ന്യൂഡല്‍ഹി : തദ്ദേശ വാസികളെ കുടിയൊഴിപ്പിച്ചും, അവരുടെ ജീവിത മാര്‍ഗ്ഗങ്ങള്‍ ഇല്ലാതാക്കിയും, പരിസരം മലിനമാക്കി ജീവിതം തന്നെ ദുസ്സഹമാക്കിയും ഖനനം നടത്തുന്ന ഖനന കമ്പനികള്‍ ഏറെ എതിര്‍ത്ത് വന്ന ഖനന ബില്ലിന്റെ കരടിന് മന്ത്രിമാരുടെ സംഘം അംഗീകാരം നല്കി.
ഈ ബില്‍ നിയമം ആകുന്നതോടെ ഖനന കമ്പനികള്‍ അവരുടെ ആദായത്തിന്റെ 26 ശതമാനം പദ്ധതി പ്രദേശത്തെ നിവാസികളുമായി പങ്ക് വെയ്ക്കേണ്ടി വരും. ഇതിനെ ശക്തമായി എതിര്‍ത്ത് വരികയാണ് ഖനന കമ്പനികള്‍.
ഒരു ഫണ്ട് സ്വരൂപിക്കാനാണ് പുതിയ ബില്ലിലെ നിര്‍ദ്ദേശം. ഈ ഫണ്ടില്‍ നിന്നും ഖനനം മൂലം കഷ്ടത അനുഭവിക്കുന്ന പ്രദേശ വാസികള്‍ക്കുള്ള തുക നല്‍കും.
ബില്ല് അടുത്ത് തന്നെ കേന്ദ്ര മന്ത്രി സഭയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കും.
ഇതോടെ ഖനന ബാധിത പ്രദേശങ്ങളിലെ നിവാസികള്‍ക്ക് ഒരല്പം ആശ്വാസമാവുമെങ്കിലും ഇവ ഉയര്‍ത്തുന്ന പരിസര മലിനീകരണ ഭീഷണിയും പാരിസ്ഥിതിക വിപത്തുകളും നിലനില്ക്കുന്നു.
- ജെ.എസ്.