കറാച്ചി: പാക്കിസ്ഥാനിലെ കറാച്ചിയില്‍ പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണം നടത്തുന്ന അഞ്ചു സ്ത്രീകളെ വെടിവെച്ച് കൊന്നു. യു.എന്‍.ആഭിമുഖ്യത്തിലുള്ള പോളിയോ നിര്‍മ്മാര്‍ജ്ജന പദ്ധതി പ്രകാരം രാജ്യവ്യാപകമായി നടന്ന വാക്സിനേഷന്‍ പദ്ധതിയുടെ ഭാഗമായി ഇവര്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. രാജ്യമൊട്ടാകെ മൂന്ന് ദിവസത്തെ പരിപാടിയായിരുന്നു ഉണ്ടായിരുന്നത്. രണ്ടാം ദിവസമാണ് ഇവരെ കൊലപ്പെടുത്തിയത്. പോളിയോ പ്രതിരോധ പ്രവര്‍ത്തനത്തിനെതിരെ ചില മത തീവ്രവാദികള്‍ രംഗത്തെത്തിയിരുന്നു. ആക്രമണത്തെ തുടര്‍ന്ന് പോളിയോ പ്രതിരോധ മരുന്നിന്റെ വിതരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി പാക്കിസ്ഥാന്‍ ആരോഗ്യ വകുപ്പ് പറഞ്ഞു.
ഭൂമുഖത്തുനിന്നും പോളിയോ തുടച്ചു നീക്കുവാനുള്ള പരിപാടിയാണ് യു.എന്‍ നേതൃത്വത്തില്‍ നടപ്പിലാക്കുന്നത്. എന്നാല്‍ പാക്കിസ്ഥാന്‍-അഫ്ഗാനിസ്ഥാന്‍ തുടങ്ങി മത തീവ്രവാദികള്‍ക്ക് സ്വാധീനമുള്ള മേഘലകളില്‍ ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. വാക്സിനേഷന്‍ പ്രോഗ്രാമുകളെ പാശ്ചാത്യ ഗൂഢാലോചനയായാണ് ഇവര്‍ ആരോപിക്കുന്നത്. എന്നാല്‍ ആരോഗ്യപ്രവര്‍ത്തകരുടെ കൊലയുടെ ഉത്തരവാദിത്വം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.
- എസ്. കുമാര്‍