വാഷിങ്ടണ്‍ : ഇറാഖില്‍ നിന്നും പിന്‍വാങ്ങി കഴിഞ്ഞാല്‍ അമേരിക്കന്‍ സൈനിക താവളങ്ങള്‍ ഇറാഖില്‍ നിലനിര്ത്തില്ല എന്ന് അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമ പ്രസ്താവിച്ചു. എന്നാല്‍ മദ്ധ്യ പൂര്‍വ്വേഷ്യയില്‍ അമേരിക്കയുടെ ശക്തമായ സാന്നിദ്ധ്യം തുടരുക തന്നെ ചെയ്യും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇറാഖില്‍ നിന്നും തങ്ങള്‍ സൈന്യത്തെ പിന്‍വലിക്കുകയാണ്. ഇറാഖിനകത്ത് ഇനി അമേരിക്കയ്ക്ക് സൈനിക താവളങ്ങള്‍ ഉണ്ടാകില്ല. എന്നാല്‍ ശക്തമായ നയതന്ത്ര സാന്നിദ്ധ്യം ഇറാഖില്‍ തങ്ങള്‍ തുടര്‍ന്നും നിലനിര്‍ത്തും. എന്നാല്‍ പ്രദേശത്തെ മറ്റുള്ളവര്‍ ഇറാഖിന്റെ കാര്യങ്ങളില്‍ ഇടപെടാന്‍ ശ്രമിച്ചാല്‍ തങ്ങള്‍ വെറുതെ ഇരിക്കില്ല – അദ്ദേഹം തുടര്‍ന്നു. ഇതിനായി മദ്ധ്യ പൂര്‍വ്വേഷ്യയില്‍ അമേരിക്കന്‍ സൈനിക സാന്നിദ്ധ്യം നിലനിര്‍ത്തും. അമേരിക്ക തങ്ങളുടെ സുഹൃത്തുക്കളുടെ സുരക്ഷ എന്നും ഉറപ്പു വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.