സ്വിറ്റ്സര്‍ലാന്‍ഡിനെ ഒരു ലോക രാഷ്ട്രമായി കണക്കാക്കാന്‍ ആവില്ലെന്നും അത് ഒരു ലോക മാഫിയ ആണെന്നും ലിബിയന്‍ നേതാവ് കേണല്‍ ഗദ്ദാഫി പ്രസ്താവിച്ചു. പത്തു വര്‍ഷത്തോളം ഐക്യ രാഷ്ട്ര സഭയുടെ ഉപരോധത്തിനു വിധേയമായ ലിബിയ ഐക്യ രാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയുടെ പ്രസിഡണ്ട് സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറെടുക്കുന്ന അവസരത്തില്‍ ഗദ്ദാഫി സ്വിറ്റ്സര്‍ലാന്‍ഡ് എന്ന രാഷ്ട്രത്തെ ഉന്മൂലനം ചെയ്യണം എന്ന് ആവശ്യപ്പെട്ട് ഐക്യ രാഷ്ട്ര സഭയില്‍ ഒരു പ്രമേയം അവതരിപ്പിച്ചു. അന്താരാഷ്ട്ര നിയമ വ്യവസ്ഥകളെ വെല്ലുവിളിച്ചു നില നില്‍ക്കുന്ന ഈ മാഫിയാ രാഷ്ട്രത്തെ പിരിച്ചു വിട്ട് അതിനെ ഫ്രാന്‍സ്, ഇറ്റലി, ജര്‍മ്മനി എന്നീ രാഷ്ട്രങ്ങള്‍ക്ക് പകുത്ത് കൊടുക്കണം അങ്ങനെ സ്വിറ്റ്സര്‍ലാന്‍ഡ് ലോക ഭൂപടത്തില്‍ നിന്നും എന്നെന്നേക്കുമായി നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെടണം എന്നാണ് ഗദ്ദാഫിയുടെ ആവശ്യം. ജൂലൈയില്‍ ഇറ്റലിയില്‍ നടന്ന ജി-8 ഉച്ചകോടിയില്‍ ഈ നിര്‍ദ്ദേശം ഗദ്ദാഫി സമര്‍പ്പിച്ചിരുന്നു. ഇറ്റലി, ഫ്രാന്‍സ്, ജര്‍മ്മനി എന്നീ സമൂഹങ്ങളുടെ ഒരു കൂട്ടായ്മയാണ് സ്വിറ്റ്സര്‍ലാന്‍ഡ്. ഈ സമൂഹങ്ങള്‍ അവരവരുടെ മാതൃ രാഷ്ട്രങ്ങളുമായി ലയിച്ചു ചേരണം എന്നും അങ്ങനെ ഈ ലോക മാഫിയ ഇല്ലാതാവണം എന്നു അന്ന് ലിബിയ ആവശ്യപ്പെട്ടിരുന്നു.
സ്വിസ്സ് ബാങ്കുകളില്‍ തങ്ങളുടെ പൌരന്മാര്‍ നിയമ വിരുദ്ധമായി നിക്ഷേപിച്ച കള്ള പണം തിരിച്ചു പിടിക്കാന്‍ അമേരിക്കയും ഇന്ത്യയും അടക്കം പല ലോക രാഷ്ട്രങ്ങളും സ്വിറ്റ്സര്‍ലാന്‍ഡിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തി വരുന്ന ഈ അവസരത്തില്‍ ഗദ്ദാഫിയുടെ ആവശ്യം ശ്രദ്ധേയമാണ്. തങ്ങളുടെ പൌരന്മാര്‍ക്ക് നിയമം ലംഘിക്കാന്‍ ഉള്ള അവസരം സ്വിറ്റ്സര്‍ലാന്‍ഡ് ഒരുക്കി കൊടുക്കുന്നു എന്ന് അമേരിക്ക ആരോപിച്ചിരുന്നു. തങ്ങളുടെ പൌരന്മാരുടെ സ്വിസ്സ് ബാങ്ക് ഇടപാടുകളെ പറ്റിയുള്ള വിവരങ്ങള്‍ വെളിപ്പെടുത്തണം എന്ന ഇന്ത്യന്‍ സര്‍ക്കാരിന്റെ ആവശ്യം അടുത്തയിടെ ആണ് സ്വിറ്റ്സര്‍ലാന്‍ഡ് തള്ളിയത്. സ്വിസ്സ് ബാങ്കിങ്ങ് നിയമപ്രകാരം ഇടപാടുകാരുടെ സ്വകാര്യതയ്ക്ക് തങ്ങള്‍ പരമ പ്രാധാന്യം കല്‍പ്പിക്കുന്നു എന്ന് ഈ സാഹചര്യത്തില്‍ സ്വിറ്റ്സര്‍ലാന്‍ഡ് വ്യക്തമാക്കിയിരുന്നു.
ഒരു ഹോട്ടല്‍ പരിചാരികയെ പീഢിപ്പിച്ച കേസില്‍ ഗദ്ദാഫിയുടെ മകന്‍ ഹാനിബലിനെയും ഭാര്യയെയും കഴിഞ്ഞ വര്‍ഷം ജെനീവയില്‍ വെച്ചു സ്വിസ്സ് പോലീസ് അറസ്റ്റ് ചെയ്തതിനു ശേഷമാണ് സ്വിറ്റ്സര്‍ലാന്‍ഡും ലിബിയയുമായുള്ള ബന്ധം വഷളായത്.
- ജെ.എസ്.