പാകിസ്ഥാനിലെ ചാര സംഘടന ആയ ഐ.എസ്.ഐ യ്ക്ക് സിറാജൂദ്ദിന്‍ ഹക്കാനി തുടങ്ങിയ ഭീകരരുമായി ബന്ധം ഉണ്ടെന്ന് മുന്‍ പാകിസ്ഥാന്‍ പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുഷറഫ് വെളിപ്പെടുത്തി.
കാബൂളിലെ ഇന്ത്യന്‍ എംബസ്സി ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ആണ് ഹക്കാനി.തെ ഹെരിക് – ഇ- താലിബാന്‍ നേതാവ് ബൈത്തുള്ള മെഹ്സുദ് തട്ടികൊണ്ട് പോയ പാകിസ്ഥാന്‍ സ്ഥാനപതിയെ ഹക്കാനിയുടെ “സ്വാധീനം” ഉപയോഗിച്ച് ആണ് ഐ.എസ്.ഐ മോചിപ്പിച്ചത് എന്നും മുഷറഫ് പറഞ്ഞു.
പാകിസ്ഥാനിലെ കൊടും ഭീകരന്‍ ആയ ബൈത്തുള്ള മെഹ്സുദിനോട് വളരെ അടുത്ത ബന്ധം ആണ് ഹക്കാനിയ്ക്ക് ഉള്ളതെന്നും മുഷറഫ് ഒരു ജര്‍മന്‍ മാധ്യമത്തോട് വെളിപ്പെടുത്തി. ചില ശത്രുക്കളെ തന്നെ മറ്റു ചില ശത്രുക്കള്‍ക്ക് എതിരെ ഉപായോഗിക്കുക എന്ന തന്ത്രം ആണ് രഹസ്യ അന്വേഷണ സംഘടനകള്‍ ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്ഥാന്‍ രഹസ്യ അന്വേഷണ സംഘടന ആയ ഐ.എസ്.ഐ യ്ക്ക് ഭീകരരോട് ഉള്ള ബന്ധം പരസ്യമായ രഹസ്യം ആണ്. എങ്കിലും മുന്‍ പാകിസ്ഥാന്‍ പ്രസിഡന്റിന്റെ വെളിപ്പെടുത്തലുകള്‍ ഏറെ ശ്രദ്ധേയം ആണ്.
- ജെ.എസ്.