എ ഗ്രൂപ്പിലെ കറുത്ത കുതിരകളായ കാമറൂണും അമേരിക്കന്‍ ശക്തിയായ മെക്സികൊയും ഏറ്റുമുട്ടുമ്പോള്‍ സാധ്യത കല്‍പ്പിക്കുന്നത് കാമറൂണ്‍ തന്നെയാണ്. എന്നാല്‍ മെക്സികൊ കളിയുടെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല. ഇരു ടീമുകളും ലോകകപ്പില്‍ വലിയ മുന്നേറ്റങ്ങള്‍ നടത്തിയിട്ടില്ല. എന്നാല്‍ കാമറൂണിന്‍റെ 1990ലെ അരങ്ങേറ്റം ആരെയും ഓര്‍മ്മിപ്പിക്കുന്ന ഒന്നായിരിക്കും. ഫുട്ബോളിന്‍റെ രാജാവ് എക്കാലത്തെയും മികച്ച കളിക്കാരില്‍ ഒരാളായ മറഡോണ നയിച്ച അര്‍ജന്‍റീനയെ അതും 1986ല്‍ മെക്സിക്കോയുടെ പുല്‍ത്തകിടില്‍ അല്‍ഭൂതങ്ങള്‍ കാണിച്ച് കപ്പുയര്‍ത്തി ലോകത്തിന് തന്നെ അഭിമാനമായി ഉയർന്ന മറഡോണ നയിക്കുന്ന അര്‍ജന്‍റീനയെ നേരിടുമ്പോൾ ഒരു പ്രവചനം പോലും കാമറൂണ്‍ അട്ടിമറി ജയം നേടുമെന്ന്‍ പറഞ്ഞില്ല. എന്നാല്‍ അന്ന് ഇറ്റലിയിലെ പുല്‍ത്തകിടില്‍ ലോകകപ്പിലെ ആദ്യ മല്‍സരം തന്നെ ലോകത്തെ കാമറൂണ്‍ എന്ന ടീം ഞെട്ടിച്ചു. അര്‍ജന്‍റീന വീണു. ആ കാമറൂണ്‍ പിന്നീട് അത്ര വലിയ മുന്നേറ്റങ്ങള്‍ ഉണ്ടാകിയില്ല. ആഫ്രിക്കന്‍ ശക്തികള്‍ എന്നും മാറി മറിഞ്ഞ് വരുന്ന കൂട്ടത്തില്‍ ഇടക്കിടക്ക് കാമറൂണ്‍ വന്നു കൊണ്ടിരുന്നു. ആഫ്രിക്കയിലെ തന്നെ മികച്ച കളിക്കാരനില്‍ ഒരാളായ സാമുവല്‍ ഏറ്റു നയിക്കുന്ന കാമറൂണില്‍ ഫാബ്രിയസ് ഒലിങ്കയും മോട്ടിങ്ങും തിളങ്ങിയാല്‍ മെക്സികൊ വെള്ളം കുടിക്കും. എന്നാല്‍ പിന്നില്‍ നിന്നും ശക്തമായ പ്രതിരോധം തീര്‍ക്കുന്ന മെക്സികോയുടെ റാഫേല്‍ മാര്‍കേസ് നയിക്കുന്ന മെക്സിക്കന്‍ മതില്‍ പൊളിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. റൌള്‍ ജെമെനസുയിനെയും ദോസ് സന്‍റോസിനെയും കാമറൂണ്‍ പിടിച്ച് കെട്ടിയില്ലെങ്കില്‍ ലോംഗ് ഷോട്ടില്‍ ഗോളുകള്‍ വീഴും. ഒപ്പം കാര്‍ലോസ് പീനയുടെ പിന്തുണ കൂടി ആയാല്‍ കാമറൂണ്‍ വിറയ്ക്കും.
- ഫൈസല്‍ ബാവ