ജപ്പാനിലെ ശാസ്ത്രജ്ഞർ വിത്ത് കോശങ്ങളിൽ നിന്നും വിജയകരമായി മനുഷ്യന്റെ കരളും നേത്ര പാളിയും വികസിപ്പിച്ചു. ജപ്പാനിലെ യോകോഹാമ സർവ്വകലാശാലയിലെ വിത്ത് കോശ ജീവ ശാസ്ത്രജ്ഞൻ തക്കനോറി തക്കെബെയുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് മൂന്ന് തരം കോശങ്ങൾ ഉപയോഗിച്ച് പ്രവർത്തനക്ഷമമായ ഒരു ചെറു കരൾ വികസിപ്പിച്ചത്. മൂന്ന് കോശങ്ങളും മിശ്രിതത്തിലേക്ക് ചേർക്കുന്നതിന്റെ സമയമായിരുന്നു ഈ പരീക്ഷണത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം എന്ന് ഗവേഷകർ അറിയിച്ചു. ഒരു വർഷത്തിലേറെ സമയം കൊണ്ട് നടത്തിയ നൂറിലേറെ പരാജയപ്പെട്ട പരീക്ഷണങ്ങൾ ക്കൊടുവിലാണ് സംഘം വിജയം കണ്ടത്.
കോബെയിലെ റിക്കെൻ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരാണ് കൃത്രിമ നേത്ര പാളി വികസിപ്പിച്ചത്. ഇവർ ഒരു പാത്രത്തിൽ ഒരുക്കിയ വിത്ത് കോശങ്ങൾ പൊടുന്നനെ ഒരു കുമിളയായി രൂപപ്പെടുകയും പിന്നീട് അത് തന്നിലേക്ക് തന്നെ ചുരുങ്ങി കണ്ണിനുള്ളിലെ റെറ്റിനയ്ക്ക് സമാനമായി രൂപാന്തരം പ്രാപിക്കുകയും ചെയ്തു. ഗവേഷക സംഘത്തിന്റെ യാതൊരു നിയന്ത്രണവും ഇല്ലാതെ ഈ പ്രക്രിയ ഇവരുടെ കണ്ണിനു മുൻപിൽ സ്വയമായി നടന്നത് ഗവേഷകരെ ഏറെ അദ്ഭുതപ്പെടുത്തി. കണ്ണിന്റെ ഈ ഭാഗം രൂപപ്പെടുന്നത് എങ്ങിനെ എന്ന് ഇത് കാണുന്നതിന് മുൻപ് ശാസ്ത്രജ്ഞർക്ക് അറിയില്ലായിരുന്നു എന്നതാണ് രസകരം. കാഴ്ച നഷ്ട്ടപ്പെട്ടവർക്ക് കാഴ്ച തിരികെ നൽകുന്നതിന് ഈ കണ്ടുപിടിത്തം ഉപകരിക്കും എന്നാണ് പ്രതീക്ഷ.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: വൈദ്യശാസ്ത്രം