ദുബായ് : 828 മീറ്റര്‍ ഉയരത്തില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന ബുര്‍ജ് ഖലീഫ എന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിട ത്തിന്റെ ഉല്‍ഘാടനം ഇന്നലെ വൈകീട്ട് 8 മണിക്ക് യു.എ.ഇ. വൈസ് പ്രസിഡണ്ടും, പ്രധാന മന്ത്രിയും, ദുബായ് ഭരണാധി കാരിയുമായ ഷെയ്ഖ് മൊഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നിര്‍വ്വഹിച്ചു. നിശ്ചയ ദാര്‍ഢ്യവും കരുത്തുമുള്ള ഒരു ജനതയ്ക്ക് വേണ്ടിയാണ് ഈ കെട്ടിടം നിര്‍മ്മിച്ചത് എന്ന് കെട്ടിടത്തിന്റെ ഉല്‍ഘാടന വേളയില്‍ ഹിസ് ഹൈനസ് ഷെയ്ഖ് മൊഹമ്മദ് അറിയിച്ചു. ഈ സംരംഭത്തിന്റെ വിജയത്തോടെ ദുബായ്, ലോക ഭൂപടത്തില്‍ തന്നെ അടയാളപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഇത്രയും മഹത്തായ ഒരു കെട്ടിടം മഹാനായ ഒരാളുടെ പേരില്‍ തന്നെയാണ് അറിയപ്പെടേണ്ടത് എന്നും അതിനാല്‍ കെട്ടിടത്തിന്റെ പേര് മാറ്റി ബുര്‍ജ് ഖലീഫ ബിന്‍ സായിദ് എന്ന് ആക്കിയതായും അദ്ദേഹം തുടര്‍ന്ന് അറിയിച്ചു.
കെട്ടിടത്തിന്റെ ഉല്‍ഘാടനം ദര്‍ശിക്കാന്‍ ആയിര കണക്കിന് വിശിഷ്ട അതിഥികള്‍ ഒത്തു കൂടിയിരുന്നു. കെട്ടിടത്തിനു ചുറ്റുമുള്ള ഹോട്ടലുകളില്‍ ഉല്‍ഘാടന ചടങ്ങുകള്‍ വീക്ഷിക്കാന്‍ ആവും വിധമുള്ള ഇരിപ്പിടങ്ങള്‍ എല്ലാം തന്നെ രാവിലേ തന്നെ ബുക്ക് ചെയ്യപ്പെട്ടിരുന്നു. അടുത്തുള്ള ചില കെട്ടിടങ്ങള്‍ സുരക്ഷാ കാരണങ്ങളാല്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശ പ്രകാരം ഒഴിഞ്ഞു കൊടുക്കുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ ഹോട്ടലുകളില്‍ പണം മുടക്കി കാഴ്‌ച്ച കാണാന്‍ എത്തിയ നിരവധി ആളുകള്‍ക്ക് പുറമെ പരിസരത്തുള്ള ഒഴിഞ്ഞ ഇടങ്ങളിലും റോഡരികില്‍ കാറുകള്‍ ഒതുക്കിയിട്ടും ഉല്‍ഘാട നത്തോടനു ബന്ധിച്ചുള്ള വെടിക്കെട്ടും, ലേസര്‍ പ്രദര്‍ശനവും, വര്‍ണ്ണ ദീപ അലങ്കാരങ്ങളും കാണാന്‍ ആയിര ക്കണക്കിന് ജനങ്ങള്‍ തടിച്ചു കൂടി.
മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം
എന്നാല്‍ തൃശ്ശൂര്‍ പൂരത്തിന്റെ വെടിക്കെട്ട് പ്രതീക്ഷിച്ചവര്‍ക്ക് തികച്ചും വ്യത്യസ്തമായ മറ്റൊരു അനുഭവമാണ് ഉണ്ടായത്. ആകാശത്തിലേക്ക് കുതിച്ചുയരുന്ന പതിവ് കാഴ്‌ച്ചയില്‍ നിന്നും വ്യത്യസ്തമായി ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടത്തിന്റെ സവിശേഷതയെ വിളിച്ചോതിയ വ്യത്യസ്തമായ ഒരു വെടിക്കെ ട്ടായിരുന്നു സംവിധാനം ചെയ്തിരുന്നത്. കെട്ടിടത്തിന്റെ വിവിധ നിലകളില്‍ നിന്നും പുറത്തേക്ക് വര്‍ഷിച്ച വെടിക്കെട്ട് കെട്ടിടത്തിന്റെ ഉയരം പ്രഖ്യാപിച്ചു കൊണ്ട് കെട്ടിടത്തെ വര്‍ണ്ണ പ്രഭയാല്‍ ആവരണം ചെയ്തു നില്‍ക്കുന്ന അത്യപൂര്‍വ്വ ദൃശ്യമാണ് ബുര്‍ജ് ഖലീഫ കാഴ്‌ച്ചക്കാര്‍ക്ക് സമ്മാനിച്ചത്. സംഗീത താളത്തിനൊപ്പം നൃത്തം വെച്ച ദുബായ് ഫൌണ്ടന്‍ ഉല്‍ഘാടനത്തിന് കൊഴുപ്പേകി. ഇതേ സമയം, യു. എ. ഇ. യുടെ പതാകയും ഷെയ്ഖ് മൊഹമ്മദിന്റെയും യു. എ. ഇ. പ്രസിഡണ്ട് ഷെയ്ഖ് ഖലീഫയുടെയും ചിത്രങ്ങളും ഏന്തി ആകാശത്തു നിന്നും പാരഷൂട്ട് വഴി ഒഴുകി എത്തിയ എട്ടു പേര്‍ കൃത്യമായി ഷെയ്ഖ് മൊഹമ്മദിനു മുന്‍പില്‍ തന്നെ വന്നിറങ്ങി. ഇതോടൊപ്പം ഇരുട്ടില്‍ മൂടി കിടന്നിരുന്ന ബുര്‍ജ് ഖലീഫ യുടെ വിവിധ നിലകളില്‍ നിന്നും പതിനായിരം വെടിക്കെട്ടുകള്‍ക്ക് തിരി കൊളുത്തി. ലോകത്തിലെ ഏറ്റവും ഉയരമേറിയ വെടിക്കെട്ടായി മാറി ഈ കാഴ്‌ച്ച.
- ജെ.എസ്.