ലണ്ടൻ : ട്വിറ്റർ ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ നെറ്റ്വർക്കിങ്ങ് വെബ്സൈറ്റുകളുടെ ഉപയോക്താക്കൾക്ക് ഏറെ ആശ്വാസകരമായ ഒരു വിധി ലണ്ടൻ ഹൈക്കോടതി പുറപ്പെടുവിച്ചു. വിമാനത്താവളം അടച്ചിട്ടതിനെ തുടർന്ന് യാത്ര മുടങ്ങിയ നിരാശയിൽ വിമാനത്താവളം താൻ ബോംബ് വെച്ച് തകർക്കും എന്ന് ട്വിറ്ററിൽ ഭീഷണി മുഴക്കിയ യുവാവിനെ വെറുതെ വിടുകയായിരുന്നു കോടതി. ട്വിറ്ററിലും ഫേസ്ബുക്കിലുമെല്ലാം നടത്തുന്ന അഭിപ്രായ പ്രകടനങ്ങളോ തമാശകളോ അവ എത്ര മോശമായിരുന്നാലും അത് ചെയ്യുന്ന ആൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കാൻ തക്കതല്ല എന്നാണ് ഈ സുപ്രധാന വിധിയിൽ ലണ്ടൻ ഹൈക്കോടതി വ്യക്തമാക്കിയത്.
28കാരനായ പോൾ ചേംബേഴ്സ് ആണ് ട്വിറ്ററിൽ ബോംബ് ഭീഷണി മുഴക്കിയ വിദ്വാൻ. വിമാനത്താവളം അടച്ചിട്ടത് മൂലം പോളിന്റെ യാത്ര മുടങ്ങി. ഈ നിരാശയിൽ പോൾ ട്വിറ്ററിൽ ഇങ്ങനെ എഴുതി – “റോബിൻ ഹുഡ് വിമാനത്താവളം അടച്ചിട്ടിരിക്കുന്നു. ഒരാഴ്ച്ചയ്ക്കുള്ളിൽ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ വിമാനത്താവളം ഞാൻ തകർക്കും”
ഒരു നിമിഷത്തെ ആവേശത്തിൽ താൻ എഴുതിയ ഒരു കമന്റ് ഇത്രയേറെ ഗൌരവമുള്ളതായി തീരും എന്ന് താൻ കരുതിയില്ല എന്ന് പോൾ പറയുന്നു. 600 സുഹൃത്തുക്കൾ ട്വിറ്ററിൽ ഉള്ള പോളിന്റെ ഈ ട്വീറ്റ് പക്ഷെ പോളിന്റെ അറസ്റ്റിൽ കലാശിച്ചു.
ഒരു തമാശയായിട്ടോ, അല്ലെങ്കിൽ വിടുവായിത്തരമായിട്ടോ ഒരു അഭിപ്രായം ആരെങ്കിലും ഇത്തരം സോഷ്യൽ നെറ്റ്വർക്കുകളിൽ പറഞ്ഞാൽ, അതെത്ര കണ്ട് മോശമാണെങ്കിൽ കൂടി, അതിനെ ഒരു ഭീഷണിയായിട്ടൊന്നും കാണാൻ ആവില്ല എന്ന് ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ഫേസ്ബുക്ക്, ട്വിറ്റർ ഉപയോക്താക്കൾക്ക് സന്തോഷകരമായ ഈ വിധി പ്രസ്താവിച്ചു കൊണ്ട് ജഡ്ജിമാർ വ്യക്തമാക്കി.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്റര്‍നെറ്റ്, കോടതി, ബ്രിട്ടന്, മനുഷ്യാവകാശം