ടെഹറാൻ : എണ്ണ കച്ചവടം തടഞ്ഞ് ഇറാനെ തളർത്താൻ ആരും നോക്കേണ്ട എന്ന് ഇറാനിയൻ പ്രസിഡണ്ട് മഹമൂദ് അഹമ്മദിനെജാദ് ചൊവ്വാഴ്ച്ച പ്രസ്താവിച്ചു. യൂറോപ്യൻ യൂണിയൻ ഇറാനു മേൽ എണ്ണ ഉപരോധം നടപ്പിലാക്കുന്നതിന് മുൻപു തന്നെ പ്രതികാര നടപടി എന്നവണ്ണം ഇറാൻ എണ്ണ കയറ്റുമതി ചെയ്യുന്നത് നിർത്തി വെച്ച മൂന്നാമത്തെ രാജ്യമായി ഗ്രീസ് മാറിയതിനെ തുടർന്നാണ് നെജാദ് ഈ പ്രസ്താവന നടത്തിയത്. ബ്രിട്ടനും ഫ്രാൻസുമാണ് ഇറാന്റെ എണ്ണഊപരോധം നേരിടുന്ന മറ്റു രാജ്യങ്ങൾ. ഇറാനിൽ നിന്നും എണ്ണ വാങ്ങുന്നതിന് യൂറോപ്യൻ യൂണിയൻ നേരത്തേ നിരോധനം ഏർപ്പെടുത്തിയിരുന്നു. ഈ നിരോധനം ജൂലൈ മുതൽ പ്രാബല്യത്തിൽ വരും.
ഇറാൻ ആണവ ആയുധങ്ങൾ നിർമ്മിക്കുന്നു എന്ന ആരോപണം ഉന്നയിച്ചാണ് യൂറോപ്യൻ യൂണിയൻ ശിക്ഷാ നടപടി സ്വീകരിച്ചത്. എന്നാൽ പാശ്ചാത്യ ലോകത്തിന്റെ ഈ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ് എന്നാണ് ഇറാന്റെ നിലപാട്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇറാന്‍, ഫ്രാന്‍സ്, ബ്രിട്ടന്, സാമ്പത്തികം