രണ്ടു യൂറോപ്യൻ ടീമുകളുടെ പോരാട്ടം ഈ ലോകകപ്പിലെ മികച്ച കളികളിൽ ഒന്നായി മാറാൻ സാധ്യതയുണ്ട്. ചാമ്പ്യൻമാരായ സ്പെയ്നും യൂറോപ്യൻ ഫുട്ബോളിലെ സൌന്ദര്യമായ ഹോളണ്ടും ഏറ്റുമുട്ടുമ്പോൾ ഈ സാധ്യത ഏറെയാണ്. പോരു കാളകളുടെ വീര്യത്തോടെ കപ്പ് നിലനിർത്തുക എന്ന ലക്ഷ്യത്തോടെ ഇറങ്ങുന്ന സ്പെയിൻ പഴയ പടക്കുതിരകളെ തന്നെയാണ് ഇത്തവണയും നിയോഗിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ പരിചയ സമ്പന്നരായ കളിക്കാരാണ് മധ്യനിരയില്‍. ഇനിയേസ്റ്റയും, ഡേവിഡ് വിയ്യ, ഫെര്ണാഗണ്ടോ ടോറസും പഴയ കളി എടുത്താല്‍ നിലവിൽ ലോക ഓന്നാം റാങ്ക് ആയ സ്പെയിനിന് കപ്പ് നില നിര്‍ത്തുക എളുപ്പമാകും. എന്നാല്‍ ഡേവിഡ് വിയ്യയോ ഫെര്ണാഗണ്ടോ ടോറസോ ഫോമിലല്ലാത്തതും, മുന്‍നിര താരം ഡീഗോ കോസ്റ്റയുടെ പരിക്കും സ്പെയിനിന് വെല്ലുവിളിയാണ്. ബാറിനു കീഴില്‍ സ്പെയിനിനെ സുരക്ഷിതമാക്കാന്‍ നായകന്‍ ഇകര്‍ കസീയസ്സ് നില്‍ക്കുമ്പോള്‍ വല കുലുക്കാന്‍ ഹോളണ്ട് ഏറെ പ്രയാസപ്പെടും.
യൂറോപ്യന്‍ ഫുട്ബോളിന്‍റെ സൌന്ദര്യം എന്നറിയുന്ന ഹോളണ്ടിന്റെ ഓറഞ്ച് പട എന്നും നിര്‍ഭാഗ്യം കൂടെയുള്ള ടീമാണ്. എന്നാല്‍ കഴിഞ്ഞ തവണ ഫൈനലില്‍ മുട്ടിയ സ്പെയ്നിനെ ആദ്യ കളിയില്‍ തന്നെ മുന്നില്‍ കിട്ടുമ്പോള്‍ മധുരമായ പ്രതികാരം വീട്ടാനുള്ള അവസരമാണ് ഓറഞ്ച് യുവ നിരയ്ക്ക് വന്നിരിക്കുന്നത്. റോബിന്‍ വാന്‍ പെഴ്സിയുടെ നേതൃത്വത്തില്‍ ഓറഞ്ചു പടയുടെ ആക്രമണ നിരയില്‍ കുയ്റ്റുവും എത്തുന്നതോടെ ആക്രമണം പൂര്‍ണമാകും. ആര്യന്‍ റോബനും സ്നൈഡറും ഉള്ള മധ്യനിരയെ തുളച്ച് കയറാന്‍ സ്പെയിനിന് ഏറെ വിയര്‍പ്പോഴുക്കേണ്ടി വരും. നിര്‍ഭാഗ്യം ഇത്തവണയും ഹോളണ്ടിന് വിനയായില്ലെങ്കില്‍ മുന്‍തൂക്കം ഹോളണ്ടിന് തന്നെ. റൂഡ് ഗുള്ളിറ്റും, വാന്‍ ബാസ്റ്റനും അടങ്ങിയ ക്ലാസിക് താരങ്ങള്‍ ഉണ്ടായിരുന്ന ഹോളണ്ട് കപ്പുയുര്‍ത്താന്‍ ഇത്തവണയെങ്കിലും ആകുമെന്ന് വിശ്വസിക്കുന്ന ഒട്ടനവധി ആരാധകര്‍ ഉണ്ട്. അവര്‍ ഈ മല്‍സരത്തില്‍ നിന്നും വിജയം എന്ന മന്ത്രം മാത്രമേ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നുള്ളൂ.
- ഫൈസല്‍ ബാവ