ഇസ്ലാമാബാദ് : ഇസ്ലാമിന്റെ ഏറ്റവും വലിയ ശത്രുവായ അമേരിക്കൻ പ്രസിഡണ്ട് ബറാൿ ഒബാമയെ പ്രകീർത്തിച്ചതിനാണ് തങ്ങൾ മലാല യൂസഫ്സായിക്ക് വധ ശിക്ഷ വിധിച്ചത് എന്ന് താലിബാൻ വ്യക്തമാക്കി. പാക്കിസ്ഥാനിലെ സ്ക്കൂൾ വിദ്യാർത്ഥിനിയായ മലാലയെ കഴിഞ്ഞ ദിവസം താലിബാൻ അക്രമികൾ വെടി വെച്ചിരുന്നു. തലയ്ക്ക് വെടിയേറ്റ മലാലയെ പാൿ ഡോക്ടർമാർ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കി വെടിയുണ്ടകൾ നീക്കം ചെയ്തു. എന്നാൽ വിദഗ്ദ്ധമായ തീവ്ര പരിചരണം ആവശ്യമായ പെൺകുട്ടിയെ പിന്നീട് ബ്രിട്ടനിലേക്ക് കൊണ്ടുപോയി. 14 കാരിയായ മലാല സുഖം പ്രാപിക്കാനുള്ള എല്ലാ സാദ്ധ്യതകളും ഉണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.
പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന താലിബാന്റെ നയത്തെ എതിർത്ത മലാലയെ ആക്രമിച്ചത് പരക്കെ അപലപിക്കപ്പെട്ടിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട് എന്ന് പാൿ അധികൃതർ അറിയിക്കുന്നു. എന്നാൽ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.
മലാല പാശ്ചാത്യർക്ക് വേണ്ടി ചാര പ്രവർത്തനം നടത്തുകയായിരുന്നു എന്നാണ് താലിബാന്റെ ആരോപണം. ശത്രുക്കളുടെ ചാരന്മാർക്ക് ഇസ്ലാം മരണ ശിക്ഷയാണ് നൽകുന്നത്. നാണം ഇല്ലാതെ അപരിചിതരോടൊപ്പം ഇരുന്ന് അവൾ താലിബാന് എതിരെയും ഇസ്ലാമിന്റെ ഏറ്റവും വലിയ ശത്രുവായ ബറാൿ ഒബാമയേയും പ്രകീർത്തിക്കുന്നു. വിശുദ്ധ പോരാളികളായ മുജാഹിദ്ദീനെതിരെ പ്രചരണം നടത്തുകയും താലിബാനെ അപകീർത്തിപ്പെടുത്തുകയും ചെയ്തത് കൊണ്ടാണ് തങ്ങൾ മലാലയെ ലക്ഷ്യം വെച്ചത് എന്നും താലിബാൻ പ്രസ്താവനയിൽ അറിയിച്ചു. വിദ്യാഭ്യാസത്തിനായി വാദിച്ചത് കൊണ്ടല്ല മലാലയെ ആക്രമിച്ചത്. മുജാഹിദ്ദീനെയും അവരുടെ യുദ്ധത്തേയും എതിർത്തത് കൊണ്ടാണ്. ഇസ്ലാമിനും ഇസ്ലാമിക ശക്തികൾക്കും എതിരെ പ്രചരണം നടത്തുന്നവരെ വധിക്കണം എന്നാണ് വിശുദ്ധ ഖുർആനും ഇസ്ലാമിക നിയമവും അനുശാസിക്കുന്നത് എന്നും അവർ വിശദീകരിച്ചു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുട്ടികള്‍, തീവ്രവാദം, ദുരന്തം, പാക്കിസ്ഥാന്, മനുഷ്യാവകാശം, വിദ്യാഭ്യാസം, സ്ത്രീ