വെള്ളക്കാരന്റെ വര്‍ണ്ണ വെറിയുടെ പ്രതീകമായ കു ക്ലക്സ് ക്ലാന്‍ എന്ന ഭീകര സംഘടനയാണ് ഓസ്ട്രേലിയയിലും ഇപ്പോള്‍ കാനഡയിലും ഏഷ്യാക്കാര്‍ക്കും പ്രത്യേകിച്ച് ഇന്ത്യാക്കാര്‍ക്കും നേരെ നടക്കുന്ന വംശീയ ആക്രമണങ്ങള്‍ക്കു പുറകില്‍ എന്ന സംശയം പ്രബലപ്പെടുന്നു. കാനഡയിലെ ആക്രമണത്തോടെ ഇന്ത്യാക്കാര്‍ക്ക് എതിരെയുള്ള വംശീയ ആക്രമണങ്ങള്‍ക്ക് അന്താരാഷ്ട്ര മാനങ്ങള്‍ കൈവന്നിരിക്കുന്നതാണ് ആശങ്കക്ക് കാരണം ആവുന്നത്.
കഴിഞ്ഞ ഒരു മാസത്തിനിടെ 11 ഇത്തരം ആക്രമണങ്ങളാണ് ഇന്ത്യാക്കാര്‍ക്കെതിരെ ഓസ്ട്രേലിയയില്‍ ഉണ്ടായത്. ആക്രമിക്കപ്പെട്ട ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ നില അതീവ ഗുരുതരമായിരുന്നു.
“കറി ബാഷിങ്” എന്ന ഓമനപ്പേരില്‍ വിളിച്ച ഇത്തരം ആക്രമണങ്ങള്‍ ഒറ്റപ്പെട്ട സംഭവങ്ങള്‍ ആണെന്ന് ആയിരുന്നു ആദ്യമൊക്കെ പോലീസിന്റെയും നിലപാട്. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഇന്ത്യന്‍ ഭാഷകള്‍ പൊതു സ്ഥലത്ത് വെച്ച് സംസാരിക്കരുതെന്നും പൊതു സ്ഥലത്ത് കുറച്ച് കൂടി ഒതുങ്ങി കഴിഞ്ഞാല്‍ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാവില്ല എന്നൊക്കെ അധികൃതര്‍ പറഞ്ഞു.
ആക്രമണത്തിന് ഇരയായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ ബന്ധുക്കള്‍ പ്രതിഷേധിക്കുന്നു
ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ലാപ്‌ടോപ്പ്, ഐഫോണ്‍ മുതലായ വില കൂടിയ സാമഗ്രികള്‍ പ്രദര്‍ശിപ്പിച്ചു നടക്കുന്നതും മറ്റും അപകടകരം ആണ് എന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ തന്നെ ഓസ്ട്രേലിയന്‍ പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി ഓസ്ട്രേലിയന്‍ പോലീസിന്റെ ഒരു സംഘം ബാംഗ്ലൂര്‍ പോലെയുള്ള ഇന്ത്യന്‍ നഗരങ്ങള്‍ സന്ദര്‍ശിച്ച് ഓസ്ട്രേലിയയില്‍ ഉന്നത വിദ്യാഭ്യാസത്തിനായി പോകുവാന്‍ ഉദ്ദേശിക്കുന്ന യുവാക്കള്‍ക്ക് പെരുമാറ്റ പരിശീലനം നല്‍കാനും പദ്ധതി ഇട്ടതാണ്. ഇതിനിടയിലാണ് വംശീയ ആക്രമണങ്ങള്‍ ക്രമാതീതമായി വര്‍ദ്ധിച്ചതും പ്രശ്നം സങ്കീര്‍ണ്ണമായതും.
വെളുത്ത വര്‍ഗ്ഗത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യവുമായി പ്രവര്‍ത്തിക്കുന്ന കു ക്ലക്സ് ക്ലാന്‍ എന്ന രഹസ്യ ഭീകര സംഘടന രൂപം കൊണ്ടത് അമേരിക്കയിലാണെങ്കിലും വെള്ളക്കാര്‍ അധിനിവേശം നടത്തിയിടത്തൊക്കെ ക്ലാന്‍ വേരുറപ്പിച്ചു. വെള്ളക്കാരന്റെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി അക്രമവും ഭീകരതയും പ്രയോഗിക്കുന്നതില്‍ ഉറച്ചു വിശ്വസിക്കുന്ന ഇവര്‍ അമേരിക്കയിലെ കറുത്ത വര്‍ഗ്ഗക്കാര്‍ക്കെതിരെ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ പിന്നീട് യഹൂദന്മാര്‍ക്കും, റോമന്‍ കത്തോലിക്കര്‍ക്കും, തൊഴിലാളി സംഘടനകള്‍ക്കും, ന്യൂനപക്ഷ സമൂഹങ്ങള്‍ക്കു നേരെയും വ്യാപിപ്പിച്ചു.
അമേരിക്കന്‍ പ്രസിഡണ്ടായി ഒരു ആഫ്രിക്കന്‍ അമേരിക്കക്കാരന്‍ അവരോധിതനായത് ഈ വര്‍ണ്ണ വെറിയന്മാരെ കുറച്ചൊന്നുമല്ല അസ്വസ്ഥരാക്കിയത്. ഇതിലെ അംഗത്വം അതീവ രഹസ്യമാണെങ്കിലും ഒബാമ അമേരിക്കന്‍ പ്രസിഡണ്ടായതോടെ ക്ലാനില്‍ ചേരാന്‍ അഭൂതപൂര്‍വ്വം ആയ തിരക്ക് അനുഭവപ്പെടുന്നതായി ഒരു മുന്‍ ക്ലാന്‍ നേതാവ് വെളിപ്പെടുത്തിയിരുന്നു.
ഓസ്ട്രേലിയക്ക് പിന്നാലെ കാനഡയിലും കഴിഞ്ഞ ദിവസം ഇന്ത്യാക്കാര്‍ക്കു നേരെ ആക്രമണം നടന്നത് ഇതിനു പിറകില്‍ ക്ലാന് പങ്കുള്ളതിന്റെ വ്യക്തമായ സൂചനയായാണ് കരുതപ്പെടുന്നത്.