മോസ്‌കോ: തലസ്ഥാനമായ മോസ്‌കോയില്‍ നിന്നു പെട്രോ സാവോഡ്‌സ്‌കിലേയ്‌ക്കു പോകുകയായിരുന്ന യാത്രാ വിമാനം തകര്‍ന്നു വീണ് 44 പേര്‍ മരിച്ചു. എട്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ദുരന്തത്തില്‍ നിന്നു പരിക്കുകളോടെ രക്ഷപെട്ട യാത്രക്കാരുടെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. റഷ് എയറിന്റെ ടി.യു. – 134 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 43 യാത്രക്കാരും ഒമ്പതു ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്‌ടായിരുന്നത്. വടക്കന്‍ റഷ്യയിലെ കരേലിയ മേഖലയിലുള്ള പെട്രോ സാവോഡ്‌സ്‌ക് വിമാനത്താവളത്തില്‍ നിന്നു ഒരു കിലോമീറ്റര്‍ അകലെ നിയന്ത്രണം നഷ്‌ടപ്പെട്ട് ദേശീയ പാതയിലാണ് വിമാനം തകര്‍ന്നു വീണത്.
ദേശീയ പാതയില്‍ വിമാനം ഇടിച്ചിറങ്ങിയ മേഖലയ്‌ക്കു മീറ്ററുകള്‍ മാത്രം അകലെയായി നിരവധി കെട്ടിടങ്ങളുമുണ്‌ടായിരുന്നു. അതേ സമയം, അപകട കാരണം സംബന്ധിച്ച് അന്വേഷണം നടത്തിയ ശേഷമെ പറയാനാകുകയുള്ളുവെന്ന് കരേലിയ വ്യോമ മന്ത്രാലയം വ്യക്തമാക്കി. മോസ്‌കോ ആസ്ഥാനമാക്കി സര്‍വീസ് നടത്തുന്ന സ്വകാര്യ വിമാന കമ്പനിയാണ് റഷ് എയര്‍.
-