
തിരുവനന്തപുരം : മുതിർന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന വയോജന ക്ഷേമ ബില്ല് മുഖ്യമന്ത്രി വി. ഡി. സതീശൻ നിയമ സഭയിൽ അവതരിപ്പിച്ചു. പ്രായം ചെന്നവർക്ക് നേരെയുള്ള അതിക്രമങ്ങൾക്ക് കടുത്ത ശിക്ഷാ നടപടികളാണ് ബില്ലിൽ വ്യവസ്ഥ ചെയ്യുന്നത്.
വീട്ടുകാർ ഉപേക്ഷിച്ചാൽ മൂന്നു വർഷം വരെ തടവും 50,000 രൂപ പിഴയും ‘മുതിർന്ന പൗരന്മാരുടെ (പരിചരണവും അവകാശ സംരക്ഷണവും) ബില്ല്’ ശുപാർശ ചെയ്യുന്നു. വൃദ്ധരെ ഉപേക്ഷിക്കണം എന്ന ഉദ്ദേശത്തിൽ മക്കൾ അടക്കമുള്ള കുടുംബാംഗങ്ങൾ, നിയമ പരമായ അവകാശികൾ എന്നിവർ പരിചരണ കേന്ദ്രത്തിലോ മറ്റേതെങ്കിലും സ്ഥലത്തോ അവരുടെ അനുമതി ഇല്ലാതെ എത്തിക്കുന്നതും കുറ്റകരവും ശിക്ഷാർഹവുമാണ്.
മക്കൾ, കുടുംബാംഗങ്ങൾ, ബന്ധുക്കൾ, പരിചരണ കേന്ദ്ര ത്തിലെ ജീവനക്കാർ ശാരീരികമായോ മാനസികമായോ വൃദ്ധരെ പീഡിപ്പിച്ചാലും ഇതേ ശിക്ഷ അനുഭവിക്കണം. പരിചരണ കേന്ദ്രത്തിന്റെ നടത്തിപ്പുകാർ അന്തേവാസിയുടെ സ്വത്ത് കൈവശ പ്പെടുത്തിയാലും മൂന്നു വർഷം വരെ തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ.
രജിസ്ട്രേഷൻ ഇല്ലാതെ പരിചരണ കേന്ദ്രം പ്രവർത്തിപ്പിച്ചാൽ ഒരു വർഷം വരെ തടവ്, അല്ലെങ്കിൽ 25,000 രൂപ പിഴ എന്നിങ്ങനെയാണ് ശിക്ഷ.
വയോജന നിയമ പ്രകാരമുള്ള എല്ലാ കുറ്റ കൃത്യ ങ്ങളുടെയും വിചാരണ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ആയിരിക്കും. പരിചരണ സ്ഥാപനങ്ങളിലെ കുറ്റ കൃത്യങ്ങൾക്ക് അവിടത്തെ ഡയറക്ടർ, ട്രസ്റ്റി, മാനേജർ ഇവരിൽ ആര് ഉത്തരവാദി ആയാലും അവരും ശിക്ഷിക്കപ്പെടും.
- pma
അനുബന്ധ വാര്ത്തകള്
വായിക്കുക: kerala-government-, നിയമം, മനുഷ്യാവകാശം, സാമൂഹ്യക്ഷേമം




























