ജൊഹാനസ്ബര്‍ഗ് : ആരാധകരുടെ പ്രതീക്ഷക്ക് ഒത്ത പ്രകടനം ആയില്ലെങ്കിലും ബ്രസീല്‍ ജയിച്ചു. ആവേശ ഭരിതമായ ബ്രസീല്‍ – ഉത്തര കൊറിയ മല്‍സരത്തില്‍ ആദ്യ പകുതിയില്‍ ഇരു ടീമുകളും ഗോളുകള്‍ ഒന്നും സ്കോര്‍ ചെയ്തില്ല. പരമ്പരാഗത ശൈലിയില്‍ കളിക്കാന്‍ കഴിയാതെ പോയ ബ്രസീലിനെ പിടിച്ചു കെട്ടുന്നതില്‍ ഉത്തര കൊറിയന്‍ ഡിഫന്‍ഡര്‍മാര്‍ വിജയം നേടുന്നത് കാണാമായിരുന്നു.
പേരിന് ഒത്ത പ്രകടനം കക്കാ, റൊബീന്യോ തുടങ്ങിയ ലോകോത്തര കളിക്കാരില്‍ നിന്നും കാണാനായില്ല. അമ്പത്തി അഞ്ചാം മിനുട്ടില്‍ ബ്രസീലിയന്‍ ഡിഫെന്‍ഡര്‍ മൈക്കാന്‍, കൊറിയന്‍ ഡിഫെന്‍സിനെ ഭേദിച്ച് കൊണ്ട് ആദ്യത്തെ ഗോള്‍ സ്കോര്‍ ചെയ്തു . തുടര്‍ന്ന്‍ എഴുപത്തി രണ്ടാം മിനുട്ടില്‍ മിഡ്ഫീല്‍ഡര്‍ എലാനോ യിലൂടെ ബ്രസീല്‍ പട്ടിക പൂര്‍ത്തിയാക്കി.
എന്നാല്‍ വിട്ടു കൊടുക്കാന്‍ കൊറിയന്‍ ചുവപ്പന്‍ പട തയ്യാറാ യിരുന്നില്ല. കളിയുടെ എണ്‍പത്തി എട്ടാം മിനുട്ടില്‍ ഏവരെയും ഞെട്ടിച്ചു കൊണ്ട് കൊറിയ യുടെ ജീയൂം, ബ്രസീലിയന്‍ വല പിടിച്ചു കുലുക്കി. മുഴുവന്‍ സമയ കളിക്ക് ശേഷം ലോകം കീഴടക്കിയ വിജയികളെ പ്പോലെ കാണികളെ അഭിവാദ്യം ചെയ്തു കൊണ്ടാണ് കൊറിയ ഗ്രൌണ്ട് വിട്ടകന്നത്.
ന്യൂസിലാന്‍ഡ് സമനില പിടിച്ചു
കളി അവസാനിക്കാന്‍ കേവലം ഇരുപത് സെക്കന്‍ഡുകള്‍ മാത്രം ബാക്കി നില്‍ക്കെ , കരുത്തരായ സ്ലോവാക്യ ക്കെതിരെ ന്യൂസിലാന്‍ഡ് സമനില ഗോള്‍ നേടിക്കൊണ്ട് വിലപ്പെട്ട ഒരു പോയിന്‍റ് സ്വന്തമാക്കി. കിവീസ് പ്രതിരോധ നിര യിലെ വിന്‍സ്റ്റണ്‍ റീഡ് ആയിരുന്നു ആ ഗോള്‍ സ്കോര്‍ ചെയ്തത്. കളിയുടെ അന്‍പതാം മിനുട്ടില്‍ സ്ലോവാക്യ യുടെ റോബര്‍ട്ട് നേടിയ ഗോളിലൂടെ അവര്‍ വിജയ പ്രതീക്ഷ പുലര്‍ത്തിയ സമയത്താണ് ന്യൂസിലാന്‍ഡ് കളിക്കാരന്‍ വിന്‍സ്റ്റണ്‍ റീഡ് അവസാന സെക്കണ്ടില്‍ ഹെഡ്ഡര്‍ ഗോളിലൂടെ സമനില പുലര്‍ത്തിയത്.
പോര്‍ച്ചുഗലിനെ ഐവറികോസ്റ്റ് തടഞ്ഞിട്ടു
ഗ്രൂപ്പ് ജി – യില്‍ ലോകത്തിലെ ഏറ്റവും വില പിടിച്ച താരം ക്രിസ്ത്യാനോ റൊണാള്‍ഡോ നയിച്ച പോര്‍ച്ചുഗീസിനെ ആഫ്രിക്കന്‍ ഫുട്ബോളര്‍ ദ്രോഗ്ബ നയിച്ച ഐവറികോസ്റ്റ് സമനില യില്‍ തളച്ചു. ആവേശം അതിര് കടക്കാതിരുന്ന മല്‍സരത്തില്‍ ഓര്‍ത്തു വെക്കാന്‍ റൊണാള്‍ഡോ ക്ക് ലഭിച്ച മഞ്ഞക്കാര്‍ഡ് മാത്രം.
തയ്യാറാക്കിയത്: – ഹുസ്സൈന്‍ ഞാങ്ങാട്ടിരി
- pma
നല്ല നിരൂപന്നം സ്പൈന്‍ ജയികും