ജനീവ: ഐന്‍സ്റ്റീന്റെ ആപേക്ഷിക സിദ്ധാന്തത്തിന് വെല്ലുവിളി ഉയര്‍ത്തിയ ന്യൂട്രിനോ പരീക്ഷണം വിജയിക്കുമോ എന്ന സംശയത്തിന്റെ നിഴലില്‍. ഐന്‍സ്റ്റീന്റെ ആപേക്ഷിക സിദ്ധാന്തമല്ല മറിച്ച് പ്രകാശവേഗം ന്യൂട്രിനോ കണങ്ങള്‍ മറികടന്നുവെന്ന സേണ്‍ നിഗമനമാണ് തിരുത്തേണ്ടി വരിക എന്നാണ് പുതിയ റിപ്പോര്‍ട്ട്. ശാസ്ത്ര ലോകത്തെ അമ്പരപ്പിച്ച ന്യൂട്രിനോ പരീക്ഷണത്തില്‍ സാങ്കേതിക പിഴവ് സംശയിക്കുന്നുവെന്ന് സേണ്‍ വക്താക്കള്‍ തന്നെയാണ് ശാസ്ത്ര ലോകത്തോട് വ്യക്തമാക്കുന്നത്. ന്യൂട്രിനോകളുടെ സഞ്ചാര സമയം അളന്ന സംവിധാനത്തിലെ ടൈമിങ് ഗിയറിനും ഒപ്റ്റികല്‍ ഫൈബര്‍ കണക്ഷനും സംഭവിച്ച പിഴവുകള്‍ പരീക്ഷണത്തെ സ്വാധീനിച്ചുവെന്നും അസാധാരണമായ ഫലം തന്നുവെന്നുമാണ് ഗവേഷകര്‍ അനുമാനിക്കുന്നത്. 2011 സെപ്റ്റംബറിലാണ് ശാസ്ത്ര ലോകത്തെ അമ്പരപ്പിച്ച പരീക്ഷണ ഫലവുമായി സേണ്‍ രംഗത്തെത്തിയത്.
- ന്യൂസ് ഡെസ്ക്