തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാന്‍ ഇറാന്റെ പരമോന്നത ആത്മീയ നേതാവായ അയത്തൊള്ളാ അലി ഖമേനി ഉത്തരവിട്ടു. ഇതോടെ തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടത്തിയാണ് പ്രസിഡണ്ട് അഹമ്മദി നെജാദ് ജയിച്ചത് എന്ന് ആരോപിച്ച പ്രതിപക്ഷത്തിന് പുതിയ പ്രതീക്ഷയായി. കഴിഞ്ഞ ദിവസങ്ങളില്‍ തെരഞ്ഞെടുപ്പില്‍ നടന്ന ക്രമക്കേടിനെതിരെ ഇറാന്റെ തെരുവുകളില്‍ വമ്പിച്ച പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു വരികയായിരുന്നു. അതിനിടെയാണ് ഏവരേയും അമ്പരപ്പിച്ചു കൊണ്ട് ഇറാന്റെ പരമോന്നത നേതാവിന്റെ തികച്ചും അപ്രതീക്ഷിതമായ ഈ നിലപാട്.
ഇപ്പോള്‍ നിലവിലുള്ള തര്‍ക്കങ്ങള്‍ നിയമത്തിന്റെ വഴിയിലൂടെ പരിഹരിക്കണം എന്ന് ഖമേനി അറിയിച്ചതായി ഇറാന്‍ ടെലിവിഷന്‍ വെളിപ്പെടുത്തി. തെരഞ്ഞെടുപ്പില്‍ നെജാദിന്റെ മുഖ്യ എതിരാളി ആയിരുന്ന മൂസാവി ഇത് സംബന്ധിച്ച് ഇറാനിലെ പരമോന്നത അധികാര കേന്ദ്രമായ രക്ഷാ സമിതിക്ക് എഴുത്തയക്കുകയും ഞായറാഴ്ച ഖമേനിയെ നേരിട്ട് കണ്ട് പരാതി ബോധിപ്പിക്കുകയും ചെയ്തിരുന്നു. ഇറാനില്‍ സമ്പൂര്‍ണ്ണമായ പരമാധികാരമാണ് ആത്മീയ നേതാവ് കൂടിയായ ഖമേനിക്കുള്ളത്.
ഈ കൂടിക്കാഴ്ച്ചയെ തുടര്‍ന്നാണ് ഖമേനി തെരഞ്ഞെടുപ്പിനെ ചൊല്ലി നില നില്‍ക്കുന്ന തര്‍ക്കങ്ങള്‍ എത്രയും പെട്ടെന്ന് അന്വേഷിക്കുകയും മൂസാവി സമര്‍പ്പിച്ച പരാതി ശ്രദ്ധാപൂര്‍വ്വം പഠിച്ച് വേണ്ട നടപടി കൈക്കൊള്ളുകയും വേണം എന്ന് രക്ഷാ സമിതിയോട് ആവശ്യപ്പെട്ടത്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇറാന്‍