ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ഒന്‍പതു പേര്‍ മരിച്ചു. ഇതില്‍ രണ്ടു ഓസ്‌ട്രേലിയന്‍ പൗരന്‍മാരും രണ്ടു ദക്ഷിണാഫ്രിക്ക, അഞ്ച് ഇന്തോനേഷ്യന്‍ പൌരന്മാരും ഉള്‍പ്പെടുന്നു. ഒരു ഇന്തോനേഷ്യന്‍ സ്വദേശി രക്ഷപ്പെട്ടു. ഖനി തൊഴിലാളികളും കരാറുകാരും ക്രൂവും ഉള്‍പ്പെടുന്നവരാണു ഹെലികോപ്റ്റിലുണ്ടായിരുന്നത്. സുലാവെസി പ്രവിശ്യയിലെ മനാഡോയില്‍ നിന്നു ഹല്‍മെഹറ ദ്വീപിലെ ഗൊസോവോംഗ് ഖനിയിലേയ്‌ക്കു പോകുകയായിരുന്നു തകര്‍ന്ന ഹെലികോപ്‌റ്റര്‍. ഹല്‍മഹേരയിലെ ന്യൂക്രെസ്റ്റ് ഗോസോവങ് ഖനിക്കു സമീപമാണു ഹെലികോപ്റ്റര്‍ തകര്‍ന്നു വീണത്. ബെല്‍ 412 ഇനത്തില്‍പ്പെട്ട ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. ഹെലികോപ്‌റ്റര്‍ പറന്നുയര്‍ന്ന് ഏതാനും നിമിഷങ്ങള്‍ക്കകം എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗവുമായി ബന്ധം നഷ്‌ടമാവുകയായിരുന്നു. അപകട കാരണം അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.
- ലിജി അരുണ്‍