 പനി തടയാനായുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്ത സമ്മേളനം ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പൊതുവായ ചില പദ്ധതികള്‍ നടപ്പിലാക്കാന്‍ തീരുമാനമെടുത്തിട്ടുണ്ട്. അടുത്ത ആഴ്ചയോടെ എച്ച് 1 എന്‍ 1 പനിക്കെതിരെയുള്ള പൊതുവായ പദ്ധതികള്‍ നടപ്പില്‍ വരും.


സമൂഹത്തില്‍ വെളിച്ചം പരത്തുന്ന കൂട്ടങ്ങളായി നാം മാറണമെന്ന് മാര്‍ത്തോമ്മാ സഭ കുന്നംകുളം – മലബാര്‍ ഭദ്രാസന അധിപന്‍ ഡോ. ഐസക് മാര്‍ ഫിലക്സിനോസ് പറഞ്ഞു. ദുബായ് മാര്‍ത്തോമ്മാ ഇടവകയുടെ നല്‍പ്പതാം വാര്‍ഷിക ആഘോഷങ്ങളുടെ സമാപനം ഉല്‍ഘാടനം ചെയ്തു കൊണ്ട് പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം. അശരണര്‍ക്കും ആലംബ ഹീനര്‍ക്കും അത്താണി ആകുന്ന ശ്രുശ്രൂഷകള്‍ കൂടുതലായി നാം ഏറ്റെടുക്കണം. സമൂഹത്തോടുള്ള ഉത്തരവാദിത്തം നാം ഏറ്റെടുക്കണം. വ്യക്തി ബന്ധങ്ങള്‍ ശക്തമാക്കി സാക്ഷ്യമുള്ള സമൂഹം ആയി നാം മാറണം. ഹൃദയ വിശുദ്ധി കാത്ത് സൂക്ഷിച്ച് ഉത്തമ പൌരന്മാരായി തീരാന്‍ നാം പരിശ്രമിക്കണം എന്നും അദ്ദേഹം പറഞ്ഞു.
ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ ഹബ്തൂര്‍ ഗ്രൂപ്പിന്റെ ഈ വര്‍ഷത്തെ മികച്ച സേവനത്തിനുള്ള പുരസ്കാരം മലയാളിക്ക് ലഭിച്ചു. പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശിയായ വേണു കരുവത്തിനാണ് ഈ ബഹുമതി ലഭിച്ചത്. ഹബ്തൂര്‍ എഞ്ചിനിയറിങ്ങ് ലെയ്ടണ്‍ ഗ്രൂപ്പില്‍ ജീവനക്കാരനായ വേണുവിന് ഈ പുരസ്കാരം അല്‍ ഹബ്തൂര്‍ ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമായ ഖലാഫ് അല്‍ ഹബ്തൂര്‍ ദുബായില്‍ അല്‍ ഹബ്തൂര്‍ ഗ്രൂപ്പിന്റെ ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങില്‍ സമ്മാനിക്കുകയുണ്ടായി.






