നാഷ് വില്ലി : ഫേസ്ബുക്കില്‍ തന്നെ “അണ്‍ ഫ്രെണ്ട്” (സുഹൃത്ത് അല്ലാതെയാക്കുക) ചെയ്തവരുടെ കൊലപാതകത്തില്‍ കലാശിച്ച പകയുടെ കഥ അമേരിക്കയിലെ നാഷ് വില്ലിയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. സോഷ്യല്‍ നെറ്റ്വര്‍ക്കുകളുമായി ബന്ധപ്പെട്ട നിരവധി കൊലപാതകങ്ങള്‍ മുന്‍പും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും തങ്ങളുടെ സ്റ്റേഷന്‍ പരിധിയില്‍ ഇത്രയും നിസാരമായ ഒരു കാരണം കൊണ്ട് ഒരു കൊലപാതകം നടക്കുന്നത് ആദ്യമായാണ് എന്ന് സ്ഥലം പോലീസ് മേധാവി മൈക്ക് റീസ് പറയുന്നു.
ജാനെല്‍ പോട്ടര്‍ എന്ന യുവതിയെ ക്ലേ – ജീന്‍ ദമ്പതികള്‍ തങ്ങളുടെ ഫ്രെണ്ട് ലിസ്റ്റില്‍ നിന്നും നീക്കം ചെയ്തതിനു പ്രതികാരമായാണ് ജാനെലിന്റെ പിതാവും മറ്റൊരാളും ചേര്‍ന്ന് ദമ്പതികളെ വെടി വെച്ച് കൊന്നത്. തലയ്ക്ക് വെടിയേറ്റ് മരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്. ക്ലേയുടെ കഴുത്ത് അറുത്ത നിലയിലുമായിരുന്നു. മരിച്ചു കിടന്ന ജീനിന്റെ കയ്യില്‍ എട്ടു മാസം പ്രായമുള്ള കുഞ്ഞ് പരിക്കുകള്‍ ഒന്നുമില്ലാതെ കിടപ്പുണ്ടായിരുന്നു.
ഇതിനും മുന്‍പും ഫേസ്ബുക്ക് സൗഹൃദം മതിയാക്കിയതിന്റെ പേരില്‍ കുറ്റകൃത്യങ്ങള്‍ നടന്നിട്ടുണ്ട്. കഴിഞ്ഞ വര്ഷം അയോവയില്‍ ഒരു യുവതി ഫേസ്ബുക്കില്‍ നിന്നും തന്നെ ഒഴിവാക്കിയതിന്റെ പകയില്‍ തന്റെ സുഹൃത്തിന്റെ ഗാരേജ് തീ വെച്ച് നശിപ്പിക്കുകയുണ്ടായി.
വെറും ഒരു ബട്ടന്‍ ക്ലിക്ക് ചെയ്ത് വേര്‍പെടുത്താവുന്ന തരത്തില്‍ ബന്ധങ്ങളെ ലളിതവല്‍ക്കരിച്ച് ഇത്തരം സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ സമൂഹ മനസിനെ ക്ഷുദ്രമാക്കുന്നതായി സാമൂഹ്യ മനശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്റര്‍നെറ്റ്, കുറ്റകൃത്യം