യു.കെ: പാക്കിസ്ഥാനില്‍ താലിബാന്‍ ഭീകരന്മാരുടെ വെടിയേറ്റ് ഗുരുതരാവസ്ഥയിലായ സന്നദ്ധപ്രവര്‍ത്തക മലാല യൂസഫിനെ വിദഗ്ദ ചികിത്സയ്ക്കായി യു.കെ.യിലേക്ക് കൊണ്ടു പോയതായി പാക്കിസ്ഥാന്‍ സൈന്യം വ്യക്തമാക്കി. സൈനിക ഡോക്ടര്‍മാരുടെ വിദഗ്ദ അഭിപ്രായത്തെ തുടര്‍ന്ന് യു.എ.ഈ അനുവദിച്ച പ്രത്യേക ആംബുലന്‍സ് വിമാനത്തിലാണ് മലാലയെ ലണ്ടനിലേക്ക് കൊണ്ടു പോയത്. ചികിത്സാ ചിലവ് പാക്കിസ്ഥാന്‍ സര്‍ക്കാര്‍ വഹിക്കും.
സ്കൂള്‍ വിട്ടു വരുമ്പോള്‍ കഴിഞ്ഞ ചൊവ്വാഴ്ച താലിബാന്‍ ഭീകരന്മാര്‍ മലാലയ്ക്ക് നേരെ വെടിവെക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മലാലയെ ആസ്പത്രിയില്‍ എത്തിച്ചു. പെഷവാറിലെ ആസ്പത്രിയില്‍ വച്ച് നടത്തിയ ശ്രമകരമായ ശസ്ത്രക്രിയയിലൂടെ തലച്ചോറില്‍ തുളച്ചു കയറിയ വെടിയുണ്ടകള്‍ പുറത്തെടുത്തു. തുടര്‍ന്ന് റാവല്‍ പിണ്ടിയിലെ സൈനിക ആസ്പത്രിയിലേക്ക് മാറ്റി. മലാലയ്ക്കൊപ്പം രണ്ടു സഹപാഠികള്‍ക്കും വെടിയേറ്റിരുന്നു.
താലിബാന്‍ ഭീകരര്‍ക്ക് സ്വാധീനമുള്ള മേഘലയില്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന മലാലയെ തേടി നിരവധി അംഗീകാരങ്ങള്‍ എത്തിയിരുന്നു. വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്ന മലാലയുടെ പ്രവര്‍ത്തനങ്ങളോട് താലിബാന് ശക്തമായ എതിര്‍പ്പ് ഉണ്ട്. സുഖം പ്രാപിച്ചാല്‍ മലാലയെ ഇനിയും ആക്രമിക്കുമെന്ന് താലിബാന്‍ ഭീകരന്മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുട്ടികള്‍, കുറ്റകൃത്യം, തീവ്രവാദം, ബഹുമതി, മനുഷ്യാവകാശം, സ്ത്രീ