ആസ്ത്രേലിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തം ആയി പടര്‍ന്നു പിടിച്ച കാട്ടു തീയില്‍ ഇതു വരെ നൂറിലേറെ പേര്‍ കൊല്ലപ്പെട്ടു. ആസ്ത്രേലിയയിലെ വിക്ടോറിയാ പ്രവിശ്യയിലാണ് ലോകത്തെ ഞെട്ടിച്ച ഈ കാട്ടു തീ പടരുന്നത്. മുപ്പത്തി ഒന്ന് ഇടങ്ങളിലായി ആളി കത്തുന്ന തീ അണക്കാന്‍ ആഴ്ചകള്‍ വേണ്ടി വരും എന്നാണ് നിഗമനം. ഔദ്യോഗിക കണക്ക് അനുസരിച്ച് 108 പേര്‍ കൊല്ലപ്പെട്ടു എന്നാണെങ്കിലും കത്തിക്കരിഞ്ഞ വീടുകള്‍ പരിശോധിച്ചു കഴിയുമ്പോഴേക്കും മരണ സംഖ്യ ഇനിയും ഉയരാന്‍ ആണ് സാധ്യത. ശനിയാഴ്ച തുടങ്ങിയ കാട്ടു തീ 750ഓളം വീടുകള്‍ ആണ് കത്തിച്ചു ചാമ്പല്‍ ആക്കിയത്. മൂന്നര ലക്ഷം ഹെക്ടര്‍ ഭൂമിയോളം പരന്നു കിടക്കുന്ന നാശത്തിനു പിന്നില്‍ കൊള്ളി വെപ്പുകാരുടെ കൈകള്‍ ആണെന്ന് ആസ്ത്രേലിയന്‍ പ്രധാന മന്ത്രി കെവിന്‍ റുഡ്ഡ് അറിയിച്ചു. പലയിടങ്ങളിലും മനഃപൂര്‍വ്വം കൊള്ളി വെപ്പുകാര്‍ തന്നെയാണ് തീ തുടങ്ങിയതത്രെ. ചില സ്ഥലങ്ങളില്‍ കത്തി അമര്‍ന്ന തീ ഇവര്‍ വീണ്ടും കത്തിക്കുകയും ചെയ്തു.
ഇത്തരം കാട്ടു തീ ആസ്ത്രേലിയയില്‍ ഒരു സ്വാഭാവിക പ്രതിഭാസം ആണ്. എന്നാല്‍ വരള്‍ച്ചയും, ചൂട് കാറ്റും, സാധാരണയില്‍ കവിഞ്ഞ കൊടും ചൂടും എല്ലാം കൂടി ചേര്‍ന്നപ്പോള്‍ ഇന്നേ വരെ ആസ്ത്രേലിയ കണ്ടിട്ടില്ലാത്ത മാനങ്ങളാണ് ഇത്തവണ കാട്ടു തീ കൈവരിച്ചത്.
പ്രതിവര്‍ഷം 20,000 മുതല്‍ 30,000 വരെ കാട്ടു തീകള്‍ ഉണ്ടാവാറുള്ള ആസ്ത്രേലിയയില്‍ ഇതില്‍ പകുതിയും മനുഷ്യര്‍ തന്നെ മനഃപൂര്‍വ്വം തുടങ്ങി വെക്കുന്നത് ആണ് എന്നാണ് സര്‍ക്കാര്‍ അധീനതയില്‍ ഉള്ള ആസ്ത്രേലിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രിമിനോളജി കഴിഞ്ഞ ആഴ്ച പുറത്ത് ഇറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.