എയര്‍ ഫ്രാന്‍സ് 447 വിമാനം തകര്‍ന്നതിന് കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പേ ബോംബ് ഭീഷണീ സന്ദേശം ലഭിച്ചിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 228 യാത്രക്കാര്‍ കൊല്ലപ്പെട്ട ഈ അപകടത്തിന്റെ കാരണങ്ങള്‍ ഇതുവരെയും അറിവായിട്ടില്ല. ഈ പുതിയ വെളിപ്പെടുത്തലിന്റെ സാഹചര്യത്തില്‍ ഭീകരാക്രമണം ആണോ ഇതിനു പിന്നില്‍ എന്ന സംശയം ശക്തമാകുന്നു.
ബ്യുനെസ് അയെര്സില്‍ നിന്ന് പാരീസിലേയ്ക്ക് പറക്കുന്ന എയര്‍ ഫ്രാന്‍സ് വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ട് എന്ന അജ്ഞാത സന്ദേശം മെയ് 27 ന് അര്‍ജെന്റീന പോലീസിനു ആണ് ലഭിച്ചത്. യാത്രക്കാര്‍ വിമാനത്തില്‍ കയറും മുന്‍പ് പൊലീസ് നടത്തിയ തിരച്ചിലില്‍ ഒന്നും തന്നെ കണ്ടെത്താന്‍ ആയില്ല. ഇതിനാല്‍ അന്നേ ദിവസം 32 മിനിട്ടുകള്‍ വൈകിയാണ് വിമാനം പുറപ്പെട്ടത് എന്ന് എയര്‍ ഫ്രാന്‍സ് വക്താവ് ഇന്ന് വെളിപ്പെടുത്തി.
അജ്ഞാത സന്ദേശവും വിമാന അപകടവും തമ്മില്‍ ബന്ധിപ്പിക്കാന്‍ ആവില്ലെന്നും വിമാന വക്താവ് അറിയിച്ചു. കഴിഞ്ഞ ദിവസം കടലില്‍ നിന്ന് വിമാന അവശിഷ്ടങ്ങള്‍ കണ്ടെത്തുകയുണ്ടായി. എങ്കിലും അപകട കാരണം അറിയാന്‍ സഹായകം ആയ ബ്ലാക്ക് ബോക്സ് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
- ജെ.എസ്.